സകലത്തിന്റെയും സ്രഷ്ടാവിനെ ബഹുമാനിക്കുക
1 മനുഷ്യവർഗ്ഗത്തെ കുരുടാക്കാൻ 19-ാംനൂററാണ്ടിൽ സാത്താൻ ഒരു ദുഷ്ടപദ്ധതി വിരിയിച്ചെടുത്തു—പരിണാമസിദ്ധാന്തം. (2 കൊരി. 4:4) ഈ സിദ്ധാന്തം സൃഷ്ടിപ്പിനെയും പാപത്തിലേക്കുളള മമനുഷ്യന്റെ വീഴ്ചയെയും സംബന്ധിച്ച ബൈബിളിലെ വിവരണത്തിന്റെ നിർലജ്ജമായ ഒരു നിരസനമാണ്. അത് യേശുക്രിസ്തുവിന്റെ മറുവിലയാഗത്തെയും രാജ്യത്തെയും നിത്യജീവനെയും സംബന്ധിച്ച ബൈബിളുപദേശത്തെയും നിരർത്ഥകമാക്കും. തന്നെയുമല്ല, പരിണാമസിദ്ധാന്തം അക്രമത്തിനും യുദ്ധത്തിനും ലൈംഗികദുർമ്മാർഗ്ഗത്തിനും എല്ലാത്തരം അധർമ്മത്തിനും വഴിയൊരുക്കുന്നു. ഈ മാരകമായ ഉപദേശത്തിന്റെ അപകടത്തെസംബന്ധിച്ച് മനുഷ്യവർഗ്ഗത്തിന് ആർ മുന്നറിയിപ്പു കൊടുക്കും?
2 ഒക്ടോബർ മാസത്തിൽ നാം അങ്ങനെ ചെയ്യുന്നതായിരിക്കും, കാരണം യഹോവയുടെ സൃഷ്ടികർതൃത്വത്തെ ഘോഷിക്കുന്നതിൽ നാം തിരക്കുളളവരായിരിക്കും. വീടുതോറുമുളള ശുശ്രൂഷയിലും തെരുവുപ്രവർത്തനത്തിലും ലൗകികജോലിയിലെ വിശ്രമവേളകളിലും സ്കൂളിലും നാം ജീവൻ—അതിവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകം വിശേഷവൽക്കരിക്കുന്നതായിരിക്കും. പരിണാമസിദ്ധാന്തം മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവിനെ എങ്ങനെ അപമാനിക്കുന്നുവെന്ന് സകലരും അറിയാൻ നാമാഗ്രഹിക്കുന്നു.
ഒരു ഫലപ്രദമായ സാക്ഷ്യം കൊടുക്കുക
3 അനൗപചാരികമായോ വീടുതോറുമോ സാക്ഷീകരിക്കുമ്പോൾ നിങ്ങൾ പരിണാമമെന്ന വിഷയംസംബന്ധിച്ച് ചിലർ വെച്ചുപുലർത്തുന്ന ശക്തമായ അഭിപ്രായങ്ങളെ സംബന്ധിച്ച കാലികമായ വാർത്തകളെ പരാമർശിച്ചുകൊണ്ട് ഒരു സംഭാഷണം തുടങ്ങാൻ ആഗ്രഹിച്ചേക്കാം. പബ്ലിക്ക്സ്ക്കൂളുകളിൽ പരിണാമം പഠിപ്പിക്കണമോയെന്നതു സംബന്ധിച്ച് നിരവധി അഭിപ്രായങ്ങൾ പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്. ഒരു വ്യക്തി ബന്ധപ്പെട്ട വാദങ്ങളെക്കുറിച്ച് അല്ലെങ്കിൽ ചൂടുപിടിച്ച വാദപ്രതിവാദങ്ങളെക്കുറിച്ചുപോലും വളരെയധികം വായിക്കുകയോ കേൾക്കുകയോ ചെയ്തിരിക്കാമെങ്കിലും ഈ വിഷയത്തോടു നേരിട്ടു ബന്ധമുളള ബൈബിളിലെ ഒരു ഋജുവായ പ്രസ്താവന രസാവഹമാണെന്ന് അയാൾ കണ്ടെത്തുമെന്നുളളതിനു സംശയമില്ല. അനന്തരം എബ്രായർ 3:4-ലെ പ്രസ്താവനയെ പരാമർശിക്കുക. വാക്യം വായിക്കുകയും അതു സംബന്ധിച്ചു ചുരുക്കി അഭിപ്രായംപറയുകയും ചെയ്യുക.
4 ഈ വ്യക്തിക്ക് മതപരമായി കുറെ ചായ്വുളളതായി കാണപ്പെടുന്നുവെങ്കിൽ, മതഭക്തരും അതുപോലെതന്നെ പരിണാമത്തിൽ വിശ്വസിക്കുന്നവരും നാം നമുക്കു ചുററും കാണുന്ന അത്ഭുതകരമായ സകല കാര്യങ്ങൾക്കും പിമ്പിൽ ഉളള സൃഷ്ടിശക്തിയെന്ന നിലയിൽ ഒരു അമൂർത്ത “പ്രകൃതി”ക്കോ ഒരു മൂർത്തീകരിക്കപ്പെട്ട “പ്രകൃതിമാതാവി”നോ മിക്കപ്പോഴും ബഹുമതികൊടുക്കുന്നുവെന്ന് നിങ്ങൾക്കു പറയാവുന്നതാണ്. എന്നാൽ നമ്മുടെ വലിയ ഉപകാരിയും ഈ അത്ഭുതപ്രപഞ്ചത്തിന്റെ സ്രഷ്ടാവുമായവനെ ബൈബിൾ തിരിച്ചറിയിക്കാതെ വിടുന്നില്ല. വെളിപ്പാട് 4:11ലേക്ക് ശ്രദ്ധ തിരിക്കാവുന്നതാണ്. തിരുവെഴുത്തു വായിച്ചശേഷം ഈ കാര്യംസംബന്ധിച്ച് ആശയപ്രകടനം നടത്താൻ അയാൾ ആഗ്രഹിച്ചേക്കാം. നിങ്ങൾക്ക് സൃഷ്ടിപ്പുസ്തകത്തിൽനിന്ന് ഒന്നുരണ്ട് ആശയങ്ങൾ ബന്ധിപ്പിക്കാവുന്നതും, ഉചിതമെങ്കിൽ, അതു വായിക്കാൻ അയാളെ പ്രോൽസാഹിപ്പിക്കാവുന്നതുമാണ്.
സ്ക്കൂളിൽ
5 യഹോവയുടെ യുവദാസരായ നിങ്ങളെല്ലാവരും നിങ്ങളുടെ സൃഷ്ടിപ്പുസ്തകം പുനരവലോകനംചെയ്യാനും സഹപാഠികൾക്കും നിങ്ങളുടെ അദ്ധ്യാപകർക്കും അതിൽ താത്പര്യമുളവാക്കാനുളള മാർഗ്ഗങ്ങൾ പരിഗണിക്കാനും ആഗ്രഹിക്കും. ഈ പ്രസിദ്ധീകരണം ഡസ്ക്കിൽ വെച്ചേക്കുന്നതുതന്നെ ചർച്ചയെ ക്ഷണിച്ചുവരുത്തുന്നുവെന്ന് ചിലർ കണ്ടെത്തിയിട്ടുണ്ട്. മററു ചിലർ സൃഷ്ടിയുടെ വിഷയംസംബന്ധിച്ച് അദ്ധ്യാപകരെയും സ്ക്കൂൾ അധികൃതരെയും സമീപിച്ചിട്ടുണ്ട്, ആ വിധത്തിൽ നിരവധി പുസ്തകങ്ങൾ സമർപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.
6 സകലരും യഹോവയെ ബഹുമാനിക്കുന്ന ഒരു ലോകത്തിൽ ജീവിക്കുന്നതിന്റെ പ്രത്യാശയിൽ നാമെല്ലാം സന്തോഷിക്കുന്നു. വെളിപ്പാടിൽ, പ്രതാപികളായ ആത്മജീവികൾ യഹോവയുടെ മുമ്പാകെ കുമ്പിടുന്നതും “ഞങ്ങളുടെ ദൈവംതന്നെയായ യഹോവേ, നീ സകലവും സൃഷ്ടിച്ചതുകൊണ്ടും നിന്റെ ഇഷ്ടം ഹേതുവായി അവ സ്ഥിതിചെയ്യുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തതുകൊണ്ടും നീ മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യനാകുന്നു”വെന്ന് പ്രഖ്യാപിക്കുന്നതും യോഹന്നാൻ കാണുകയുണ്ടായി. (വെളി. 4:11) നമുക്ക് ഒക്ടോബറിൽ നമ്മുടെ ശുശ്രൂഷയിൽ ആ വാക്കുകളെ പ്രതിദ്ധ്വനിപ്പിക്കാം!