ഗീതത്തിലൂടെ യഹോവയെ സ്തുതിക്കൽ
1 ദയവായി നിങ്ങളുടെ പാട്ടുപുസ്തകത്തിലെ പുറകിലത്തെ അവസാനതാളിലേക്ക് തുറക്കുക. നിങ്ങൾ എന്തു കാണുന്നു? യഹോവയുടെ വിശുദ്ധ ആലയത്തിലെ ലേവ്യസംഗീതക്കാരുടെ ഒരു കോറസ്, അവരുടെ അധരങ്ങൾ ഉത്സാഹത്തോടെ പാടിക്കൊണ്ട് വിശാലമായി തുറന്നിരിക്കുന്നു. ഗീതം ആലപിക്കുന്നത് യഹോവയുടെ ആലയത്തിലെ ആരാധനയുടെ ഒരു പ്രധാന സവിശേഷതയായിരുന്നു. ദാവീദുരാജാവിന്റെ കാലത്ത് ആലയത്തിൽ സേവിച്ചിരുന്നവരിൽ 10 ശതമാനത്തിലധികംപേർ സംഗീതത്താൽ യഹോവയെ സ്തുതിക്കുന്നതിന് നിയമിക്കപ്പെട്ടിരുന്നു. അവരിൽ 288 പേർ പരിശീലിപ്പിക്കപ്പെട്ട സംഗീതജ്ഞരായിരുന്നു, “മുഴുവനും വിദഗ്ദ്ധർ.” അവർ തങ്ങളുടെ ഗീതാലാപനത്തെ ഗൗരവമായി എടുത്തിരുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—1 ദിന. 23:3, 5; 25:7.
2 ക്രിസ്തീയ കാലങ്ങളിലേക്കു വരുമ്പോൾ, കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ഒടുവിൽ യേശുവും അവന്റെ അപ്പോസ്തലൻമാരും ഒരു ഗീതം പാടിയെന്ന് നാം മനസ്സിലാക്കുന്നു. (മർക്കോ. 14:26) അപ്പോസ്തലനായ പൗലോസ് നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നതിന് ആവർത്തിച്ച് നമ്മോടു പറയുകയും ചെയ്യുന്നു. കൊലോസ്യർ 3:16-ൽ അവൻ എഴുതി: “ക്രിസ്തുവിന്റെ വചനം സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ സമ്പന്നമായി സ്ഥിതിചെയ്യട്ടെ. സങ്കീർത്തനങ്ങളാലും ദൈവ സ്തുതികളാലും പ്രസാദകരമായ ആത്മീയഗീതങ്ങളാലും നിങ്ങളുടെ ഹൃദയങ്ങളിൽ യഹോവക്കു പാടിക്കൊണ്ട് തമ്മിൽതമ്മിൽ പഠിപ്പിച്ചും ഉപദേശിച്ചുംകൊണ്ടിരിക്കുക.”—എഫേ. 5:19, 20 കൂടെ കാണുക.
3 രാജ്യഗീതങ്ങൾ പാടുന്നതാണ് നാം യഹോവയെ സ്തുതിക്കുന്ന വിധങ്ങളിൽ ഒന്ന്. അതുകൊണ്ട് നാം നമ്മുടെ മുഴുഹൃദയത്തോടുംകൂടെ പാടേണ്ടതല്ലേ? നാം അങ്ങനെ ചെയ്യുമ്പോൾ നാം യഹോവക്കു സ്തുതി കൊടുക്കുന്നു. അവൻ നമ്മുടെ പ്രാർത്ഥനകൾക്ക് ശ്രദ്ധ നൽകുന്നതുപോലെതന്നെ അവങ്കലേക്കു തിരിച്ചുവിടുന്ന നമ്മുടെ ഗീതങ്ങളും അവൻ ശ്രദ്ധിക്കുന്നു. നാം യഥാർത്ഥത്തിൽ പാടുമ്പോൾ മററുളളവർക്കും സന്തോഷം കൈവരുത്താൻ നമുക്കു കഴിയും, നമുക്കുതന്നെയും പ്രയോജനം കിട്ടുന്നു.
4 നമ്മുടെ ഗീതങ്ങളിലെ മനോഹരമായ വാക്കുകൾക്ക് ചിന്ത കൊടുക്കുക. ഇവ തീർച്ചയായും “അന്യോന്യം പഠിപ്പിക്കുന്നതിനും ഉപദേശിക്കുന്നതിനും” നമുക്ക് ഒരു സഹായമാണ്. നമ്മുടെ ഗീതങ്ങളിൽ എത്ര നല്ല ബുദ്ധിയുപദേശങ്ങൾ അടങ്ങിയിരിക്കുന്നു! ആ ബുദ്ധിയുപദേശങ്ങൾ ഗൗരവപൂർവം സ്വീകരിക്കുന്നതിനാൽ നമുക്ക് ആത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്തുന്നതിനും അവയിൽ പെരുകിവരുന്നതിനും ജഡിക, ലൗകിക സ്വാധീനങ്ങൾ നുഴഞ്ഞുകയറുന്നതിനെതിരെ സൂക്ഷിക്കുന്നതിനും സഹായിക്കപ്പെടാൻ കഴിയും. ‘നമ്മുടെ ഹൃദയങ്ങളിൽ പാടുന്നത്’ നാം യഹോവയെ ധൈര്യപൂർവകവും സന്തോഷത്തോടെയും സേവിക്കുന്നതിന് നമ്മെ പ്രോത്സാഹിപ്പിക്കും.
5 യോഗങ്ങളിൽ പാട്ടുകൾ നന്നായി തുടങ്ങുന്നതിന് അദ്ധ്യക്ഷന് നമ്പർ മാത്രമല്ല പാട്ടിന്റെ വിഷയവും അഥവാ തലക്കെട്ടും അറിയിക്കാവുന്നതാണ്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന് ഗീതത്തിന്റെ തിരുവെഴുത്തുപരമായ അടിസ്ഥാനം കുറിക്കൊളളാനും അത് അവതരിപ്പിക്കപ്പെടുന്ന വിവരങ്ങളോട് എങ്ങനെ യോജിക്കുന്നുവെന്ന് ചുരുക്കമായി അഭിപ്രായം പറയാനും കഴിയും.
6 കിംഗ്ഡം മെലഡികളും നമ്മുടെ ഗീതങ്ങളുടെ പിയാനോ കാസററുകളും പാട്ടുകൾ മെച്ചമായി പരിചിതമാക്കുന്നതിന് നമ്മുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുളള നല്ല ഉപകരണങ്ങളാണ്. പശ്ചാത്തലസംഗീതമെന്ന നിലയിൽ ഇവ ഉപയോഗിക്കുന്നത് നമ്മുടെ ഗീതങ്ങൾ മെച്ചമായി പരിചിതമാക്കുന്നതിനുളള ഏററം ആസ്വാദ്യമായ വിധമാണ്.
7 തിരുവെഴുത്തുകൾ നമ്മുടെ സ്നേഹവാനായ സ്വർഗ്ഗീയപിതാവിനെ ഗീതത്തിലൂടെ സ്തുതിക്കാനുളള നമ്മുടെ കടപ്പാടിനെക്കുറിച്ച് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു. നമുക്ക് മുഴുദേഹിയോടെ അങ്ങനെ ചെയ്യാം. അങ്ങനെ നമ്മുടെ ഇടയിലേക്കു വരുന്ന അപരിചിതന് ഹൃദയോദ്ദീപകമായ സാക്ഷ്യം കൊടുക്കാൻകഴിയും. അതെ, പുരാതനകാലത്തെ ദാവീദു ചെയ്തതുപോലെ, നമുക്ക് യഹോവക്കു പാടുകയും കീർത്തനമാലപിക്കുകയും ചെയ്യാം.—സങ്കീ. 108:1-3.