വീക്ഷാഗോപുരം ഉപയോഗിച്ച് സുവാർത്ത ഘോഷിക്കുക
1 വീക്ഷാഗോപുരം സുവാർത്ത വഹിക്കുന്നതുകൊണ്ട് അത് സത്യമായും അതുല്യമാണ്. വിപരീതമായി മിക്ക ലൗകികപ്രസിദ്ധീകരണങ്ങളും വഷളായതും നിരാശപ്പെടുത്തുന്നതുമായ വാർത്തകൾ വിശേഷവൽക്കരിക്കുന്നു. വീക്ഷാഗോപുരം വ്യത്യസ്തമാണെന്നും സത്യത്തിൽ ഉൻമേഷദായകമായ ഒരു ദൂത് അടങ്ങുന്നതാണെന്നും നമുക്ക് മററുളളവരെ എങ്ങനെ കാണിച്ചുകൊടുക്കാൻ കഴിയും?
2 മാസികയുടെ 2-ാം പേജിലെ “വീക്ഷാഗോപുരത്തിന്റെ ഉദ്ദേശ്യ”ത്തിലേക്ക് നമുക്ക് ശ്രദ്ധ ക്ഷണിക്കാൻ കഴിയും. അതിന്റെ ലക്ഷ്യം പരമാധികാരിയാം ഭരണാധിപൻ എന്ന നിലയിൽ യഹോവയെ പ്രകീർത്തിക്കുകയെന്നതും ബൈബിൾ പ്രവചനം നിവർത്തിക്കുന്ന ലോകസംഭവങ്ങൾ കുറിക്കൊളളുകയെന്നതും ഞെരുക്കമനുഭവിക്കുന്നവർക്ക് ആശ്വാസദായകമായ ഒരു ദൂത് നൽകുകയെന്നതും നമ്മുടെ രക്ഷക്കുവേണ്ടിയുളള ദൈവത്തിന്റെ കരുതലുകളിൽ വിശാസം കെട്ടുപണിചെയ്യുകയെന്നതും ആണെന്ന് ചൂണ്ടിക്കാണിക്കുക.
3 വീക്ഷാഗോപുരത്തെക്കുറിച്ചുളള നമ്മുടെ അഭിപ്രായങ്ങൾ ബോദ്ധ്യംവരുത്തുന്ന ഒരു വിധത്തിൽ ആ ചിന്ത പകരുന്നുവോ? നാം പറയുന്നത് നൈമിഷികമായ താൽപര്യം ഉണർത്തുന്നതിന് ആകർഷകമായ ഏതാനും വാക്കുകൾ മാത്രമായിരിക്കരുത്; അതിന് കൂടുതൽ പഠിക്കാനുളള ആഗ്രഹം സൃഷ്ടിക്കുന്ന ദൃഢവിശ്വാസത്തിന് പ്രചോദനമേകുന്ന കഴമ്പുണ്ടായിരിക്കണം.
4 തയ്യാറാകൽ ആവശ്യം: നമ്മുടെ പ്രദേശത്തെ മനസ്സിൽപിടിച്ചുകൊണ്ടും വിവിധ അവതരണങ്ങൾ വിശകലനം ചെയ്തുകൊണ്ടും ഓരോ മാസികയും നാം ശ്രദ്ധാപൂർവ്വം വായിക്കേണ്ട ആവശ്യമുണ്ട്. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുഭാഗങ്ങൾ എടുത്തുനോക്കുന്നത് നമ്മുടെതന്നെ ഗ്രാഹ്യം വർദ്ധിപ്പിക്കുന്നു. ഇത് സത്യത്തോടുളള നമ്മുടെ വിലമതിപ്പ് ആഴമുളളതാക്കുകയും അത് മററുളളവരോട് പങ്കുവെക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്തേക്കാം. സത്യം നമ്മുടെ ഹൃദയങ്ങളിൽ ഇല്ലെങ്കിൽ അത് പുറത്തുപറയാൻ നമുക്ക് ഒട്ടും പ്രേരണ തോന്നുകയില്ല.
5 പൊതുവേ അനുകൂലചിന്താഗതി വളരെ നല്ലതാണ്, കൂടാതെ സാദ്ധ്യമാകുന്നിടത്തെല്ലാം വരിസംഖ്യ വാഗ്ദാനം ചെയ്യുക. അത് ഒരു മെച്ചപ്പെട്ട ലോകം കാംക്ഷിക്കുന്ന ആളുകൾക്ക് വലിയൊരു ആവശ്യം നിറവേററുന്ന മാസികയാണെന്ന് ഊന്നിപ്പറയുക. രൊക്കം പണമില്ലാത്തതുകൊണ്ട് വരിസംഖ്യ സ്വീകരിക്കാതിരിക്കുന്നെങ്കിൽ സൗകര്യപ്രദമായ ഒരു സമയത്ത് വീണ്ടും സന്ദർശിക്കാനും വരിസംഖ്യ ക്രമീകരിക്കാനും നിങ്ങൾ ഒരുക്കമാണെന്ന് പറയുക. എന്നുവരികിലും വാഗ്ദാനം നിരസിക്കുന്നെങ്കിൽ രണ്ടു മാസികയും ഒരു ലഘുപത്രികയുംകൂടെ 9 രൂപക്ക് സമർപ്പിക്കുക.
6 വീക്ഷാഗോപുരത്തിന്റെ അവസാന ലക്കത്തിലെ ലേഖനങ്ങൾ നിങ്ങൾ വായിക്കുമ്പോൾ ഈ വിഷയങ്ങൾ താൽപര്യമുണർത്തിയ വീട്ടുകാരുമൊത്തുളള മുൻ ചർച്ചകൾ അനുസ്മരിക്കാൻ ശ്രമിക്കുക. കൂടുതലായ ചർച്ചക്ക് ആ ലക്കവുമായി തിരിച്ചുചെല്ലാൻ ക്രമീകരിക്കുക.
7 എത്രകാലത്തേക്ക് ഏതളവുവരെ സുവാർത്ത ഘോഷിക്കപ്പെടുമെന്ന് നമുക്കറിയില്ല. എന്നിരുന്നാലും സാധിക്കുന്ന കാര്യങ്ങളിൽ വീക്ഷാഗോപുരം ഒരു പ്രമുഖ പങ്കുവഹിക്കും എന്ന് നമുക്ക് ഉറപ്പുളളവരായിരിക്കാൻ കഴിയും. ഈ കരുതൽ ഉപയോഗിച്ചുകൊണ്ട് ഉത്സാഹപൂർവ്വം “യഹോവയുടെ വചനത്തിന്റെ സുവാർത്ത . . . പഠിപ്പിക്കുന്നതിലും ഘോഷിക്കുന്നതിലും” നാം അപ്പോസ്തലൻമാരെ അനുകരിക്കണം.—പ്രവൃത്തികൾ 15:35.