നിങ്ങളുടെ മക്കളെ രക്തത്തിന്റെ ദുരുപയോഗത്തിൽനിന്ന് സംരക്ഷിക്കൽ
1 “മക്കൾ യഹോവ നൽകുന്ന അവകാശം” ആകുന്നു. (സങ്കീ.127:3) യഹോവയിൽനിന്നുളള അത്തരം വിലപിടിച്ച ഒരു അവകാശം നിങ്ങൾക്കുണ്ടെങ്കിൽ മാതാപിതാക്കളെന്നനിലയിൽ നിങ്ങൾക്ക് നിങ്ങളുടെ മക്കളെ പരിശീലിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും പരിരക്ഷിക്കുന്നതിനും സന്തോഷകരമെങ്കിലും ഗൗരവതരമായ ഒരു ഉത്തരവാദിത്തമുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ കൊച്ചുകുട്ടികളെ ഒരു രക്തപ്പകർച്ചയിൽനിന്ന് സംരക്ഷിക്കുന്നതിന് ന്യായമായ എല്ലാ പടിയും നിങ്ങൾ സ്വീകരിച്ചിട്ടുണ്ടോ? പകർച്ചക്ക് ഭീഷണിമുഴക്കുന്ന ഒരു അടിയന്തിരസാഹചര്യം ഫലകരമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് ഒരു കുടുംബമെന്നനിലയിൽ നിങ്ങൾ ചർച്ചചെയ്തിട്ടുണ്ടോ?
2 അത്തരം സാഹചര്യങ്ങൾക്ക് നിങ്ങളുടെ കുടുംബത്തെ ഒരുക്കുന്നത് ഉത്ക്കണ്ഠക്കോ അനാവശ്യ സംഘർഷത്തിനോ ഇടയാക്കേണ്ട ആവശ്യമില്ല. ജീവിതത്തിലെ സകല സംഭവങ്ങളും മുൻകൂട്ടിക്കാണാനും ഒരുങ്ങാനും നിങ്ങൾക്കു കഴിയുകയില്ല, എന്നാൽ ഒരു രക്തപ്പകർച്ചയിൽനിന്ന് നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കുന്നതിന് മാതാപിതാക്കളെന്നനിലയിൽ നിങ്ങൾക്ക് മുൻകൂട്ടി ചെയ്യാൻ കഴിയുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. ഈ ഉത്തരവാദിത്തങ്ങൾ അവഗണിക്കുന്നത് ചികിത്സാ സമയത്ത് നിങ്ങളുടെ കുട്ടി പകർച്ചക്കു വിധേയനാകുന്നതിൽ കലാശിച്ചേക്കാം. എന്തുചെയ്യാൻ കഴിയും?
3 ഉറച്ച ബോദ്ധ്യം പ്രധാനം: രക്തം സംബന്ധിച്ച ദൈവനിയമത്തേക്കുറിച്ച് നിങ്ങളുടെതന്നെ ബോദ്ധ്യങ്ങൾ എത്ര ദൃഢമാണെന്നുളളതിന് ഗൗരവപൂർവ്വമായ ചിന്ത നൽകണം. നിങ്ങൾ നിങ്ങളുടെ മക്കളെ സത്യസന്ധതയും സദാചാരവും നിഷ്പക്ഷതയും ജീവിതത്തിലെ മററു വശങ്ങളും സംബന്ധിച്ചുളള ദൈവനിയമം പഠിപ്പിക്കുന്നതുപോലെതന്നെ ഈ വിഷയത്തിലും യഹോവയെ അനുസരിക്കാൻ പഠിപ്പിക്കുന്നുവോ? ആവർത്തനം 12:23-ൽ ദൈവനിയമം കൽപിച്ചതുപോലെ “രക്തം തിന്നാതിരിപ്പാൻ നിഷ്ഠയായിരിക്കുക [ദൃഢനിശ്ചയമുളളവരായിരിക്കുക, NW]” എന്നു നാം യഥാർത്ഥത്തിൽ വിചാരിക്കുന്നുണ്ടോ? “യഹോവക്കു ഹിതമായുളളതു ചെയ്തിട്ട് നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന് നീ അതിനെ തിന്നരുത്” എന്ന് 25-ാം വാക്യം കൂട്ടിച്ചേർക്കുന്നു. രക്തം രോഗിയായ നിങ്ങളുടെ കുട്ടിക്ക് ‘നന്നായിരിക്കുമെന്ന്’ ഒരു ഡോക്ടർ അവകാശപ്പെട്ടേക്കാം, എന്നാൽ ഏതെങ്കിലും അടിയന്തിരസാഹചര്യം വരുന്നതിനുമുമ്പ് നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും രക്തം നിരസിക്കാൻ നിങ്ങൾ ദൃഢനിശ്ചയം എടുത്തിരിക്കണം, ദിവ്യനിയമത്തിന്റെ ലംഘനം ഉൾപ്പെടുന്ന ആയുസ്സിന്റെ ഏതു സാങ്കൽപിക ദീർഘിപ്പിക്കലിനെക്കാളും ഉയർന്നതായി യഹോവയുമായുളള നിങ്ങളുടെ ബന്ധത്തെ വിലമതിച്ചുകൊണ്ടുതന്നെ. ഇപ്പോൾതന്നെ ദൈവത്തിന്റെ പ്രീതിയും ഭാവിയിൽ നിത്യജീവനും ഉൾപ്പെട്ടിരിക്കുന്നു!
4 അതെ, യഹോവയുടെ സാക്ഷികൾ ജീവോൻമുഖരാണ്. അവർക്ക് മരിക്കാൻ യാതൊരാഗ്രഹവുമില്ല. തങ്ങൾക്ക് യഹോവയെ സ്തുതിക്കാനും അവന്റെ ഇഷ്ടം ചെയ്യാനും കഴിയേണ്ടതിന് ജീവിച്ചിരിക്കാൻ അവർ ആഗ്രഹിക്കുന്നു. അവർ ആശുപത്രികളിൽ പോകുന്നതിന്റെയും ചികിത്സക്കായി അവരുടെ മക്കളെ അവിടെ കൊണ്ടുപോകുന്നതിന്റെയും ഒരു കാരണം അതാണ്. അവരെ ചികിത്സിക്കാൻ അവർ ഡോക്ടർമാരോട് ആവശ്യപ്പെടുന്നു, അംഗീകരിക്കപ്പെട്ടതോ വൈദ്യശാസ്ത്രപ്രകാരമുളളതോ ആയ ചികിത്സാ പദ്ധതി രക്തമാണെന്ന് അവരോടു പറയുമ്പോൾ രക്തം കൂടാതെയുളള പകരംചികിൽസാ നടപടിക്ക് അവർ ആവശ്യപ്പെടുന്നു. രക്തത്തിനു പകരം ഉപയോഗിക്കുന്ന അനേകം ദ്രാവകങ്ങൾ ഉണ്ട്. പരിചയസമ്പന്നരായ ഡോക്ടർമാർ അവ ഉപയോഗിക്കുന്നു. അത്തരം പകരക്രമീകരണം മുറിവൈദ്യം അല്ല, പിന്നെയോ പ്രമുഖ വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ എഴുതിവന്നിട്ടുളള വൈദ്യശാസ്ത്രപരമായി മികച്ച ചികിത്സാരീതികളും നടപടിക്രമങ്ങളും ഉൾപ്പെടുന്നവയാണ്. ചിലപ്പോൾ, രക്തം കൂടാതെ സാക്ഷിക്കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടർമാരെ കണ്ടുപിടിക്കുന്നത് ഇപ്പോഴും ഒരു പ്രശ്നമാണെങ്കിലും, രക്തം കൂടാതെ നല്ല വൈദ്യസംരക്ഷണം നൽകുന്നതിൽ ലോകമെമ്പാടും ആയിരക്കണക്കിനു ഡോക്ടർമാർ നമ്മോടു സഹകരിക്കുന്നുണ്ട്.
5 സഹകരിക്കുന്ന ഒരു ഡോക്ടറെ കണ്ടെത്തൽ: രോഗികളെ ചികിത്സിക്കുന്നതിൽ ഡോക്ടർമാർക്ക് അനേകം ഉൽക്കണ്ഠകൾ ഉണ്ട്, രക്തം കൂടാതെ നിങ്ങളുടെ കുട്ടിയെ ചികിത്സിക്കാൻ നിങ്ങൾ ആവശ്യപ്പെടുമ്പോൾ അത് വെല്ലുവിളി വർദ്ധിപ്പിക്കുന്നു. കുററത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ട് സ്വീകാര്യമായ ഒരു ഫോറം പൂരിപ്പിച്ചുനൽകുന്നപക്ഷം രക്തം സംബന്ധിച്ച തങ്ങളുടെ അഭീഷ്ടങ്ങൾ ആദരിച്ചുകൊണ്ട് മുതിർന്നവരെ ചികിത്സിക്കാൻ ചില ഡോക്ടർമാർ സമ്മതിക്കും. അതുപോലെതന്നെ, തങ്ങൾ പക്വതനേടിയ ബാലൻമാരാണെന്ന് തെളിയിച്ചിട്ടുളള ബാലൻമാരെ ചികിത്സിക്കാൻ ചിലർ സമ്മതംമൂളിയേക്കാം, ചില കോടതികൾ പക്വതയുളള ബാലൻമാർക്ക് ചികിത്സാപരമായി തങ്ങളുടെ സ്വന്തം തിരഞ്ഞെടുപ്പുനടത്താൻ അവകാശമുണ്ടെന്ന് അംഗീകരിച്ചിട്ടുളളതുകൊണ്ടു തന്നെ. (പക്വതയുളള ഒരു ബാലൻ ആക്കിത്തീർക്കുന്നതെന്ത് എന്നതിന്റെ ഒരു പഠനത്തിന് 1991 ജൂൺ 15-ലെ വീക്ഷാഗോപുരം (ഇംഗ്ലീഷ്) 16-17 പേജുകൾ കാണുക.) എന്നിരുന്നാലും, രക്തം നൽകാൻ അനുവാദമില്ലാത്തപക്ഷം കൊച്ചുകുട്ടികളെ വിശേഷിച്ച് ശിശുക്കളെ ചികിത്സിക്കാൻ ഡോക്ടർമാർ വിസമ്മതിച്ചേക്കാം. വാസ്തവത്തിൽ, ഒരു കുട്ടിയെ ചികിത്സിക്കുമ്പോൾ ഒരു സാഹചര്യത്തിലും രക്തം നൽകുകയില്ലെന്ന് വളരെക്കുറച്ചു ഡോക്ടർമാരേ 100 ശതമാനം ഉറപ്പു നൽകുകയുളളു. വൈദ്യശാസ്ത്രപരവും നിയമപരവുമായ കാരണങ്ങളാൽ അവർക്ക് അങ്ങനെ ഒരു ഉറപ്പുനൽകാൻ കഴിയുകയില്ലെന്ന് മിക്ക ഡോക്ടർമാരും കരുതുന്നു. എന്നുവരികിലും, രക്തം സംബന്ധിച്ച നമ്മുടെ അഭീഷ്ടങ്ങൾ ആദരിച്ച് തങ്ങൾക്കു പോകാൻ കഴിയുന്നിടത്തോളം പോയിക്കൊണ്ട് കൂടുതൽ കൂടുതൽ പേർ യഹോവയുടെ സാക്ഷികളുടെ കുട്ടികൾക്ക് ചികിത്സ നൽകുന്നു.
6 ഇതിന്റെ വീക്ഷണത്തിൽ, നിങ്ങളുടെ കുട്ടിക്ക് അനുയോജ്യനായ ഒരു ഡോക്ടർക്കുവേണ്ടിയുളള നിങ്ങളുടെ അന്വേഷണത്തിൽ, യഹോവയുടെ സാക്ഷികളോട് നന്നായി സഹകരിച്ചിട്ടുളളതിന്റെ ഒരു രേഖയുളളവനും കഴിഞ്ഞകാലത്ത് അനേകം സാക്ഷികൾക്ക് രക്തം കൂടാതെയുളള അതേ ചികിത്സാരീതികൾ നിർവ്വഹിച്ചിട്ടുളളവനും എന്നാൽ രക്തം ഉപയോഗിക്കുകയില്ലെന്ന് പൂർണ്ണമായ ഒരു ഉറപ്പു നൽകാൻ നിയമം തന്നെ അനുവദിക്കുന്നില്ലെന്ന് കരുതുന്നവനും ആയ ഒരാളെ നിങ്ങൾ കണ്ടെത്തുന്നെങ്കിൽ എന്ത്? എന്നിരുന്നാലും, ഈ സമയത്തും യാതൊരു പ്രശ്നവും ഉണ്ടാവുകയില്ലെന്ന് താൻ വിചാരിക്കുന്നതായി അയാൾ നിങ്ങൾക്ക് ഉറപ്പു നൽകുന്നുവെന്നിരിക്കട്ടെ. ഇതാണ് നിങ്ങളുടെ ഏററവും നല്ല അവസരം എന്ന് നിങ്ങൾ തീരുമാനിച്ചേക്കാം. ഈ സാഹചര്യങ്ങളിൽ ചികിത്സ തുടരാൻ അനുവാദം കൊടുക്കാമെന്ന് നിങ്ങൾ നിഗമനം ചെയ്തേക്കാം. എന്നിരുന്നാലും, നിങ്ങളുടെ കുട്ടിക്ക് വൈദ്യചികിത്സ നൽകാൻ അനുവദിക്കുന്നതിനാൽ നിങ്ങൾ രക്തപ്പകർച്ചകൾക്ക് അനുവാദം നൽകുകയല്ലെന്ന് സുവ്യക്തമാക്കുക. ഈ ഗതി സ്വീകരിക്കുന്നത്, നിങ്ങളുടെ തീരുമാനം ഒരു അനുരഞ്ജനമായി വീക്ഷിക്കപ്പെടാതിരിക്കത്തക്കവണ്ണം നിങ്ങൾ വഹിക്കേണ്ട ഒരു ഉത്തരവാദിത്തമായിരിക്കും.
7 രക്തം ഉപയോഗിക്കുന്നതിന്റെ പ്രശ്നം ഇനിയും കുറക്കുന്നതോ ഒരുപക്ഷേ ഇല്ലായ്മ ചെയ്യുന്നതോ ആയ ന്യായമായൊരു പകരം ചികിത്സാരീതി നിങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞാൽ, അപ്പോൾ നിങ്ങൾ തീർച്ചയായും പ്രശ്നം കുറഞ്ഞ ഗതി തിരഞ്ഞെടുക്കാൻ ഇടയുണ്ട്. രക്തം നൽകുകയില്ലെന്ന് സമ്മതിക്കുന്നതിൽ മററാരേക്കാളും മുൻപന്തിയിലുളള ഡോക്ടറെയോ സർജനെയോ കണ്ടെത്താൻ നിങ്ങൾ ആത്മാർത്ഥമായ ഒരു ശ്രമം ചെയ്യാൻ പ്രതീക്ഷിക്കപ്പെടും. പ്രശ്നങ്ങൾ മുൻകൂട്ടിക്കാണുന്നതാണ് ഏററവും നല്ല പ്രതിരോധം. സഹകരണ മനോഭാവമുളള ഒരു ഡോക്ടറെ മുന്നമേ കണ്ടുവെക്കാൻ സകലശ്രമവും ചെയ്യുക. സഹകരണമില്ലാത്ത ഡോക്ടർമാരിൽനിന്നും ആശുപത്രികളിൽനിന്നും കഴിവതും അകന്നുനിൽക്കാൻ ശ്രമിക്കുക.
8 ചില രാജ്യങ്ങളിൽ, ഒരു രക്തപ്പകർച്ച നൽകപ്പെടുന്നുവോ എന്നതിൽ ഒരു വ്യത്യാസം ഉളവാക്കുന്ന മറെറാരു ഘടകം ആശുപത്രിച്ചെലവ് എങ്ങനെ വഹിക്കപ്പെടുന്നുവെന്നതാണ്. മാതാപിതാക്കൾക്ക് തങ്ങൾ ഇഷ്ടപ്പെടുന്ന ഒരു ഡോക്ടറെ അന്വേഷിക്കാൻ അനുവദിക്കുന്ന ആരോഗ്യ ഇൻഷ്വറൻസോ മററു സുരക്ഷയോ ഉളളിടത്ത്, കുട്ടികളെ സഹകരണമില്ലാത്ത ഡോക്ടർമാരുടെയൊ ആശുപത്രിജീവനക്കാരുടെയൊ കയ്യിൽപ്പെടാതെ സൂക്ഷിക്കാൻ എളുപ്പം കഴിയും. ഡോക്ടർമാരിൽനിന്നും ആശുപത്രികളിൽനിന്നും ഒരു കുടുംബത്തിനു ഏതുതരം സഹകരണവും സേവനവും ലഭിക്കുന്നുവെന്ന് പലപ്പോഴും നിർണ്ണയിക്കുന്നത് ലഭിക്കുന്ന പണത്തിന്റെ അളവാണ്. കൂടാതെ, ഒരു കുട്ടിയുടെ മാററം സ്വീകരിക്കാൻ ഒരു ആശുപത്രിയൊ ഡോക്ടറൊ മനസ്സുവെക്കുമോയെന്നത് മിക്കപ്പോഴും ചെലവു വഹിക്കാനുളള മാതാപിതാക്കളുടെ പ്രാപ്തിയെ ആശ്രയിച്ചിരിക്കും. അമ്മയാകാൻപോകുന്നവരേ, ഗർഭാവസ്ഥയിൽ നിങ്ങൾ നിങ്ങളുടെ ആരോഗ്യം സൂക്ഷിക്കുന്നത് പ്രധാനമാണ്! ഇത് അകാലജനനങ്ങളും അതിനോടു ബന്ധപ്പെട്ട കുഴപ്പങ്ങളും തടയുന്നതിന് വളരെ പ്രയോജനം ചെയ്യും, മാസം തികയാത്ത ശിശുക്കളുടെ സാധാരണ ചികിത്സയിലും അവരുടെ പ്രശ്നങ്ങളിലും മിക്കപ്പോഴും രക്തം ഉൾപ്പെടുന്നതുകൊണ്ടുതന്നെ.
9 ചിലപ്പോൾ അവസാനനിമിഷംവരെ രക്തത്തോടുളള അവരുടെ എതിർപ്പ് യഹോവയുടെ സാക്ഷികൾ ചർച്ചചെയ്യുന്നില്ലെന്ന് ഡോക്ടർമാർ പരാതിപ്പെടുന്നു. ഒരിക്കലും അങ്ങനെ ആയിരുന്നുകൂടാ. ആശുപത്രിയിൽ പോകുമ്പോഴോ ഒരു ഡോക്ടറുടെ സേവനം സ്വീകരിക്കുമ്പോഴോ സാക്ഷികളായ മാതാപിതാക്കൾ ചെയ്യേണ്ട ആദ്യ സംഗതികളിൽ ഒന്ന് രക്തം സംബന്ധിച്ച തങ്ങളുടെ നിലപാട് ചർച്ചചെയ്യുക എന്നതാണ്. ശസ്ത്രക്രിയ ഉൾപ്പെട്ടിരിക്കുന്നെങ്കിൽ അനസ്തീഷ്യാ വിദഗ്ദ്ധനുമായി നേരത്തേതന്നെ ഒരു കൂടിക്കാഴ്ചക്ക് ആവശ്യപ്പെടുക. ഇതിന് ശസ്ത്രക്രിയാവിദഗ്ദ്ധന് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും. സമ്മതപത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ചിരിക്കണം. എതിർപ്പുളള ഏതു ഭാഗവും വെട്ടിക്കളയാൻ നിങ്ങൾക്ക് അവകാശമുണ്ട്. ഏതു സംശയവും ദുരീകരിക്കുന്നതിന്, മതപരവും വൈദ്യശാസ്ത്രപരവുമായ കാരണങ്ങളാൽ യാതൊരു സാഹചര്യത്തിലും രക്തം ആഗ്രഹിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് സമ്മതപത്രത്തിൽ വ്യക്തമായി എഴുതുക.
10 യഹോവയുടെ സ്ഥാപനത്തിൽനിന്നുളള സഹായം: നിങ്ങളുടെ മക്കളെ രക്തത്തിൽനിന്ന് സംരക്ഷിക്കുന്നതിൽ നിങ്ങളെ സഹായിക്കുന്നതിന് യഹോവയുടെ സ്ഥാപനം എന്തു കരുതലുകൾ ചെയ്തിട്ടുണ്ട്? അനേകമുണ്ട്. രക്തത്തെ സംബന്ധിച്ചും രക്തരഹിതമായ പകരംചികിത്സ സംബന്ധിച്ചും നമ്മെ പഠിപ്പിക്കുന്നതിന് സൊസൈററി വളരെ കാര്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രക്തത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? എന്ന ലഘുപത്രികയും ഈ വിഷയം സംബന്ധിച്ച മററു പ്രസിദ്ധീകരണങ്ങളും നിങ്ങൾ പഠിച്ചിട്ടുണ്ട്. വളരെയധികം സഹായവും പിന്തുണയും നിങ്ങൾക്കു നൽകാൻ കഴിയുന്ന പ്രാദേശിക സഭയിലെ നിങ്ങളുടെ സഹോദരീസഹോദരൻമാർ നിങ്ങൾക്കുണ്ട്. ഒരു പ്രതിസന്ധിയുളളപ്പോൾ, ആശുപത്രിയിൽ 24 മണിക്കൂറും കാവൽ ഏർപ്പെടുത്തുന്നത് ഉചിതമാണെന്ന് മൂപ്പൻമാർ പരിഗണിച്ചേക്കാം, ഒരുപക്ഷേ ഒരു മൂപ്പനും രോഗിയുടെ പിതാവും കൂടെയോ അല്ലെങ്കിൽ അടുത്ത കുടുംബാംഗവും കൂടെയോ നിൽക്കുന്നത് നന്നായിരിക്കും. പലപ്പോഴും രക്തപ്പകർച്ചകൾ നൽകപ്പെടുന്നത് എല്ലാ ബന്ധുക്കളും സുഹൃത്തുക്കളും ഉറങ്ങാൻ വീട്ടിൽ പോയിക്കഴിയുമ്പോഴാണ്.
11 ഇന്ത്യയിൽ പ്രധാനനഗരങ്ങളിൽ നാം ഉടൻതന്നെ ഹോസ്പിററൽ ലെയ്സൻ കമ്മിററികൾ രൂപീകരിക്കുന്നതായിരിക്കും. രാജ്യത്തുളള ഓരോ സഭയും സഹായിക്കാൻ ലഭ്യരായ പരിശീലനം ലഭിച്ച സഹോദരൻമാർ ചേർന്നുളള ഒരു കമ്മിററിയുടെ കീഴിൽ നിയമിക്കപ്പെടും. അവരുടെ ആവശ്യം വരുമ്പോൾ നിങ്ങളുടെ മൂപ്പൻമാർ മുഖാന്തരം അവരെ വിളിക്കുക. ചെറിയ പ്രശ്നങ്ങൾക്ക് അവരെ വിളിക്കരുത്, എന്നാൽ ഒരു ഗുരുതരമായ പ്രശ്നം വികാസം പ്രാപിച്ചേക്കാമെന്ന് തോന്നുന്നെങ്കിൽ അവരെ വിളിക്കാൻ ദീർഘസമയം കാത്തിരിക്കുകയുമരുത്. മിക്കപ്പോഴും സഹകരിക്കുന്ന ഡോക്ടർമാരുടെ പേരുകളും പകരംചികിത്സ സംബന്ധിച്ച നിർദ്ദേശങ്ങളും അവർക്ക് നൽകാൻ കഴിയും. ആവശ്യവും അവസരവും ഉണ്ടെങ്കിൽ ഈ സഹോദരൻമാർ സ്ഥലത്തുണ്ടായിരിക്കാനും പ്രശ്നം കൈകാര്യം ചെയ്യാൻ സഹായിക്കാനും ക്രമീകരണം ചെയ്യും.
12 കോടതി ഇടപെടൽ മുൻകൂട്ടിക്കണ്ട് കൈകാര്യം ചെയ്യൽ: ഒരു ഡോക്ടറോ ആശുപത്രിയോ നിങ്ങളുടെ കുട്ടിക്ക് രക്തപ്പകർച്ച നൽകാനായി ഒരു കോടതിവിധി സമ്പാദിക്കാൻ ഉദ്ദേശിക്കുന്നെങ്കിലെന്ത്? കൂടുതലായി ഒന്നും ചെയ്യാനില്ലെന്ന് കരുതിക്കൊണ്ട് കൈവിട്ടുകളയാനുളള ഒരു സമയമാണോ ഇത്? ഒരിക്കലും അല്ല! ഒരു രക്തപ്പകർച്ച തടുക്കുന്നതിന് അപ്പോഴും സാദ്ധ്യമായിരുന്നേക്കാം. അത്തരം ഒരു സാദ്ധ്യതക്കുവേണ്ടിയുളള ഒരുക്കം വളരെ നേരത്തെ ചെയ്യണം. എന്തു ചെയ്യാൻ കഴിയും?
13 ഈ വിഷയങ്ങളിൽ ആശുപത്രികളെയും ന്യായാധിപൻമാരെയും സ്വാധീനിക്കുന്നതോ നയിക്കുന്നതോ ആയ നിയമപരമായ ചില തത്വങ്ങൾ അറിഞ്ഞിരിക്കുന്നത് പ്രതിരോധിക്കുന്നതിന് നിങ്ങളെ വളരെയധികം സഹായിക്കും. തങ്ങളുടെ മക്കൾക്ക് വൈദ്യചികിത്സ സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ നിയമം മാതാപിതാക്കൾക്ക് അപരിമേയമായ അധികാരം നൽകുന്നില്ലെന്നുളള വസ്തുതയാണ് അടിസ്ഥാനപ്രധാനമായ അത്തരം ഒരു തത്വം. തങ്ങളുടെ ഇഷ്ടമനുസരിച്ച് ചികിത്സ സ്വീകരിക്കാനോ നിരസിക്കാനോ മുതിർന്നവർക്ക് പൊതുവിൽ അവകാശമുണ്ടെങ്കിലും തങ്ങളുടെ കുട്ടിയുടെ ക്ഷേമത്തിന് ആവശ്യമെന്നു കാണുന്ന ചികിത്സ നിരസിക്കാൻ മാതാപിതാക്കൾ സ്വതന്ത്രരല്ല, അവരുടെ നിരസനം ആത്മാർത്ഥമായി പുലർത്തുന്ന മതവിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കുമ്പോൾ പോലും.
14 ഈ അടിസ്ഥാനതത്വം 1944-ലെ യു.എസ്. സുപ്രീം കോടതി വിധിയിൽ പ്രതിഫലിപ്പിക്കപ്പെട്ടു. അത് ഇപ്രകാരം പ്രസ്താവിച്ചു: “മാതാപിതാക്കൾ സ്വയം രക്തസാക്ഷികളായിത്തീരാൻ സ്വതന്ത്രരായിരിക്കാം. എന്നാൽ സമാനമായ സാഹചര്യങ്ങളിൽ തങ്ങളുടെ മക്കളെ രക്തസാക്ഷികളാക്കാൻ അവർ സ്വതന്ത്രരാണെന്നുളളത് ശരിയല്ല, നിയമത്തിന്റെ ദൃഷ്ടിയിൽ അവർക്ക് സ്വയം ആ തിരഞ്ഞെടുപ്പു നടത്താൻ കഴിയുന്ന പ്രായപൂർത്തിയിൽ എത്തുന്നതിനുമുമ്പുതന്നെ.” കുട്ടിയുടെ ശാരീരിക ആരോഗ്യവും ക്ഷേമവും സംബന്ധിച്ച ഇതേ പ്രാഥമിക താത്പര്യം ഇന്നത്തെ ശിശുക്ഷേമ നിയമങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്നു. ശിശുദ്രോഹത്തെ ലാക്കാക്കിയുളള ഈ നിയമങ്ങൾ വൈദ്യസംബന്ധമായ അവഗണനയിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുംകൂടെ രൂപപ്പെടുത്തിയതാണ്.
15 മാതാപിതാക്കളുടെ ദ്രോഹത്തിൽനിന്നും അവഗണനയിൽനിന്നും കുട്ടികളെ സംരക്ഷിക്കുന്നത് ക്രിസ്തീയമാതാപിതാക്കൾക്ക് തീർച്ചയായും എതിർപ്പുളള കാര്യമല്ല. എന്നാൽ ശിശു-അവഗണനാ നിയമങ്ങളും മേലുദ്ധരിച്ച സുപ്രീംകോടതിവിധിയും പലപ്പോഴും യഹോവയുടെ സാക്ഷികളുടെ കുട്ടികൾ ഉൾപ്പെടുന്ന കേസുകളിൽ അനുചിതമായി പ്രയോഗിക്കപ്പെടുന്നു. എന്തുകൊണ്ട്? ഒരു സംഗതി, സാക്ഷികളായ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെ “രക്തസാക്ഷി”കളാക്കാൻ ഒരു ഉദ്ദേശ്യവുമില്ല. ഉണ്ടായിരുന്നെങ്കിൽ ഒന്നാമത്, അവർ എന്തിന് തങ്ങളുടെ മക്കളെ ആശുപത്രിയിൽ കൊണ്ടുപോകണം? നേരെ വിരുദ്ധമായി, സാക്ഷികളായ മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് മനസ്സോടെ വൈദ്യചികിത്സ തേടുന്നു. അവർ തങ്ങളുടെ മക്കളെ സ്നേഹിക്കുകയും അവർക്ക് നല്ല ആരോഗ്യം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ തങ്ങളുടെ മക്കൾക്ക് ഏററവും നല്ലതരം വൈദ്യചികിത്സ ഉത്തരവാദിത്തബോധത്തോടെ തിരഞ്ഞെടുക്കാനുളള ദൈവദത്തമായ ഒരു ചുമതല തങ്ങൾക്കുണ്ടെന്ന് അവർ വിശ്വസിക്കുന്നു. രക്തം കൂടാതെ തങ്ങളുടെ കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിച്ചെടുക്കാൻ അവർ ആഗ്രഹിക്കുന്നു. രക്തംകൂടാതെയുളള അത്തരം പകരംചികിത്സ രക്തത്തേക്കാൾ മെച്ചവും സുരക്ഷിതവും ആണെന്നുമാത്രമല്ല അത് അത്യന്തം പ്രധാനമായി തങ്ങളുടെ മക്കളെ വലിയ ജീവദാതാവായ യഹോവയാം ദൈവത്തിന്റെ പ്രീതിയിൽ നിലനിർത്തുകയും ചെയ്യുന്നു.
16 രക്തരഹിതമായ ചികിത്സയുടെ പ്രയോജനങ്ങൾ ഗണ്യമാക്കാതെ പല ഡോക്ടർമാരും ശിശുക്ഷേമ ഉദ്യോഗസ്ഥൻമാരും രക്തപ്പകർച്ചാചികിത്സയെ ചില സാഹചര്യങ്ങളിൽ ആവശ്യമോ ജീവരക്ഷാകരംപോലുമോ ആയ, നിലവാരമുളള ചികിത്സാനടപടിയായി വീക്ഷിക്കുന്നു. അങ്ങനെ, സാക്ഷികളായ മാതാപിതാക്കൾ രക്തപ്പകർച്ചകൾക്കുളള ശുപാർശകൾ നിരസിക്കുമ്പോൾ പ്രശ്നങ്ങൾ ഉദിച്ചേക്കാം. പൊതുവിൽ പറഞ്ഞാൽ, മാതാപിതാക്കളുടെ അനുമതി കൂടാതെ ഡോക്ടർമാർക്ക് നിയമാനുസൃതം കുട്ടികളെ ചികിത്സിക്കാൻ കഴിയില്ല. രക്തം ഉപയോഗിക്കാനുളള മാതാപിതാക്കളുടെ സമ്മതക്കുറവ് മറികടക്കുന്നതിന് ഡോക്ടർമാരോ മററ് ആശുപത്രി ജീവനക്കാരോ ഒരു കോടതിവിധിയുടെ രൂപത്തിൽ ഒരു ജഡ്ജിയിൽനിന്ന് അനുമതി തേടിയേക്കാം. കോടതി അധികാരപ്പെടുത്തിയ അത്തരം അനുമതി, ശിശുക്ഷേമ ഉദ്യോഗസ്ഥരോ ഡോക്ടർമാരോ, ആരോപിക്കപ്പെട്ട വൈദ്യ അവഗണനയിൽനിന്ന് കുട്ടിയെ രക്ഷിക്കാൻ പ്രവർത്തിക്കുന്ന ആശുപത്രി ഉദ്യോഗസ്ഥരോ മുഖാന്തരം സമ്പാദിച്ചെടുത്തേക്കാം.a
17 പലപ്പോഴും രക്തം ഉപയോഗിക്കാൻ അധികാരപ്പെടുത്തിക്കൊണ്ടുളള കോടതിവിധികൾ മാതാപിതാക്കൾക്ക് അറിയിപ്പു കൊടുക്കാതെതന്നെ വളരെ പെട്ടെന്നു സമ്പാദിക്കപ്പെടുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മാതാപിതാക്കളെ പൂർണ്ണമായി അറിയിക്കാൻ സമയം അനുവദിക്കുന്നില്ലാത്ത ഒരു അടിയന്തിരചികിത്സാഘട്ടം ആണെന്ന് അവകാശപ്പെട്ടുകൊണ്ട് ഡോക്ടർമാരോ ആശുപത്രി അധികൃതരോ ശിശുക്ഷേമ ഉദ്യോഗസ്ഥരോ അത്തരം അടിയന്തിര വിധികളെ ന്യായീകരിക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും, പലപ്പോഴും ചോദ്യം ചെയ്യുമ്പോൾ ഒരു യഥാർത്ഥ അടിയന്തിരഘട്ടം സ്ഥിതിചെയ്യുന്നില്ലെന്നും “ഒരുപക്ഷേ” ഭാവിയിൽ അവരുടെ അഭിപ്രായത്തിൽ ഒരു രക്തപ്പകർച്ച ആവശ്യമായി വന്നെങ്കിലോ എന്നുവെച്ച് അവർ ഒരു കോടതിവിധി ആഗ്രഹിച്ചുവെന്നും ഡോക്ടർമാർ സമ്മതിച്ചിട്ടുണ്ട്. നിങ്ങളുടെ കുട്ടിയുടെ സ്വാഭാവികരക്ഷകർത്താക്കളെന്ന നിലയിൽ നിങ്ങൾക്ക് ഡോക്ടർമാരോ ആശുപത്രി അധികൃതരോ ശിശുക്ഷേമ ഉദ്യോഗസ്ഥരോ നിങ്ങളുടെ കുട്ടിയോടുളള ബന്ധത്തിൽ എന്തു ചെയ്യുന്നുവെന്നറിയാൻ എല്ലായ്പ്പോഴും മൗലികാവകാശം ഉണ്ട്. കഴിയുമെങ്കിൽ, ഒരു കോടതിവിധി സമ്പാദിക്കാനുളള ശ്രമങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കണമെന്നും കോടതിമുമ്പാകെ തർക്കത്തിൽ നിങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ അനുവദിക്കണമെന്നും നിയമം നിഷ്ക്കർഷിക്കുന്നു.
18 നിയമപരമായ ഈ യാഥാർത്ഥ്യങ്ങൾ സഹകരണമനോഭാവമുളള ഒരു ഡോക്ടറെ കണ്ടെത്തുന്നതിന്റെ മൂല്യം പ്രദീപ്തമാക്കുന്നു. അയാളോടൊത്ത് പ്രവർത്തിക്കുക, നിങ്ങളുടെ ഹോസ്പിററൽ ലെയ്സൻ കമ്മിററിയിലെ അംഗങ്ങളുടെ സഹായത്തോടെ നിങ്ങളുടെ കുട്ടിയുടെ ചികിത്സാപ്രശ്നം രക്തംകൂടാതെ കൈകാര്യം ചെയ്യാൻ അയാളെ സഹായിക്കുക, അല്ലെങ്കിൽ അത്തരം ചികിത്സ നൽകുന്ന ഒരു ഡോക്ടറുടെ അടുത്തേക്കോ ആശുപത്രിയിലേക്കോ നിങ്ങളുടെ കുട്ടിയെ മാററുക. എന്നാൽ ഒരു കോടതിവിധി സമ്പാദിക്കാൻ ഡോക്ടറോ ആശുപത്രി അധികാരിയോ ശിശുക്ഷേമപ്രവർത്തകനോ ആലോചിക്കുന്നതിന്റെ ലക്ഷണം കണ്ടാൽ അതിനുളള ഉദ്ദേശ്യമുണ്ടോയെന്ന് നിങ്ങൾ ഉടൻ ചോദിക്കണം. ചിലപ്പോൾ ഇത് ഫോണിലൂടെ രഹസ്യമായി ചെയ്യപ്പെടുന്നു. കോടതിയിൽ പോകാൻ ഉദ്ദേശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ ഭാഗം ജഡ്ജിയോടു പറയാൻ കഴിയേണ്ടതിന് നിങ്ങൾ അതിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നുവെന്ന് ഊന്നിപ്പറയുക. (സദൃ. 18:17) സമയമുണ്ടെങ്കിൽ ഒരു വക്കീലിന്റെ സഹായം തേടുന്നത് മിക്കപ്പോഴും അഭികാമ്യമാണ്. ചില സന്ദർഭങ്ങളിൽ കോടതിതന്നെ വക്കീലൻമാരെ നിയമിക്കുന്നു. കോടതി നിയമിച്ചതോ നിങ്ങളുടെ സ്വന്തമോ ആയ വക്കീൽ നിങ്ങൾക്കുണ്ടെങ്കിൽ ആ സാഹചര്യങ്ങളിൽ ഏററവും നല്ല പ്രതിവാദം നടത്തുന്നതിന് അയാളെ സഹായിക്കുന്ന വിവരങ്ങൾ സൊസൈററിയുടെ നിയമവകുപ്പിന് അയാളുമായി പങ്കുവെക്കാൻ കഴിയും.
19 നിങ്ങളുടെ രക്ഷ നിരസനം കോടതിയിൽ എത്തുന്നെങ്കിൽ നിങ്ങളുടെ കുട്ടിയുടെ ജീവനോ ആരോഗ്യമോ പരിരക്ഷിക്കുന്നതിന് രക്തം ആവശ്യമാണെന്നുളള ഡോക്ടറുടെ അഭിപ്രായം വളരെ അനുനയക്ഷമം ആയിരിക്കാം. വൈദ്യത്തിൽ അവിദഗ്ദ്ധൻ എന്ന നിലയിൽ ജഡ്ജി സാധാരണ ഡോക്ടറുടെ ചികിത്സാ വൈദഗ്ദ്ധ്യത്തിനു വഴങ്ങുന്നു. അന്യായത്തിൽ തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ മാതാപിതാക്കൾക്ക് അവസരം അനുവദിക്കാത്തപ്പോൾ ഇത് വിശേഷാൽ സത്യമാണ്, അപ്പോൾ ഡോക്ടർ ഒരു എതിർപ്പും കൂടാതെ രക്തത്തിന്റെ “അടിയന്തിര” ആവശ്യം സംബന്ധിച്ചുളള തന്റെ അവകാശവാദങ്ങൾ അവതരിപ്പിക്കാൻ അനുവദിക്കപ്പെടുന്നു. അത്തരം ഏകപക്ഷീയമായ നടപടിക്രമങ്ങൾ സത്യം തീരുമാനിക്കുന്നതിന് ഉപയുക്തമല്ല. രക്തം ആവശ്യമാണെന്ന് ഡോക്ടർമാർ എപ്പോൾ, എന്തുകൊണ്ട് വിചാരിക്കുന്നു എന്നത് വളരെയധികം അനിശ്ചിതവും സ്വന്തം ആശയഗതിയും ആണെന്നുളളതാണ് വസ്തുത. മിക്കപ്പോഴും, കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് രക്തം തീർത്തും ആവശ്യമാണെന്ന് ഒരു ഡോക്ടർ പറയുമ്പോൾ അതേ ചികിത്സാപ്രശ്നം രക്തം കൂടാതെ കൈകാര്യം ചെയ്യുന്നതിൽ അപുഭവപരിചയമുളള മറെറാരു ഡോക്ടർ രോഗിയെ ചികിത്സിക്കുന്നതിന് രക്തം ആവശ്യമില്ലെന്നു പറയുന്നു.
20 നിങ്ങൾ നിങ്ങളുടെ കുട്ടിക്ക് “ജീവരക്ഷാകരമായ” ഒരു പകർച്ച നിരസിക്കുന്നതെന്തുകൊണ്ടെന്ന് ഒരു വക്കീലോ ജഡ്ജിയോ നിങ്ങളോടു ചോദിച്ചാൽ നിങ്ങൾ എന്തു ചെയ്യും? നിങ്ങളുടെ ആദ്യചായ്വ് പുനരുത്ഥാനത്തിലുളള നിങ്ങളുടെ വിശ്വാസം വിശദീകരിക്കാനും മരിക്കുന്നെങ്കിൽ ദൈവം നിങ്ങളുടെ കുട്ടിയെ തിരിച്ചുകൊണ്ടുവരുമെന്നുളള നിങ്ങളുടെ ശക്തമായ വിശ്വാസം പ്രകടമാക്കാനും ആയിരിക്കാമെങ്കിലും അത്തരം ഒരുത്തരം അതിൽത്തന്നെ, നിങ്ങൾ ഒരു മതഭ്രാന്തനാണെന്നും നിങ്ങളുടെ കുട്ടിയെ രക്ഷിക്കുന്നതിന് താൻ നടപടിയെടുക്കേണ്ടതാണെന്നും കുട്ടിയുടെ ശാരീരിക ക്ഷേമത്തിൽ പ്രമുഖ താത്പര്യമുളള ജഡ്ജിയെ ബോദ്ധ്യപ്പെടുത്തുകയേയുളളു.
21 മുറുകെപ്പിടിക്കുന്ന മതപരമായ കാരണങ്ങളാലാണ് നിങ്ങൾ രക്തം നിരസിക്കുന്നതെങ്കിലും കോടതി അറിയേണ്ട സംഗതി, നിങ്ങൾ വൈദ്യചികിത്സ നിരസിക്കുന്നില്ല എന്നുളളതാണ്. നിങ്ങൾ അവഗണനയുളളവരോ ദ്രോഹിക്കുന്നവരോ ആയ മാതാപിതാക്കളല്ലെന്നും പിന്നെയോ തങ്ങളുടെ കുട്ടികളെ ചികിത്സിക്കാൻ ആഗ്രഹിക്കുന്ന സ്നേഹമുളള മാതാപിതാക്കളാണെന്നും ജഡ്ജി മനസ്സിലാക്കേണ്ട ആവശ്യമുണ്ട്. രക്തത്തിന്റെ പ്രയോജനങ്ങൾ എന്ന് പറയുന്നത് ഉണ്ടാകാനിടയുളള അതിന്റെ മാരകമായ അപകടങ്ങളെയും കുഴപ്പങ്ങളെയുംകാൾ മികച്ചുനിൽക്കുന്നു എന്ന ആശയത്തോട് നിങ്ങൾ യോജിക്കണമെന്നില്ല, വിശേഷിച്ചും ഈ അപകടങ്ങളില്ലാത്ത പകരം ചികിത്സകൾ ലഭ്യമായിരിക്കുമ്പോൾ തന്നെ.
22 സാഹചര്യമനുസരിച്ച്, രക്തം ആവശ്യമാണെന്നുളളത് ഒരു ഡോക്ടറുടെ അഭിപ്രായമാണെന്നും എന്നാൽ ഡോക്ടർമാർ അവരുടെ സമീപനങ്ങളിൽ വ്യത്യസ്തരാണെന്നും വ്യാപകമായി ലഭ്യമായിരിക്കുന്ന രക്തം കൂടാതെയുളള രീതികൾ ഉപയോഗിച്ച് നിങ്ങളുടെ കുട്ടിയെ ചികിത്സിക്കുന്ന ഒരു ഡോക്ടറെ കണ്ടെത്താൻ അവസരം ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നും നിങ്ങൾക്ക് ജഡ്ജിയെ അറിയിക്കാവുന്നതാണ്. ഹോസ്പിററൽ ലെയ്സൻ കമ്മിററിയുടെ സഹായത്താൽ, രക്തം കൂടാതെ നിങ്ങളുടെ കുട്ടിയെ ചികിത്സിക്കുകയും ഫോൺ വഴി കോടതിയിൽ സഹായകരമായ സാക്ഷ്യം കൊടുക്കുകയും ചെയ്തേക്കാവുന്ന അത്തരം ഒരു ഡോക്ടറെ നിങ്ങൾ ഇതിനകം കണ്ടെത്തിയിരിക്കാം. രക്തം കൂടാതെ നിങ്ങളുടെ കുട്ടിയുടെ ചികിത്സാപ്രശ്നം എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് കാണിക്കുന്ന വൈദ്യശാസ്ത്ര ലേഖനങ്ങൾ ജഡ്ജിയുമായും—കോടതി വിധിക്കായി സമ്മർദ്ദം ചെലുത്തുന്ന ഡോക്ടറുമായിപോലും—പങ്കുവെക്കാൻ ലെയ്സൻ കമ്മിററിക്ക് കഴിഞ്ഞേക്കും.
23 തിടുക്കത്തിൽ കോടതിവിധികൾ പുറപ്പെടുവിക്കാൻ ജഡ്ജിമാരോട് ആവശ്യപ്പെടുമ്പോൾ, മിക്കപ്പോഴും അവർ എയ്ഡ്സും കരൾവീക്കവും മററ് അനവധി അപകടങ്ങളും സംബന്ധിച്ച് പരിചിന്തിക്കുന്നില്ല, അല്ലെങ്കിൽ അനുസ്മരിപ്പിക്കപ്പെടുന്നില്ല. നിങ്ങൾക്ക് ഇവ ജഡ്ജിയെ അറിയിക്കാൻ കഴിയും, ഒരു ക്രിസ്തീയപിതാവെന്നനിലയിൽ നിങ്ങൾ ജീവൻ നിലനിർത്താനുളള ഒരു ശ്രമത്തിൽ മറെറാരാളുടെ രക്തം ഉപയോഗിക്കുന്നതിനെ ദൈവനിയമത്തിന്റെ ഗുരുതരമായ ഒരു ലംഘനമായി വീക്ഷിക്കുന്നുവെന്നും നിർബ്ബന്ധിച്ച് നിങ്ങളുടെ കുട്ടിക്ക് രക്തം കൊടുക്കുന്നത് ബാലാൽസംഗത്തിനു തുല്യമായി വീക്ഷിക്കപ്പെടുമെന്നും നിങ്ങൾക്ക് അദ്ദേഹത്തെ അറിയിക്കാൻ കഴിയും. നിങ്ങൾക്കും (സ്വന്തം വിശ്വാസങ്ങൾ ഉണ്ടായിരിക്കാൻ തക്ക പ്രായമുളളവനെങ്കിൽ) നിങ്ങളുടെ കുട്ടിക്കും ശരീരത്തിൻമേലുളള അത്തരം ഒരു ആക്രമണത്തോടുളള നിങ്ങളുടെ വെറുപ്പ് വിശദീകരിക്കാനും, അനുകൂലവിധി നൽകരുതെന്നും നിങ്ങളുടെ കുട്ടിക്ക് പകരം വൈദ്യചികിത്സ അന്വേഷിക്കാൻ നിങ്ങളെ അനുവദിക്കണമെന്നും ജഡ്ജിയോട് അപേക്ഷിക്കാനും കഴിയും.
24 പ്രതിഭാഗത്തിന്റെ ഉചിതമായ ഒരു വാദം അവതരിപ്പിക്കുമ്പോൾ, മറേറ വശം—മാതാപിതാക്കളെന്നനിലയിൽ നിങ്ങളുടെ വശം—കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ജഡ്ജിക്കു കഴിയുന്നു. അപ്പോൾ ഒരു പകർച്ചക്ക് അധികാരപ്പെടുത്താൻ അവർ തിടുക്കംകൂട്ടുന്നില്ല. ചില കേസുകളിൽ ആദ്യം പകരംചികിത്സകൾ പരിഗണിക്കാൻ ആവശ്യപ്പെട്ടുകൊണ്ടോ രക്തം കൂടാതെ ചികിത്സിക്കുന്ന ഡോക്ടർമാരെ കണ്ടുപിടിക്കാൻ മാതാപിതാക്കൾക്ക് അവസരം നൽകിക്കൊണ്ടോ പോലും രക്തം ഉപയോഗിക്കാനുളള ഡോക്ടറുടെ സ്വാതന്ത്ര്യത്തെ ജഡ്ജിമാർ കർശനമായി നിയന്ത്രിച്ചിട്ടുണ്ട്.
25 ഒരു രക്തപ്പകർച്ചക്ക് നിർബ്ബന്ധിക്കുന്നവരുമായി ഇടപെടുമ്പോൾ, നിങ്ങളുടെ തീരുമാനങ്ങളിൽ ചഞ്ചലിപ്പിന്റെ യാതൊരു തെളിവും ഒരിക്കലും കാണിക്കാതിരിക്കുന്നത് പ്രധാനമാണ്. പകർച്ച കൊടുക്കുന്നതിനുളള തീരുമാനത്തിന്റെ ഉത്തരവാദിത്തം തങ്ങളെ “ഏൽപ്പിക്കുന്നതിൽ” എന്തെങ്കിലും പ്രയാസമുണ്ടോയെന്ന് ജഡ്ജിമാരും (ഡോക്ടർമാരും) ചിലപ്പോൾ മാതാപിതാക്കളോട് ചോദിച്ചിട്ടുണ്ട്, ഇത് മാതാപിതാക്കൾ മനഃസാക്ഷിപൂർവ്വം ജീവിക്കുന്നത് എളുപ്പമാക്കിത്തീർക്കുമെന്ന് കരുതിക്കൊണ്ടുതന്നെ. എന്നാൽ മാതാപിതാക്കളെന്നനിലയിൽ നിങ്ങൾക്ക് ഒരു രക്തപ്പകർച്ച ഒഴിവാക്കാൻ കഴിയുന്നതെല്ലാം ചെയ്യാനുളള ഉത്തരവാദിത്തമുണ്ടെന്ന് ബന്ധപ്പെട്ട എല്ലാവരെയും അറിയിച്ചിരിക്കണം. ഇത് നിങ്ങളുടെ ദൈവദത്തമായ ഉത്തരവാദിത്തമാണ്. ഇത് കൈമാററം ചെയ്യാവുന്നതല്ല.
26 അതുകൊണ്ട്, ഡോക്ടർമാരോടും ജഡ്ജിമാരോടും സംസാരിക്കുമ്പോൾ നിങ്ങളുടെ നിലപാട് വ്യക്തമായും ബോദ്ധ്യത്തോടെയും പ്രസ്താവിക്കാൻ ഒരുങ്ങിയിരിക്കേണ്ട ആവശ്യമുണ്ട്. നിങ്ങളുടെ സകലശ്രമവും അവഗണിച്ച് ഒരു കോടതിവിധി പുറപ്പെടുവിക്കുന്നെങ്കിൽ, പകർച്ച നടത്തരുതെന്ന് വിനീതമായി ഡോക്ടറോട് തുടർന്നും യാചിക്കുകയും പകരം ചികിത്സക്ക് പ്രേരിപ്പിക്കുകയും ചെയ്യുക. രക്തം ഒഴിവാക്കുന്നതിന് ഈ ചികിത്സാപ്രശ്നം സംബന്ധിച്ച് ആലോചന പറഞ്ഞുതരാൻ മനസ്സുളള ഡോക്ടർമാരുടെ ഉപദേശവും വൈദ്യശാസ്ത്രലേഖനങ്ങളും പരിഗണിക്കാനുളള അയാളുടെ സൻമനസ്സിനുവേണ്ടി തുടർന്നും അപേക്ഷിക്കുക. പ്രത്യക്ഷത്തിൽ വഴക്കമില്ലാത്ത ഒരു ഡോക്ടർ ഒന്നിലധികം പ്രാവശ്യം ഒരു ശസ്ത്രക്രിയാമുറിയിൽനിന്ന് പുറത്തുവന്ന് താൻ രക്തം ഉപയോഗിച്ചില്ലെന്ന് അഭിമാനപൂർവ്വം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഒരു കോടതിവിധി ഉണ്ടായാൽതന്നെയും അലക്ഷ്യമായി കൈവിട്ടുകളയരുത്!—ജൂൺ 15, 1991-ലെ വാച്ച്ററവർ “വായനക്കാരിൽനിന്നുളള ചോദ്യങ്ങൾ” കാണുക.
27 “മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏൽപിക്കും . . . എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കൻമാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അത് അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും” എന്ന് യേശു പറഞ്ഞത് ഓർക്കുക. അത്തരം സാഹചര്യങ്ങളിൽ നമ്മുടെ ആശ്വാസത്തിനുവേണ്ടി, ആ സന്ദർഭങ്ങളിൽ എന്തു പറയുന്നത് ഉചിതവും പ്രയോജനപ്രദവും ആയിരിക്കുമെന്ന് ഓർമ്മിക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുമെന്ന് യേശു കൂട്ടിച്ചേർത്തു.—മത്താ. 10:16-20.
28 “ഒരു കാര്യത്തിൽ ഉൾക്കാഴ്ച പ്രകടമാക്കുന്നവൻ നൻമ കണ്ടെത്തും, യഹോവയിൽ ആശ്രയിക്കുന്നവൻ സന്തുഷ്ടനാകുന്നു.” (സദൃ. 16:20, NW) മാതാപിതാക്കളേ, നിങ്ങളുടെ കുട്ടിയെ ആത്മീയമായി ദുഷിപ്പിച്ചേക്കാവുന്ന ഒരു രക്തപ്പകർച്ചയിൽനിന്ന് സംരക്ഷിക്കുന്നതിന് വേണ്ടതായ ഒരുക്കങ്ങൾ മുന്നമേ ചെയ്യുക. (സദൃ. 22:3) മക്കളേ, ഈ ഒരുക്കങ്ങൾ ചെയ്യുന്നതിൽ നിങ്ങളുടെ മാതാപിതാക്കളുടെ പരിശീലിപ്പിക്കലിനോട് പ്രതികരിക്കുകയും അവ നിങ്ങളുടെ ഹൃദയത്തിൽ ബാധകമാക്കുകയും ചെയ്യുക. ഒരു കുടുംബമെന്നനിലയിൽ “രക്തം ഭക്ഷിക്കാതിരിക്കാൻ ദൃഢനിശ്ചയമുളളവരായിരിക്കുക,” യഹോവയുടെ അനുഗ്രഹവും അംഗീകാരത്തിന്റെ പുഞ്ചിരിയും ഉണ്ടായിരിക്കുന്നതിനാൽ “നിങ്ങൾക്ക് നന്നായിരിക്കേണ്ടതിനുതന്നെ.”—ആവ. 12:23-25.
[അടിക്കുറിപ്പുകൾ]
a ഡോക്ടറുടെ അഭിപ്രായത്തിൽ, ഉടൻ ശ്രദ്ധ ആവശ്യമായിരിക്കുന്ന അടിയന്തിരസാഹചര്യം നിലവിലുളളപ്പോൾ മാത്രമേ കുട്ടിയുടെ ആരോഗ്യത്തിനോ ജീവനോ ആവശ്യമെന്നു കരുതുന്ന ചികിത്സകൾ (രക്തപ്പകർച്ചകൾ ഉൾപ്പെടെ) മാതാപിതാക്കളുടെയോ കോടതിയുടെയോ അനുമതികൂടാതെ നിയമാനുസൃതം നൽകാൻ കഴിയുകയുളളു. നിയമത്തിലെ ഈ അടിയന്തിര അധികാരത്തിൽ ആശ്രയിക്കുമ്പോൾ തീർച്ചയായും ഒരു ഡോക്ടർ ഉത്തരവാദിത്തം വഹിക്കണം.