“വരിക!” എന്നു തുടർന്നു പറഞ്ഞുകൊണ്ടിരിക്കുക
1 യേശുവിന്റെ മറുവിലയാഗത്തിലൂടെ എന്തൊരു അത്ഭുതകരമായ കരുതലാണു യഹോവ ചെയ്തിരിക്കുന്നത്! ഇതിൽ യഥാർത്ഥത്തിൽ ആളുകളെ സന്തുഷ്ടരാക്കാൻ ആവശ്യമായ എല്ലാററിന്റെയും അടിസ്ഥാനം നാം കണ്ടെത്തുന്നു. (യോഹ. 3:16) എന്നിരുന്നാലും ദുഖഃകരമെന്നു പറയട്ടെ, വളരെ കുറച്ചു പേർ മാത്രമേ ഈ സത്യം അറിയാനും ദൃഢമായി വിശ്വസിക്കാനും ഇടയായിട്ടുളളു. എന്നിട്ടും മനുഷ്യവർഗ്ഗത്തോടുളള തന്റെ സ്നേഹപൂർവ്വകമായ താത്പര്യം നിമിത്തം എല്ലായിടത്തുമുളള ആളുകളോടും സുവാർത്ത അറിയിക്കാൻ യഹോവ ക്രമീകരണം ചെയ്തിരിക്കുന്നു. അവിടത്തെ പുത്രനായ യേശുക്രിസ്തുവിലൂടെ സന്തുഷ്ടിയും നിത്യജീവന്റെ പ്രത്യാശയും കണ്ടെത്താനുളള അവസരം അവിടുന്ന് എല്ലാവർക്കും വെച്ചുനീട്ടിയിരിക്കുന്നു.—യോഹ. 17:3.
2 ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യവർഗ്ഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കുന്നത് ആരായിരിക്കും എന്ന കാര്യം അജ്ഞാതമായി നിലകൊണ്ടു. യേശു ഭൂമിയിൽ വന്നു “സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തു”ന്നതുവരെ അത് ഒരു “പാവനരഹസ്യ”മായിരുന്നു. (റോമ. 16:25, NW; 2 തിമൊ. 1:10) ഒന്നാം നൂററാണ്ടിൽ യേശുവിന്റെ അനുഗാമികൾ ഈ സുവിശേഷഘോഷണം ഏറെറടുത്തു; ഇപ്പോൾ ഈ ആധുനിക കാലത്തു ജീവിക്കുന്ന നമുക്ക് അതേ സുവാർത്ത പ്രഖ്യാപിക്കുന്നതിന്റെ ഉയർന്ന പദവിയുണ്ട്. നാം രാജ്യസന്ദേശം പ്രസംഗിക്കുമ്പോൾ, “വരുവിൻ! . . . ജീവജലം സൗജന്യമായി വാങ്ങുവിൻ” എന്നു പറഞ്ഞുകൊണ്ട് എല്ലാ ജീവിതതുറകളിലുളളവരെയും ക്ഷണിക്കുന്ന യഹോവയാം ദൈവത്തോടും യേശുക്രിസ്തുവിനോടും ക്രിസ്തുവിന്റെ സഹോദരൻമാരോടും നാം പങ്കുചേരുകയാണ്.—വെളി. 22:17, NW.
3 തീർച്ചയായും ഈ സുവാർത്ത എല്ലാ ആളുകളും ശ്രദ്ധിക്കുകയില്ല. വളരെ കുറച്ചു പേർ അടുത്ത ശ്രദ്ധ നൽകുന്നു. ചിലർ സത്യത്തിന്റെ ജീവദായകമായ ജലത്തിൽനിന്നും പ്രയോജനം നേടാൻ അവരെ ക്ഷണിക്കുന്ന ദൈവദാസൻമാരെ പരുഷമായി തളളിക്കളയുന്നു. അങ്ങനെയാണെങ്കിൽപ്പോലും യഹോവയിൽ നിന്നുളള ശക്തികൊണ്ടു നാം ഈ വേലയിൽ നിലനിൽക്കുന്നു. സത്യം സംസാരിക്കാനും ശ്രദ്ധിക്കുന്ന ഏവനെയും സഹായിക്കാനും ഉളള നമ്മുടെ മനസ്സൊരുക്കം യഹോവക്കു പ്രസാദകരമാണെന്നും അവിടത്തെ അനുഗ്രഹം കൈവരുത്തുമെന്നും നമുക്കറിയാം.
4 മാർച്ചിലെ നമ്മുടെ ശുശ്രൂഷയിൽ യുവജനങ്ങൾ ചോദിക്കുന്ന പുസ്തകം വായിക്കാനും ഇന്ന് ഒരു ശുദ്ധമായ ജീവിതം നയിക്കാൻ അതു നൽകുന്ന ബുദ്ധിയുപദേശം ബാധകമാക്കാനും അതുപോലെതന്നെ അതിന്റെ അവസാന അദ്ധ്യായങ്ങളിൽ നൽകിയിരിക്കുന്ന ഭാവിയെ സംബന്ധിച്ച പ്രത്യാശ പഠിക്കാനും സത്യാന്വേഷികളെ നാം പ്രോത്സാഹിപ്പിക്കും. അല്ലെങ്കിൽ എന്നേക്കും ജീവിക്കാൻ പുസ്തകം നാം അവരെ കാണിക്കുകയും അവരോടൊത്ത് ഒരു ക്രമമായ ബൈബിളദ്ധ്യയനം നടത്താൻ അതുപയോഗിക്കുന്നതിനു വാഗ്ദാനം ചെയ്യുകയും ചെയ്യും. ഈ സമർപ്പണങ്ങൾ സ്വീകരിക്കുന്നതിൽനിന്ന് അവർ അനേകം അനുഗ്രഹങ്ങൾ കൊയ്യും. എല്ലാററിനുമുപരി, ഭാവിയെക്കുറിച്ചു ബൈബിൾ കൂടുതൽ പറയുന്നു—അവരുടേയും നമ്മുടേയും ഭാവിയെക്കുറിച്ചുതന്നെ. ഇപ്പോൾ യഹോവയുടെ സമർപ്പിതദാസൻമാരായിരിക്കുന്ന നമ്മിലനേകരും എന്നേക്കും ജീവിക്കാൻ പുസ്തകത്തിലെ ബൈബിൾ തത്ത്വങ്ങൾ സംബന്ധിച്ച വിശദീകരണങ്ങൾ വായിച്ചതിനുശേഷം സത്യത്തിൽ ആദ്യം താത്പര്യമെടുത്തവരാണ്. ആ പുസ്തകത്തിന്റെ സവിസ്തരമായ ഒരു പഠനത്തിനുശേഷം സത്യത്തിനുവേണ്ടി ദാഹിക്കുന്ന ആത്മാർത്ഥ ഹൃദയരായവർക്ക് ഇത് എത്ര പ്രാധാന്യമുളളതാണെന്നു നമുക്കു വിലമതിക്കാൻ കഴിയുന്നു. അത്തരക്കാരെ നമ്മുടെ ശുശ്രൂഷയിൽ നാം കണ്ടെത്തുമ്പോൾ ഈ പുസ്തകത്തിന്റെ മൂല്യം അവരെ കാണിക്കാൻ നാം എന്നേക്കും ജീവിക്കാൻ പുസ്തകത്തിൽ നിന്നുളള ഒന്നോ രണ്ടോ സവിശേഷതകൾ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കും. മററുളളവയുടെ കൂട്ടത്തിൽ, 18-ാം അദ്ധ്യായത്തിൽ വിശദീകരിച്ചിരിക്കുന്ന, യേശു നൽകിയതുപോലുളള, 20-ാം നൂററാണ്ടിൽ നിവൃത്തിയേറിയിരിക്കുന്ന ബൈബിൾ പ്രവചനങ്ങളുടെ വ്യക്തമായ വിശദീകരണങ്ങൾ നമുക്കു ചൂണ്ടിക്കാട്ടാൻ കഴിയും.
5 ഏപ്രിൽ 6-ാം തീയതി ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആഘോഷിക്കാൻ നാം ഒരുങ്ങുമ്പോൾ മനുഷ്യവർഗ്ഗത്തിനുവേണ്ടിയുളള യഹോവയുടെ സ്നേഹപൂർവ്വകമായ കരുതലുകളെക്കുറിച്ചു സംസാരിക്കുന്നത് ഏററവും ഉചിതമാണ്. ആളുകൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ആഗ്രഹിക്കുന്ന ഏവർക്കും “വരുവിൻ! . . . ജീവജലം സൗജന്യമായി വാങ്ങുവിൻ” എന്ന ഹൃദയോത്തേജകമായ ക്ഷണം വെച്ചുനീട്ടുന്നതിനുളള ദൈവദത്ത നിയമനത്തിൽ നാം നിലനിൽക്കും.