നാം കേവലം പ്രസംഗിക്കുന്നവരായിരിക്കാതെ, പഠിപ്പിക്കുന്നവരായിരിക്കേണ്ടതുണ്ട്
1 “യഹോവയുടെ സാക്ഷികൾ തങ്ങളുടെ സാക്ഷീകരണ വേലകൊണ്ട് അക്ഷരാർഥത്തിൽ മുഴുഭൂമിയെയും നിറച്ചിരിക്കുന്നു”വെന്ന് നിരീക്ഷിക്കപ്പെടുകയുണ്ടായി. ഇതെങ്ങനെ സാധ്യമായി? മനുഷ്യരുടെ സാമർഥ്യംകൊണ്ടോ ശക്തികൊണ്ടോ ഒന്നുമല്ല, പകരം തന്റെ ദാസന്മാരുടെ മേൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ ആത്മാവുകൊണ്ടാണ് ഇതു സാധ്യമാകുന്നത്. പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള തങ്ങളുടെ നിയോഗം നിറവേറ്റുന്നതിനുവേണ്ടി പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന വ്യത്യസ്ത കരുതലുകൾ പ്രയോജനപ്പെടുത്തുമ്പോഴാണ് ഇതു സംഭവിക്കുന്നത്.—സെഖ. 4:6; പ്രവൃ. 1:8.
2 നമ്മുടെ പ്രസംഗവേല നിർവഹിക്കാനുള്ള ഫലകരമായ ഒരു മുഖാന്തരമാണ് അച്ചടിച്ച താളുകൾ. പിന്നിട്ട വർഷങ്ങളിലുടനീളം രാജ്യ സുവാർത്ത പ്രസിദ്ധമാക്കുന്നതിനുവേണ്ടി യഹോവയുടെ സാക്ഷികൾ കോടിക്കണക്കിനു പുസ്തകങ്ങൾ, ചെറുപുസ്തകങ്ങൾ, ലഘുപത്രികകൾ, മാസികകൾ തുടങ്ങിയവ അച്ചടിച്ചു വിതരണം ചെയ്തിരിക്കുന്നു. 1997 വാർഷികപുസ്തകത്തിൽ (ഇംഗ്ലീഷ്) നിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത് സാഹിത്യത്തിന്റെ ഉത്പാദനത്തിൽ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്തത്ര വലിയ വളർച്ച ഉണ്ടായിരിക്കുന്നുവെന്നാണ്. പുതിയലോക ഭാഷാന്തരത്തിന്റെ ഒമ്പതുകോടിയിലേറെ പ്രതികൾ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞിരിക്കുന്നു. ഐക്യനാടുകളിൽ അച്ചടിക്കപ്പെട്ട വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ എണ്ണം ഒരു വർഷത്തിനകം 7.1 ശതമാനംകണ്ട് വർധിച്ചിരിക്കുന്നു. ജർമനിയിൽ, മാസികകളുടെ ഉത്പാദനത്തിൽ 35 ശതമാനത്തിന്റെ വർധനവുണ്ടായി. അവിടെ ഉത്പാദിപ്പിച്ച മാസികകളുടെ മൂന്നിലൊന്നിലധികം റഷ്യൻ വയലിനുവേണ്ടിയുള്ളതായിരുന്നു. ഇന്ത്യയിൽ, 1997 സേവനവർഷത്തിൽ സമർപ്പിക്കപ്പെട്ട പുസ്തകങ്ങളുടെ എണ്ണം 1995 സേവനവർഷത്തിലേതിനെ അപേക്ഷിച്ച് 120 ശതമാനം കൂടുതലായിരുന്നു!
3 ഇത്രമാത്രം സാഹിത്യം ആവശ്യമുള്ളതെന്തുകൊണ്ട്? ആളുകളെ കണ്ടെത്തുന്ന എല്ലായിടത്തും സാക്ഷീകരിക്കാൻ നമുക്കു ലഭിച്ച പ്രോത്സാഹനത്തിനു ലോകവ്യാപകമായി വലിയ അളവിലുള്ള പ്രതികരണമാണു ലഭിച്ചത്. നമ്മിൽ മിക്കവരും സാക്ഷീകരണവേല വ്യത്യസ്ത മേഖലകളിലേക്ക്—പൊതുസ്ഥലങ്ങളിലും തെരുവുകളിലും വ്യാപാര മേഖലകളിലുമൊക്കെയായി—വിപുലീകരിച്ചിരിക്കുന്നതിനാൽ കൂടുതൽ ആളുകൾ താത്പര്യം കാണിക്കുകയും അവർക്കു വളരെയധികം സാഹിത്യങ്ങൾ സമർപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവരിൽ ഭൂരിഭാഗം പേർക്കും രാജ്യസന്ദേശം ശ്രദ്ധിക്കാൻ ഒരിക്കലും അവസരം ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഇനി അഥവാ ലഭിച്ചിട്ടുണ്ടെങ്കിൽത്തന്നെ വളരെ അപൂർവമായി മാത്രമായിരുന്നുതാനും. ഈ ആവശ്യം നിവർത്തിക്കാൻ തക്കവണ്ണം സഭകൾ ശുശ്രൂഷയുടെ എല്ലാ വശങ്ങളിലും ഉപയോഗിക്കാവുന്ന വ്യത്യസ്തതരത്തിലുള്ള ധാരാളം പ്രസിദ്ധീകരണങ്ങൾ കരുതിവെക്കുന്നു.
4 സാഹിത്യം വിതരണം ചെയ്യുന്നതിലെ നമ്മുടെ ലക്ഷ്യമെന്ത്? കേവലം സാഹിത്യം സമർപ്പിക്കുക എന്നതല്ല നമ്മുടെ ലക്ഷ്യം. ശിഷ്യരെ ഉളവാക്കുക എന്ന നിയോഗത്തിനു രണ്ടു വശങ്ങളുണ്ട്—പ്രസംഗിക്കലും പഠിപ്പിക്കലും. രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ട് മനുഷ്യവർഗത്തിന്റെ ഒരേയൊരു പ്രത്യാശ അതാണെന്ന് ആളുകളെ ബോധവാന്മാരാക്കാനുള്ള പദവിയാണ് ആദ്യത്തേത്. (മത്താ. 10:7; 24:14) താത്പര്യം ഉണർത്തുന്നതിലും രാജ്യത്തെക്കുറിച്ചുള്ള അറിവു മറ്റുള്ളവർക്കു പകർന്നുകൊടുക്കുന്നതിലും കാലം മാറ്റു തെളിയിച്ച, ഫലകരമായ ഒരു മുഖാന്തരമാണ് നമ്മുടെ ബൈബിളധിഷ്ഠിത സാഹിത്യങ്ങൾ.
5 രണ്ടാമതായി, ശിഷ്യരെ ഉളവാക്കണമെങ്കിൽ, നാം യേശു കൽപ്പിച്ച എല്ലാ സംഗതികളും പഠിപ്പിക്കേണ്ടതുണ്ട്. (മത്താ. 11:1; 28:19, 20) നാം വിദ്യാർഥികളെ ശിഷ്യരായിത്തീരാൻ സഹായിക്കവേ, സത്യം അവരുടെ ഹൃദയത്തിൽ ആഴത്തിൽ പതിപ്പിക്കുന്നതിലും സാഹിത്യം ഒരു പ്രധാന പങ്കുവഹിക്കുന്നു.
6 സാഹിത്യം സ്വീകരിക്കുന്നവർ ‘വചനം കേൾക്കുന്നവർ’ ആയിരിക്കും. ആരും സഹായിച്ചില്ലെങ്കിൽ മിക്കവാറും അവർ അതു പ്രവർത്തിക്കുന്നവരായിത്തീരാൻ സാധ്യതയില്ല. (യാക്കോ. 1:22-25) ആരുടെയും സഹായമില്ലാതെ ആരും ശിഷ്യരായിത്തീരാറില്ല. (പ്രവൃ. 8:30, 31) തിരുവെഴുത്തുകളിൽ കാണപ്പെടുന്ന സത്യം ബോധ്യപ്പെടുന്നതിന് അവർക്ക് ഒരു അധ്യാപകന്റെ സഹായമാവശ്യമുണ്ട്. (പ്രവൃ. 17:2, 3) സമർപ്പണത്തിന്റെയും സ്നാപനത്തിന്റെയും പടി സ്വീകരിക്കുന്ന ഘട്ടത്തിലേക്കു പുരോഗമിക്കാനും അങ്ങനെ മറ്റുള്ളവരെ പഠിപ്പിക്കാൻ വേണ്ട യോഗ്യത നേടാനും അവരെ സഹായിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.—2 തിമൊ. 2:2.
7 കൂടുതൽ അധ്യാപകരെ വേണം എന്നതാണ് ഏറ്റവും വലിയ ആവശ്യം: പ്രസംഗിക്കുമ്പോൾ നാം ചെയ്യുന്നത് സുവാർത്തയുടെ പരസ്യ പ്രഖ്യാപനമാണ്. എന്നാൽ ആർക്കെങ്കിലും പുരോഗമനാത്മകമായ പ്രബോധനം നൽകുന്നതാണ് പഠിപ്പിക്കലിൽ ഉൾപ്പെടുന്നത്. പ്രസംഗം മറ്റുള്ളവരെ രാജ്യസന്ദേശം സംബന്ധിച്ചു ബോധവാന്മാരാക്കുമ്പോൾ, പഠിപ്പിക്കൽ വ്യക്തികളെ സുവാർത്ത സ്വീകരിക്കുന്നതിനും അതിനനുസരിച്ചു പ്രവർത്തിക്കുന്നതിനും സഹായിക്കുന്നു. (ലൂക്കൊ. 8:15) ഒരു അധ്യാപകൻ കാര്യങ്ങൾ അറിയിക്കുന്നതിനെക്കാൾ അധികം ചെയ്യുന്നു; അയാൾ വിശദീകരിച്ചുകൊടുക്കുന്നു, നല്ല വാദഗതികൾകൊണ്ടു ന്യായവാദം ചെയ്യുന്നു, തെളിവുകൾ നൽകുന്നു, അങ്ങനെ വ്യക്തികളെ സ്വാധീനിക്കുന്നു.
8 കേവലം പ്രസംഗിക്കുന്നവർ മാത്രമായിരിക്കാതെ നമ്മിൽ സാധിക്കുന്നവരെല്ലാം പഠിപ്പിക്കുന്നവരായിരിക്കേണ്ടതുണ്ട്. (എബ്രാ. 5:12എ) സാഹിത്യ വിതരണം നമ്മുടെ വേലയുടെ ഒരു മർമപ്രധാനമായ ഭാഗമാണ്. പക്ഷേ, നമ്മുടെ ശുശ്രൂഷയുടെ രണ്ടാമത്തെ ലക്ഷ്യപ്രാപ്തി അടിസ്ഥാനപരമായി ആശ്രയിച്ചിരിക്കുന്നത് അധ്യാപകരെന്ന നിലയിൽ നാമെന്തു ചെയ്യുന്നുവെന്നതിനെയാണ്. സാഹിത്യം സമർപ്പിക്കാൻ സാധിക്കുമ്പോൾ നമുക്കു സന്തോഷമുണ്ടായേക്കാമെങ്കിലും, നമ്മുടെ ശുശ്രൂഷ പൂർണമായി നിവർത്തിക്കണമെങ്കിൽ നാം സമർപ്പണത്തെ നമ്മുടെ ആത്യന്തിക ലക്ഷ്യമായി കാണരുത്. (2 തിമൊ. 4:5) മറ്റുള്ളവരെ സത്യം പഠിപ്പിക്കാനുള്ള അവസരങ്ങളുടെ വാതിലുകൾ തുറക്കുന്നതിൽ ഫലകരമായ ഒരു മുഖാന്തരമാണ് സമർപ്പണങ്ങൾ.
9 ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിനു മടക്കസന്ദർശനങ്ങൾ നടത്തുക: നാമെല്ലാവരുംതന്നെ സാധ്യതയനുസരിച്ച് നിരവധി പുസ്തകങ്ങളും ലഘുപത്രികകളും മാസികകളും സമർപ്പിച്ചിരിക്കുമെന്നതിനാൽ മടക്കസന്ദർശനങ്ങളുടെ ഒരു പട്ടികതന്നെ നമുക്കുണ്ട്. താത്പര്യം ഉജ്ജീവിപ്പിക്കുന്നതിനുവേണ്ടി മടങ്ങിച്ചെല്ലാൻ നാം ഒരു കൃത്യസമയം പട്ടികപ്പെടുത്തണം. നാം മടക്കസന്ദർശനം നടത്തുന്നതിന്റെ മുഖ്യ ഉദ്ദേശ്യം കേവലം കൂടുതൽ സാഹിത്യം സമർപ്പിക്കുക എന്നതല്ല, പകരം അപ്പോൾത്തന്നെ തങ്ങളുടെ കൈവശമുള്ളതു വായിക്കാനും അതിൽനിന്നു പ്രയോജനമനുഭവിക്കാനും ആളുകളെ സഹായിക്കുക എന്നതാണ്. ഇന്നു നാമും ഇത്രമാത്രം ആത്മീയ പുരോഗതി നേടിയിരിക്കുന്നത് ആരെങ്കിലും തുടർച്ചയായി നമ്മെ സന്ദർശിക്കുകയും സൂക്ഷ്മ പരിജ്ഞാനം നേടാൻ സഹായിക്കുകയും ചെയ്തതുകൊണ്ടല്ലേ?—യോഹ. 17:3.
10 ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയിൽനിന്നോ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകത്തിൽനിന്നോ ഒരു അധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടുകൂടി താത്പര്യം കാണിച്ച എല്ലാവരെയും വീണ്ടും സന്ദർശിക്കുക. ഈ രണ്ടു പ്രസിദ്ധീകരണങ്ങളും എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ രാജ്യസന്ദേശം അവതരിപ്പിച്ചിരിക്കുന്നു. ആവശ്യം ലഘുപത്രികയിൽ ബൈബിളിലെ അടിസ്ഥാന പഠിപ്പിക്കലുകളെല്ലാം ഉൾപ്പെടുത്തിയ ഒരു സമഗ്ര പഠനപദ്ധതി ഉൾക്കൊള്ളുന്നു. പരിജ്ഞാനം പുസ്തകം കുറേക്കൂടി വിശദാംശങ്ങൾ സഹിതം എന്നാൽ ലളിതവും വ്യക്തവും ഹ്രസ്വവുമായി സത്യം പഠിപ്പിക്കാൻ ഒരുവനെ പ്രാപ്തനാക്കുന്നു.
11 ഈ ലളിതമായ പഠിപ്പിക്കൽ പരിപാടി, 1996 ജൂണിലെ നമ്മുടെ രാജ്യശുശ്രൂഷയുടെ അനുബന്ധം വിശദമാക്കിയതനുസരിച്ച്, അധ്യാപകന് പ്രബോധനവും വിദ്യാർഥിക്ക് പഠനവും എളുപ്പമാക്കിത്തീർക്കുന്നു. ഫലകരമെന്നു തെളിഞ്ഞ പഠിപ്പിക്കൽ രീതികളും വിദ്യകളും പുനരവലോകനം ചെയ്യുന്നതിനുവേണ്ടി ആ അനുബന്ധത്തിന്റെ ഒരു പ്രതി പെട്ടെന്നെടുക്കാവുന്ന എവിടെയെങ്കിലും വെക്കുക. അതു നൽകുന്ന നിർദേശങ്ങളിൽ, വിദ്യാർഥിയിൽ വ്യക്തിപരമായി ആത്മാർഥമായ താത്പര്യമെടുക്കാനെങ്ങനെ സാധിക്കും, ഓരോ തവണയും എത്രമാത്രം എടുക്കണം, പഠിക്കുന്ന വിഷയവുമായി ബന്ധമില്ലാത്ത ചോദ്യങ്ങളെങ്ങനെ കൈകാര്യം ചെയ്യണം, അധ്യാപകനും വിദ്യാർഥിയും അധ്യയനത്തിനുവേണ്ടി മുൻകൂട്ടി തയ്യാറാകേണ്ടത് എങ്ങനെ, വിദ്യാർഥിയെ യഹോവയുടെ സ്ഥാപനത്തിലേക്കു നയിക്കാൻ എങ്ങനെ സാധിക്കും തുടങ്ങിയ സംഗതികൾ ഉൾപ്പെടുന്നു. ഈ നിർദേശങ്ങൾ പിൻപറ്റുന്നതിലൂടെ നമ്മിൽ മിക്കവർക്കും, പുതിയവർക്കുൾപ്പെടെ, പുരോഗമനാത്മകമായ അധ്യയനങ്ങൾ നടത്താൻ സാധിക്കും.
12 വയലിൽനിന്നുള്ള വൻവിജയത്തിന്റെ റിപ്പോർട്ടുകൾ: ശിഷ്യരെ ഉളവാക്കൽ ത്വരിതഗതിയിലാക്കുന്നതിന് ആവശ്യം ലഘുപത്രികയും പരിജ്ഞാനം പുസ്തകവും മൂല്യവത്തായ സഹായികളാണെന്നു തെളിഞ്ഞിരിക്കുന്നു. ആവശ്യം ലഘുപത്രിക ലഭിച്ച ശേഷം പെട്ടെന്നുതന്നെ, ബൊളീവിയയിലെ ഒരു സഹോദരൻ ഒരു വ്യക്തിക്ക് അധ്യയനമാരംഭിക്കാൻ അതുപയോഗിച്ചു. നാലു മാസത്തിനു ശേഷം നടന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനിലെ സന്തുഷ്ടരായ സ്നാപനാർഥികളുടെ കൂട്ടത്തിൽ ഈ വിദ്യാർഥിയുമുണ്ടായിരുന്നു!
13 പരിജ്ഞാനം പുസ്തകത്തിന്റെ പഠനം തീരുമ്പോൾ അനേകരും തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കാൻ പ്രചോദിതരാകുന്നു. അംഗോളയിലെ ഒരു സഭ തങ്ങളുടെ പ്രദേശത്ത് പരിജ്ഞാനം പുസ്തകം ഉപയോഗിക്കാൻ തുടങ്ങി വെറും നാലു മാസത്തിനകം പ്രസാധകർ നടത്തുന്ന ബൈബിളധ്യയനങ്ങളുടെ എണ്ണം 190-ൽനിന്ന് 260 ആയി വർധിച്ചു. യോഗഹാജരാണെങ്കിൽ ഇരട്ടിയായി ഉയർന്നു, 180-ൽനിന്ന് 360-ലേക്ക്. അധികം താമസിയാതെ, മറ്റൊരു സഭകൂടി രൂപീകരിക്കേണ്ടി വന്നു.
14 പരിജ്ഞാനം പുസ്തകത്തിൽനിന്നുള്ള ആദ്യത്തെ അധ്യയനം ആരംഭിച്ചശേഷം, ഒരു സഹോദരൻ, “നടത്തുന്നയാൾ ചോദ്യങ്ങൾ ചോദിക്കുകയും ബാധകമാകുന്ന ഏതാനും വാക്യങ്ങൾ വായിക്കുകയും വിദ്യാർഥി കാര്യങ്ങൾ ഗ്രഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും മാത്രം ചെയ്യുകയാണെങ്കിൽ” അധ്യയനമെടുക്കൽ വളരെ “എളുപ്പമാണ്” എന്നു പറഞ്ഞു. വളരെ പ്രാപ്തിയുള്ള പ്രസാധകർക്കു മാത്രമേ പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ എടുക്കാൻ സാധിക്കുകയുള്ളുവെന്നും തനിക്കൊരിക്കലും അതു സാധിക്കില്ലെന്നുമായിരുന്നു ആദ്യമൊക്കെ അദ്ദേഹം വിചാരിച്ചിരുന്നത്. എന്നാൽ, അതു തനിക്കും സാധിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എനിക്കു സാധിക്കുമെങ്കിൽ, ആർക്കും സാധിക്കും.”
15 നമ്മുടെ ശുശ്രൂഷയുടെ ഭാഗമെന്ന നിലയിൽ ബൈബിളധ്യയനങ്ങൾ നടത്തുമ്പോഴാണ് നാം ശിഷ്യരെ ഉളവാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നത്. ശുശ്രൂഷയുടെ ഈ പ്രത്യേക വശത്തിൽ പങ്കുപറ്റാനുള്ള തങ്ങളുടെ പ്രാപ്തി വികസിപ്പിച്ചെടുത്തിട്ടുള്ളവർ അതു വളരെ സംതൃപ്തിദായകവും സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തുന്നതുമാണെന്നു കണ്ടെത്തുന്നു. “പൂർണ്ണപ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു,” എന്നു നമ്മെക്കുറിച്ചും പറയപ്പെടുമാറാകട്ടെ.—പ്രവൃ. 28:30.