യഹോവയുടെ സാക്ഷികൾ—യഥാർഥ സുവിശേഷകർ
1 രാജ്യസുവാർത്ത പ്രസംഗിക്കാൻ സ്പഷ്ടമായ നിർദേശങ്ങൾ നൽകിക്കൊണ്ട് യേശുക്രിസ്തു സുവിശേഷിക്കാനുള്ള ഉത്തരവാദിത്വം തന്റെ എല്ലാ ശിഷ്യന്മാരെയും ഭരമേൽപ്പിച്ചു. (മത്താ. 24:14; പ്രവൃ. 10:42) ആരാധനാസ്ഥലങ്ങളിലും പരസ്യമായും വീടുതോറും, ആളുകളെ കണ്ടുമുട്ടിയിടത്തെല്ലാം, രാജ്യത്തെക്കുറിച്ചു മടുത്തുപോകാതെ പ്രസംഗിച്ചുകൊണ്ട് അവന്റെ ആദിമ ശിഷ്യൻമാർ അതിൽ മാതൃക വെച്ചു. (പ്രവൃ. 5:42; 20:20) 232 രാജ്യങ്ങളിൽ രാജ്യസന്ദേശം പ്രസംഗിച്ചുകൊണ്ടും കഴിഞ്ഞ മൂന്നു വർഷംകൊണ്ടു മാത്രം പത്തുലക്ഷത്തിലേറെ പുതുശിഷ്യരെ സ്നാപനത്തിലേക്കു നയിച്ചുകൊണ്ടും ഇന്ന് യഹോവയുടെ സാക്ഷികളെന്ന നിലയിൽ യഥാർഥ ക്രിസ്തീയ സുവിശേഷകരാണെന്നു നാം തെളിയിച്ചിരിക്കുന്നു! നമ്മുടെ സുവിശേഷിക്കൽ വേല ഇത്ര വിജയപ്രദമായിരിക്കുന്നതെന്തുകൊണ്ട്?
2 സുവാർത്ത നമ്മെ പ്രചോദിപ്പിക്കുന്നു: സുവിശേഷകർ സുവാർത്തയുടെ പ്രസംഗകർ അഥവാ സന്ദേശവാഹകർ ആണ്. അതുകൊണ്ട്, ഹതാശരായ മനുഷ്യവർഗത്തിനുള്ള ഒരേയൊരു യഥാർഥ സുവാർത്തയായ യഹോവയുടെ രാജ്യത്തെക്കുറിച്ചു ഘോഷിക്കുന്നതിനുള്ള സന്തോഷകരമായ പദവി നമുക്കുണ്ട്. വരാൻപോകുന്ന പറുദീസയിൽ വിശ്വസ്ത മനുഷ്യവർഗമാകുന്ന പുതിയ ഭൂമിയുടെമേൽ നീതിപൂർവം ഭരിക്കുന്ന പുതിയ ആകാശത്തെക്കുറിച്ച് മുന്നമേ നേടിയ അറിവ് നിമിത്തം നാം ഉത്സാഹമുള്ളവരാണ്. (2 പത്രൊ. 3:13,17) ഈ പ്രത്യാശ കൈമുതലായുള്ള ഒരേയൊരു കൂട്ടം നമ്മൾ മാത്രമാണ്. മറ്റുള്ളവരുമായി അതു പങ്കുവെക്കാൻ നാം ആകാംക്ഷയുള്ളവരുമാണ്.
3 യഥാർഥ സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു: സുവിശേഷിക്കൽ വേല ജീവരക്ഷാകരമായ ഒന്നാണ്. (റോമ. 1:16) അതുകൊണ്ടാണ് രാജ്യസന്ദേശം വ്യാപിപ്പിക്കുന്നതിൽ നാം വലിയ സന്തോഷം അനുഭവിക്കുന്നത്. യഥാർഥ സുവിശേഷകരെന്ന നിലയിൽ നാം ആളുകളെ സ്നേഹിക്കുന്നു. നമ്മുടെ കുടുംബാംഗങ്ങൾ, അയൽക്കാർ, പരിചയക്കാർ എന്നിങ്ങനെ സാധ്യമാകുന്നത്ര എല്ലാവരുമായി സുവാർത്ത പങ്കുവെക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരോടുള്ള നമ്മുടെ യഥാർഥ സ്നേഹം പ്രകടിപ്പിക്കാനുള്ള ഉദാത്തമായ ഒരു മാർഗമാണ് ഈ വേല മുഴുദേഹിയോടെ ചെയ്യുകയെന്നത്.—1 തെസ്സ. 2:8.
4 ദൈവാത്മാവ് നമ്മെ പിന്തുണയ്ക്കുന്നു: നാം രാജ്യവിത്തു നടുകയും നനയ്ക്കുകയും ചെയ്യുമ്പോൾ, യഹോവ അത് “വളരുമാറാക്കുന്നെ”ന്ന് ദൈവവചനം ഉറപ്പേകുന്നു. ഇന്ന് നമ്മുടെ സ്ഥാപനത്തിൽ സംഭവിക്കുന്നതും അതുതന്നെയാണ്. (1 കൊരി. 3:5-7) സുവിശേഷപ്രവർത്തനത്തിൽ നമ്മെ പിന്തുണയ്ക്കുകയും നമുക്കു മഹത്തായ വിജയം നേടിത്തരികയും ചെയ്യുന്നത് ദൈവാത്മാവാണ്.—യോവേ. 2:28, 29.
5 യഹോവ നമ്മുടെ വേലയെ തുടർന്നും അനുഗ്രഹിക്കുമെന്ന വിശ്വാസത്തോടെ, ആവേശകരമായ ഈ രാജ്യസുവാർത്ത മറ്റുള്ളവരുമായി എല്ലാ അവസരങ്ങളിലും പങ്കുവെക്കാൻ ‘സുവിശേഷകന്റെ പ്രവൃത്തി ചെയ്യാ’നുള്ള 2 തിമൊഥെയൊസ് 4:5-ലെ പ്രോത്സാഹനവും സകലയാളുകളോടുമുള്ള സ്നേഹവും നമ്മെ പ്രചോദിപ്പിക്കട്ടെ.