ഫലകരമെങ്കിൽ അത് ഉപയോഗിച്ചുകൊള്ളൂ!
1 ശുശ്രൂഷയിൽ ഉപയോഗിക്കാനായി നമ്മുടെ രാജ്യ ശുശ്രൂഷ നിരന്തരം അനേകം നിർദിഷ്ട അവതരണങ്ങൾ പ്രദാനം ചെയ്യുന്നു. തന്മൂലം, രാജ്യസന്ദേശത്തിൽ താത്പര്യം ജനിപ്പിക്കാൻ കഴിയുന്ന വിധം സംബന്ധിച്ച് നമുക്കു പുതിയ ആശയങ്ങൾ ലഭിക്കുന്നു. ഈ അവതരണങ്ങളിൽ ഒന്നോ അതിലധികമോ പഠിക്കാൻ നിങ്ങൾ ഓരോ മാസവും ശ്രമിക്കുന്നുണ്ടായിരിക്കാം. എന്നാൽ, അവയിലൊരെണ്ണം കുറച്ചു പ്രാവശ്യം ഉപയോഗിക്കുമ്പോഴേക്കും നമ്മുടെ രാജ്യ ശുശ്രൂഷയുടെ മറ്റൊരു ലക്കം പുതിയ അവതരണങ്ങൾ പ്രദാനം ചെയ്യുന്നതായി ചില പ്രസാധകർ കണ്ടെത്തിയേക്കാം. ആദ്യത്തെ അവതരണത്തിൽ വൈദഗ്ധ്യം നേടുന്നതിനു മുമ്പുതന്നെ പുതിയ ഒരു അവതരണം വശമാക്കുക എല്ലാവരെ സംബന്ധിച്ചിടത്തോളവും സാധ്യമല്ലായിരിക്കാം എന്നതു വ്യക്തമാണ്.
2 തീർച്ചയായും, വയൽസേവനത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ആയിരക്കണക്കിനു പയനിയർമാരും മറ്റു പ്രസാധകരുമുണ്ട്. മാത്രവുമല്ല, ഏതാനും ആഴ്ചകൊണ്ടുതന്നെ പല സഭകളും തങ്ങളുടെ മുഴുപ്രദേശവും പ്രവർത്തിച്ചു തീർക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ, സന്ദേശം അവതരിപ്പിക്കാനായി പുതിയ രീതികളും ആശയങ്ങളും പ്രസാധകർ സ്വാഗതം ചെയ്യുന്നു. ഇത് തങ്ങളുടെ പ്രാപ്തി വർധിപ്പിക്കുന്നതിന് അവരെ സഹായിക്കുന്നു. കൂടാതെ, ഇത് അവരുടെ ശുശ്രൂഷയെ കൂടുതൽ രസകരവും ഫലപ്രദവുമാക്കുന്നു. തങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളി നേരിടുന്നതിന് ഇത് അവരെ സഹായിക്കുകയും ചെയ്യുന്നു.
3 എന്തുതന്നെയായിരുന്നാലും, താത്പര്യം വളർത്തിയെടുക്കുന്നതിൽ ഫലപ്രദമായ ഒരു അവതരണം നിങ്ങൾ തയ്യാറായിട്ടുണ്ടെങ്കിൽ നിശ്ചയമായും അത് ഉപയോഗിക്കുന്നതിൽ തുടരുക! നാം ഉപയോഗിക്കുന്ന ഒരു അവതരണത്തിനു നല്ല ഫലം ലഭിക്കുന്നെങ്കിൽ, അത് ഉപയോഗിക്കുന്നതു നിറുത്തേണ്ടതില്ല. അതാതു മാസത്തെ സാഹിത്യസമർപ്പണവുമായി ആ അവതരണത്തെ പൊരുത്തപ്പെടുത്തുകയേ വേണ്ടൂ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ അവലോകനം ചെയ്യവേ, നിങ്ങളുടെ അവതരണത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിച്ചേക്കാവുന്ന രസകരമായ ആശയങ്ങൾക്കായി നോക്കുക.
4 അതുകൊണ്ട്, നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഒരു പുതിയ ലക്കം ലഭിക്കുമ്പോൾ, അതിലുള്ള അവതരണങ്ങൾ കേവലം നിർദേശങ്ങൾ മാത്രമാണെന്ന് ഓർക്കുക. അതുപയോഗിക്കാൻ നിങ്ങൾക്കു സാധിക്കുമെങ്കിൽ, നല്ലത്. എന്നാൽ, നിങ്ങളുടെ പ്രദേശത്തു ഫലപ്രദമായ ഒരു അവതരണം നിങ്ങൾ ഇതിനോടകം തയ്യാറായിട്ടുണ്ടെങ്കിൽ അതുപയോഗിക്കുക! അർഹതയുള്ളവരെ കണ്ടെത്തി, ശിഷ്യരാകാൻ സഹായിച്ചുകൊണ്ട് ‘നിങ്ങളുടെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കുക’ എന്നതാണ് പ്രധാനപ്പെട്ട കാര്യം.—2 തിമൊ. 4:5