എല്ലാ ഭാഷകളിലും മതങ്ങളിലുമുള്ള ആളുകളോടു സാക്ഷീകരിക്കൽ
1 മറ്റു ഭാഷക്കാരും വ്യത്യസ്ത മതക്കാരുമായ ആളുകൾക്ക് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ തീക്ഷ്ണതയോടെ സാക്ഷ്യം കൊടുത്തു. തത്ഫലമായി, “100 എന്ന വർഷമായപ്പോഴേക്കും മെഡിറ്ററേനിയൻ കടലിന്റെ അതിർത്തിയിലുണ്ടായിരുന്ന എല്ലാ പ്രവിശ്യകളിലും സാധ്യതയനുസരിച്ച് ഒരു ക്രിസ്തീയ സമുദായമുണ്ടായിരുന്നു.”—മധ്യകാല ചരിത്രം (ഇംഗ്ലീഷ്).
2 ഇന്ത്യയിൽ ആളുകൾ നിരവധി ഭാഷകൾ സംസാരിക്കുന്നു. മിക്കപ്പോഴും, ഒരേ ഭാഷ സംസാരിക്കുന്ന ആളുകൾ ഒരേ സംസ്ഥാനത്ത് കഴിയുന്നു. എന്നാലിപ്പോൾ, പല ഇന്ത്യൻ നഗരങ്ങളും പട്ടണങ്ങളും ബഹുഭാഷാ പ്രദേശങ്ങൾ—നാനാ ഭാഷക്കാരായ ആളുകൾ താമസിക്കുന്ന പ്രദേശങ്ങൾ—ആയി മാറിയിരിക്കുന്നു. ഭാഷയിലുള്ള ഈ വൈവിധ്യം മൂലം, അത്തരക്കാരുമായി സംസാരിക്കുന്നതും സാക്ഷ്യം കൊടുക്കുന്നതും ചിലപ്പോഴൊക്കെ ഒരു വെല്ലുവിളിയാണ്. വാസ്തവത്തിൽ, നമ്മുടെ പ്രദേശത്തുതന്നെ മിഷനറിപ്രദേശമുണ്ടായിരിക്കാം. എല്ലാ ഭാഷകളിലും മതങ്ങളിലുമുള്ള ആളുകളോടു “പ്രസംഗിച്ചു സാക്ഷീകരിപ്പാനു”ള്ള യേശുവിന്റെ കൽപ്പന നമുക്കെങ്ങനെ പിൻപറ്റാം?—പ്രവൃ. 10:42.
മറ്റു ഭാഷകൾ സംസാരിക്കുന്ന ആളുകളോടു സാക്ഷീകരിക്കൽ
3 മിക്കയാളുകളെയും അവരുടെ മാതൃഭാഷയിൽ പഠിപ്പിക്കുമ്പോൾ, കൂടുതൽ വേഗത്തിൽ ആഴമായ ഗ്രാഹ്യത്തോടെ അവർ മനസ്സിലാക്കുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. “സുവിശേഷം നിമിത്ത”വും ‘സുവിശേഷത്തിൽ പങ്കാളികളാകേണ്ടതിനും’ ലോകവ്യാപകമായി അനേകം സഹോദരീസഹോദരന്മാർ മറ്റൊരു ഭാഷ വശമാക്കിയിരിക്കുന്നു. (1 കൊരി. 9:23) ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യത്തെ ഒരു സഹോദരിക്ക് ചൈനീസ് സംസാരിക്കുന്ന ഒരു സ്ത്രീയുടെ പക്കൽ വർഷങ്ങളോളം മാസികാ റൂട്ട് ഉണ്ടായിരുന്നു. എങ്കിലും, ചൈനീസ് പഠിച്ചുകൊണ്ടിരുന്ന മറ്റൊരു സഹോദരി ആ ഭാഷയിലുള്ള ഒരു പുസ്തകം അവർക്കു സമർപ്പിക്കുന്നതുവരെ അവർ ഒരു ബൈബിളധ്യയനത്തിനുള്ള ക്ഷണം നിരസിച്ചു. അവർ ആ പുസ്തകം സ്വീകരിക്കുകയും ഒരു ബൈബിളധ്യയനത്തിനു സമ്മതിക്കുകയും ചെയ്തു. ആ സ്ത്രീയുടെ സ്വന്തം ഭാഷയിൽ ഏതാനും വാക്കുകൾ സംസാരിക്കാൻ രണ്ടാമത്തെ സഹോദരി നടത്തിയ ശ്രമമായിരുന്നു ഈ മാറ്റത്തിനു കാരണം.—പ്രവൃത്തികൾ 22:2 താരതമ്യം ചെയ്യുക.
4 നിങ്ങളുടെ പ്രദേശത്തു സാധാരണമായി സംസാരിക്കുന്ന ഭാഷയല്ലാതെ മറ്റൊരു ഭാഷ നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങളുടെ പ്രദേശത്തുള്ള ആ ഭാഷ സംസാരിക്കുന്ന ആളുകളെ കണ്ടുമുട്ടാൻ പ്രത്യേക ലക്ഷ്യംവെക്കാവുന്നതാണ്. (മത്താ. 9:37, 38) ഉദാഹരണത്തിന്, സത്യത്തിൽ വരുന്നതിനു മുമ്പു വിയറ്റ്നാമീസ് പഠിച്ച ഐക്യനാടുകളിലുള്ള ഒരു സഹോദരൻ ആ ഭാഷ സംസാരിക്കുന്ന ആളുകളുമായി സുവാർത്ത പങ്കുവെക്കുന്നതിൽ ഇപ്പോൾ വളരെ സന്തോഷം കണ്ടെത്തുന്നു. ആ ഭാഷയിലുള്ള തന്റെ അറിവ് സാക്ഷീകരിക്കുന്നതിൽ കൂടുതൽ ഉപയോഗപ്രദമാക്കാനായി അദ്ദേഹം സകുടുംബം രാജ്യത്തിനു കുറുകെ യാത്രചെയ്ത് ആവശ്യം കൂടുതലുള്ള വിയറ്റ്നാമീസ് വയലിലേക്കു മാറിത്താമസിച്ചു. തന്മൂലം, വിയറ്റ്നാമിൽ നിന്നുള്ള നിരവധിയാളുകളുമൊത്തു ബൈബിൾ പഠിക്കുന്നതിൽ അദ്ദേഹത്തിനു നല്ല വിജയമുണ്ട്.
5 ഒരു പയനിയർ സഹോദരി തന്റെ പ്രദേശത്ത് ബധിരരായ അനേകമാളുകളെ കണ്ടുമുട്ടി. അവരെ സത്യം പഠിപ്പിക്കേണ്ടതിന് തന്നെ ആംഗ്യഭാഷ പഠിപ്പിക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്താൻ യഹോവയുടെ സഹായത്തിനായി ആ സഹോദരി പ്രാർഥിച്ചു. ഒരു ദിവസം അടുത്തുള്ള സൂപ്പർമാർക്കറ്റിൽനിന്ന് സാധനം വാങ്ങവേ, ഒരു സാധനം വാങ്ങാൻ തന്നെ സഹായിക്കാമോയെന്ന് എഴുതിയ ഒരു കുറിപ്പുമായി ബധിരയായ ഒരു യുവതി ഈ സഹോദരിയെ സമീപിച്ചു. ആ യുവതിയെ സഹായിച്ചശേഷം, അവിടെയുള്ള ബധിരരെ സഹായിക്കാനായി ആംഗ്യഭാഷ പഠിക്കാനുള്ള തന്റെ അതിയായ ആഗ്രഹം ഈ പയനിയർ ഒരു കുറിപ്പിലൂടെ പ്രകടിപ്പിച്ചു. ആ യുവതി അപ്പോൾ ഇങ്ങനെ എഴുതിച്ചോദിച്ചു, “എന്തുകൊണ്ടാണ് ബധിരരെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്?” തുടർന്ന് സഹോദരി ഇങ്ങനെ എഴുതിക്കൊടുത്തു: “ഞാനൊരു യഹോവയുടെ സാക്ഷിയാണ്. ബൈബിൾ പഠിക്കാൻ ബധിരരെ സഹായിക്കുന്നതിന് എനിക്കാഗ്രഹമുണ്ട്. എന്നെ ആംഗ്യഭാഷ പഠിപ്പിക്കുകയാണെങ്കിൽ നിങ്ങളെ ഞാൻ ബൈബിൾ പഠിപ്പിക്കാം.” സഹോദരി പറയുന്നു: “താൻ ‘തയ്യാറാ’ണെന്ന് അവൾ വ്യക്തമാക്കിയപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.” ആറാഴ്ചത്തേക്ക് എല്ലാ വൈകുന്നേരവും സഹോദരി ആ സ്ത്രീയുടെ വീട്ടിൽ പോയി. അങ്ങനെ സഹോദരി ആംഗ്യഭാഷ പഠിച്ചു, ബധിരയായ ആ സ്ത്രീ സത്യം പഠിച്ച് സ്നാപനമേറ്റു! അതു സംഭവിച്ചത് 30-ലധികം വർഷം മുമ്പായിരുന്നു. ആ പയനിയർ സഹോദരി ഇപ്പോഴും ബധിരരോടു സാക്ഷീകരിക്കുന്നു.
6 നിങ്ങളുടെ പ്രദേശം പൂർണമായി പ്രവർത്തിച്ചുതീർക്കുന്നതായിരിക്കുകയും കുറച്ചു സാക്ഷികൾ മാത്രമുള്ള ഒരു പ്രദേശത്തെ സംസാരഭാഷ നിങ്ങൾക്കറിയാമായിരിക്കുകയും ആ മേഖലയിലേക്കു സ്വമേധയാ മാറിത്താമസിക്കാൻ ആഗ്രഹവും പ്രാപ്തിയും നിങ്ങൾക്കുണ്ടായിരിക്കുകയും ചെയ്യുന്നപക്ഷം, സഭയിലെ മൂപ്പന്മാരുമായി അക്കാര്യം ചർച്ചചെയ്യരുതോ? നിങ്ങൾ യോഗ്യനാണെന്ന് അവർ കരുതുന്നപക്ഷം, നിങ്ങൾക്കൊരു കത്തെഴുതി മൂപ്പന്മാരെ ഏൽപ്പിക്കാവുന്നതാണ്. നിങ്ങളുടെ യോഗ്യതകളെയും ഭാഷാപരിജ്ഞാനത്തെയും കുറിച്ച് തങ്ങളുടെ അഭിപ്രായം എഴുതിയ ഒരു കത്തുസഹിതം മൂപ്പന്മാർക്ക് അത് സൊസൈറ്റിക്ക് അയയ്ക്കാവുന്നതാണ്.—1988 ആഗസ്റ്റ് 15-ലെ ഇംഗ്ലീഷ് വീക്ഷാഗോപുരത്തിന്റെ 21-3 പേജുകൾ കാണുക.
7 പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ഉപകരണങ്ങൾ പ്രയോജനപ്പെടുത്തൽ: നമ്മുടെ സാഹിത്യം നിരവധി ഭാഷകളിൽ ലഭ്യമാണ്. നിങ്ങളുടെ പ്രദേശത്തു സംസാരിക്കുന്ന എല്ലാ ഭാഷകളിലുമുള്ള ലഘുലേഖകളോ ആവശ്യം ലഘുപത്രികയോ മറ്റേതെങ്കിലും ലഘുപത്രികകളോ കരുതുന്നത് ഫലപ്രദമായിരിക്കും. ഒരു വ്യക്തിയുടെ സ്വന്തം ഭാഷ പ്രാദേശികമായി സംസാരിക്കുന്ന ഭാഷയല്ലെന്നു വ്യക്തമാണെങ്കിൽ ഏതു ഭാഷ വായിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹത്തോടു ചോദിക്കുക. തുടർന്ന്, സാധ്യമെങ്കിൽ ആ ഭാഷയിലുള്ള സാഹിത്യം പരിചയപ്പെടുത്തുക.
8 സാക്ഷീകരണ വേലയിൽ ഏർപ്പെട്ടിരിക്കെ കണ്ടുമുട്ടുന്ന ഒരാളുടെ ഭാഷ നിങ്ങൾക്ക് സംസാരിക്കാനറിയില്ലെങ്കിൽപ്പോലും അദ്ദേഹവുമായി സുവാർത്ത പങ്കുവെക്കാനാകും. എങ്ങനെ? സകല ജനതകൾക്കുമുള്ള സുവാർത്ത എന്ന ചെറുപുസ്തകം ഉപയോഗിച്ചുകൊണ്ട്. ഇതിൽ 59 ഭാഷകളിൽ അച്ചടിച്ച ഹ്രസ്വമായ സന്ദേശമുണ്ട്. ചെറുപുസ്തകത്തിന്റെ 2-ാം പേജിലുള്ള നിർദേശങ്ങൾ വിശദമാക്കുന്നതുപോലെ, വീട്ടുകാരന്റെ ഭാഷ ഏതെന്നു തിട്ടപ്പെടുത്തിയശേഷം അദ്ദേഹത്തിന്റെ ഭാഷയിൽ അച്ചടിച്ചിരിക്കുന്ന വിവരം ചെറുപുസ്തകത്തിൽനിന്ന് അദ്ദേഹംതന്നെ വായിക്കട്ടെ. വായിച്ച ശേഷം അദ്ദേഹത്തിന്റെ ഭാഷയിലുള്ള ഒരു സാഹിത്യം കാണിക്കുക. ആ ഭാഷയിലുള്ള ഒരെണ്ണം നിങ്ങളുടെ പക്കലില്ലാത്തപക്ഷം ആ പ്രസിദ്ധീകരണത്തിന്റെ മറ്റേതെങ്കിലും ഭാഷകളിലുള്ള ഒരു പ്രതി കാണിക്കുക. അദ്ദേഹത്തിന്റെ ഭാഷയിലുള്ള ഒരു പ്രതിയുമായി മടങ്ങിവരാൻ ശ്രമിക്കുമെന്നു സൂചിപ്പിക്കുക. അദ്ദേഹത്തിന്റെ പേരും മേൽവിലാസവും കുറിച്ചെടുക്കുക. ഒരുപക്ഷേ, ആ ഭാഷ സംസാരിക്കുന്നവരായി നിങ്ങളുടെ സഭയിലുള്ള മറ്റാർക്കെങ്കിലും ഈ വിവരം കൈമാറാൻ നിങ്ങൾക്കു സാധിച്ചേക്കും. മടക്കസന്ദർശനം നടത്താൻ പ്രസ്തുത ഭാഷ സംസാരിക്കുന്ന ആരുമില്ലെങ്കിൽ, വെല്ലുവിളി സ്വീകരിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. ഒരുപക്ഷേ നിങ്ങളുടെ ഭാഷയിലുള്ള പ്രസിദ്ധീകരണം നോക്കി ആ വ്യക്തിയുമൊത്തു പഠിച്ചുകൊണ്ടുപോലും.—1 കൊരി. 9:19-23.
അക്രൈസ്തവ മതസ്ഥരോട് സാക്ഷീകരിക്കൽ
9 ഒരു വ്യക്തിയുടെ മതപശ്ചാത്തലത്തെക്കുറിച്ച് കുറെയൊക്കെ അറിഞ്ഞിരിക്കുന്നത് ദൈവരാജ്യത്തെക്കുറിച്ചു ഫലപ്രദമായ ഒരു സാക്ഷ്യം കൊടുക്കാൻ നമ്മെ സഹായിക്കും. സത്യത്തിന്റെ പരിജ്ഞാനത്തിലേക്കു വരുന്നതിന് ആളുകളെ സഹായിക്കത്തക്കവണ്ണം അവരുടെ വിശ്വാസങ്ങളെക്കുറിച്ച് മനസ്സിലാക്കാനായി ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) എന്ന പുസ്തകം ലോകത്തിലെ പ്രമുഖ മതങ്ങളെക്കുറിച്ച് നമുക്ക് ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നു.
10 അക്രൈസ്തവരോടു സാക്ഷീകരിക്കുമ്പോൾ ഉപയോഗിക്കാനായി യഹോവയുടെ സ്ഥാപനം പ്രദാനം ചെയ്തിരിക്കുന്ന ചില പ്രസിദ്ധീകരണങ്ങളുടെ ഒരു പട്ടിക ഈ അനുബന്ധത്തിന്റെ അവസാന പേജിലുള്ള ചതുരത്തിൽ കൊടുത്തിരിക്കുന്നു. ആ പ്രസിദ്ധീകരണങ്ങൾ വായിക്കുകവഴി സുവാർത്തയുമായി ആളുകളെ എങ്ങനെ സമീപിക്കാമെന്നു നാം മനസ്സിലാക്കുന്നു. സഹായകമായ ഒരു ഉപകരണമെന്ന നിലയിൽ ന്യായവാദം പുസ്തകം എല്ലായ്പോഴും ഉപയോഗിക്കുക. അതിന്റെ 21-4 പേജുകളിൽ ബുദ്ധമതക്കാർ, ഹിന്ദുക്കൾ, യഹൂദന്മാർ, മുസ്ലീങ്ങൾ എന്നിവരോടു പ്രതികരിക്കേണ്ടവിധം സംബന്ധിച്ച് പ്രായോഗികമായ നിർദേശങ്ങൾ കൊടുത്തിരിക്കുന്നു.
11 ശ്രദ്ധാപൂർവം സംസാരിക്കൽ: ഒരുവന്റെ വ്യക്തിപരമായ വിശ്വാസങ്ങൾ അതേ മതത്തിലുള്ള മറ്റുള്ളവരുടേതിനോടു സമാനമാണെന്ന് മുദ്രകുത്തി ആളുകളെ വീക്ഷിക്കാതിരിക്കാൻ നാം ദത്തശ്രദ്ധ പുലർത്തണം. പകരം നിങ്ങൾ സംസാരിക്കുന്ന വ്യക്തി ചിന്തിക്കുന്നതെങ്ങനെയെന്നു കണ്ടെത്താൻ ശ്രമിക്കുക. (പ്രവൃ. 10:24-35) ഒരു മുസ്ലീം എന്നനിലയിൽ, ഖുറാൻ ദൈവവചനമാണെന്നു വിശ്വസിച്ചുകൊണ്ടായിരുന്നു സാലിമുൺ വളർന്നുവന്നത്. എന്നാൽ സർവദയാലുവായ ദൈവം ആളുകളെ ഒരു അഗ്നിനരകത്തിലിട്ടു ദണ്ഡിപ്പിക്കുമെന്ന മുസ്ലീം പഠിപ്പിക്കൽ അദ്ദേഹത്തിന് ഒരിക്കലും പൂർണമായി ഉൾക്കൊള്ളാനായില്ല. ഒരിക്കൽ യഹോവയുടെ സാക്ഷികൾ അദ്ദേഹത്തെ ഒരു യോഗത്തിനു ക്ഷണിച്ചു. പെട്ടെന്നുതന്നെ സത്യം മനസ്സിലാക്കിയ അദ്ദേഹം ഇപ്പോൾ ക്രിസ്തീയ സഭയിൽ ഒരു മൂപ്പനെന്ന നിലയിൽ സന്തോഷപൂർവം സേവിക്കുന്നു.
12 അക്രൈസ്തവ വിശ്വാസങ്ങളുള്ളവരോടു സാക്ഷീകരിക്കുമ്പോൾ, സുവാർത്തയെക്കുറിച്ച് സംസാരിക്കാനുള്ള അവസരം നമ്മുടെ സമീപനത്തിലൂടെ നഷ്ടമാകാതിരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കണം. (പ്രവൃ. 24:16) ചില മതാനുയായികൾ അവരെ ‘മതംമാറ്റാനുള്ള’ ഏതൊരു ശ്രമത്തോടും വളരെ കോപത്തോടെ പ്രതികരിക്കുന്നു. ആയതിനാൽ, ദൈവവചനത്തിന്റെ ആകമാന സത്യത്തിലേക്ക് അവരെ ആകർഷിക്കത്തക്കവണ്ണം പൊതുവായ ഒരു അടിത്തറയിടാനായി നിങ്ങൾ കണ്ടെത്തുന്ന ആശയങ്ങൾ സംബന്ധിച്ച് വളരെ ശ്രദ്ധയുള്ളവരായിരിക്കുക. ചെമ്മരിയാടുതുല്യരായ ആളുകൾ സത്യത്തിന്റെ നയപരമായ സമീപനത്തോടും വ്യക്തമായ അവതരണത്തോടും പ്രതികരിക്കും.
13 നാം ഉപയോഗിക്കുന്ന വാക്കുകളും പ്രത്യേക ശ്രദ്ധയർഹിക്കുന്നു. അല്ലാത്തപക്ഷം നാം നമ്മുടെ സന്ദേശത്തിൽ നിന്ന് അവരെ അകറ്റിക്കളയുകയായിരിക്കും ചെയ്യുന്നത്. ഉദാഹരണത്തിന്, നിങ്ങൾ പെട്ടെന്ന് ഒരു ക്രിസ്ത്യാനിയായി തിരിച്ചറിയിക്കുന്നപക്ഷം ശ്രോതാവ് ക്രൈസ്തവലോകത്തിലെ സഭകളുമായി നിങ്ങളെ സ്വതവേ ബന്ധപ്പെടുത്തിയേക്കാം. അതൊരു തടസ്സം സൃഷ്ടിച്ചേക്കാം. ബൈബിളിനെ “തിരുവെഴുത്തുകൾ” എന്നോ “വിശുദ്ധ ലിഖിതങ്ങൾ” എന്നോ പരാമർശിക്കുന്നതും പ്രയോജനപ്രദമായിരിക്കും.—മത്താ. 21:42; 2 തിമൊ. 3:15, NW.
14 ബുദ്ധമതക്കാരോടു സാക്ഷീകരിക്കൽ: (ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം പുസ്തകത്തിന്റെ 6-ാം അധ്യായം കാണുക.) ബുദ്ധമത വിശ്വാസങ്ങൾ അതിന്റെ അനുയായികൾ തോറും വ്യത്യസ്തമാണ്. വ്യക്തിത്വമുള്ള ഒരു സ്രഷ്ടാവിന്റെ അസ്തിത്വത്തെ പിന്താങ്ങുന്നതിനു പകരം ബുദ്ധമതം പൊ.യു.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗൗതമബുദ്ധനെ ഒരു ആദർശ മതപുരുഷനായി കണക്കാക്കുന്നു. ആദ്യമായി ഒരു രോഗിയെയും ഒരു വൃദ്ധനെയും ഒരു മൃതദേഹത്തെയും കണ്ടപ്പോൾ ഗൗതമൻ ജീവിതത്തിന്റെ അർഥത്തെക്കുറിച്ചു വ്യഥിതനായി. ‘മനുഷ്യൻ ജനിക്കുന്നതു യാതന അനുഭവിക്കാനും വൃദ്ധനാകാനും മരിക്കാനും മാത്രമാണോ?’ എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു. തീർച്ചയായും, ഉത്തരം അറിയാനാഗ്രഹിക്കുന്ന ആത്മാർഥഹൃദയരായ ബുദ്ധമതാനുയായികൾക്ക് ഉത്തരം കൊടുക്കാൻ നമുക്കാകും.
15 ബുദ്ധമതാനുയായികളോടു സംസാരിക്കുമ്പോൾ സകല വിശുദ്ധ ഗ്രന്ഥങ്ങളിലുംവെച്ച് ഏറ്റവും മഹത്തായ ബൈബിളിൽ കാണുന്ന ക്രിയാത്മക സന്ദേശത്തോടും വ്യക്തമായ സത്യങ്ങളോടും പറ്റിനിൽക്കുക. മിക്കവരെയുംപോലെ ബുദ്ധമതാനുയായികൾ സമാധാനത്തിലും ധാർമികതയിലും കുടുംബജീവിതത്തിലും ആഴമായി തത്പരരാണ്. ഈ വിഷയങ്ങളെക്കുറിച്ചു ചർച്ചചെയ്യുന്നത് അവർ മിക്കപ്പോഴും സ്വാഗതം ചെയ്യുന്നു. ഇതിന് മനുഷ്യവർഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള യഥാർഥ പരിഹാരം എന്നനിലയിൽ നിങ്ങൾ വിശേഷവത്കരിക്കുന്ന രാജ്യത്തിലേക്കു നയിക്കാനാകും. ഒരു പലചരക്കുകടയിൽവെച്ച് ചൈനാക്കാരനായ ഒരുവനെ കണ്ടുമുട്ടിയപ്പോൾ ഒരു സഹോദരി അദ്ദേഹത്തിന്റെ ഭാഷയിലുള്ള ഒരു ലഘുലേഖ കൊടുത്തിട്ട് ബൈബിളധ്യയനം വാഗ്ദാനം ചെയ്തു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നിങ്ങൾ സൂചിപ്പിക്കുന്നതു വിശുദ്ധ ബൈബിളിനെയാണോ? എന്റെ ജീവിതം മുഴുവനും ഞാനതിനായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.” അദ്ദേഹം ആ ആഴ്ചതന്നെ പഠിക്കാനും യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി.
16 മറ്റൊരു പയനിയർ സഹോദരി പത്തു വർഷത്തിലേറെയായി ചൈനക്കാരായ വിദ്യാർഥികളെ സത്യം പഠിപ്പിക്കുകയായിരുന്നു. എട്ട് അപ്പാർട്ടുമെൻറുകളുള്ളതും ഈ വിദ്യാർഥികൾ താമസിക്കുന്നതുമായ ഒരു കെട്ടിടത്തിൽ സാക്ഷീകരിക്കുന്നതിനു മുമ്പ്, ഓരോ അപ്പാർട്ടുമെൻറിലും ഓരോ അധ്യയനം തുടങ്ങാൻ സഹായിക്കണമെന്ന് അവർ യഹോവയോടു പ്രാർഥിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഓരോ അപ്പാർട്ടുമെൻറിലുമുള്ള ഓരോ വിദ്യാർഥിയോടൊപ്പം അവർ അധ്യയനമാരംഭിച്ചു. ആ സഹോദരിയെ സംബന്ധിച്ചിടത്തോളം ഫലപ്രദമെന്നു തെളിഞ്ഞ ഒരു സമീപനം, വിദ്യാർഥികൾക്കിടയിൽ പൊതുവേ താത്പര്യമുള്ള ഒരു കാര്യം അതായത്, അവരെല്ലാം സമാധാനവും സന്തുഷ്ടിയും ആഗ്രഹിക്കുന്നതായി താൻ കണ്ടെത്തിയിരിക്കുന്നുവെന്നു പറയുന്നതായിരുന്നു. അതിനുശേഷം, അവരുടെ താത്പര്യവും അതുതന്നെയാണോ എന്ന് സഹോദരി ചോദിക്കും. എല്ലായ്പോഴും അവർ അനുകൂലിക്കുന്നു. തുടർന്ന് ചൈനക്കാരായ ആളുകൾക്കുവേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന നിലനിൽക്കുന്ന സമാധാനവും സന്തുഷ്ടിയും—അവ കണ്ടെത്താനാകുന്ന വിധം എന്ന ലഘുപത്രികയിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുന്നു. കേവലം അഞ്ച് അധ്യയന സെഷനുകൾ കഴിഞ്ഞപ്പോൾ, താൻ ദീർഘകാലമായി തേടിക്കൊണ്ടിരിക്കുകയായിരുന്ന സത്യം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നുവെന്ന് ഒരു വിദ്യാർഥി ആ സഹോദരിയോടു പറഞ്ഞു.
17 ഹിന്ദുക്കളോടു സാക്ഷീകരിക്കൽ: (ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം പുസ്തകത്തിന്റെ 5-ാം അധ്യായം കാണുക.) നമ്മിൽ മിക്കവർക്കും അറിയാവുന്നതുപോലെ ഹിന്ദുമതത്തിനു പ്രത്യേക വിശ്വാസപ്രമാണമൊന്നുമില്ല. ഹൈന്ദവ തത്ത്വചിന്ത വളരെ സങ്കീർണമാണ്. തങ്ങളുടെ മുഖ്യദൈവമായ ബ്രഹ്മാവിനെ ഒരു ത്രിത്വമായാണ് (സ്രഷ്ടാവായ ബ്രഹ്മാവ്, പരിപാലകനായ വിഷ്ണു, സംഹാരകനായ ശിവൻ) ഹിന്ദുക്കൾ കണക്കാക്കുന്നത്. പുനർജന്മമെന്ന അവരുടെ പഠിപ്പിക്കലിന്റെ അടിസ്ഥാനം അമർത്ത്യദേഹിയിലുള്ള വിശ്വാസമാണ്. അത് ഹിന്ദുക്കൾക്ക് ജീവിതത്തെക്കുറിച്ചുള്ള വിധിവിശ്വാസത്തിനു കാരണമാകുന്നു. (ന്യായവാദം പുസ്തകത്തിന്റെ 317-21 പേജുകളും 1997 മേയ് 15-ലെ വീക്ഷാഗോപുരത്തിന്റെ 3-8 പേജുകളും കാണുക.) ഹിന്ദുക്കൾ സഹിഷ്ണുത അതായത്, എല്ലാ മതങ്ങളും ഒരേ സത്യത്തിലേക്കു നയിക്കുന്നുവെന്നു പഠിപ്പിക്കുന്നു.
18 ഹൈന്ദവ തത്ത്വചിന്തയെക്കുറിച്ച് സുദീർഘമായി ചർച്ചചെയ്യുന്നതിനു പകരം, ഭൂമിയിൽ മാനുഷ പൂർണതയിൽ എന്നേക്കും ജീവിക്കാനുള്ള നമ്മുടെ ബൈബിളധിഷ്ഠിത പ്രത്യാശയും അതുപോലെതന്നെ മുഴു മനുഷ്യവർഗവും അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ സംതൃപ്തിദായകമായ ഉത്തരങ്ങളും ചർച്ചചെയ്യുന്ന ഒരു സമീപനം ഹിന്ദുക്കളോടു സാക്ഷീകരിക്കുമ്പോൾ ഉപയോഗിക്കാവുന്നതാണ്.
19 യഹൂദന്മാരോടു സാക്ഷീകരിക്കൽ: (ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം പുസ്തകത്തിന്റെ 9-ാം അധ്യായം കാണുക.) മറ്റ് അക്രൈസ്തവ മതങ്ങളിൽനിന്നു വ്യത്യസ്തമായി, യഹൂദമതം അധിഷ്ഠിതമായിരിക്കുന്നത് ഐതിഹ്യങ്ങളിലല്ല, പിന്നെയോ ചരിത്രത്തിലാണ്. നിശ്വസ്ത എബ്രായ തിരുവെഴുത്തുകളിൽ, ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണത്തിനുള്ള അടിസ്ഥാനമായ ഒരു കണ്ണി പ്രദാനം ചെയ്യപ്പെടുന്നു. എന്നിരുന്നാലും, ദൈവവചനത്തിനു വിരുദ്ധമായി, അമർത്ത്യദേഹിയിലുള്ള വിശ്വാസം ആധുനിക യഹൂദമതത്തിന്റെ ഒരു അടിസ്ഥാന പഠിപ്പിക്കലാണ്. നാം ആരാധിക്കുന്നത് അബ്രാഹാമിന്റെ ദൈവത്തെയാണെന്നു സ്ഥിരീകരിച്ചുകൊണ്ടും ഇന്നത്തെ ലോകത്തിൽ നാമെല്ലാവരും ഒരേ പ്രശ്നങ്ങൾതന്നെ അഭിമുഖീകരിക്കുന്നെന്നു സമ്മതിച്ചുകൊണ്ടും നമുക്ക് പൊതുവായ ഒരു അടിത്തറ പാകാവുന്നതാണ്.
20 അത്ര ദൈവവിശ്വാസമില്ലാത്ത ഒരു യഹൂദനെ കണ്ടുമുട്ടുകയാണെങ്കിൽ, എന്നും അദ്ദേഹത്തിന്റെ മനോഭാവം അങ്ങനെതന്നെയായിരുന്നുവോ എന്നു ചോദിക്കുന്നത് അദ്ദേഹത്തിന് ഏറ്റവും ആകർഷകമായിരിക്കുന്നത് എന്താണെന്നു വിവേചിക്കാൻ നിങ്ങളെ സഹായിച്ചേക്കും. ഉദാഹരണത്തിന്, ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടെന്നതിനുള്ള തൃപ്തികരമായ ഒരു വിശദീകരണം അദ്ദേഹം ഒരിക്കലും കേട്ടിട്ടുണ്ടായിരിക്കുകയില്ല. യേശുവിനെക്കുറിച്ചുള്ള ക്രൈസ്തവലോകത്തിന്റെ തെറ്റായ അവതരിപ്പിക്കലിലൂടെയല്ല, മറിച്ച് ഗ്രീക്കുതിരുവെഴുത്തുകളുടെ യഹൂദരായ എഴുത്തുകാർ അവനെ അവതരിപ്പിക്കുന്നതിലൂടെ ആത്മാർഥ ഹൃദയരായ യഹൂദന്മാരെ മിശിഹാ എന്നനിലയിലുള്ള യേശുവിന്റെ താദാത്മ്യം പുനഃപരിശോധിക്കാൻ പ്രോത്സാഹിപ്പിക്കാവുന്നതാണ്.
21 മുസ്ലീങ്ങളോടു സാക്ഷീകരിക്കൽ: (ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം പുസ്തകത്തിന്റെ 12-ാം അധ്യായം കാണുക.) ഇസ്ലാംമത വിശ്വാസികൾ, അതായത് മുസ്ലീങ്ങൾ തങ്ങളുടെ ഏകദൈവമായി അള്ളാഹുവിലും അവന്റെ അവസാനത്തെ, അതിപ്രമുഖ പ്രവാചകനായി മുഹമ്മദിലും (പൊ.യു. 570-632) വിശ്വസിക്കുന്നു. ദൈവത്തിനൊരു പുത്രനുണ്ടെന്നു വിശ്വസിക്കാത്തതിനാൽ, മുസ്ലീങ്ങൾ യേശുവിനെ ദൈവത്തിന്റെ പ്രാധാന്യം കുറഞ്ഞ ഒരു പ്രവാചകനായി മാത്രമേ വീക്ഷിക്കുന്നുള്ളൂ. 1,400 വർഷത്തിൽ താഴെ പഴക്കമുള്ള ഖുറാനിൽ എബ്രായ-ഗ്രീക്കു തിരുവെഴുത്തുകളിൽനിന്നുള്ള പരാമർശങ്ങളുണ്ട്. ഇസ്ലാം മതവും കത്തോലിക്കാ മതവും തമ്മിൽ വളരെയേറെ സാമ്യമുണ്ട്. ഈ രണ്ടു മതങ്ങളും മനുഷ്യ ദേഹിയുടെ അമർത്ത്യത, ഒരു താത്കാലിക ദണ്ഡനാവസ്ഥ, അഗ്നിനരകം എന്നിവ പഠിപ്പിക്കുന്നു.
22 സത്യദൈവം ഒന്നേയുള്ളുവെന്നും ബൈബിൾ അവനാൽ നിശ്വസ്തമാണെന്നുമുള്ള നമ്മുടെ വിശ്വാസം വ്യക്തമായ ഒരു പൊതു അടിസ്ഥാനം നൽകുന്നു. അവധാനപൂർവം ഖുറാൻ വായിച്ചിട്ടുള്ളവർ തോറയും സങ്കീർത്തനങ്ങളും സുവിശേഷങ്ങളും ദൈവവചനമായിരിക്കുന്നതായും അവയെ അങ്ങനെ കണക്കാക്കി അനുസരിക്കണമെന്നുമുള്ള പരാമർശങ്ങൾ കണ്ടിരിക്കുന്നു. അതുകൊണ്ട്, വ്യക്തിയോടൊപ്പം അതു പഠിക്കാൻ നിങ്ങൾക്കു വാഗ്ദാനം ചെയ്യാവുന്നതാണ്.
23 ഒരു മുസ്ലീമുമായി ഈ അവതരണം ഫലപ്രദമായേക്കാം: “ഈ പുസ്തകത്തിൽനിന്ന് നിങ്ങളുടെ ചില മതപഠിപ്പിക്കലുകളെക്കുറിച്ച് ഞാൻ വായിക്കുകയുണ്ടായി. [ന്യായവാദം പുസ്തകത്തിന്റെ 24-ാം പേജിലേക്കു മറിക്കുക.] യേശു ഒരു പ്രവാചകനായിരുന്നെന്നും എന്നാൽ അവസാനത്തെ, അതിപ്രമുഖ പ്രവാചകൻ മുഹമ്മദായിരുന്നെന്നും നിങ്ങൾ വിശ്വസിക്കുന്നതായി ഈ പുസ്തകം പറയുന്നു. മോശ ഒരു യഥാർഥ പ്രവാചകനായിരുന്നെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവത്തിന്റെ വ്യക്തിപരമായ നാമത്തെക്കുറിച്ച് മോശ അവനിൽനിന്നു മനസ്സിലാക്കിയതെന്തെന്ന് താങ്കൾക്കു ഞാനൊന്നു കാണിച്ചുതരട്ടെ?” തുടർന്ന് പുറപ്പാടു 6:2, 3 വായിക്കുക. മടക്കസന്ദർശനത്തിൽ, ദൈവത്തോടുള്ള യഥാർഥ കീഴ്പെടലിനുള്ള സമയം (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകത്തിന്റെ 13-ാം പേജിലുള്ള “ഒരു ദൈവം, ഒരു മതം” എന്ന ഉപതലക്കെട്ടു ചർച്ചചെയ്യാവുന്നതാണ്.
24 ഇന്ന്, അനേകർ യെശയ്യാവു 55:6-നു ചേർച്ചയിൽ പ്രവർത്തിക്കുന്നു. അവിടെ ഇങ്ങനെ വായിക്കുന്നു: “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ.” സംസാരഭാഷയോ മതപശ്ചാത്തലമോ ഏതായിരുന്നാലും ഈ വാക്യം പരമാർഥഹൃദയരായ ഏവർക്കും ബാധകമാകുന്നു. “സകലജാതികളെയും ശിഷ്യരാക്കാ”ൻ നാം കഠിനശ്രമം ചെയ്യുമ്പോൾ യഹോവ നമ്മുടെ ഉദ്യമങ്ങളെ അനുഗ്രഹിക്കുമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാം.—മത്താ. 28:20.
[6-ാം പേജിലെ ചിത്രം]
അക്രൈസ്തവർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന സാഹിത്യങ്ങൾ
ബുദ്ധമതക്കാർ
ഒരു പിതാവിനെ അന്വേഷിച്ച് (ചെറുപുസ്തകം)
“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” (ലഘുപത്രിക)
ചൈനക്കാർ
നിലനിൽക്കുന്ന സമാധാനവും സന്തുഷ്ടിയും—അവ കണ്ടെത്താനാകുന്ന വിധം (ലഘുപത്രിക)
ഹിന്ദുക്കൾ
കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും (ചെറുപുസ്തകം)
നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? (ലഘുപത്രിക)
വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത (ചെറുപുസ്തകം)
മരണത്തിൻമേൽ ജയം—നിങ്ങൾക്കതിനു കഴിയുമോ? (ചെറുപുസ്തകം)
യഹൂദൻമാർ
ഒരു യുദ്ധരഹിത ലോകം എന്നെങ്കിലും ഉണ്ടാകുമോ? (ലഘുപത്രിക)
മുസ്ലീങ്ങൾ
ഫിർദോസിലേക്കുള്ള വഴി കണ്ടെത്താവുന്ന വിധം (ലഘുലേഖ)
ദൈവത്തോടുള്ള യഥാർഥ കീഴ്പെടലിനുള്ള സമയം (ചെറുപുസ്തകം)