നമ്മുടെ ശുശ്രൂഷ—യഥാർഥ സ്നേഹത്തിന്റെ പ്രകടനം
1 നമ്മുടെ ശുശ്രൂഷയാൽ നാം പ്രകടമാക്കുന്നത് പരമപ്രധാനമായ രണ്ടു കൽപ്പനകളോടുള്ള അനുസരണമാണ്. (മത്താ. 22:37-39) യഹോവയോടുള്ള സ്നേഹം അവനെക്കുറിച്ചു നല്ലതു സംസാരിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. അയൽക്കാരോടുള്ള സ്നേഹം ദൈവത്തിന്റെ ഹിതത്തെയും ഉദ്ദേശ്യങ്ങളെയും കുറിച്ച് അറിവു നേടുന്നതിന് അവരെ പ്രോത്സാഹിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അങ്ങനെ നമ്മെപ്പോലെതന്നെ അവർക്കും യഹോവയെ സ്നേഹിച്ചുകൊണ്ട് നിത്യജീവനാകുന്ന സമ്മാനം പ്രാപിക്കാൻ കഴിയുന്നവരുടെ നിരയിൽ തങ്ങളെത്തന്നെ ആക്കിവെക്കാനാകും. അവ്വണ്ണം നമ്മുടെ ശുശ്രൂഷയാൽ നാം യഹോവയുടെ നാമത്തെ ബഹുമാനിക്കുകയും അയൽക്കാരുമായി അമൂല്യമായ രാജ്യപ്രത്യാശ പങ്കുവെക്കുകയും ചെയ്യുന്നു. അതേ, ദൈവത്തോടും മനുഷ്യനോടുമുള്ള യഥാർഥ സ്നേഹത്തിന്റെ പ്രകടനമാണു നമ്മുടെ ശുശ്രൂഷ.
2 എല്ലാത്തരം ആളുകളോടും എല്ലാ സാഹചര്യങ്ങളിലും സംസാരിക്കാൻ സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു. (1 കൊരി. 9:21-23) ഒരു ദൃഷ്ടാന്തം നോക്കാം: വിമാനയാത്രയിലായിരിക്കെ ഒരു ക്രിസ്തീയ മൂപ്പൻ ഒരു റോമൻ കത്തോലിക്കാ പുരോഹിതന്റെ അടുത്താണ് ഇരുന്നത്. നയപരമായ ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആ മൂപ്പൻ പുരോഹിതനെ സംഭാഷണത്തിലുൾപ്പെടുത്തി. എന്നിട്ട് ചർച്ച ദൈവരാജ്യമെന്ന വിഷയത്തിലേക്കു കൊണ്ടുവന്നു. പുരോഹിതനു വിമാനത്തിൽനിന്ന് ഇറങ്ങേണ്ട സമയമായപ്പോഴേക്കും അദ്ദേഹം നമ്മുടെ രണ്ടു പുസ്തകങ്ങൾ സ്വീകരിച്ചുകഴിഞ്ഞിരുന്നു. ആ മൂപ്പൻ അയൽക്കാരനോടു യഥാർഥ സ്നേഹം പ്രകടമാക്കിയതിന്റെ എത്ര നല്ല പരിണതഫലം!
3 യഥാർഥ സ്നേഹം നമ്മെ പ്രസംഗിക്കാൻ പ്രചോദിപ്പിക്കുന്നു: സഹായ പയനിയറിങ്ങിലും മുഴുസമയ പയനിയറിങ്ങിലും ഏർപ്പെടുന്നവർ ദൈവത്തോടും അയൽക്കാരനോടും യഥാർഥ സ്നേഹം പ്രകടമാക്കുകയാണ്. മറ്റുള്ളവരെ ആത്മീയമായി സഹായിക്കാൻ പയനിയർമാർ തങ്ങളുടെ സമയവും ഊർജവും നിസ്വാർഥമായി നിരന്തരം ചെലവഴിക്കുന്നു. ഇതിന് അവരെ പ്രചോദിപ്പിക്കുന്നത് എന്താണ്? ഒരു പയനിയർ ഇങ്ങനെ പറഞ്ഞു: “ദൈവാത്മാവിന്റെ ഒരു ഫലമാണു സ്നേഹമെന്ന് എനിക്കറിയാം. അതില്ലായിരുന്നെങ്കിൽ ഞാൻ സത്യത്തിൽ വരുമായിരുന്നില്ല, പയനിയറാകുന്നതിനെക്കുറിച്ചൊട്ടു പറയുകയും വേണ്ട. ആളുകളിൽ താത്പര്യമെടുക്കാൻ സ്നേഹം എന്നെ പ്രേരിപ്പിക്കുന്നു. അവരുടെ ആവശ്യങ്ങളെക്കുറിച്ച് അതെന്നെ ബോധവതിയുമാക്കുന്നു. ആളുകൾ സ്നേഹത്തോടു പ്രതികരിക്കുമെന്ന് എനിക്കറിയാം.” യേശു ആളുകളോട് അത്തരം സ്നേഹം പ്രകടമാക്കി. ഒരിക്കൽ അവനും ക്ഷീണിതരായ അവന്റെ ശിഷ്യന്മാരും “അല്പം വിശ്രമി”ക്കുന്നതിന് ഒരിടത്തേക്കു പോയി. എന്നാൽ അവർക്കു മുമ്പായി ജനക്കൂട്ടം അവിടെ എത്തിയിരുന്നു. യേശു എന്താണു ചെയ്തത്? “അവരോട് . . . അനുകമ്പ തോന്നി” അവൻ “അവരെ പല കാര്യങ്ങളും പഠിപ്പിക്കാൻ” വേണ്ടി തന്റെ വ്യക്തിപരമായ ആവശ്യങ്ങൾ അവഗണിച്ചു.—മർക്കൊ. 6:30-34, പി.ഒ.സി. ബൈ.
4 നാം എത്തിക്കുന്ന സുവാർത്ത ആളുകൾ തള്ളിക്കളഞ്ഞാൽപ്പോലും, സ്നേഹത്താൽ പ്രേരിതരായി രക്ഷ പ്രാപിക്കാൻ അവരെ സഹായിക്കുന്നതിനു നമ്മാലാകുന്നതെല്ലാം ചെയ്തിരിക്കുന്നു എന്ന അറിവ് നമുക്ക് ആന്തരിക സന്തോഷം കൈവരുത്തുന്നു. ഒടുവിൽ നമ്മെയെല്ലാം ക്രിസ്തു ന്യായം വിധിക്കുമ്പോൾ, ‘നമ്മുടെ ശുശ്രൂഷ നിറപടിയായി നിവർത്തി’ച്ചുകൊണ്ട് യഥാർഥ സ്നേഹം പ്രകടമാക്കിയതിൽ നാം വളരെ സന്തുഷ്ടരായിരിക്കും.—2 തിമൊ. 4:5.