മനസ്സിനെയും ഹൃദയത്തെയും ആകർഷിക്കത്തക്കവിധം ലഘുപത്രികകൾ ഉപയോഗിക്കുക
1 ബൈബിൾ സത്യം അവതരിപ്പിക്കേണ്ടത് മനസ്സിനും ഹൃദയത്തിനും ആകർഷകമായ വിധത്തിൽ ആയിരിക്കണം. യേശു തന്റെ ശ്രോതാക്കൾക്ക് സത്യം വിശദീകരിച്ചു കൊടുത്തപ്പോൾ, അവർക്കു താത്പര്യജനകവും പ്രചോദകവുമായ വിഷയങ്ങൾ അവൻ തിരഞ്ഞെടുത്തു. (ലൂക്കൊ. 24:17, 27, 32, 45) ശുശ്രൂഷയിലെ നമ്മുടെ വിജയം നമ്മെ ശ്രദ്ധിക്കുന്നവരുടെ ആത്മീയ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനു നാം ചെലുത്തുന്ന ശ്രമത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു.
2 ശുശ്രൂഷയിൽ നാം കണ്ടുമുട്ടുന്നവരുടെ മനസ്സിലും ഹൃദയത്തിലും എത്തിച്ചേരുന്നതിനുള്ള ഫലപ്രദമായ ഉപകരണങ്ങളായി ലഘുപത്രികകൾ ഉതകിയേക്കാം. ആഗസ്റ്റിൽ വിശേഷവത്കരിക്കപ്പെടുന്ന ഓരോ ലഘുപത്രികയിലുമുള്ള സന്ദേശത്തോടു പ്രതികരിക്കാൻ സാധ്യതയുള്ളത് ആരാണ് എന്നതിനെക്കുറിച്ചു മുന്നമേ ചിന്തിക്കുക:
—ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവരോ ദുരന്തത്തെ നേരിടേണ്ടി വന്നവരോ ഒക്കെ കഷ്ടതകളില്ലാത്ത ഒരു ഭാവിയെക്കുറിച്ചുള്ള ഈ സാന്ത്വനദായകമായ സന്ദേശം വിലമതിക്കും.
—ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? തങ്ങളുടെ ഭാവിയെക്കുറിച്ചു ഗൗരവമായി ചിന്തിക്കുന്ന യുവജനങ്ങൾ ഈ ലഘുപത്രികയിലെ ബൈബിളധിഷ്ഠിത ഉത്തരങ്ങളിൽ നിന്നു പ്രയോജനം നേടും.
—ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! ധാരാളം ചിത്രങ്ങളും പരാമർശിത തിരുവെഴുത്തുകളും കൊച്ചു കുട്ടികളെയും വായനാ പ്രാപ്തി കുറവുള്ളവരെയും ദൈവോദ്ദേശ്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കും.
—പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്. ഗവൺമെന്റുമായി ബന്ധമുള്ള ആരും ദൈവരാജ്യം മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കും എന്നതു സംബന്ധിച്ച ഈ സന്ദേശത്തോടു പ്രതികരിച്ചേക്കാം.
—നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ. നിരവധി ശവസംസ്കാര നടത്തിപ്പുകാർ പ്രിയപ്പെട്ടവരെ നഷ്ടമായവർക്കു നൽകാൻ, ഈ ലഘുപത്രികയുടെ പ്രതികൾ കൈവശം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. സെമിത്തേരികളിൽ സാക്ഷീകരണം നടത്തുന്ന പ്രസാധകർ ഈ ലഘുപത്രിക വിലപിക്കുന്നവരെ ആശ്വസിപ്പിക്കാൻ ഉപയോഗിക്കുന്നു. രണ്ടു സഹോദരിമാർ, ഒരു കുഴിമാടത്തിങ്കൽ പ്രാർഥിക്കുകയായിരുന്ന ഒരു ഏഴംഗ കുടുംബത്തെ സമീപിച്ചു. ലഘുപത്രികയിൽ നിന്നുള്ള സാന്ത്വനദായകമായ സന്ദേശം പങ്കുവെച്ചതിന്റെ ഫലമായി, കുടുംബനാഥയുമായി അടുത്ത ദിവസം തന്നെ ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു!
—നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? വലിയ മതവിശ്വാസിയായ ഒരു വ്യക്തി ക്രൈസ്തവ ലോകത്തിന്റെ ഈ അടിസ്ഥാന പഠിപ്പിക്കലിനെ വസ്തുനിഷ്ഠമായി ഖണ്ഡിക്കുന്ന അതിലെ സത്യത്തോടു പ്രതികരിച്ചേക്കാം.
3 ഓരോ ലഘുപത്രികയുമായും നന്നായി പരിചിതരാകുക. എന്നിട്ട് അതു നിങ്ങളുടെ പ്രദേശത്ത് ഏറ്റവും നന്നായി ഉപയോഗിക്കാൻ എങ്ങനെ കഴിയും എന്നു നിർണയിക്കുക. നിർദിഷ്ട അവതരണങ്ങൾക്ക് 1998 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ പിൻപേജ് കാണുക. ആളുകളുടെ മനസ്സിലും ഹൃദയത്തിലും എത്തിച്ചേരാനുള്ള നിങ്ങളുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുമാറാകട്ടെ.—മർക്കൊ. 6:34.