യോഗങ്ങളിൽ ഉത്തരം പറഞ്ഞുകൊണ്ട് അന്യോന്യം കെട്ടുപണി ചെയ്യുക
1 ‘സ്നേഹത്തിനും സൽപ്രവൃത്തികൾക്കും അന്യോന്യം ഉത്സാഹം വർദ്ധിപ്പിക്കാൻ’ എബ്രായർ 10:25 നമ്മെ ഉദ്ബോധിപ്പിക്കുന്നു. സഭായോഗങ്ങളിൽ അർഥവത്തായ ഉത്തരങ്ങൾ പറഞ്ഞുകൊണ്ട് അന്യോന്യം കെട്ടുപണി ചെയ്യുന്നത് ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. നാം എന്തുകൊണ്ടാണ് ഉത്തരങ്ങൾ പറയേണ്ടത്? അതു നമുക്ക് എങ്ങനെ ചെയ്യാൻ കഴിയും? ആർക്കാണ് പ്രയോജനം കിട്ടുന്നത്?
2 മറ്റുള്ളവരുടെ ലളിതവും വ്യക്തവുമായ ഉത്തരങ്ങൾ കേട്ട് നിങ്ങൾ പ്രയോജനം അനുഭവിക്കുന്ന അനേകം സന്ദർഭങ്ങളെക്കുറിച്ചു ചിന്തിക്കുക, അവ നിങ്ങളുടെ ഗ്രാഹ്യം വർധിപ്പിക്കുകയും ആത്മീയതയെ ബലപ്പെടുത്തുകയും ചെയ്യുന്നു. അവർക്കു വേണ്ടി അതുതന്നെ ചെയ്യുകയെന്ന പദവി നിങ്ങൾക്കുമുണ്ട്. യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ സന്നിഹിതരായ സകലരുടെയും പ്രോത്സാഹനത്തിനായി ‘ആത്മികവരം വല്ലതും നല്കാനുള്ള’ ആഗ്രഹം നിങ്ങൾ പ്രകടിപ്പിക്കുക.—റോമ. 1:11, 12.
3 നല്ല ഉത്തരങ്ങൾ പറയേണ്ട വിധം: ഖണ്ഡികയിലെ എല്ലാ ആശയങ്ങളും അടങ്ങുന്ന ദീർഘമായ ഉത്തരങ്ങൾ പറയാതിരിക്കുക. അത്തരം ഉത്തരങ്ങൾ പ്രധാന ആശയത്തെ വ്യക്തമായി എടുത്തുകാണിക്കില്ല എന്നു മാത്രമല്ല, ഉത്തരം പറയുന്നതിൽനിന്ന് മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തേക്കാം. ഖണ്ഡികയിൽനിന്നുള്ള ആദ്യത്തെ ഉത്തരം ഹ്രസ്വവും നേരിട്ടുള്ളതും ആയിരിക്കണം. പ്രസ്തുത വിവരമോ തിരുവെഴുത്തുകളോ പ്രായോഗികമായി എങ്ങനെ ബാധകമാകുന്നുവെന്ന് അനുബന്ധ ഉത്തരങ്ങൾ പറയുന്നവർക്കു വ്യക്തമാക്കാവുന്നതാണ്. സ്കൂൾ ഗൈഡ്ബുക്കിന്റെ 90-2 പേജുകൾ കാണുക.
4 ഉത്തരം പറയുന്നതിനെ കുറിച്ചുള്ള ചിന്തതന്നെ നിങ്ങളിൽ വിമ്മിട്ടം ഉളവാക്കുന്നെങ്കിൽ, ഹ്രസ്വമായ ഒരു ഉത്തരം നേരത്തേ തയ്യാറായിട്ട് അതിന്റെ ചോദ്യം തന്നോടു ചോദിക്കാൻ നിർവാഹകനോടു പറയുക. ഏതാനും യോഗങ്ങളിൽ അങ്ങനെ ചെയ്തുകഴിയുമ്പോൾ ഉത്തരം പറയുക എളുപ്പമായിത്തീരും. പരസ്യമായി സംസാരിക്കാനുള്ള തങ്ങളുടെ പ്രാപ്തിയിൽ മോശയും യിരെമ്യാവും ആത്മവിശ്വാസക്കുറവ് പ്രകടമാക്കിയെന്ന് ഓർക്കുക. (പുറ. 4:10; യിരെ. 1:6) എന്നാൽ തനിക്കു വേണ്ടി സംസാരിക്കാൻ യഹോവ അവരെ സഹായിച്ചു, അവനു നിങ്ങളെയും സഹായിക്കാനാകും.
5 നിങ്ങളുടെ ഉത്തരങ്ങളിൽനിന്ന് ആർ പ്രയോജനം നേടും? നിങ്ങൾക്കുതന്നെ പ്രയോജനം കിട്ടുന്നു. കാരണം, നിങ്ങൾ പറയുന്ന ഉത്തരങ്ങൾ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സത്യം കൂടുതൽ ആഴത്തിൽ പതിയാനും പിന്നീട് വിവരങ്ങൾ ഓർമയിലേക്കു കൊണ്ടുവരാനും സഹായിക്കുന്നു. കെട്ടുപണി ചെയ്യുന്ന തരത്തിലുള്ള നിങ്ങളുടെ ഉത്തരങ്ങൾ കേൾക്കുന്നതിൽനിന്ന് മറ്റുള്ളവർക്കും പ്രയോജനം കിട്ടുന്നു. അനുഭവജ്ഞാനം ഉള്ളവരോ കുട്ടികളോ നാണംകുണുങ്ങികളോ പുതിയവരോ ആയിക്കൊള്ളട്ടെ, സകലരും സഭായോഗങ്ങളിൽ തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാൻ ശ്രമിക്കുമ്പോൾ നമുക്കു പ്രോത്സാഹനം ലഭിക്കുന്നു.
6 ‘തക്കസമയത്തെ വാക്കുകൾ’ യോഗങ്ങളിൽ അന്യോന്യം കെട്ടുപണി ചെയ്യാൻ ഉപയോഗിക്കുമ്പോൾ അവ വളരെ ‘മനോഹരമെന്ന്’ നാം കണ്ടെത്തും, തീർച്ച!—സദൃ. 15:23.