നമ്മുടെ മഹാ സ്രഷ്ടാവ് നമ്മെക്കുറിച്ചു കരുതലുള്ളവൻ!
1 അനുസരണംകെട്ട യിസ്രായേല്യരുമായി ന്യായവാദം ചെയ്യാൻ ശ്രമിച്ചുകൊണ്ട് യഹോവ ഇപ്രകാരം ചോദിച്ചു: “നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ.” (യെശ. 40:28) നമുക്കു നമ്മുടെ മഹാ സ്രഷ്ടാവിനെ അറിയാം, നമ്മെക്കുറിച്ചുള്ള അവന്റെ സ്നേഹപൂർവകമായ കരുതലും നാം കാണുന്നു. എന്നാൽ, ദശലക്ഷക്കണക്കിന് ആളുകൾ അവന്റെ അസ്തിത്വത്തെ സംശയിക്കുന്നവരോ അവനെ സംബന്ധിച്ചു ബൈബിൾ പറയുന്നതിൽ നിന്നു വ്യത്യസ്തമായ വീക്ഷണം വെച്ചുപുലർത്തുന്നവരോ ആണ്. അത്തരക്കാരെ നമുക്ക് എങ്ങനെ സഹായിക്കാൻ കഴിയും?
2 നിങ്ങളെക്കുറിച്ചു കരുതുന്ന ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുതിയ പുസ്തകം അത്തരം ആളുകളെ സഹായിക്കുന്നതിനുവേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നതാണ്. വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ന്യായവിചാരം ചെയ്യാൻ, ചിന്തിക്കുന്ന ആളുകളെ അതു ക്ഷണിക്കുന്നു. ആകർഷകമായ പ്രതിപാദ്യവും പ്രേരണാത്മകമായ ന്യായവാദങ്ങളും കൊണ്ട് ഈ പുസ്തകം തീർച്ചയായും വായനക്കാരുടെ മനംകവരുകതന്നെ ചെയ്യും.
3 സ്രഷ്ടാവ് പുസ്തകവുമായി പരിചിതരാകുക: അതിന്റെ ഉള്ളടക്കത്തിന്റെ ഒരു അടിസ്ഥാന രൂപരേഖ മനസ്സിൽ പിടിക്കുക. 2 മുതൽ 5 വരെയുള്ള അധ്യായങ്ങൾ പ്രപഞ്ചവും ജീവനും മനുഷ്യനും ഉത്ഭവിച്ചത് എങ്ങനെയെന്നും അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിച്ചത് ആരെന്നും ചർച്ച ചെയ്യുന്നു. 6 മുതൽ 9 വരെയുള്ള അധ്യായങ്ങൾ ബൈബിളിനെയും അതിന്റെ ഗ്രന്ഥകർത്താവിനെയും കുറിച്ച്, പ്രത്യേകിച്ച് ഉല്പത്തിയിലെ സൃഷ്ടിപ്പു വിവരണം ആശ്രയയോഗ്യമാണോ എന്നതിനെ കുറിച്ച്, അവലോകനം നടത്തുന്നു. 10-ാം അധ്യായം മനുഷ്യനെ ഏറ്റവും അധികം കുഴപ്പിക്കുന്ന ചോദ്യത്തിന് ഒരു തൃപ്തികരമായ ഉത്തരം നൽകുന്നു: “സ്രഷ്ടാവ് കരുതലുള്ളവനെങ്കിൽ, എന്തുകൊണ്ട് ഇത്രമാത്രം കഷ്ടപ്പാടുകൾ?”
4 സംശയിക്കുന്നവരുമായി ന്യായവാദം ചെയ്യാൻ ശ്രമിക്കുക: സ്രഷ്ടാവ് പുസ്തകത്തിന്റെ 78-9 പേജുകളിൽ, ദൈവത്തെ സംബന്ധിച്ചു ശരിയായ നിഗമനത്തിൽ എത്താൻ ആളുകളെ സഹായിക്കുന്ന ഒരു നല്ല വാദമുഖം അവതരിപ്പിച്ചിരിക്കുന്നു. അവരോട്, “പ്രപഞ്ചത്തിന് ഒരു ആരംഭം ഉണ്ടായിരുന്നോ?” എന്നു ചോദിക്കുക. ഉണ്ടായിരുന്നു എന്നു മിക്കവരും സമ്മതിക്കും. അങ്ങനെയെങ്കിൽ ചോദിക്കുക: “ആ ആരംഭത്തിനു പിന്നിൽ ഒരു കാരണം ഉണ്ടായിരുന്നോ, അതോ ഇല്ലായിരുന്നോ?” അതിനു പിന്നിൽ ഒരു കാരണം ഉണ്ടായിരുന്നു എന്നു മിക്കവരും തിരിച്ചറിയുന്നു. അത് അവസാന ചോദ്യത്തിലേക്കു നയിക്കുന്നു: “ആരംഭത്തിനു കാരണം നിത്യമായ എന്തെങ്കിലും ആയിരുന്നോ അതോ നിത്യനായ ഒരുവൻ ആയിരുന്നോ?” ഈ അവതരണ രീതി, ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കേണ്ടതാണ് എന്നു മനസ്സിലാക്കാൻ അനേകരെ പ്രചോദിപ്പിക്കും.
5 അനേകർക്കും യഥാർഥത്തിൽ ആവശ്യമായിരിക്കുന്ന ഒന്നാണ് സ്രഷ്ടാവ് പുസ്തകം. നിങ്ങളുടെ ബന്ധുക്കൾ, സഹപ്രവർത്തകർ, സഹപാഠികൾ, പരിചയക്കാർ എന്നിവരുമായി ഇതിലെ വിവരങ്ങൾ പങ്കുവെക്കുക. ശുശ്രൂഷയിൽ നിങ്ങൾ കണ്ടുമുട്ടിയേക്കാവുന്ന, സ്രഷ്ടാവിന്റെ അസ്തിത്വത്തിൽ സംശയം പ്രകടമാക്കുന്ന, ആളുകൾക്കു സമർപ്പിക്കുന്നതിന് അതു കൂടെ കരുതുക. നാം ഈ പുസ്തകവുമായി എത്രയധികം പരിചിതർ ആകുന്നുവോ, സ്രഷ്ടാവിനോടുള്ള നമ്മുടെ സ്നേഹം അത്രയധികം ശക്തമാകും. അതു നമ്മെ അവന്റെ ഉയർന്ന നിലവാരങ്ങൾക്ക് അനുസൃതമായി ജീവിക്കാനും പ്രേരിപ്പിക്കും.—എഫെ. 5:1; വെളി. 4:11.