ശുശ്രൂഷാദാസന്മാർ വിലപ്പെട്ട സേവനം അനുഷ്ഠിക്കുന്നു
1 “അവർ യഥാർഥത്തിൽ സമർപ്പിത പുരുഷന്മാരാണെന്നു പ്രകടമാക്കിയിട്ടുണ്ട്. അവരുടെ വിശ്വാസം തീക്ഷ്ണമായ രാജ്യസേവനത്തിലും സത്യത്തിൽ സ്ഥിരപ്പെടുന്നതിനു മറ്റുള്ളവരെ സഹായിക്കുന്നതിലും പ്രത്യക്ഷമായിട്ടുണ്ട്.” നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ പുസ്തകത്തിന്റെ 57-ാം പേജിൽ ശുശ്രൂഷാദാസന്മാരെ കുറിച്ച് അപ്രകാരം പറഞ്ഞിരിക്കുന്നു. നമ്മുടെ ശുശ്രൂഷാദാസന്മാരുടെ ആത്മീയ മാതൃക അനുകരണാർഹം ആണെന്നതിൽ തെല്ലും സംശയമില്ല. അവരോടും അതുപോലെതന്നെ മൂപ്പന്മാരോടുമൊപ്പം പ്രവർത്തിക്കുന്നത് “മുഴുവൻ ശരീരവും . . . സ്നേഹത്തിലുള്ള വർദ്ധനയ്ക്കായി വളർച്ച പ്രാപിക്കു”ന്നതിനു കാരണമാകുന്നു.—എഫെ. 4:16, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം.
2 ശുശ്രൂഷാദാസന്മാർ സഭാ കാര്യങ്ങളിൽ മർമപ്രധാനമായ ഒരു പങ്കു വഹിക്കുന്നു. അവർ ചെയ്യുന്ന വിലയേറിയ സേവനങ്ങളെ കുറിച്ചു ചിന്തിക്കുക! സഭാ കണക്കുകൾ, സാഹിത്യം, മാസിക, വരിസംഖ്യ, പ്രദേശം, ഉച്ചഭാഷിണി ക്രമീകരണം, രാജ്യഹാൾ പരിപാലനം എന്നിവയ്ക്കു പുറമേ സേവകരായുള്ള ഉത്തരവാദിത്വവും അവർ കൈകാര്യം ചെയ്യുന്നു; ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലും സേവന യോഗത്തിലും അവർ പങ്കെടുക്കുന്നു. അവരിൽ ചിലർ പരസ്യപ്രസംഗങ്ങൾ നടത്തുകയോ ചില സഭായോഗങ്ങൾ നിർവഹിക്കുകയോ ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ അവയവങ്ങളെപ്പോലെ, അവർ നമുക്ക് ആവശ്യമായ സേവനങ്ങൾ അനുഷ്ഠിക്കുന്നു.—1 കൊരി. 12:12-26.
3 പരസ്പര ആദരവോടും ധാരണയോടും കൂടെ ശുശ്രൂഷാദാസന്മാർ മൂപ്പന്മാരോട് യോജിപ്പിൽ ഏക ശരീരംപോലെ സഹകരിക്കുന്നതു കാണുന്നത് അപ്രകാരം ചെയ്യാൻ മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കുന്നു. (കൊലൊ. 2:19) വിശ്വസ്തതയോടെ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ക്രമമായി നിവർത്തിച്ചുകൊണ്ടും മറ്റുള്ളവരിൽ വ്യക്തിപരമായ താത്പര്യം എടുത്തുകൊണ്ടും അവർ ആത്മീയമായി പുരോഗമിക്കുന്ന ഒരു സഭയ്ക്കു സംഭാവനയേകുന്നു.
4 കഠിനാധ്വാനികളായ ശുശ്രൂഷാദാസന്മാരോടു നമുക്ക് എങ്ങനെ വിലമതിപ്പു പ്രകടമാക്കാനാകും? അവരുടെ നിയമിത ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കുക, നമ്മുടെ സഹായം ആവശ്യമായിരിക്കുമ്പോൾ സഹകരിക്കാൻ മനസ്സൊരുക്കം കാട്ടുക. അവരുടെ പ്രവർത്തനത്തെ വിലമതിക്കുന്നുണ്ടെന്നു വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അവരെ അറിയിക്കുക. (സദൃ. 15:23) നമുക്കായി കഠിനാധ്വാനം ചെയ്യുന്നവർ യഥാർഥ ബഹുമാനം അർഹിക്കുന്നു.—1 തെസ്സ. 5:12, 13.
5 ദൈവവചനമാണ് ശുശ്രൂഷാദാസന്മാരുടെ ഉത്തരവാദിത്വങ്ങളും യോഗ്യതകളും നിശ്ചയിക്കുന്നത്. (1 തിമൊ. 3:8-10, 12, 13) അവരുടെ വിലയേറിയ വിശുദ്ധ സേവനം സഭാ നടത്തിപ്പിന് അനുപേക്ഷണീയമാണ്. ‘കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുള്ള’ അത്തരം പുരുഷന്മാർ നമ്മുടെ തുടർച്ചയായ പ്രോത്സാഹനം അർഹിക്കുന്നു.—1 കൊരി. 15:58, NW.