പൂർവ യൂറോപ്പിൽ സത്യാരാധന തഴച്ചുവളരുന്നു
1 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ തീക്ഷ്ണതയുള്ള രാജ്യപ്രസംഗകർ ആയിരുന്നു. സഭകൾ ‘ദിവസേന എണ്ണത്തിൽ പെരുകിയപ്പോൾ’ അവർ സന്തോഷിച്ചു. (പ്രവൃ. 16:5) അവരുടെ സുധീര സാക്ഷീകരണത്തിന്റെ ഫലമായി ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും സുവാർത്ത എത്തുകയും വിശ്വാസികളുടെ എണ്ണം അനവധിയായി വർധിക്കുകയും ചെയ്തു.
2 ഈ അന്ത്യകാലത്തും സത്യാരാധന തഴച്ചുവളർന്നുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ചും പൂർവ യൂറോപ്യൻ രാജ്യങ്ങളിൽ. 1990-കളുടെ പ്രാരംഭഘട്ടം വരെ നമ്മുടെ വേലയ്ക്കു ഗവൺമെന്റ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന രാജ്യങ്ങളിൽ ഇപ്പോൾ വലിയ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അത്തരം രണ്ടു രാജ്യങ്ങളായ റഷ്യയും യൂക്രെയിനും 1,00,000-ത്തിലധികം പ്രസാധകർ പരസ്യ ശുശ്രൂഷയിൽ പങ്കെടുക്കുന്നതായി റിപ്പോർട്ടു ചെയ്യുന്നുവെന്ന് 1999-ലെ വാർഷികപുസ്തകം വെളിപ്പെടുത്തുന്നു. മുൻ സോവിയറ്റ് യൂണിയനിലെ 15 പ്രദേശങ്ങളിൽ 1991 മുതൽ 2,20,000-ത്തിലധികം പേർ യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിച്ചു സ്നാപനമേറ്റു! ഈ ത്വരിത വളർച്ചയുടെ ഫലമായി അനേകം പുതിയ രാജ്യഹാളുകളും സമ്മേളന ഹാളുകളും നിർമിക്കുകയും പല ബ്രാഞ്ച് സൗകര്യങ്ങളും വികസിപ്പിക്കുകയും ചെയ്യേണ്ടതായി വന്നിരിക്കുന്നു.
3 1997 മാർച്ചിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഐക്യനാടുകളിലെ പതിപ്പിൽ പ്രസ്താവിച്ചിരുന്നതുപോലെ, കൂടുതൽ രാജ്യഹാളുകളുടെ അടിയന്തിര ആവശ്യമുള്ള, എന്നാൽ പരിമിതമായ വിഭവങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉള്ള രാജ്യങ്ങളിലെ സഭകൾക്ക് വായ്പ നൽകാൻ സൊസൈറ്റിയുടെ രാജ്യഹാൾ ഫണ്ടിന്റെ ഒരു ഭാഗം ഇപ്പോൾ ഉപയോഗിച്ചുവരുന്നു. 1996 മാർച്ചിനും 1998 ഒക്ടോബറിനും ഇടയ്ക്ക്, പൂർവ യൂറോപ്യൻ രാജ്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന 11 ബ്രാഞ്ചുകളിൽ നിന്നുള്ള 359 രാജ്യഹാൾ വായ്പാ അപേക്ഷകൾക്ക് സൊസൈറ്റി അനുമതി നൽകി. സംഭാവന ചെയ്യപ്പെടുന്ന ഫണ്ടുകൾ പുതിയ രാജ്യഹാളുകളുടെ നിർമാണത്തിനുള്ള സ്ഥലവും സാധനങ്ങളും വാങ്ങുന്നതിനും നിലവിലുള്ള സൗകര്യങ്ങൾ പുതുക്കിപ്പണിയാൻ സഭകളെ സഹായിക്കുന്നതിനുമായി ഉപയോഗിച്ചുവരുന്നു. ഐക്യനാടുകളിലും മറ്റു രാജ്യങ്ങളിലും സൊസൈറ്റിയുടെ രാജ്യഹാൾ ഫണ്ടിലേക്കു ലഭിച്ച സംഭാവനകൾ പൂർവ യൂറോപ്പിലെ സഹോദരങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്തിരിക്കുന്നുവെന്നു മനസ്സിലാക്കാൻ ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നമ്മെ സഹായിക്കുന്നു.
4 1998-ൽ ബൾഗേറിയയിൽ 12 ശതമാനം വർധനവ് ഉണ്ടായി, ആ വർഷം ഏപ്രിലിൽ സമർപ്പിക്കപ്പെട്ട അവരുടെ ആദ്യത്തെ രാജ്യഹാൾ സഹോദരങ്ങളെ ആനന്ദഭരിതരാക്കി. ക്രൊയേഷ്യയിൽ 4 ശതമാനം വർധനവ് ഉണ്ടായി, ഇപ്പോൾ അവിടെ സഹോദരങ്ങൾ സത്യാരാധനയുടെ ഉന്നമനാർഥം കൂടുതൽ രാജ്യഹാളുകൾ നിർമിക്കുകയാണ്. ഹംഗറിയിൽ 144 സഭകൾക്കായി 80-ഓളം രാജ്യഹാളുകൾ ഉണ്ട്. ആ രാജ്യത്തെ 235 സഭകളിൽ 61 ശതമാനത്തിന് സ്വന്തമായി രാജ്യഹാൾ ഉണ്ടെന്നാണ് ഇതിന്റെ അർഥം. മാസിഡോണിയയിൽ രാജ്യഹാൾ നിർമാണ പരിപാടിയുടെ ഭാഗമായി രണ്ടു പുതിയ ഹാളുകൾ നിർമിക്കപ്പെട്ടു, വേറെയും ഹാളുകളുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. 1999-ലെ വേനൽക്കാലത്ത് തലസ്ഥാന നഗരിയായ സ്കോപിയയിൽ ഒരു ഇരട്ട രാജ്യഹാൾ പൂർത്തിയായി. കുറഞ്ഞത് ആറു സഭകൾക്കു കൂടിവരാനുള്ള സൗകര്യങ്ങൾ ഈ ഹാളിനുണ്ട്.
5 1998 സേവനവർഷം റഷ്യയിൽ ഓരോ ആഴ്ചയിലും ശരാശരി 260 പേർ സ്നാപനമേറ്റു! മറ്റു രാജ്യങ്ങളിലെ രീതി പിന്തുടർന്നുകൊണ്ട് റഷ്യ ബ്രാഞ്ച്, ഭാവി രാജ്യഹാൾ നിർമാണ പദ്ധതികളെ സഹായിക്കാനായി തങ്ങളുടെ വിസ്തൃതമായ പ്രദേശത്ത് ഉടനീളം 12 മേഖലാ നിർമാണ കമ്മിറ്റികൾ സംഘടിപ്പിച്ചു. സെന്റ് പീറ്റേഴ്സ് ബർഗിന്റെ വടക്കു ഭാഗത്തായി, ആ രാജ്യത്തെ പ്രഥമ സമ്മേളന ഹാളിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. അതിൽ 1,600 പേർക്ക് ഇരിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. 200 പേർക്കു വീതം ഇരിക്കാവുന്ന അഞ്ച് രാജ്യഹാളുകളും ഈ സൗകര്യത്തിൽ ഉൾപ്പെടും. യൂക്രെയിനിലെ നമ്മുടെ സഹോദരങ്ങളുടെയും താത്പര്യക്കാരുടെയും ആത്മീയ ആവശ്യങ്ങൾ നിറവേറ്റാനായി, 84 രാജ്യഹാളുകളുടെ നിർമാണം പൂർത്തിയായി, 80 എണ്ണം നിർമാണത്തിലിരിക്കുന്നു.
6 പൂർവ യൂറോപ്പിലെ ഈ വർധനവ് നമുക്കു സന്തോഷം പകരുന്നില്ലേ? നാം പാർക്കുന്നത് എവിടെ ആയിരുന്നാലും സത്യാരാധനയുടെ വളർച്ച, ദൈവം മുഖപക്ഷം ഇല്ലാത്തവനാണെന്നും അവന്റെ ക്ഷമ ‘ഒരു മഹാപുരുഷാര’ത്തിന് രക്ഷ കൈവരുത്തുമെന്നും നമ്മെ ഓർമിപ്പിക്കുന്നു. (വെളി. 7:9; 2 പത്രൊ. 3:9) മറ്റുള്ളവരുടെ, ദൂരദേശങ്ങളിൽ ഉള്ളവരുടെപോലും, ആത്മീയ വളർച്ചയ്ക്കായി സംഭാവന ചെയ്യുന്നതിൽ ഒരു ചെറിയ പങ്കുണ്ടായിരിക്കുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം എത്ര അമൂല്യമായ പദവിയാണ്! സദൃശവാക്യങ്ങൾ 28:27 നമുക്ക് ഈ ഉറപ്പു നൽകുന്നു: “ദരിദ്രന്നു കൊടുക്കുന്നവന്നു കുറെച്ചൽ ഉണ്ടാകയില്ല.” അത്തരം നിർമാണച്ചെലവുകൾ വഹിക്കുന്നതിലേക്കായി സംഭാവന ചെയ്യാനുള്ള നമ്മുടെ മനസ്സൊരുക്കം ഭൗതിക വസ്തുക്കളുടെ ‘ഒരു സമത്വീകരണത്തിൽ’ കലാശിക്കുന്നു. തന്നിമിത്തം, കൊടുക്കുന്നതിലും ലോകവ്യാപകമായി സത്യാരാധന തഴച്ചുവളരുന്നത് കാണുന്നതിലും ഉള്ള സന്തോഷം അനുഭവിക്കാൻ ഏവർക്കും സാധിക്കും.—2 കൊരി. 8:14, 15, NW; പ്രവൃ. 20:35.
[3-ാം പേജിലെ ചിത്രം]
സേയ്ഷൽ, റൊമേനിയ
[3-ാം പേജിലെ ചിത്രം]
മർഡാ, എസ്തോണിയ
[3-ാം പേജിലെ ചിത്രം]
സെവ്നിക്ക, സ്ലോവേനിയ
[3-ാം പേജിലെ ചിത്രം]
റ്റിസാവാസ്വറി, ഹംഗറി
[4-ാം പേജിലെ ചിത്രങ്ങൾ]
യൂർമാല, ലാത്വിയ
[4-ാം പേജിലെ ചിത്രങ്ങൾ]
ടൗറാഷ്, ലിത്വാനിയ
[4, 5 പേജുകളിലെ ചിത്രം]
റ്റാലിൻ, എസ്തോണിയ
[4, 5 പേജുകളിലെ ചിത്രം]
പ്രിവിഡ്സ, സ്ലൊവാക്യ
[5-ാം പേജിലെ ചിത്രങ്ങൾ]
മാറ്റേസ്ൽക്ക, ഹംഗറി
[5-ാം പേജിലെ ചിത്രങ്ങൾ]
ബെൽഗ്രേഡ്, യുഗോസ്ലാവിയ
[6-ാം പേജിലെ ചിത്രങ്ങൾ]
റൂമാ, യുഗോസ്ലാവിയ
[6-ാം പേജിലെ ചിത്രങ്ങൾ]
വ്രാനോവ് നാഡ് ടോപ്ലു, സ്ലൊവാക്യ
[6-ാം പേജിലെ ചിത്രങ്ങൾ]
ടോർന്യാക്കാൻസ്, ലാത്വിയ