ചോദ്യപ്പെട്ടി
◼ സഭയുടെ പ്രദേശത്തിന്റെ സമ്പൂർണ മാപ്പ് രാജ്യഹാളിൽ പ്രദർശിപ്പിക്കണമോ?
വേണം. പ്രദേശത്തിന്റെ സമ്പൂർണ മാപ്പ് ഫ്രെയിം ചെയ്ത് രാജ്യഹാളിലെ ഒരു ഭിത്തിയിൽ തൂക്കണം. അതു നോട്ടീസ് ബോർഡിൽ ഇടരുത്. ഇതിൽ സഭയുടെ മൊത്തം നിയമിത പ്രദേശത്തിന്റെ അതിർത്തികളും അതിനുള്ളിലെ ഓരോ പ്രദേശത്തിന്റെയും അതിർത്തികളും നമ്പരും ഉണ്ടായിരിക്കണം. ഒരേ രാജ്യഹാൾതന്നെ ഉപയോഗിക്കുന്ന വ്യത്യസ്ത സഭകളുടെ പ്രദേശാതിർത്തികളും അതിൽ സൂചിപ്പിച്ചിരിക്കണം. തങ്ങൾ ഏതു സഭയുടെ പ്രദേശത്താണ് താമസിക്കുന്നതെന്നു മനസ്സിലാക്കാൻ പ്രസാധകരെയും താത്പര്യക്കാരെയും ഈ മാപ്പ് സഹായിക്കും. ഇതിൽ പുസ്തകാധ്യയന കേന്ദ്രങ്ങൾ കൂടെ രേഖപ്പെടുത്തിയാൽ, ഏതു പുസ്തകാധ്യയന കൂട്ടത്തിലാണ് തങ്ങൾ നിയമിക്കപ്പെട്ടിരിക്കുന്നത് എന്നു കണ്ടുപിടിക്കാൻ എല്ലാവർക്കും സാധിക്കും. ഏറ്റവും പുതിയ വിവരങ്ങളായിരിക്കണം മാപ്പിൽ ഉണ്ടായിരിക്കേണ്ടത്.
വ്യക്തിപരമായി പ്രവർത്തിക്കാൻ ഒരു പ്രദേശം ഉണ്ടായിരിക്കുന്നത് നല്ലതാണെന്നു ചിന്തിക്കാൻ അത്തരമൊരു മാപ്പ് പ്രസാധകരെ സഹായിക്കുന്നു. വീടിനടുത്തുള്ള ഒരു പ്രദേശം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ മാപ്പ് ഉപകരിക്കുന്നു. ഇത്, ഓരോ കൂട്ടത്തെയും അവരവരുടെ നിയമിത പ്രദേശത്തേക്ക് പെട്ടെന്നു പറഞ്ഞയക്കാൻ വയൽസേവനയോഗ നിർവാഹകനെ സഹായിക്കുന്നു. അതുമൂലം സമയവും ലാഭിക്കാനാകുന്നു.
സഭ അതിന്റെ മുഴു നിയമിത പ്രദേശത്തും സുവാർത്ത പ്രസംഗിക്കാൻ സജ്ജമാണ് എന്നതിന്റെ ഒരു തെളിവുകൂടിയാണ് ഈ മാപ്പ്.—ലൂക്കൊ. 9:6.