മാതാപിതാക്കളേ—നിങ്ങളുടെ മക്കളിൽ നല്ല ശീലങ്ങൾ ഉൾനടുക
1 നല്ല ശീലങ്ങൾ ജന്മസിദ്ധമോ യാദൃച്ഛികമായി ലഭിക്കുന്നതോ അല്ല. കുട്ടികളിൽ നല്ല ശീലങ്ങൾ ഉൾനടുന്നതിന് സമയം ആവശ്യമാണ്. ഉൾനടുക എന്നാൽ “പടിപടിയായി കടത്തുക,” അല്ലെങ്കിൽ “തുള്ളിതുള്ളിയായി പ്രവേശിപ്പിക്കുക” എന്നാണ്. ‘[മക്കളെ] യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും വളർത്തിക്കൊണ്ടുവരാൻ’ മാതാപിതാക്കൾ തുടർച്ചയായി ശ്രമിക്കേണ്ടത് ആവശ്യമാണ്.—എഫെ. 6:4, NW.
2 ബാല്യത്തിൽ തുടങ്ങുക: പുതിയ കാര്യങ്ങൾ പഠിക്കാനും ചെയ്യാനുമുള്ള ഒരു കൊച്ചു കുട്ടിയുടെ പ്രാപ്തി ശ്രദ്ധാർഹമാണ്. മുതിർന്നവർക്ക് ഒരു പുതിയ ഭാഷ പഠിക്കുക ബുദ്ധിമുട്ടായിരിക്കുമ്പോൾ, സ്കൂൾ പ്രായമാകാത്ത ഒരു കുട്ടിക്ക് ഒരേ സമയം രണ്ടോ മൂന്നോ ഭാഷകൾ പഠിക്കാൻ കഴിയും. നിങ്ങളുടെ കുട്ടിക്ക് നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ തക്ക പ്രായമായിട്ടില്ല എന്നു വിചാരിക്കരുത്. ബൈബിൾ വിദ്യാഭ്യാസം വളരെ നേരത്തേ തുടങ്ങുകയും അതു തുടരുകയും ചെയ്യുന്നെങ്കിൽ, ഏതാനും വർഷങ്ങൾ കഴിയുമ്പോൾ കുട്ടിയുടെ മനസ്സ് അവനെ ‘രക്ഷയ്ക്കു ജ്ഞാനിയാക്കുന്ന’ പരിജ്ഞാനംകൊണ്ട് നിറയും.—2 തിമൊ. 3:14.
3 വയൽസേവനം ശീലമാക്കുക: സ്വഭാവരൂപവത്കരണം നടക്കുന്ന വർഷങ്ങളിൽ ദൈവരാജ്യ സുവാർത്ത നിരന്തരം പ്രസംഗിക്കുക എന്ന നല്ല ശീലം കുട്ടിയിൽ ഉൾനടേണ്ടതാണ്. മിക്ക മാതാപിതാക്കളും കുട്ടികൾ ശൈശവഘട്ടത്തിൽ ആയിരിക്കുമ്പോൾത്തന്നെ അവരെ വീടുതോറുമുള്ള ശുശ്രൂഷയിൽ കൂടെ കൊണ്ടുപോയിക്കൊണ്ട് അതിന് തുടക്കമിടുന്നു. മാതാപിതാക്കൾ സാക്ഷീകരണത്തിൽ ക്രമമായി ഏർപ്പെടുന്നത്, ശുശ്രൂഷയോട് തീക്ഷ്ണതയും വിലമതിപ്പും വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുന്നു. വയൽ സേവനത്തിന്റെ വ്യത്യസ്ത വശങ്ങളിൽ പ്രവർത്തിക്കേണ്ടത് എങ്ങനെയെന്നു കുട്ടികൾക്കു കാണിച്ചുകൊടുക്കാൻ മാതാപിതാക്കൾക്കു കഴിയും.
4 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർ ചാർത്തുന്നതും കുട്ടികളെ സഹായിക്കുന്നു. നല്ല പഠന ശീലങ്ങൾ വളർത്തിയെടുക്കാൻ അതിലൂടെ അവർക്കു സാധിക്കും. കൂടാതെ ഗ്രാഹ്യത്തോടെ വായിക്കാനും അവർ പഠിക്കുന്നു. ബൈബിളിനെ കുറിച്ചു സംസാരിക്കാനും മടക്കസന്ദർശനങ്ങളും ബൈബിൾ അധ്യയനങ്ങളും നടത്താനും അത് അവരെ പ്രാപ്തരാക്കുന്നു. അത്തരം പരിശീലനം പയനിയറിങ്ങിൽ ഏർപ്പെടാനോ പ്രത്യേക സേവന പദവികൾ എത്തിപ്പിടിക്കാനോ അവരെ പ്രചോദിപ്പിച്ചേക്കാം. മിക്ക ബെഥേൽ അംഗങ്ങളും പ്രത്യേക പയനിയർമാരും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ചേർന്ന നാളുകളെ കുറിച്ച് വളരെ താത്പര്യത്തോടെ ഓർമിക്കുകയും പ്രയോജനപ്രദമായ ശീലങ്ങൾ വളർത്തിയെടുക്കാൻ തങ്ങളെ സഹായിക്കുന്ന ഒരു കരുതലായി അതിനെ വീക്ഷിക്കുകയും ചെയ്യുന്നു.
5 വലിയ കുശവനായ യഹോവയുടെ കരങ്ങളിലെ കളിമണ്ണുപോലെയാണ് നാമെല്ലാം. (യെശ. 64:8) കളിമണ്ണ് എത്രമാത്രം മയമുള്ളതാണോ അതിനെ രൂപപ്പെടുത്താൻ അത്രമാത്രം എളുപ്പമാണ്. എന്നാൽ, അത് എത്രയധികം ഉണങ്ങുന്നുവോ അത്രയധികം കട്ടിയുള്ളതായിത്തീരും. മനുഷ്യരുടെ കാര്യത്തിലും അത് സത്യമാണ്. ചെറുപ്പമായിരിക്കുമ്പോൾ അവരെ പരുവപ്പെടുത്തിയെടുക്കാൻ എളുപ്പമാണ്. എത്ര ചെറുപ്പമായിരിക്കുന്നുവോ അത്രയും മെച്ചമായിരിക്കും ഫലവും. സ്വഭാവരൂപവത്കരണം നടക്കുന്ന ഇളം പ്രായത്തിൽ അവർ നല്ലതോ മോശമോ ആയ രീതിയിൽ രൂപപ്പെടുത്തപ്പെടും. തന്മൂലം, കുട്ടികളെ കുറിച്ചു ചിന്തയുള്ള മാതാപിതാക്കൾ എന്ന നിലയിൽ, വളരെ നേരത്തേതന്നെ കുട്ടികളിൽ ക്രിസ്തീയ ശുശ്രൂഷയ്ക്ക് ആവശ്യമായ നല്ല ശീലങ്ങൾ ഉൾനടാൻ തുടങ്ങുക.