യഹോവ ശക്തി പകരുന്നു
1 അപ്പൊസ്തലനായ പൗലൊസിനെ കുറിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു? പ്രവൃത്തികളുടെ പുസ്തകം വായിക്കുമ്പോൾ, യഹോവയുടെ സേവനത്തിൽ അവൻ എത്രമാത്രം കഠിനാധ്വാനം ചെയ്തു എന്ന വസ്തുത നാം വിലമതിക്കാൻ ഇടയാകുന്നു. അങ്ങനെ ചെയ്യാൻ അവനെ സഹായിച്ചത് എന്താണ്? അവൻ പറഞ്ഞു: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” (ഫിലി. 4:13) യഹോവ നൽകുന്ന ശക്തിയിൽനിന്ന് നമുക്കും പ്രയോജനം നേടാൻ കഴിയും. എങ്ങനെ? നമുക്ക് ആത്മീയ ശക്തിയും നവോന്മേഷവും പ്രദാനം ചെയ്യാനായി അവൻ ചെയ്തിരിക്കുന്ന ആറ് കരുതലുകൾ പ്രയോജനപ്പെടുത്തിക്കൊണ്ട്.
2 ദൈവവചനം: ശാരീരിക ആരോഗ്യം നിലനിറുത്താനായി നാം ആഹാരം കഴിക്കേണ്ടതുപോലെ, ആത്മീയമായി ഊർജസ്വലരായി നിലകൊള്ളുന്നതിന് ദൈവവചനം ഉപയോഗിച്ച് നാം നമ്മെത്തന്നെ പോഷിപ്പിക്കേണ്ടതുണ്ട്. (മത്താ. 4:4) ബലിഷ്ഠരായി നിലകൊള്ളാനുള്ള ശക്തി ബൈബിൾ നമുക്കു നൽകുന്നു. സത്യം സംബന്ധിച്ച നമ്മുടെ തീക്ഷ്ണതയും ഉത്സാഹവും നിലനിറുത്തുന്നതിന്, അർഥവത്തായ വ്യക്തിഗത പഠനവും ധ്യാനവും ആവശ്യമാണ്. സാധ്യമെങ്കിൽ അത് ദിവസവും ചെയ്യുക.—സങ്കീ. 1:2, 3.
3 പ്രാർഥന: യഹോവയോട് അടുത്തുചെല്ലേണ്ടതു പ്രധാനമാണ്, പ്രയാസകരമായ ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളെ നേരിടുമ്പോൾ വിശേഷിച്ചും. പരിശുദ്ധാത്മാവ് മുഖാന്തരം അവൻ, തന്നോട് അപേക്ഷിക്കുന്നവർക്ക് ഊർജസ്വലരാക്കുന്ന ശക്തി പ്രദാനം ചെയ്യുന്നു. (ലൂക്കൊ. 11:13; എഫെ. 3:16) ‘പ്രാർഥനയിൽ ഉറ്റിരിക്കാൻ’ തിരുവെഴുത്തുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (റോമ. 12:13) നിങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടോ?
4 സഭ: സഭായോഗങ്ങളിൽനിന്നും അവിടെ കൂടിവരുന്ന സഹോദരങ്ങളുമായി ആസ്വദിക്കുന്ന ഊഷ്മളമായ സഹവാസത്തിൽനിന്നും നമുക്ക് ശക്തിയും പ്രോത്സാഹനവും ലഭിക്കുന്നു. (എബ്രാ. 10:24, 25) പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പ്രോത്സാഹനം നൽകിക്കൊണ്ട് അവർ നമ്മെ ‘എഴുന്നേൽപ്പിക്കുന്നു.’ കൂടാതെ, സ്നേഹപൂർവമായ പിന്തുണയും നൽകുന്നു.—സദൃ. 17:17; സഭാ. 4:10.
5 വയൽശുശ്രൂഷ: ക്രമമായി വയൽശുശ്രൂഷയിൽ ഏർപ്പെടുന്നത് രാജ്യത്തിലും അതിന്റെ അനുഗ്രഹങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു നിറുത്താൻ നമ്മെ സഹായിക്കുന്നു. യഹോവയെ കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നത് നമുക്കു സന്തോഷം പ്രദാനം ചെയ്യുന്നു. (പ്രവൃ. 20:35) ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്നതിനായി മാറിപ്പാർക്കാനോ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാനോ നമ്മിൽ എല്ലാവർക്കും സാധിച്ചെന്നു വരില്ല. എങ്കിലും മറ്റു വിധങ്ങളിൽ നമുക്ക് ശുശ്രൂഷയിൽ അർഥവത്തായ ഒരു പങ്ക് ഉണ്ടായിരിക്കാൻ കഴിയും.—എബ്രാ. 6:10-12.
6 ക്രിസ്തീയ മേൽവിചാരകന്മാർ: മൂപ്പന്മാർ നൽകുന്ന പ്രോത്സാഹനത്തിൽനിന്നും സഹായത്തിൽനിന്നും നാം പ്രയോജനം അനുഭവിക്കുന്നു. തങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാനുള്ള നിയമനം യഹോവ അവർക്കാണ് നൽകിയിരിക്കുന്നത്. (1 പത്രൊ. 5:2) പൗലൊസ് ചെയ്തതുപോലെ, സഞ്ചാര മേൽവിചാരകന്മാർ തങ്ങൾ സേവിക്കുന്ന സഭകളിലെ സഹോദരങ്ങളെ കെട്ടുപണി ചെയ്യുന്നു.—റോമ. 1:11, 12.
7 വിശ്വസ്തരുടെ മാതൃക: പുരാതന കാലത്തെയും ഇക്കാലത്തെയും വിശ്വസ്തരുടെ ഉത്തമ മാതൃകകൾ പരിചിന്തിക്കുന്നത് നവോന്മേഷദായകമാണ്. (എബ്രാ. 12:1) നിങ്ങൾക്കു ശക്തി ആവശ്യമുള്ളപ്പോൾ, നമ്മുടെ മാസികകളിലെ പ്രോത്സാഹജനകമായ ജീവിതകഥകളിൽ ഏതെങ്കിലുമോ വാർഷികപുസ്തകത്തിലെ കെട്ടുപണി ചെയ്യുന്ന ഒരു റിപ്പോർട്ടോ യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രത്തെക്കുറിച്ച് ഘോഷകർ (ഇംഗ്ലീഷ്) പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ആവേശജനകമായ ഏതാനും വിവരണങ്ങളോ വായിക്കരുതോ?
8 ഇപ്പോൾ 90-കളിൽ ആയിരിക്കുന്ന ഒരു സഹോദരൻ, കുട്ടി ആയിരിക്കെയാണ് സത്യം പഠിച്ചത്. ചെറുപ്പത്തിൽത്തന്നെ അദ്ദേഹത്തിന്റെ വിശ്വാസം പരിശോധിക്കപ്പെട്ടു. സഭയോടൊത്തു സജീവമായി സഹവസിച്ചുകൊണ്ടിരുന്ന ചിലർ യഹോവയുടെ സംഘടന ഉപേക്ഷിച്ചു പോയതായിരുന്നു ഒരു സംഗതി. കൂടാതെ വീടുതോറുമുള്ള വേല അദ്ദേഹത്തിനു വളരെ ബുദ്ധിമുട്ടായി തോന്നി. എങ്കിലും, അദ്ദേഹം സദാ യഹോവയിൽ ആശ്രയിച്ചു. ശുശ്രൂഷ പെട്ടെന്നുതന്നെ അദ്ദേഹത്തിന് ആസ്വാദ്യമായിത്തീർന്നു. ഇപ്പോഴോ? ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, ഭരണസംഘാംഗം എന്ന നിലയിൽ അദ്ദേഹം ബ്രുക്ലിൻ ബെഥേലിൽ സേവിക്കുന്നു. യഹോവയുടെ സംഘടനയോടു പറ്റിനിന്നതിൽ അദ്ദേഹത്തിന് തെല്ലും ഖേദമില്ല.
9 ഇപ്പോൾ ബ്രിട്ടൻ ബെഥേലിൽ സേവിക്കുന്ന ഒരു സഹോദരി സ്നാപനമേറ്റത് 13-ാം വയസ്സിലാണ്. പിറ്റേ വർഷം മുതൽ തന്റെ ജ്യേഷ്ഠനോടൊപ്പം അവൾ പയനിയറിങ് ചെയ്യാൻ തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിൽ നിഷ്പക്ഷത പാലിച്ചതു നിമിത്തം തുടർന്നുവന്ന വർഷം അവളുടെ പിതാവ് തടവിലായി. ശക്തിക്കായി അവൾ എല്ലായ്പോഴും യഹോവയിൽ ആശ്രയിക്കുകയും സത്യദൈവത്തെ സേവിക്കുന്നതിൽ തുടരുകയും ചെയ്തു. പിന്നീട്, അവൾ വിശ്വസ്തനായ ഒരു സഹോദരനെ വിവാഹം കഴിച്ചു. അവർ ഒത്തൊരുമിച്ച് യഹോവയുടെ ഹിതം ചെയ്യുന്നതിൽ തുടർന്നു. 35 വർഷത്തെ വിവാഹജീവിതത്തിനു ശേഷം പെട്ടെന്ന് അവരുടെ ഭർത്താവ് മരിച്ചു. വീണ്ടും, ശക്തിക്കായി അവർ യഹോവയിലേക്കു തിരിഞ്ഞു. യഹോവയുടെ ഭൗമിക കുടുംബത്തിലെ ഒരംഗം എന്നനിലയിൽ എന്നേക്കും അവനെ സേവിക്കാനുള്ള പ്രത്യാശയോടെ ഈ സമയം വരെയും അവർ അവന്റെ സേവനത്തിൽ തുടർന്നിരിക്കുന്നു.
10 യഹോവ തന്റെ വിശ്വസ്ത ദാസരെ സഹായിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നു. “അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു.” മേൽ പരാമർശിച്ച ആറ് കരുതലുകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് അക്ഷയമായ ശക്തിയുടെ ഈ ഉറവിൽനിന്നു നമുക്ക് ശക്തി നേടാനാകും. ഓർക്കുക: “യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും . . . അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.” (യെശ. 40:29-31) പൗലൊസ് ശക്തിക്കായി യഹോവയിൽ വളരെയേറെ ആശ്രയിച്ചിരുന്നു. നാമും അതുതന്നെ ചെയ്യേണ്ടതാണ്.