കൺവെൻഷനുകൾ—സന്തോഷിക്കാനുള്ള സമയം
1 യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകൾ വലിയ സന്തോഷത്തിന്റെ അവസരങ്ങളാണ്. നൂറിലധികം വർഷമായി ഇത്തരം കൂടിവരവുകൾ നമ്മുടെ സംഘടനയിലെ വർധനയ്ക്കു സംഭാവന ചെയ്തിരിക്കുന്നു. ചെറിയ തുടക്കം മുതൽതന്നെ നമ്മുടെ ലോകവ്യാപക വേലയുടെമേൽ യഹോവ സമൃദ്ധമായ അനുഗ്രഹങ്ങൾ ചൊരിഞ്ഞിരിക്കുന്നതായി നാം കണ്ടിരിക്കുന്നു. ആധുനിക നാളിലെ നമ്മുടെ ആദ്യ കൺവെൻഷൻ നടന്നത് 1893-ൽ ഇല്ലിനോയിസിലെ ചിക്കാഗോയിലാണ്. അന്ന് അവിടെ ഹാജരായ 360 പേരിൽ 70 പേരും യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി സ്നാപനമേറ്റു. കഴിഞ്ഞ വർഷത്തെ “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരമ്പരയിൽ ലോകമൊട്ടാകെ 94,54,055 പേർ ഹാജരായി, 1,29,367 പേർ സ്നാപനമേറ്റു. സന്തോഷത്തിനുള്ള എത്ര മഹത്തായ കാരണം!
2 ബൈബിൾ കാലങ്ങൾ മുതൽതന്നെ, ദൈവജനത്തിന്റെ കൂടിവരവുകൾ യഹോവയിൽനിന്നുള്ള മാർഗനിർദേശങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള ഒരു പ്രമുഖ മാർഗം ആയിരുന്നിട്ടുണ്ട്. എസ്രായുടെയും നെഹെമ്യാവിന്റെയും നാളിൽ ജനം “രാവിലെതുടങ്ങി ഉച്ചവരെ” ന്യായപ്രമാണത്തിന്റെ വായന ശ്രദ്ധിച്ചു. (നെഹെ. 8:2, 3) ആ അവസരത്തിൽ ന്യായപ്രമാണത്തിന്റെ മെച്ചപ്പെട്ട ഗ്രാഹ്യം ലഭിച്ചതു നിമിത്തം ജനം ‘അത്യന്തം സന്തോഷിച്ചു.’ (നെഹെ. 8:8, 12) യഹോവയിൽനിന്ന് “വിശ്വസ്തനും വിവേകിയുമായ അടിമ” മുഖാന്തരം നല്ല മാർഗനിർദേശങ്ങളും “തക്കസമയത്ത്” ആത്മീയ ആഹാരവും ലഭിക്കുന്നതിനുള്ള അവസരം കൺവെൻഷനുകൾ പ്രദാനം ചെയ്യുന്നതിനാൽ നാമും സന്തോഷിക്കുന്നു. (മത്താ. 24:45, NW) മനുഷ്യൻ “ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും” ജീവിക്കേണ്ടതാണ് എന്ന് യേശു പറഞ്ഞു. അതുകൊണ്ട് നമ്മുടെ ആത്മീയ ക്ഷേമത്തിനു കൺവെൻഷനുകൾ മർമപ്രധാനമാണ്.—മത്താ. 4:4.
3 ഹാജരാകുന്നത് ശ്രമത്തിനു തക്ക മൂല്യമുള്ളത്: നാം എല്ലാവരും ഈ വർഷത്തെ “ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ മുഴു പരിപാടിക്കും ഹാജരാകാൻ വ്യക്തിപരമായ ലക്ഷ്യം വെക്കേണ്ടതുണ്ട്. ഓരോ ദിവസവും നേരത്തേതന്നെ എത്തിച്ചേരുന്നതിനും ഉപസംഹാര പ്രാർഥനയ്ക്ക് എല്ലാവരോടുമൊപ്പം “ആമേൻ!” പറയുന്നതുവരെ അവിടെ ഉണ്ടായിരിക്കുന്നതിനും നാം ആസൂത്രണം ചെയ്യേണ്ടതുണ്ട്. അതിനായി നമ്മുടെ പട്ടികയിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടായിരിക്കാം. കൺവെൻഷനു ഹാജരാകാൻ ജോലിയിൽനിന്ന് അവധി ലഭിക്കുക ചിലപ്പോൾ പ്രയാസകരമായിരിക്കാം. സാധിച്ചാൽ പോകാം എന്നു വിചാരിക്കാതെ ഹാജരാകുന്നതിനായി നാം ഉറച്ച നിലപാടു സ്വീകരിക്കേണ്ടതുണ്ട്. താമസത്തിനും യാത്രയ്ക്കുമുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ടെങ്കിൽ നേരത്തേ തന്നെ അവ ചെയ്യുക. നാം ചെയ്യുന്ന ഏതു ശ്രമവും തക്ക മൂല്യമുള്ളത് ആയിരിക്കും!
4 യഹോവയുടെ ജനം കൺവെൻഷനു ഹാജരാകുന്നതിന്റെ അനുഗ്രഹങ്ങൾ രൂപ-പൈസ കണക്കിലല്ല അളക്കുന്നത്. 1958-ൽ ന്യൂയോർക്ക് സിറ്റിയിൽ നടന്ന, യഹോവയുടെ സാക്ഷികളുടെ ‘ദിവ്യഹിത’ അന്താരാഷ്ട്ര സമ്മേളനത്തിൽ ഹാജരാകുന്നതിനു ദൃഢനിശ്ചയം ചെയ്ത ചിലരുടെ ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക. സമ്മേളനത്തിൽ സഹായിക്കുന്നതിനും ഹാജരാകുന്നതിനുമായി ഒരു സഹോദരൻ രണ്ടാഴ്ചത്തേക്ക് തന്റെ കൺസ്ട്രക്ഷൻ ബിസിനസ്സ് നിറുത്തിവെച്ചു. വെർജിൻ ദ്വീപുകളിൽനിന്നുള്ള ഒരു സഹോദരൻ ആറു പേരടങ്ങുന്ന തന്റെ മുഴു കുടുംബത്തിനും ഹാജരാകാൻ കഴിയേണ്ടതിന് അഞ്ച് ഏക്കർ സ്ഥലം വിറ്റു. ഒരു യുവ ദമ്പതികൾ, രണ്ടു മാസത്തിനും ഏഴു വയസ്സിനും ഇടയ്ക്കു പ്രായമുള്ള മൂന്നു കുട്ടികളെയുംകൂടി സമ്മേളനത്തിനു കൊണ്ടുപോകാൻ കഴിയേണ്ടതിന് തങ്ങളുടെ മോട്ടോർ ബോട്ട് വിറ്റു. കാലിഫോർണിയയിൽ നിന്നുള്ള മൂന്നു ജഡിക സഹോദരന്മാരോട്, ജോലിക്കു ഹാജരാകാതിരുന്നാൽ മടങ്ങി വരുമ്പോൾ ജോലി നഷ്ടപ്പെട്ടിരിക്കും എന്നു പറഞ്ഞു. എന്നാൽ അതൊന്നും ആ അവിസ്മരണീയ സമ്മേളനത്തിനു പോകുന്നതിൽനിന്ന് അവരെ തടഞ്ഞില്ല.
5 നമ്മുടെ ആത്മാർഥ ശ്രമത്തിന് യഹോവ പ്രതിഫലം നൽകുന്നു: യഹോവ തന്റെ ജനത്തിന്റെ ശ്രമങ്ങൾ കാണുകയും അവയെ അനുഗ്രഹിക്കുകയും ചെയ്യുന്നു. (എബ്രാ. 6:10) ഉദാഹരണത്തിന്, 1950-ലെ ‘ദിവ്യാധിപത്യ വർധന’ സമ്മേളനത്തിൽ ഹാജരായവർക്ക്, ഒരു നാഴികക്കല്ലായിരുന്ന “പുതിയ വ്യവസ്ഥിതി” എന്ന പ്രസംഗം കേൾക്കാൻ കഴിഞ്ഞു. ആ പ്രസംഗം നടത്തിയ ഫ്രഡറിക് ഫ്രാൻസ് സഹോദരന്റെ പിൻവരുന്ന ചോദ്യം എല്ലാവരുടെയും ജിജ്ഞാസയെ ഉണർത്തി: “ഈ അന്താരാഷ്ട്ര സമ്മേളനത്തിനായി, ഈ സായാഹ്നത്തിൽ ഇവിടെ കൂടിവന്നിരിക്കുന്ന നമ്മുടെ ഇടയിൽ പുതിയ ഭൂമിയുടെ ഭാവി പ്രഭുക്കന്മാരായ ഒട്ടേറെ പേർ ഉണ്ട് എന്നറിയുന്നതിൽ നിങ്ങൾ സന്തുഷ്ടരല്ലേ?” സങ്കീർത്തനം 45:16-നെ സംബന്ധിച്ച വ്യക്തമാക്കപ്പെട്ട ഈ ഗ്രാഹ്യത്തിൽ 50 വർഷത്തിനു ശേഷം ഇപ്പോഴും നാം സന്തോഷിക്കുന്നു.
6 കഴിഞ്ഞ വർഷത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷനു ഹാജരായ ശേഷം ഒരു കുടുംബനാഥൻ വിലമതിപ്പോടെ പിൻവരുന്ന പ്രകാരം എഴുതി: “സഹോദരന്മാരേ, ഈ കൺവെൻഷൻ എത്ര ജീവരക്ഷാകരമായിരുന്നെന്ന് നിങ്ങൾക്ക് അറിയില്ല. തൊഴിൽപരമായ കാരണങ്ങളാൽ എന്റെ കുടുംബം നഗരത്തിലേക്കു താമസം മാറി. അതോടെ ഞങ്ങളുടെ ആത്മീയതയ്ക്കു വല്ലാത്ത ഉലച്ചിൽ തട്ടി. . . . ഞങ്ങൾ ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ അവഗണിച്ചു. യോഗങ്ങൾക്കു ഹാജരാകുന്നതും സേവനത്തിൽ പങ്കെടുക്കുന്നതും പോലും ഞങ്ങൾ പാടേ നിറുത്തിക്കളഞ്ഞു. . . . ഈ കൺവെൻഷൻ ഞങ്ങൾക്ക് പുത്തൻ ഉണർവു നൽകിയിരിക്കുന്നു, ഞങ്ങൾ ആത്മീയ ലക്ഷ്യങ്ങൾ വെക്കാൻ തുടങ്ങി, അവയിൽ എത്തിച്ചേരുന്നതിനു കാര്യങ്ങൾ ക്രമീകരിച്ചുവരുന്നു.”
7 നമുക്ക് ആവശ്യമായ ആത്മീയ ആഹാരം യഹോവ പ്രദാനം ചെയ്യുന്നു. കൺവെൻഷനുകളിൽ വിഭവ സമൃദ്ധമായ സദ്യ അവൻ നമുക്കായി ഒരുക്കുന്നു. ഈ ക്രമീകരണത്തോടുള്ള നമ്മുടെ വിലമതിപ്പ്, കൊർന്നേല്യൊസിനെ പോലെ പറയാൻ നമ്മെയും പ്രാപ്തരാക്കേണ്ടതാണ്. അപ്പൊസ്തലനായ പത്രൊസ് സന്ദർശിച്ചപ്പോൾ അവൻ പറഞ്ഞു: “കർത്താവു നിന്നോടു കല്പിച്ചതൊക്കെയും കേൾപ്പാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു.” (പ്രവൃ. 10:33) ഈ വർഷത്തെ “ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ മുഴു പരിപാടിക്കുമായി “ദൈവത്തിന്റെ മുമ്പാകെ കൂടി”വരുന്നതിനും അതിൽ സന്തോഷിക്കുന്നതിനും നമുക്കു ലക്ഷ്യംവെക്കാം!