വിദ്യാർഥിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുക
1 സ്വർഗാരോഹണത്തിനു മുമ്പ് യേശു തന്റെ ശിഷ്യന്മാരോട് താൻ കൽപ്പിച്ചത് ഒക്കെയും “പ്രമാണിപ്പാൻ” തക്കവണ്ണം അതു മറ്റുള്ളവരെ പഠിപ്പിക്കാൻ പറയുകയുണ്ടായി. (മത്താ. 28:19, 20) ക്രിസ്തുവിന്റെ കൽപ്പനകൾ “പ്രമാണിപ്പാൻ” ഒരു വ്യക്തിക്കു കഴിയണമെങ്കിൽ, പഠിക്കുന്ന വിവരങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലണം. (സങ്കീ. 119:112) നിങ്ങൾ ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിയുടെ ഹൃദയത്തെ നിങ്ങൾക്ക് എങ്ങനെ പ്രചോദിപ്പിക്കാനാകും?
2 യഹോവയുടെ മാർഗനിർദേശത്തിനായി പ്രാർഥിക്കുക: ശിഷ്യരെ ഉളവാക്കുക എന്നത് ദൈവത്തിന്റെ വേലയാണ്. വിജയത്തിന് അനിവാര്യം അവന്റെ അനുഗ്രഹമാണ്, നമ്മുടെ കഴിവുകളല്ല. (പ്രവൃ. 16:14; 1 കൊരി. 3:7) ആയതിനാൽ, മറ്റുള്ളവരെ സത്യം പഠിപ്പിക്കാൻ യഹോവയുടെ സഹായത്തിനായി പ്രാർഥിക്കുന്നതു മർമപ്രധാനമാണ്.—യെശ. 50:4, NW.
3 വിദ്യാർഥി വിശ്വസിക്കുന്നത് വിവേചിച്ചറിയുക: ആളുകൾ എന്തു വിശ്വസിക്കുന്നു, അവർ എന്തുകൊണ്ട് അതു വിശ്വസിക്കുന്നു എന്നൊക്കെ മനസ്സിലാക്കുന്നത് അവരുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ എന്തു പറയണം എന്നതു സംബന്ധിച്ച് നമുക്ക് ഉൾക്കാഴ്ച നൽകും. ഒരു പ്രത്യേക പഠിപ്പിക്കൽ ആകർഷകമെന്ന് ഒരു വിദ്യാർഥി കണ്ടെത്തുന്നത് എന്തുകൊണ്ട്? അതു വിശ്വാസയോഗ്യമാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത് എന്താണ്? അത്തരം അറിവുണ്ടായിരിക്കുന്നത് വിവേചനയോടെ സംസാരിക്കാൻ നമ്മെ സഹായിക്കും.—പ്രവൃ. 17:22, 23.
4 യുക്തിസഹവും തിരുവെഴുത്തുപരവുമായ വാദഗതി വികസിപ്പിക്കുക: വിദ്യാർഥിക്കു സത്യം ബോധ്യപ്പെടണം. (പ്രവൃ. 17:24-31) നമ്മുടെ പ്രത്യാശയ്ക്ക് നാം ഈടുറ്റ കാരണം നൽകേണ്ടതുണ്ട്. (1 പത്രൊ. 3:15) എന്നാൽ എല്ലായ്പോഴും ദയയോടും ക്ഷമയോടും കൂടെ അങ്ങനെ ചെയ്യുക.
5 ദൃഷ്ടാന്തങ്ങൾകൊണ്ട് നമ്മുടെ പഠിപ്പിക്കലിനെ പിന്താങ്ങുക: ദൃഷ്ടാന്തങ്ങൾ കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുന്നതിനു പുറമേ മനസ്സിലേക്കും ഹൃദയത്തിലേക്കും ഇറങ്ങിച്ചെന്നുകൊണ്ട് വികാരങ്ങളെ ഉണർത്തുകയും ചെയ്യുന്നു. യേശു പലപ്പോഴും അവ ഉപയോഗിച്ചു. (മർക്കൊ. 4:33, 34) തീർച്ചയായും, ഉപയോഗിക്കുന്ന ദൃഷ്ടാന്തം ഫലപ്രദമായിരിക്കണമെങ്കിൽ അത് ചർച്ച ചെയ്യുന്ന ആശയത്തോടു യോജിച്ചത് ആയിരിക്കണം. അതിനു വിദ്യാർഥിയുടെ ജീവിതത്തോടു ബന്ധമുണ്ടായിരിക്കണം.
6 സത്യം സ്വീകരിക്കുന്നതിന്റെ പ്രയോജനങ്ങൾ കാണിച്ചുകൊടുക്കുക: തങ്ങൾ പഠിക്കുന്നതു ബാധകമാക്കുന്നതിന്റെ പ്രയോജനങ്ങൾ അറിയാൻ ആളുകൾ ആഗ്രഹിക്കുന്നു. 2 തിമൊഥെയൊസ് 3:14-17-ലെ പൗലൊസിന്റെ വാക്കുകളിലെ ജ്ഞാനം കാണാൻ വിദ്യാർഥിയെ സഹായിക്കുക.
7 നിങ്ങളുടെ പഠിപ്പിക്കലിനോടു ചിലർ പ്രതികരിക്കുന്നില്ലെങ്കിൽ, നിരുത്സാഹപ്പെടരുത്. എല്ലാ ഹൃദയങ്ങളും സ്വീകാര്യക്ഷമമല്ല. (മത്താ. 13:14) എന്നിരുന്നാലും, ചില വ്യക്തികൾ വിശ്വാസികൾ ആയിത്തീരുകതന്നെ ചെയ്യുന്നു. (പ്രവൃ. 17:32-34) സുവാർത്തയുമായി ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള നിങ്ങളുടെ ശ്രമങ്ങൾ, യേശു കൽപ്പിച്ചത് സ്വീകരിക്കാനും ‘പ്രമാണിപ്പാനും’ കൂടുതൽ പേരെ സഹായിക്കുമാറാകട്ടെ.