സാക്ഷ്യം നൽകുന്ന വീഡിയോകളുടെ പ്രഭാവം
1 “ഞങ്ങളുടെ മകൻ നടക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ ആ വീഡിയോ കണ്ടുതുടങ്ങി. അവൻ വീണ്ടും വീണ്ടും അതു കാണുന്നു. നമ്മുടെ കുട്ടികളിൽ യഹോവയോടുള്ള സ്നേഹം ഉൾനടുന്ന ഉപകരണങ്ങൾ ഉള്ളത് എത്ര മഹത്താണ്!” ഏതു വീഡിയോയെ കുറിച്ചാണ് ഈ ക്രിസ്തീയ മാതാവ് വർണിച്ചത്? നോഹ—അവൻ ദൈവത്തോടൊത്തു നടന്നു (ഇംഗ്ലീഷ്) എന്ന വീഡിയോയെ കുറിച്ച്. സാക്ഷിയല്ലാത്ത ഒരു മാതാവ്, തന്റെ മകൻ മറ്റൊരാളുടെ വീട്ടിൽവെച്ച് നോഹ വീഡിയോ കണ്ടതിനെ തുടർന്ന്, ബ്രാഞ്ച് ഓഫീസിന് 4,000-ത്തിലധികം രൂപ സംഭാവന നൽകി. മാത്രമല്ല, കുട്ടികൾക്കായി വേറെ വീഡിയോകളുണ്ടോ എന്നു ചോദിക്കുകയും ചെയ്തു. യഹോവയുടെ സംഘടന നിർമിച്ചിരിക്കുന്ന വീഡിയോകൾക്ക് പ്രായഭേദമന്യേ എല്ലാവരുടെയും മേൽ ശക്തമായ ഒരു പ്രഭാവമുണ്ട്.
2 കുടുംബത്തിൽ: ഒരു സാക്ഷി കുടുംബം യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു (ഇംഗ്ലീഷ്) എന്ന വീഡിയോ കണ്ടശേഷം മാതാവ് ഇങ്ങനെ വിവരിച്ചു: “അസാധാരണ സംഗതികൾ സഹിച്ചുനിൽക്കാൻ സാധാരണക്കാരായ ആളുകളെ യഹോവ എങ്ങനെ പ്രാപ്തരാക്കി എന്ന് ഞാൻ ആ ദിവസം മുഴുവൻ ചിന്തിക്കുകയുണ്ടായി! എന്റെ പ്രശ്നങ്ങൾ അവയോടുള്ള താരതമ്യത്തിൽ എത്ര നിസ്സാരമാണെന്ന് അത് എന്നെ ഓർമിപ്പിച്ചു. ഞങ്ങളുടെ കുട്ടികളോടൊത്ത് ഈ വീഡിയോ കണ്ടത്, യഹോവയിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ അവരെ സഹായിച്ചിരിക്കുന്നു. പിന്നീട് അവരുമായി അതേക്കുറിച്ചു ചർച്ച ചെയ്തതിലൂടെ, എന്തൊക്കെ സമ്മർദങ്ങളും പീഡനങ്ങളും ഉണ്ടായാലും അവയെയൊക്കെ നേരിടുന്നതിന് ഏറെ സജ്ജരായിരിക്കാൻ ഞങ്ങളുടെ പെൺമക്കളെ സഹായിക്കുന്നതിനു ഞങ്ങൾക്കു കഴിഞ്ഞു.”
3 സ്കൂളിൽ: ഒരു റിപ്പോർട്ടിന്റെ ഭാഗമായി, ഉറച്ചുനിൽക്കുന്നു വീഡിയോയുടെ ഒരു ഭാഗം തന്റെ ക്ലാസ്സിൽ കാണിക്കാൻ ഒരു യുവ സാക്ഷിക്കു കഴിഞ്ഞു. തനിക്കു സാക്ഷികളെ ഇഷ്ടമല്ലെന്ന് അധ്യാപിക മുമ്പ് അവനോടു പറഞ്ഞിരുന്നു. വീഡിയോ കണ്ടശേഷം അവർ ഇപ്രകാരം പ്രസ്താവിച്ചു: “ഇത് യഹോവയുടെ സാക്ഷികളെ കുറിച്ചുള്ള എന്റെ വീക്ഷണത്തിനു പാടേ മാറ്റം വരുത്തിയിരിക്കുന്നു. അടുത്ത പ്രാവശ്യം അവർ വീട്ടിൽ വരുമ്പോൾ, അവർ പറയുന്നതു ശ്രദ്ധിക്കുകയും അവരോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്യുമെന്നു ഞാൻ വാക്കു തരുന്നു!” നമ്മെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിനു മാറ്റം വരുത്തിയത് എന്തായിരുന്നു? നമ്മുടെ “യഥാർഥ സ്നേഹവും വിശ്വസ്തതയും” ആയിരുന്നു എന്ന് അവർ പറഞ്ഞു.
4 ശുശ്രൂഷയിൽ: നമ്മെയും നമ്മുടെ വിശ്വാസങ്ങളെയും കുറിച്ചു ചോദ്യങ്ങൾ ഉണ്ടായിരുന്ന, അതേസമയം നമ്മുടെ സാഹിത്യങ്ങൾ എടുക്കാൻ വിസമ്മതിച്ച ഒരു സ്ത്രീയെ ഒരു സഹോദരി കണ്ടുമുട്ടി. സഹോദരി യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം (ഇംഗ്ലീഷ്) എന്ന വീഡിയോയുമായി മടങ്ങിച്ചെന്ന് അത് ആ സ്ത്രീയെയും ഭർത്താവിനെയും കാണിച്ചു. അത് അവരിൽ വലിയ മതിപ്പ് ഉളവാക്കി, അവർ ബൈബിൾ പഠിക്കാൻ സമ്മതിച്ചു. ഒരു നല്ല സാക്ഷ്യം നൽകിയതിന്റെ ഫലമായി, അവർ തങ്ങളുടെ ജീവിതത്തെ ദൈവഹിതത്തിനു ചേർച്ചയിലാക്കാൻ തുടങ്ങി.
5 നമ്മുടെ വീഡിയോകൾ നിങ്ങൾ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുവോ?