പ്രസംഗിക്കുന്നതിൽ തുടരേണ്ടത് എന്തുകൊണ്ട്?
1 നിങ്ങളുടെ പ്രദേശത്ത് രാജ്യപ്രസംഗ വേല തുടങ്ങിയിട്ടു വളരെ കാലമായോ? (മത്താ. 24:14) എങ്കിൽ, സഭയുടെ പ്രദേശം വേണ്ടത്ര പ്രവർത്തിച്ചു തീർത്തിട്ടുണ്ടെന്നു നിങ്ങൾക്കു തോന്നിയേക്കാം. നിങ്ങൾ പ്രസംഗിക്കവേ, കണ്ടുമുട്ടുന്ന മിക്കവരും രാജ്യ സന്ദേശത്തോടു നിസ്സംഗത പ്രകടമാക്കുന്നതായി കാണപ്പെട്ടേക്കാം. എന്നിരുന്നാലും, യേശുവിന്റെ യഥാർഥ ശിഷ്യന്മാരെ കുറിച്ച് യെശയ്യാ പ്രവചനം 2-ാം വാല്യത്തിന്റെ 141-ാം പേജിൽ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക: “ചിലയിടങ്ങളിൽ ശുശ്രൂഷയിൽ ചെലവഴിക്കുന്ന സമയത്തോടും ശ്രമത്തോടും ഉള്ള താരതമ്യത്തിൽ ഫലം തീരെ കുറവാണെന്നു കാണപ്പെട്ടേക്കാം. എങ്കിലും, . . . അവർ സഹിച്ചുനിൽക്കുന്നു.” എന്നാൽ എന്തുകൊണ്ടാണു പ്രസംഗിക്കുന്നതിൽ തുടരേണ്ടത്?
2 യിരെമ്യാവിനെ ഓർക്കുക: പ്രസംഗ വേലയിൽ നാം സഹിച്ചുനിൽക്കുന്നത് ആളുകൾ നമ്മെ ശ്രദ്ധിക്കുന്നുവോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കരുത്. യിരെമ്യാവിന്റെ കാര്യമെടുക്കുക. വളരെ കുറച്ചു പേർ മാത്രം ശ്രദ്ധിക്കുകയും അനേകർ സന്ദേശത്തെ എതിർക്കുകയും ചെയ്തെങ്കിലും, അവൻ ഒരേ പ്രദേശത്തുതന്നെ 40 വർഷം പ്രസംഗിച്ചു. അവൻ എന്തുകൊണ്ടാണു സ്ഥിരോത്സാഹം കാട്ടിയത്? കാരണം ദൈവം അവനോടു ചെയ്യാൻ കൽപ്പിച്ച ഒരു വേലയാണ് അവൻ ചെയ്തുകൊണ്ടിരുന്നത്. കൂടാതെ, ഭാവിയിൽ എന്തു സംഭവിക്കാൻ പോകുന്നു എന്നതു സംബന്ധിച്ച അറിവ് ധൈര്യത്തോടെ പ്രസംഗിക്കുന്നതിൽ തുടരാൻ അവനെ നിർബന്ധിക്കുകയും ചെയ്തു.—യിരെ. 1:17; 20:9.
3 നമ്മുടെ സാഹചര്യവും സമാനമാണ്. “ജീവികൾക്കും [“ജീവിച്ചിരിക്കുന്നവർക്കും,” NW] മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ” യേശു നമ്മോടു കൽപ്പിച്ചിരിക്കുന്നു. (പ്രവൃ. 10:42) നാം വഹിക്കുന്ന സന്ദേശം, അത് കേൾക്കുന്നവർക്ക് ഒന്നുകിൽ ജീവനെ അല്ലെങ്കിൽ മരണത്തെ അർഥമാക്കുന്നു. സുവാർത്തയോടുള്ള പ്രതികരണം അനുസരിച്ചാണ് ആളുകൾ ന്യായം വിധിക്കപ്പെടുക. ആയതിനാൽ, നമ്മുടെ ഉത്തരവാദിത്വം നമ്മോടു കൽപ്പിച്ചിരിക്കുന്നതു പോലെതന്നെ ചെയ്യുക എന്നതാണ്. ആളുകൾ ശ്രദ്ധിക്കാൻ കൂട്ടാക്കാത്തപ്പോൾ പോലും അങ്ങനെ ചെയ്യുന്നതിലൂടെ അവരോടുള്ള നമ്മുടെ സ്നേഹവും നാം ചെയ്യേണ്ടതു ചെയ്യുന്നതിൽ സ്ഥിരോത്സാഹം കാട്ടുകവഴി യഹോവയോടുള്ള നമ്മുടെ ഭക്തിയും എത്രമാത്രം ആഴത്തിലുള്ളതാണെന്നു പ്രകടമാക്കാനുള്ള അവസരം നമുക്കു ലഭിക്കുന്നു. എന്നാൽ അതുകൊണ്ടു തീർന്നില്ല.
4 നാം പ്രയോജനം നേടുന്നു: പ്രദേശത്തെ ആളുകളുടെ പ്രതികരണം ഗണ്യമാക്കാതെ ദൈവേഷ്ടം ചെയ്യുന്നത്, നമുക്ക് ആന്തരിക സമാധാനവും സംതൃപ്തിയും സന്തുഷ്ടിയും നൽകുന്നു. മറ്റു യാതൊരു വിധത്തിലും നമുക്ക് അവ കണ്ടെത്താനാവില്ല. (സങ്കീ. 40:8) നമ്മുടെ ജീവിതത്തിന് യഥാർഥ അർഥവും ഉദ്ദേശ്യവും കൈവരുന്നു. നാം ശുശ്രൂഷയിൽ എത്രയധികം പങ്കുപറ്റുന്നുവോ, അത്രയധികമായി ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കുന്നതിന്റെ പ്രത്യാശയിലും സന്തോഷത്തിലും നമ്മുടെ ഹൃദയവും മനസ്സും കേന്ദ്രീകൃതമാകും. ഈ തിരുവെഴുത്തു വാഗ്ദാനങ്ങളിൽ മുഴുകുന്നത് നമ്മുടെ ആത്മീയത വർധിപ്പിക്കുകയും യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ബലിഷ്ഠമാക്കുകയും ചെയ്യുന്നു.
5 നമ്മുടെ പ്രസംഗ പ്രവർത്തനത്തിന് സത്വര ഫലങ്ങൾ ലഭിക്കുന്നതായി നാം കാണുന്നില്ലെങ്കിലും, സത്യത്തിന്റെ വിത്ത് ഒരു വ്യക്തിയുടെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടിരിക്കാം; യഹോവയുടെ തക്കസമയത്ത് അതു പൊട്ടിമുളയ്ക്കും. (യോഹ. 6:44; 1 കൊരി. 3:6) യഹോവയുടെ ജനത്തിന്റെ ശ്രമഫലമായി പ്രാദേശികമായോ ലോകവ്യാപകമായോ ഇനിയും എത്ര പേർ കൂടെ രാജ്യത്തെ കുറിച്ചു പഠിക്കുമെന്നു നമ്മിലാർക്കും അറിയില്ല.
6 യേശുവിന്റെ പിൻവരുന്ന പ്രബോധനത്തിന് എന്നത്തേതിലും അടിയന്തിരതയോടെ നാം ചെവികൊടുക്കേണ്ടതുണ്ട്: “ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ. ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.” (മർക്കൊ. 13:33, 37) അതുകൊണ്ട് യഹോവയുടെ ഉന്നതമായ പരിശുദ്ധനാമത്തെ വിശുദ്ധീകരിക്കുന്നതിൽ പങ്കുപറ്റവേ അവന്റെ ഹൃദയത്തെ സന്തോഷിപ്പിച്ചുകൊണ്ട്, രാജ്യസുവാർത്ത ഘോഷിക്കുന്നതിൽ നമുക്കെല്ലാം തുടരാം.