വിശ്വാസം നമ്മെ സത്പ്രവൃത്തികൾക്കു പ്രേരിപ്പിക്കുന്നു
1 നോഹ, മോശെ, രാഹാബ് എന്നിവരെ പ്രവർത്തനത്തിനു പ്രേരിപ്പിച്ചതു വിശ്വാസമാണ്. നോഹ പെട്ടകം പണിതു. മോശെ ഫറവോന്റെ രാജകൊട്ടാരത്തിലെ താത്കാലിക ജീവിതസുഖങ്ങൾ ഉപേക്ഷിച്ചു. രാഹാബ് ഒറ്റുകാരെ ഒളിപ്പിക്കുകയും അവരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്തു, അത് അവളുടെ കുടുംബത്തിന്റെ രക്ഷയിൽ കലാശിച്ചു. (എബ്രാ. 11:7, 24-26, 31) ഇന്ന് ഏതെല്ലാം സത്പ്രവൃത്തികൾക്കാണു വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നത്?
2 സാക്ഷീകരണം: അത്ഭുതവാനായ നമ്മുടെ ദൈവത്തെയും നിത്യ സന്തുഷ്ടിക്കുവേണ്ടി അവൻ ചെയ്തിരിക്കുന്ന കരുതലുകളെയും കുറിച്ചു മറ്റുള്ളവരോടു പറയാൻ വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നു. (2 കൊരി. 4:13) ചിലപ്പോൾ, സാക്ഷ്യം നൽകാൻ നമുക്കു മടി തോന്നിയേക്കാം. എന്നാൽ, ‘എപ്പോഴും യഹോവയെ നമ്മുടെ മുമ്പിൽ’ വെക്കുമ്പോൾ നമുക്കു ശക്തി ലഭിക്കുകയും ഭയം ക്രമേണ ഇല്ലാതാകുകയും ചെയ്യുന്നു. (സങ്കീ. 16:8) അങ്ങനെ, ബന്ധുക്കളുമായും അയൽക്കാരുമായും സഹപാഠികളുമായും മറ്റുള്ളവരുമായും ഉചിതമായ എല്ലാ അവസരങ്ങളിലും സുവാർത്ത പങ്കുവെക്കാൻ വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നു.—റോമ. 1:14-16.
3 കൂടിവരവുകൾ: വിശ്വാസത്തിൽനിന്ന് ഉളവാകുന്ന മറ്റൊരു സത്പ്രവൃത്തിയാണ് മുടങ്ങാതെ യോഗങ്ങൾക്കു ഹാജരാകുന്നത്. അതെങ്ങനെ? നാം ക്രിസ്തീയ യോഗങ്ങൾക്കു കൂടിവരുമ്പോൾ, ദൈവത്തിന്റെ പരിശുദ്ധാത്മാവു മുഖാന്തരം യേശുക്രിസ്തു നമ്മോടൊപ്പം സന്നിഹിതനാണ് എന്ന നമ്മുടെ ബോധ്യത്തെ അതു വെളിവാക്കുന്നു. (മത്താ. 18:20) ‘ആത്മാവ് സഭകളോടു പറയുന്നത് കേൾക്കാനുള്ള’ നമ്മുടെ ആഗ്രഹത്തെ അതു പ്രകടമാക്കുന്നു. (വെളി. 3:6) നമുക്കു ലഭിക്കുന്ന പ്രബോധനം നാം ഗൗരവത്തോടെ സ്വീകരിക്കുന്നു. കാരണം, നമ്മെ പഠിപ്പിക്കുന്നവൻ നമ്മുടെ മഹാ ഉപദേഷ്ടാവായ യഹോവ ആണെന്ന് വിശ്വാസനേത്രങ്ങളാൽ നാം കാണുന്നു.—യെശ. 30:20.
4 നാം നടത്തുന്ന തിരഞ്ഞെടുപ്പുകൾ: കാണപ്പെടാത്ത യാഥാർഥ്യങ്ങളെ കുറിച്ചുള്ള ഉത്തമ ബോധ്യം, ജീവിതത്തിൽ ആത്മീയ കാര്യങ്ങൾക്കു പ്രഥമ സ്ഥാനം നൽകാൻ നമ്മെ പ്രേരിപ്പിക്കുന്നു. (എബ്രാ. 11:1) ഭൗതികമായ ത്യാഗങ്ങൾ ചെയ്യുന്നത് മിക്കപ്പോഴും അതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഒരു മൂപ്പൻ നല്ല വരുമാനമുള്ള ഒരു ജോലിക്ക് അവസരം ലഭിച്ചിട്ടും അതു തള്ളിക്കളഞ്ഞു. കാരണം, അദ്ദേഹം അതു സ്വീകരിച്ചാൽ യോഗങ്ങൾ മുടക്കുകയും കുടുംബത്തിൽനിന്ന് അകലെ ആയിരിക്കുകയും പയനിയറിങ് ഉപേക്ഷിക്കുകയും ചെയ്യേണ്ടി വരുമായിരുന്നു. സമാനമായി നമുക്കും “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷി”ക്കുന്നവർക്കായി യഹോവ കരുതുമെന്ന ബൈബിളിന്റെ ഉറപ്പിൽ പൂർണ വിശ്വാസം അർപ്പിക്കാം.—മത്താ. 6:33.
5 നമ്മുടെ ജീവിതത്തിൽ വിശ്വാസം ചെലുത്തുന്ന ശക്തമായ സ്വാധീനത്തെ മറ്റുള്ളവർ ശ്രദ്ധിക്കാതെ പോകുന്നില്ല. വാസ്തവത്തിൽ, നമ്മുടെ വിശ്വാസം ലോകമെമ്പാടും അറിയപ്പെടുന്നതാണ്. (റോമ. 1:8) അതുകൊണ്ട്, നമ്മുടെ വിശ്വാസം ജീവനുള്ളതാണെന്ന് സത്പ്രവൃത്തികളിലൂടെ നമുക്കേവർക്കും പ്രകടമാക്കാം.—യാക്കോ. 2:26.