യഹോവയെ മഹത്ത്വപ്പെടുത്താൻ മറ്റുള്ളവരെ സഹായിക്കൽ
1 ഭൂമിയിലെമ്പാടുമുള്ള ആളുകളോട് ജീവത്പ്രധാനമായ ഒരു സന്ദേശം ഘോഷിക്കപ്പെടുകയാണ്: “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ.” (വെളി. 14:6, 7) ആ ഘോഷണത്തിൽ പങ്കെടുക്കാനുള്ള മഹത്തായ പദവി നമുക്കുണ്ട്. യഹോവയെ ഭയപ്പെട്ട് അവനെ ആരാധിക്കുന്നതിന് ആളുകൾ അവനെ സംബന്ധിച്ച് എന്ത് അറിയേണ്ടതുണ്ട്?
2 അവന്റെ നാമം: ഇന്ന് ആരാധിക്കപ്പെടുന്ന അനേകം വ്യാജ ദൈവങ്ങളിൽനിന്ന് ഏക സത്യദൈവത്തെ അവർ പേരിനാൽ വേർതിരിച്ചറിയേണ്ടതുണ്ട്. (ആവ. 4:35; 1 കൊരി. 8:5, 6) വാസ്തവത്തിൽ, ബൈബിൾ എഴുത്തുകാർ യഹോവയുടെ ശ്രേഷ്ഠ നാമം 7,000-ത്തിലധികം പ്രാവശ്യം ഉപയോഗിക്കുകയുണ്ടായി. ദൈവനാമത്തെ കുറിച്ച് ആളുകളോട് എപ്പോൾ പറയണം എന്ന കാര്യത്തിൽ നാം വിവേചനയുള്ളവർ ആയിരിക്കണമെങ്കിലും, നാം അതു മറച്ചുവെക്കുകയോ അത് ഉപയോഗിക്കുന്നതു സംബന്ധിച്ചു ലജ്ജിക്കുകയോ ചെയ്യരുത്. മുഴു മനുഷ്യവർഗവും തന്റെ നാമം അറിയണം എന്നതാണ് ദൈവത്തിന്റെ ഇഷ്ടം.—സങ്കീ. 83:18.
3 അവന്റെ വ്യക്തിത്വം: ആളുകൾ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിന് അവൻ എങ്ങനെയുള്ള ദൈവമാണെന്ന് അവർ അറിയേണ്ടതുണ്ട്. അവന്റെ അതിവിശിഷ്ട ഗുണമായ സ്നേഹം, അതിശ്രേഷ്ഠ ജ്ഞാനം, സമ്പൂർണ നീതി, അത്യന്ത ശക്തി എന്നിവയോടൊപ്പം കരുണ, സ്നേഹദയ അതുപോലെതന്നെ അവന്റെ മഹത്തായ മറ്റു ഗുണങ്ങൾ എന്നിവയെ കുറിച്ചെല്ലാം നാം അവരെ പരിചിതരാക്കേണ്ടതുണ്ട്. (പുറ. 34:6, 7) കൂടാതെ, തങ്ങളുടെ ജീവൻ യഹോവയുടെ അംഗീകാരം ഉണ്ടായിരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നു തിരിച്ചറിഞ്ഞുകൊണ്ട് ആരോഗ്യാവഹമായ ദൈവഭയം ഉണ്ടായിരിക്കാനും അവനെ വിസ്മയാദരവോടെ വീക്ഷിക്കാനും അവർ പഠിക്കേണ്ടതുണ്ട്.—സങ്കീ. 89:7, NW.
4 ദൈവത്തോട് അടുത്തു ചെല്ലൽ: ആസന്നമായ ദിവ്യന്യായവിധിയിൽ സംരക്ഷിക്കപ്പെടുന്നതിന് ആളുകൾ വിശ്വാസത്തോടെ ദൈവനാമം വിളിച്ചപേക്ഷിക്കേണ്ടതുണ്ട്. (റോമ. 10:13, 14; 2 തെസ്സ. 1:8) അതിൽ ദൈവനാമത്തെയും അവന്റെ ഗുണങ്ങളെയും കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നു. യഹോവയുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കാനും മുഴു ഹൃദയത്തോടെ അവനെ ആശ്രയിക്കാനും നാം ആളുകളെ സഹായിക്കേണ്ടതുണ്ട്. (സദൃ. 3:5, 6) പഠിക്കുന്നത് ബാധകമാക്കുകയും ആത്മാർഥമായ പ്രാർഥനയിൽ ദൈവത്തെ സമീപിക്കുകയും അവന്റെ സഹായം അനുഭവിച്ചറിയുകയും ചെയ്യുമ്പോൾ അവരുടെ വിശ്വാസം വർധിക്കും, അതു യഹോവയോട് അടുത്തു ചെല്ലാൻ അവരെ സഹായിക്കും.—സങ്കീ. 34:8.
5 നമുക്ക് ഉത്സാഹപൂർവം ദൈവനാമം ഘോഷിക്കുകയും അവനിൽ പൂർണ ആശ്രയം വെക്കാനും അവനെ ഭയപ്പെടാനും ആളുകളെ സഹായിക്കുകയും ചെയ്യാം. യഹോവയെ അറിയാനും തങ്ങളുടെ “രക്ഷയുടെ ദൈവ”മെന്ന നിലയിൽ അവനെ മഹത്ത്വപ്പെടുത്താനും അനേകരെകൂടി സഹായിക്കാൻ നമുക്കു കഴിഞ്ഞേക്കും.—സങ്കീ. 25:5.