തൊഴിൽ വിരാമം—വർധിച്ച പ്രവർത്തനത്തിലേക്കുള്ള ഒരു വാതിലോ?
1 കഠിനാധ്വാനം ചെയ്യുന്ന അനേകർ ലൗകിക ജോലിയിൽനിന്നു വിരമിച്ച് തൊഴിൽക്ലേശത്തിൽനിന്നും സമ്മർദങ്ങളിൽനിന്നും സ്വതന്ത്രരാകുന്ന ഒരു കാലത്തിനായി വാഞ്ഛിക്കുന്നു. എന്നിരുന്നാലും, തൊഴിൽ വിരാമം മിക്കപ്പോഴും വിരക്തി, വിരസത, അകാല വാർധക്യം എന്നിവയ്ക്ക് ഇടയാക്കുന്നു. ഉദ്ദേശ്യപൂർണമായ പ്രവർത്തനങ്ങൾ ഇല്ലാതെ വരുമ്പോൾ ഒരുവൻ തന്നെക്കുറിച്ചുള്ള ഉത്കണ്ഠകളിൽ ആണ്ടുപോയേക്കാം. ജോലിയിൽനിന്നു വിരമിച്ച ഗവൺമെന്റ് ജീവനക്കാർക്ക് ‘അസംതൃപ്തി, ശുണ്ഠി, സുരക്ഷിതത്വമില്ലായ്മ, വ്യക്തിത്വം നഷ്ടമാകൽ എന്നിവയിൽ തുടങ്ങി വിഷാദം, തങ്ങളുടെ ലോകംതന്നെ തകരുകയാണെന്ന തോന്നൽ എന്നിവവരെ എത്തുന്ന’ അനേകം പ്രശ്നങ്ങൾ അനുഭവപ്പെട്ടതായി ബ്രസീലിലെ ഒരു ദിനപത്രം റിപ്പോർട്ടു ചെയ്തു.
2 ഇതിൽനിന്നു വിരുദ്ധമായി, അനേകം ക്രിസ്ത്യാനികൾ തങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തെ വർധിച്ച ആത്മീയ പ്രവർത്തനങ്ങളിലേക്കുള്ള ഒരു വാതിലായി വീക്ഷിക്കുന്നു. 65 വയസ്സ് തികഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ പയനിയറിങ് തുടങ്ങിയ ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “കഴിഞ്ഞ പത്തു വർഷത്തെ പയനിയറിങ്ങിന്റെ നാളുകളിലെപ്പോലെ അനുഗ്രഹ സമ്പന്നമായ കാലഘട്ടം ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ല.” ഒരു ദമ്പതികൾ ഇപ്രകാരം എഴുതി: “ഞങ്ങളുടെ യഥാർഥ സുവർണ വർഷങ്ങൾ ആരംഭിച്ചതു പയനിയറിങ് തുടങ്ങിയപ്പോഴാണ്.” അതേ, അനേകരെയും സംബന്ധിച്ചിടത്തോളം തൊഴിൽ വിരാമം, ശുശ്രൂഷ വികസിപ്പിക്കുന്നതിനും യഹോവയിൽനിന്നുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾ കൊയ്യുന്നതിനുമുള്ള ഒരു സുവർണാവസരം പ്രദാനം ചെയ്യുന്നു.
3 തിരക്കുള്ളവരും ഫലപ്രദരും ആയിരിക്കൽ: ഇപ്പോൾ ജോലിയിൽനിന്നു വിരമിച്ചിരിക്കുന്ന അനേകരും ഇന്നു സാധാരണമായിരിക്കുന്ന ജീവിത സൗകര്യങ്ങൾ ഒന്നുമില്ലാതെ വളർന്നുവന്നവരും ചെറുപ്രായത്തിൽത്തന്നെ കഠിനാധ്വാനം ചെയ്യാൻ ശീലിച്ചവരുമാണ്. ചെറുപ്പത്തിന്റെ ചുറുചുറുക്ക് ഇല്ലെങ്കിലും ഇപ്പോഴും അവർ വളരെ ഫലപ്രദരായ ജോലിക്കാരാണ്. ഒരു ബ്രാഞ്ച് മേഖലയിൽ 22 ശതമാനം പയനിയർമാരും—ഏകദേശം 20,000 സഹോദരീസഹോദരന്മാർ—കുറഞ്ഞത് 60 വയസ്സ് പ്രായമുള്ളവരാണ്. പ്രസംഗവേലയുടെ ഒരു വലിയ ഭാഗവും നിർവഹിക്കുന്നത് ഇവരാണ്. അവരുടെ അനുഭവപരിചയവും ദൈവിക ഗുണങ്ങളും അവർ സേവിക്കുന്ന സഭകളെ സമ്പന്നമാക്കുന്നു.—യാക്കോ. 3:17, 18.
4 ക്രിസ്തീയ ശുശ്രൂഷയിൽ തിരക്കുള്ളവർ ആയിരിക്കുന്നത് ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു. ജോലിയിൽനിന്നു വിരമിച്ചശേഷം പയനിയറിങ് തുടങ്ങിയ 84 വയസ്സുള്ള ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “അനേകം താത്പര്യക്കാരുമായി ബൈബിളധ്യയനം നടത്തുന്നത് മാനസികമായി പ്രവർത്തനക്ഷമതയുള്ളവൾ ആയിരിക്കാൻ എന്നെ സഹായിച്ചിരിക്കുന്നു. കാർ ഇല്ലാത്തതുകൊണ്ട് എനിക്കു ധാരാളം നടക്കേണ്ടതായി വരുന്നു. അത് എന്നെ ആരോഗ്യമുള്ളവളായി നിലനിറുത്തുന്നു.” പ്രായമുള്ള ഒരു പയനിയർ ദമ്പതികൾ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ശുശ്രൂഷ ഞങ്ങളെ മാനസികവും ശാരീരികവുമായി ആരോഗ്യമുള്ളവരായി നിലനിറുത്തുന്നു. ഞങ്ങൾ എല്ലായ്പോഴും ഒരുമിച്ചാണ്. ഞങ്ങൾ ഒത്തിരി ചിരിക്കാറുണ്ട്, ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു.”
5 ആവശ്യമുള്ളിടത്തു സേവിക്കൽ: ജോലിയിൽനിന്നു വിരമിച്ച, അനുകൂലമായ സാമ്പത്തിക ചുറ്റുപാടുള്ള ചില ക്രിസ്ത്യാനികൾ രാജ്യഘോഷകരുടെ ആവശ്യം അധികമുള്ള സ്ഥലത്തേക്കു മാറിത്താമസിച്ചിരിക്കുന്നു. തീക്ഷ്ണതയുള്ള ഈ പ്രസാധകർ അപ്പൊസ്തലനായ പൗലൊസിനെപ്പോലെ, “സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു . . . സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.”—1 കൊരി. 9:23.
6 തങ്ങളുടെ രണ്ട് ആൺമക്കൾ വളർന്നതിനുശേഷം ഒരു ദമ്പതികൾ പയനിയറിങ് തുടങ്ങി. ഏതാനും വർഷം പയനിയറിങ് ചെയ്തശേഷം അവർ ചൈനീസ് ഭാഷ പഠിക്കാൻ ആരംഭിച്ചു. ഇപ്പോൾ അവർക്ക് 75-നുമേൽ പ്രായമുണ്ട്. അവർ അടുത്തയിടെ, തങ്ങൾ ഏത് ചൈനീസ് കൂട്ടത്തോടൊപ്പമാണോ സേവിച്ചിരുന്നത് അത് ഒരു സഭയായിത്തീർന്നത് കാണുന്നതിലെ സന്തോഷം ആസ്വദിച്ചിരിക്കുന്നു. ഇവരെപ്പോലുള്ള ദമ്പതികൾ വലിയ അനുഗ്രഹംതന്നെയാണ്.
7 ശുശ്രൂഷയിൽനിന്നു വിരമിക്കാനാവില്ല: മിക്കവരും ലൗകിക ജോലിയിൽനിന്നു ക്രമേണ വിരമിക്കുന്നെങ്കിലും ക്രിസ്ത്യാനികൾക്ക് തങ്ങളുടെ ദൈവസേവനത്തിൽനിന്നു വിരമിക്കാനാവില്ല. എല്ലാവരും “അവസാനത്തോളം” വിശ്വസ്തരായി തുടരേണ്ടതുണ്ട്. (മത്താ. 24:13, 14) തീർച്ചയായും, പ്രായാധിക്യം നിമിത്തം യഹോവയുടെ സേവനത്തിൽ തങ്ങൾ മുമ്പു ചെയ്തിരുന്നത്ര ചെയ്യാൻ ചിലർക്കു കഴിയുന്നില്ല. എന്നാൽ തങ്ങൾക്കു കഴിയുന്നത് അവർ മുഴുഹൃദയത്തോടെ ചെയ്യുന്നതു കാണുന്നത് എത്ര പ്രോത്സാഹജനകമാണ്! അവരുടെ പ്രവൃത്തിയും അവർ തന്റെ നാമത്തോടു കാണിക്കുന്ന സ്നേഹവും യഹോവ ഒരിക്കലും മറക്കില്ല എന്ന് ദൈവവചനം അവർക്ക് ഉറപ്പു നൽകുന്നു.—ലൂക്കൊ. 21:1-4; എബ്രാ. 6:10.
8 നിങ്ങൾക്കു ജോലിയിൽനിന്നു വിരമിക്കാനുള്ള പ്രായം അടുത്തുവരുകയാണെങ്കിൽ, നിങ്ങളുടെ മാറുന്ന സാഹചര്യത്തെ പൂർണമായി പ്രയോജനപ്പെടുത്താൻ എങ്ങനെ കഴിയും എന്നതിനെ കുറിച്ച് എന്തുകൊണ്ട് പ്രാർഥനാപൂർവം ചിന്തിച്ചുകൂടാ? ദിവ്യസഹായത്താൽ, യഹോവയ്ക്കു സ്തുതി കരേറ്റുകയും നിങ്ങൾക്ക് അനേകം അനുഗ്രഹങ്ങൾ കൈവരുത്തുകയും ചെയ്യുന്ന വർധിച്ച പ്രവർത്തനത്തിലേക്കുള്ള ഒരു വാതിൽ തൊഴിൽ വിരാമം നിങ്ങൾക്കു തുറന്നുതരുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം.—സങ്കീ. 148:12, 13.