നവോന്മേഷദായകമായ വേല
1 ബൈബിൾ സന്ദേശം സ്വീകരിക്കുകയും തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്ന എല്ലാവർക്കും അതു നവോന്മേഷം പകരുന്നു. ( സങ്കീ. 19:7, 8) അത്, വ്യാജപഠിപ്പിക്കലുകളിൽനിന്നും ഹാനികരമായ ശീലങ്ങളിൽനിന്നും അവരെ മോചിപ്പിക്കുകയും ഉറപ്പുള്ള ഒരു ഭാവിപ്രത്യാശ വെച്ചുനീട്ടുകയും ചെയ്യുന്നു. എന്നിരുന്നാലും, സുവാർത്ത സ്വീകരിക്കുന്നവർ മാത്രമല്ല പ്രയോജനം അനുഭവിക്കുന്നത്. മറ്റുള്ളവരോട് നവോന്മേഷപ്രദമായ സുവാർത്ത പങ്കുവെക്കുന്നവരും ഉന്മേഷഭരിതരായിത്തീരുന്നു.—സദൃ. 11:25.
2 ശുശ്രൂഷ ഊർജസ്വലരാക്കുന്നു: പ്രസംഗ-ശിഷ്യരാക്കൽ വേല ഉൾപ്പെടുന്ന ക്രിസ്തുവിന്റെ ശിഷ്യത്വം എന്ന നുകം സ്വീകരിക്കുന്നവർ, “ആശ്വാസം [“നവോന്മേഷം,” NW] കണ്ടെത്തും” എന്ന് യേശു പറഞ്ഞു. (മത്താ. 11:29) മറ്റുള്ളവരോടുള്ള സാക്ഷീകരണം അവനുതന്നെ ഊർജസ്വലത പകർന്നിരുന്നു. അത് അവന് ആഹാരം പോലെയായിരുന്നു. (യോഹ. 4:34) തന്റെ 70 ശിഷ്യന്മാരെ അവൻ പ്രസംഗവേലയ്ക്കായി പറഞ്ഞയച്ചപ്പോൾ, യഹോവ തങ്ങളുടെ ശ്രമങ്ങളെ പിന്താങ്ങുന്നതു കണ്ട് അവർ ആനന്ദിച്ചു.—ലൂക്കൊ. 10:17.
3 സമാനമായി, ഇന്നും പല ക്രിസ്ത്യാനികളും പ്രസംഗവേലയിൽ പങ്കെടുക്കുന്നത് ഊർജസ്വലത പകരുന്നതായി കണ്ടെത്തിയിരിക്കുന്നു. ഒരു സഹോദരി ഇപ്രകാരം പറഞ്ഞു: “ശുശ്രൂഷ നവോന്മേഷപ്രദമാണ്. കാരണം അത് എന്റെ ജീവിതത്തിന് ലക്ഷ്യബോധവും ഉദ്ദേശ്യവും നൽകുന്നു. സേവനത്തിൽ ഏർപ്പെടുമ്പോൾ വ്യക്തിപരമായ പ്രശ്നങ്ങളും അനുദിന സമ്മർദങ്ങളും അപ്രധാനമായിത്തീരുന്നു.” തീക്ഷ്ണതയുള്ള മറ്റൊരു ശുശ്രൂഷക ഇപ്രകാരം പറഞ്ഞു: “യഹോവ യഥാർഥ വ്യക്തിയാണെന്ന ബോധ്യം [ശുശ്രൂഷ] ദിവസവും എന്നിൽ ഉളവാക്കുന്നു. മറ്റു യാതൊരു പ്രകാരത്തിലും ലഭിക്കുകയില്ലാത്ത സമാധാനവും ആന്തരിക സന്തുഷ്ടിയും അത് എനിക്കു നൽകുന്നു.” “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആയിരിക്കാനുള്ള എത്ര വലിയ പദവിയാണു നമുക്കുള്ളത്!—1 കൊരി. 3:9.
4 ക്രിസ്തുവിന്റെ നുകം മൃദുവാകുന്നു: ‘തീവ്രശ്രമം ചെയ്യാൻ’ ക്രിസ്ത്യാനികളോട് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും നമുക്കു നൽകാൻ കഴിയുന്നതിൽ അധികം യേശു നമ്മിൽനിന്ന് ആവശ്യപ്പെടുന്നില്ല. (ലൂക്കൊസ് 13:24, NW) വാസ്തവത്തിൽ, ‘തന്റെ നുകത്തിൻ കീഴിലേക്കു തന്നോടൊപ്പം വരാൻ’ അവൻ നമ്മെ സ്നേഹപൂർവം ക്ഷണിക്കുകയാണു ചെയ്യുന്നത്. (മത്താ. 11:29, NW, അടിക്കുറിപ്പ്) പ്രയാസ സാഹചര്യങ്ങളുമായി മല്ലിടുന്ന വ്യക്തികൾക്ക്, പരിമിതമെങ്കിലും മുഴുമനസ്സോടെയുള്ള തങ്ങളുടെ സേവനം ദൈവത്തിനു പ്രസാദകരമാണെന്ന കാര്യത്തിൽ ഉറപ്പുള്ളവരായിരിക്കാൻ കഴിയും.—മർക്കൊ. 14:6-8; കൊലൊ. 3:23.
5 തന്റെ നാമത്തിനുവേണ്ടി നാം ചെയ്യുന്ന എന്തിനെയും വിലമതിക്കുന്ന ഒരു ദൈവത്തെ സേവിക്കുന്നത് എത്ര നവോന്മേഷപ്രദമാണ്! (എബ്രാ. 6:10) നമുക്കുള്ളതിൽ ഏറ്റവും മികച്ചത് അവനു നൽകാൻ നമുക്ക് എല്ലായ്പോഴും യത്നിക്കാം.