ബ്രാഞ്ച് കത്ത്
പ്രിയ രാജ്യ പ്രസാധകരേ,
“ദൈവമത്രേ വളരുമാറാക്കിയത്.” (1 കൊരി. 3:6) ഇന്ത്യയിലെ ദിവ്യാധിപത്യ വളർച്ചയ്ക്കു സാക്ഷ്യം വഹിക്കുന്നത് എത്ര രോമാഞ്ചജനകമാണ്! സേവനവർഷം 2003-ൽ ബൈബിളധ്യയനങ്ങളുടെ എണ്ണത്തിൽ നാം ഒരു പുതിയ അത്യുച്ചത്തിൽ എത്തിച്ചേർന്നു. 17,000-ൽ അധികം ബൈബിളധ്യയനങ്ങളാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതു തീർച്ചയായും അഭിനന്ദനാർഹമാണ്. 56,856 എന്ന സ്മാരക ഹാജർ പുതിയൊരു അത്യുച്ചമാണ്. കഴിഞ്ഞ വർഷത്തെ ഹാജരിനെക്കാൾ 2,226 പേരുടെ വർധന; ഇന്ത്യയിലെ മൊത്തം പ്രസാധകരുടെ എണ്ണത്തെക്കാൾ ഏതാണ്ട് 33,000 കൂടുതൽ. ഭാവി വളർച്ചയ്ക്കുള്ള വർധിച്ച സാധ്യതയാണ് ഇതു സൂചിപ്പിക്കുന്നത്.
ഇപ്പോൾ ഇന്ത്യൻ ഭാഷകളിൽ മാസികകൾ അച്ചടിക്കുന്ന ഏക ബ്രാഞ്ച് നമ്മുടേതാണ്. ഈ മാസികകൾ 25-ലധികം രാജ്യങ്ങളിൽ വിതരണം ചെയ്യപ്പെടുന്നു. തന്നിമിത്തം മാസികകളുടെ ഉത്പാദനം 65 ശതമാനം വർധിക്കുന്നതിന് ഇടയായിരിക്കുന്നു. അച്ചടിശാലയിലെ സ്റ്റാഫിന്റെ എണ്ണം വെട്ടിച്ചുരുക്കിയ സാഹചര്യത്തിൻമധ്യേയാണ് ഈ കൂടുതലായ വേല നിർവഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ബൃഹത്തായ ഈ വേല സാധ്യമാക്കുന്നതിനായി കൂടുതലായി ഒരു ചതുർവർണ അച്ചടിയന്ത്രം കൂടി സ്ഥാപിക്കുകയുണ്ടായി. ഈ അച്ചടിയന്ത്രങ്ങൾ മിനിട്ടിൽ 60 മാസികകൾ ഉത്പാദിപ്പിക്കുന്നു. ലോകവ്യാപക വയലിൽ വിതരണം ചെയ്യാനുള്ള മാസികകളുടെയും ഇതര സാഹിത്യങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഗുണമേന്മയേറിയ കടലാസ് ഉപയോഗിച്ചുവരുന്നു.
സേവനവർഷം 2004-ലേക്ക് പ്രവേശിക്കവേ, ബാംഗ്ലൂരിൽ സ്ഥിതിചെയ്യുന്ന പുതിയ ബ്രാഞ്ച് സൗകര്യങ്ങളുടെ സമർപ്പണത്തിനായി നാമേവരും ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്നു. 2003 ഡിസംബർ 7-നാണ് അതു ക്രമീകരിച്ചിരിക്കുന്നത്. സന്നിഹിതരാകുന്നവർക്ക് ഈ അവസരം അതിവിശിഷ്ടമായ ഒരു ആത്മീയ അനുഭവമാകട്ടെയെന്നും യഹോവയ്ക്കുള്ള മഹത്തായ ഒരു സ്തുതിഘോഷത്തിൽ അതു കലാശിക്കട്ടെയെന്നും ഞങ്ങൾ പ്രാർഥിക്കുന്നു. അതേ, ഈ ബ്രാഞ്ച് സൗകര്യങ്ങൾ യഹോവ തുടർന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുമെന്നും അതിനെ ഇനിയും ‘വളരുമാറാക്കുമെന്നും’ നമുക്ക് ഉറപ്പുണ്ട്.
നിങ്ങളുടെ സഹോദരങ്ങൾ,
ബ്രാഞ്ച് ഓഫീസ്, ഇന്ത്യ