“ഒരുങ്ങിയിരിപ്പിൻ”
1 ഈ വ്യവസ്ഥിതിയുടെ സമാപനത്തെ കുറിച്ചുള്ള തന്റെ ശ്രദ്ധേയമായ പ്രവചനത്തിൽ അനുദിന ലൗകിക ജീവിത ചിന്തകളിൽ മുഴുകിപ്പോകുന്നതിനെതിരെ യേശു മുന്നറിയിപ്പു നൽകി. (മത്താ. 24:36-39; ലൂക്കൊ. 21:34, 35) മഹോപദ്രവം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാം എന്നതിനാൽ, “നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ” എന്ന യേശുവിന്റെ ബുദ്ധിയുപദേശത്തിനു നാം ചെവികൊടുക്കുന്നത് ജീവത്പ്രധാനമാണ്. (മത്താ. 24:44) ഇക്കാര്യത്തിൽ നമ്മെ എന്തിനു സഹായിക്കാനാകും?
2 ഉത്കണ്ഠകൾക്കും ശ്രദ്ധാശൈഥില്യങ്ങൾക്കും എതിരെ പോരാടൽ: ‘ഉപജീവനചിന്തകളാണ്’ നാം ജാഗ്രത പാലിക്കേണ്ട ആത്മീയ കെണികളിൽ ഒന്ന്. (ലൂക്കൊ. 21:34) ദാരിദ്ര്യം, തൊഴിലില്ലായ്മ, ഉയർന്ന ജീവിതച്ചെലവ് എന്നിവമൂലം ചില ദേശങ്ങളിൽ അടിസ്ഥാന ജീവിതാവശ്യങ്ങൾക്കുള്ള വക കണ്ടെത്താൻ പോലും ബുദ്ധിമുട്ടാണ്. മറ്റു രാജ്യങ്ങളിലാകട്ടെ, ഭൗതിക വസ്തുവകകൾ വാരിക്കൂട്ടുക എന്നത് സർവസാധാരണമാണ്. ഭൗതിക കാര്യങ്ങളെ കുറിച്ചുള്ള ചിന്ത നമ്മെ ഭരിക്കാൻ തുടങ്ങുന്നെങ്കിൽ, രാജ്യ യാഥാർഥ്യങ്ങളിൽ ദൃഷ്ടികേന്ദ്രീകരിക്കുന്നതിൽ നാം പരാജയപ്പെടാനുള്ള സാധ്യതയുണ്ട്. (മത്താ. 6:19-24, 31-33) അപ്രകാരം ദൃഷ്ടികേന്ദ്രീകരിക്കുന്നതിൽ തുടരാൻ ക്രിസ്തീയ യോഗങ്ങൾ നമ്മെ സഹായിക്കുന്നു. എല്ലാ യോഗങ്ങൾക്കും ഹാജരാകാൻ നിങ്ങൾ ലക്ഷ്യം വെക്കുന്നുണ്ടോ?—എബ്രാ. 10:24, 25.
3 നമ്മുടെ അമൂല്യ സമയം എളുപ്പം കവർന്നുകളഞ്ഞേക്കാവുന്ന ശ്രദ്ധാശൈഥില്യങ്ങൾ നിറഞ്ഞതാണ് ഇന്നത്തെ ലോകം. ഇന്റർനെറ്റിൽ ബ്രൗസ് ചെയ്തും ഇ-മെയിൽ വായിച്ചും അയച്ചും കമ്പ്യൂട്ടർ ഗെയിമുകൾ കളിച്ചും ഒരു വ്യക്തി അമിതമായി സമയം ചെലവഴിക്കുന്നെങ്കിൽ കമ്പ്യൂട്ടറിന്റെ ഉപയോഗത്തിന് ഒരു കെണി ആയിരിക്കാൻ കഴിയും. ടെലിവിഷൻ, ചലച്ചിത്രങ്ങൾ, ഹോബികൾ, ലൗകിക പ്രസിദ്ധീകരണങ്ങളുടെ വായന, സ്പോർട്സ് എന്നിവ ആത്മീയ പ്രവർത്തനങ്ങൾക്ക് ഒട്ടും സമയവും ഊർജവും ബാക്കിവെക്കാതെ എണ്ണമറ്റ മണിക്കൂറുകൾ നഷ്ടപ്പെടുത്തിയേക്കാം. വിനോദവും വിശ്രമവും താത്കാലിക നവോന്മേഷം പ്രദാനം ചെയ്തേക്കാം എന്നിരിക്കെ, വ്യക്തിപരവും കുടുംബപരവുമായ ബൈബിൾ പഠനം നിത്യ പ്രയോജനങ്ങൾ കൈവരുത്തുന്നു. (1 തിമൊ. 4:7, 8) ദൈവവചനത്തെ കുറിച്ചു ധ്യാനിക്കാൻ എല്ലാ ദിവസവും നിങ്ങൾ സമയം വിലയ്ക്കു വാങ്ങുന്നുവോ?—എഫെ. 5:15-17, NW.
4 “സംഭവിപ്പാനുള്ള എല്ലാററിന്നും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും” നമ്മെ സഹായിക്കാനായി യഹോവയുടെ സംഘടന ഒരു ആത്മീയ പ്രബോധന പരിപാടി ക്രമീകരിച്ചിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്! (ലൂക്കൊ. 21:36) നമ്മുടെ വിശ്വാസം ‘യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ ഇടവരും’വിധം നമുക്ക് ഈ കരുതലുകളെ പൂർണമായി പ്രയോജനപ്പെടുത്തുകയും ‘ഒരുങ്ങിയിരിക്കുകയും’ ചെയ്യാം.—1 പത്രൊ. 1:7.