നവോന്മേഷം പകരുന്ന സംഗീതം
1 പാട്ടും സംഗീതവും സത്യാരാധനയുടെ സുപ്രധാന ഭാഗങ്ങളാണ്. പുരാതന ഇസ്രായേലിൽ ആസാഫും അവന്റെ സഹോദരന്മാരും ഇങ്ങനെ പാടി: ‘യഹോവെക്കു സ്തോത്രം ചെയ്യുവിൻ. അവന്നു പാടി കീർത്തനം ചെയ്വിൻ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ.’ (1 ദിന. 16:7, 9) ഇന്ന്, നമ്മുടെ പ്രതിവാര സഭായോഗങ്ങളിൽ നാം യഹോവയ്ക്ക് ഗീതങ്ങൾ ആലപിക്കുന്നു. (എഫെ. 5:19) അവന്റെ നാമത്തെ സ്തുതിക്കുന്നതിനുള്ള എത്ര ശ്രേഷ്ഠമായ അവസരമാണ് അത്!—സങ്കീ. 69:30.
2 രാജ്യസംഗീതം—രാജ്യഗീതങ്ങളുടെ ഉപകരണസംഗീത റെക്കോർഡിങ്ങു കൾ—കേൾക്കുന്നത് മനസ്സിൽ ആത്മീയ ചിന്തകൾ നിറയ്ക്കാൻ സഹായിക്കും. “[രാജ്യ]സംഗീതം കേൾക്കുമ്പോൾ പാട്ടിന്റെ വരികൾ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു” എന്ന് ഒരു സഹോദരി പറഞ്ഞു. “സംഗീതം ആസ്വദിക്കാനും അതേസമയംതന്നെ യഹോവയെ കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കാനുമുള്ള എത്ര നല്ല മാർഗമാണ് ഇത്!”—ഫിലി. 4:8.
3 അവ ആസ്വദിക്കുന്നതിനുള്ള അവസരങ്ങൾ: വീട്ടിൽ രാജ്യസംഗീതം വെക്കുന്നത് കുടുംബ സമാധാനത്തിനു സംഭാവന ചെയ്യുന്ന ഊഷ്മളവും ആത്മീയവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. “വീട്ടിലും കാറിലുമൊക്കെ ഞങ്ങൾ വീണ്ടും വീണ്ടും [ഈ സംഗീതം] തന്നെയാണു വെക്കുക. രസകരമായ വൈവിധ്യത്തോടെ ക്രമീകരിച്ച ഈ സംഗീതം എത്ര കേട്ടാലും മടുപ്പ് തോന്നുകയില്ല” എന്ന് ഒരു കുടുംബം എഴുതി. “ക്രിസ്തീയ യോഗങ്ങൾക്കു പോകാൻ തയ്യാറാകുമ്പോഴും സമ്മേളന സ്ഥലത്തേക്കു യാത്രചെയ്യുമ്പോഴും മറ്റും സമാധാനപൂർണമായ ഒരു ശരിയായ മനോനില കൈവരിക്കുന്നതിന് രാജ്യസംഗീതം സഹായിക്കാറുണ്ട്.” ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “വീട്ടുജോലികൾ ചെയ്യുമ്പോൾ കൂടുതൽ പ്രസന്നവതിയായിരിക്കാൻ അത് എന്നെ സഹായിക്കുന്നു—തുണി മടക്കുമ്പോഴും മറ്റും സന്തോഷം തോന്നുക സാധ്യമാണെന്ന് ആരാണു കരുതുക? നിരുത്സാഹമോ വിഷാദമോ തോന്നുമ്പോൾ ഞാൻ ഈ സംഗീതം ശ്രദ്ധിക്കും. കാരണം അത്രയ്ക്ക് ഉന്മേഷദായകമാണ് അവ! . . . ഓരോ ഗീതവും സന്തോഷം പകരുന്നു.” അത്തരം നവോന്മേഷപ്രദമായ സംഗീതത്തിൽനിന്ന് പ്രയോജനം അനുഭവിക്കാവുന്ന അവസരങ്ങൾ നിങ്ങൾക്കുണ്ടോ?
4 ഇന്നത്തെ സംഗീതത്തിൽ അധികവും ലോകത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതാണ്. രാജ്യസംഗീത റെക്കോർഡിങ്ങുകൾ നന്നായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യാവഹമായ സംഗീതത്തിനായി ഒരു അഭിരുചി നട്ടുവളർത്താൻ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെ സഹായിക്കാൻ കഴിയും. യഹോവയെ സ്തുതിക്കുകയും നവോന്മേഷം പകരുകയും ചെയ്യുന്ന മനോഹരമായ ഈ ആത്മീയ ഗീതങ്ങളെ കുറിച്ച് അറിയുന്നത് അനേകം ബൈബിൾ വിദ്യാർഥികളെയും താത്പര്യക്കാരെയും സന്തുഷ്ടരാക്കും എന്നതിനും സംശയമില്ല.—സങ്കീ. 47:1, 2, 6, 7.