ശുശ്രൂഷാ പരിശീലന സ്കൂൾ —പ്രവർത്തനത്തിലേക്കുള്ള ഒരു വലിയ വാതിൽ
1 പ്രവാചകനായ യിരെമ്യാവിലൂടെ യഹോവ മുൻകൂട്ടിപ്പറഞ്ഞു: “അവയെ [എന്റെ ജനത്തെ] മേയിക്കേണ്ടതിന്നു ഞാൻ ഇടയന്മാരെ നിയമിക്കും; അവ ഇനി പേടിക്കയില്ല ഭ്രമിക്കയില്ല, കാണാതെപോകയുമില്ല.” (യിരെ. 23:4) അത്തരത്തിലുള്ള ഒരു ഇടയവേല ഇന്ന് സകല ജനതകളിൽനിന്നുമുള്ള ആളുകളുടെ ഇടയിൽ നടക്കുന്നു. പതിനായിരക്കണക്കിനുവരുന്ന സഭാ മൂപ്പന്മാരാണ് ഇതു നിർവഹിക്കുന്നത്. അതിനു പുറമേ, മഞ്ഞുതുള്ളികൾപോലെ നിരവധിയായിരിക്കുന്ന യുവാക്കളുടെ ഒരു കൂട്ടവും യഹോവയുടെ സേവനത്തിൽ തങ്ങളെത്തന്നെ മനസ്സോടെ അർപ്പിച്ചിരിക്കുന്നു. (സങ്കീ. 110:3) ഈ എളിയ സഹോദരന്മാർ ദൈവജനത്തിന്റെ സഭകൾക്ക് എന്തൊരു അനുഗ്രഹമാണ്! ആത്മീയ കൂട്ടിച്ചേർക്കൽ വേല തുടരവേ, തങ്ങളുടെ സഹോദരങ്ങളെ സേവിക്കാൻ യോഗ്യതയുള്ള പുരുഷന്മാർ ഇനിയും കൂടുതലായി സ്വമേധയാ മുന്നോട്ടു വരേണ്ടതുണ്ട്.
2 ഏകാകികളായ മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും കൂടുതലായ ഉത്തരവാദിത്വങ്ങൾക്കായി പരിശീലിപ്പിക്കുന്നതിനുള്ള ഉത്തമ ക്രമീകരണമാണ് ശുശ്രൂഷാ പരിശീലന സ്കൂൾ. 1987-ൽ ഈ സ്കൂൾ ആരംഭിച്ചതുമുതൽ ഏകദേശം 140 രാജ്യങ്ങളിലായി 999 ക്ലാസ്സുകളിൽനിന്ന് 22,000-ത്തിലധികം വിദ്യാർഥികൾ ഈ പരിശീലനം നേടിയിരിക്കുന്നു. ഈ സഹോദരന്മാരുടെ കാര്യത്തിൽ പ്രവർത്തനത്തിലേക്കു നയിക്കുന്ന “വലിയതും സഫലവുമായോരു വാതിൽ” ആണ് ഈ സ്കൂൾ എന്നു തെളിഞ്ഞിരിക്കുന്നു.—1 കൊരി. 16:9.
3 സ്കൂളിന്റെ ഉദ്ദേശ്യം: സംഘടനയിൽ ആവശ്യമുള്ളിടത്ത് ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ടതിന് യോഗ്യതയുള്ള പുരുഷന്മാരെ പരിശീലിപ്പിക്കുകയും സജ്ജരാക്കുകയും ചെയ്യുക എന്നതാണ് ശുശ്രൂഷാ പരിശീലന സ്കൂളിന്റെ ലക്ഷ്യം. സുവിശേഷ വേലയിൽ നേതൃത്വം വഹിക്കുന്നതിലും ആടുകളെ മേയിക്കുന്നതിലും സഭയിൽ പഠിപ്പിക്കുന്നതിലും ഉള്ള അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനു സ്കൂൾ സഹായിക്കുന്നു. ബിരുദം നേടിയശേഷം ചിലരെ സ്വന്തം രാജ്യത്തോ വിദേശത്തോ പ്രത്യേക പയനിയർമാരായോ സഞ്ചാരമേൽവിചാരകന്മാരായോ നിയമിക്കുന്നു. മറ്റുള്ളവർക്ക് സ്വന്തം സഭയിലോ ബ്രാഞ്ചിന്റെ പ്രദേശത്ത് ആവശ്യം ഏറെയുള്ള ഏതെങ്കിലും സ്ഥലത്തോ സേവിക്കുന്നതിനുള്ള നിയമനം ലഭിക്കുന്നു.
4 എട്ട് ആഴ്ച നീണ്ടുനിൽക്കുന്ന പഠനകാലത്ത് വിദ്യാർഥികൾ ബൈബിൾ വളരെ ഗഹനമായി പഠിക്കുന്നു. വിവിധ ബൈബിളുപദേശങ്ങളും ഇടയന്മാരുടെ ഉത്തരവാദിത്വങ്ങളും ക്രിസ്തീയ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദേശവും അവർ ശ്രദ്ധാപൂർവം പരിചിന്തിക്കുന്നു. കാര്യനിർവഹണ, നീതിന്യായ, സംഘടനാ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നുവെന്നും അവർ പഠിക്കുന്നു. പ്രസംഗങ്ങൾ നടത്തുന്നതിനുള്ള പ്രത്യേക പരിശീലനവും ആത്മീയ വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള വ്യക്തിഗത സഹായവും അവർക്കു ലഭിക്കുന്നു.
5 വ്യവസ്ഥകൾ: സ്കൂളിൽ സംബന്ധിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉയർന്നതാണ് എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. അപേക്ഷകർ മൂപ്പന്മാരോ തുടർച്ചയായി രണ്ടു വർഷമെങ്കിലും ശുശ്രൂഷാദാസന്മാരോ ആയി സേവിച്ചിട്ടുള്ളവർ ആയിരിക്കണം. എല്ലാവരും ഏകാകികളും 23-നും 50-നും ഇടയ്ക്ക് പ്രായമുള്ളവരും ഇംഗ്ലീഷ് ഒഴുക്കോടെ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാവുന്നവരുമായിരിക്കണം. കൂടാതെ നല്ല ആരോഗ്യമുള്ളവരും പ്രത്യേക പരിപാലനമോ ആഹാരക്രമമോ ആവശ്യമില്ലാത്തവരും ആയിരിക്കണം. സാധാരണ പയനിയർ സേവനത്തിൽ ആയിരിക്കുന്നവർക്കാണു മുൻഗണന.
6 ശുശ്രൂഷാ പരിശീലന സ്കൂളിൽ സംബന്ധിക്കാൻ അപേക്ഷിക്കുന്നത് സഹോദരന്മാരോടുള്ള സ്നേഹത്താലും അവരെ സേവിക്കാനുള്ള ആഗ്രഹത്താലും പ്രേരിതമായിട്ടായിരിക്കണം, അല്ലാതെ എന്തെങ്കിലും പ്രാമുഖ്യതയോ പ്രത്യേക പദവിയോ ലഭിക്കുമെന്ന മോഹത്താലായിരിക്കരുത്. നല്ല പരിശീലനം ലഭിച്ചശേഷം ബിരുദധാരികൾ തങ്ങൾ പഠിച്ച കാര്യങ്ങൾ മറ്റുള്ളവരുടെ പ്രയോജനത്തിനായി ഉപയോഗിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു.—ലൂക്കൊ. 12:48.
7 പ്രയോജനങ്ങൾ: എട്ട് ആഴ്ചത്തെ തീവ്ര പരിശീലനവേളയിൽ ബിരുദധാരികൾക്ക് “വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം” ലഭിക്കുന്നു. (1 തിമൊ. 4:6) ഇത്, തങ്ങളുടെ നിയമിത സഭയിലും സർക്കിട്ടിലും ഉള്ള മറ്റുള്ളവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും അവരെ പ്രാപ്തരാക്കുന്നു. ശുശ്രൂഷാ പരിശീലന സ്കൂളിലെ ബിരുദധാരികളെ നിയമിച്ച പല സ്ഥലങ്ങളിലും വയൽപ്രവർത്തനങ്ങൾ വർധിച്ചിരിക്കുന്നു; പയനിയർ സേവനം പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ഇടയിൽ; കൂടാതെ ദൈവജനത്തോടൊപ്പം സഹവസിക്കുന്ന അനേകം പുതിയവർക്ക് വ്യക്തിഗത ശ്രദ്ധ ലഭിക്കുകയും ചെയ്തിരിക്കുന്നു.
8 നിങ്ങൾ 23-നും 50-നും ഇടയ്ക്കു പ്രായമുള്ള ഏകാകിയായ ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആണോ? ശുശ്രൂഷാ പരിശീലന സ്കൂളിൽ സംബന്ധിക്കുന്നതിന് അപേക്ഷിക്കുന്നതിനെക്കുറിച്ചു ചിന്തിക്കരുതോ? യഹോവയുടെ സേവനത്തെ കേന്ദ്രീകരിച്ച് ഭാവി ലക്ഷ്യങ്ങൾ വെച്ചിട്ടുള്ള ഒരു യുവസഹോദരനാണോ നിങ്ങൾ? പ്രവർത്തനത്തിലേക്കു നയിക്കുന്ന ‘വലിയതും സഫലവുമായ ഈ വാതിലിലൂടെ’ പ്രവേശിക്കാൻ തക്കവണ്ണം നിങ്ങളുടെ ജീവിതം ലളിതവും ശ്രദ്ധാശൈഥില്യങ്ങളിൽനിന്നു വിമുക്തവും ആക്കി സൂക്ഷിക്കരുതോ? ഈ വാതിലിലൂടെ പ്രവേശിക്കുന്നത് നിങ്ങൾക്കു വളരെയധികം സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യും. ശുശ്രൂഷാ പരിശീലന സ്കൂൾ, അതിൽനിന്നു ബിരുദം നേടുന്നവർക്കു മാത്രമല്ല ദൈവജനത്തിന്റെ മുഴുസഭകൾക്കും ഒരു അനുഗ്രഹമാണെന്നു തെളിഞ്ഞിരിക്കുന്നു.
[6-ാം പേജിലെ ചതുരം]
പരിശീലനത്തിൽനിന്ന് അവർ പ്രയോജനം നേടിയ വിധം
“ഈ പരിശീലനം എന്റെ ശുശ്രൂഷയെയും തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് ജ്ഞാനപൂർവം ഇടയവേല നിർവഹിക്കുന്നതിനുള്ള എന്റെ പ്രാപ്തിയെയും വർധിപ്പിച്ചിരിക്കുന്നു.”
“ഈ സ്കൂൾ, സഭയിലെ വിവിധ ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതലായ ആത്മവിശ്വാസം എനിക്കു പകർന്നുതന്നു.”
“ദിവ്യാധിപത്യത്തെയും ദൈവത്തിന്റെ സംഘടനയെയും കുറിച്ച് ഞാൻ ചിന്തിക്കുന്ന വിധം ഉൾപ്പെടെ എന്റെ ജീവിതത്തിന്റെ ഏതാണ്ട് എല്ലാ വശങ്ങളെയും ഇത് മാറ്റിമറിച്ചു.”
“ആവശ്യം ഉള്ളിടത്തു സേവിക്കാൻ എന്നെത്തന്നെ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ എനിക്കു ലഭിച്ച പരിശീലനം സഹായിച്ചു.”