പരസ്പരം ആത്മികവർധന വരുത്തുന്നതിൽ തുടരുക
1 സഹവിശ്വാസികളെ ശക്തിപ്പെടുത്താൻ പൗലൊസ് അപ്പൊസ്തലൻ തന്റെ കഴിവിന്റെ പരമാവധി പ്രവർത്തിച്ചു. (പ്രവൃ. 14:19-22) സമാനമായി, സഹോദരങ്ങൾ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ നാം അതു സംബന്ധിച്ചു ചിന്തയുള്ളവരാണ്, അവരെ സഹായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. മൂപ്പന്മാർ മാത്രമല്ല സകലരും മറ്റുള്ളവരിൽ താത്പര്യം കാട്ടണമെന്നു ബൈബിൾ സൂചിപ്പിക്കുന്നു. (റോമ. 15:1, 2) “അന്യോന്യം പ്രബോധിപ്പിച്ചും [“ആശ്വസിപ്പിച്ചും,” NW] തമ്മിൽ ആത്മികവർദ്ധന വരുത്തിയും പോരുവിൻ” എന്ന ഉദ്ബോധനം പ്രാവർത്തികമാക്കാൻ കഴിയുന്ന രണ്ടു വിധങ്ങൾ പരിചിന്തിക്കുക.—1 തെസ്സ. 5:11.
2 മറ്റുള്ളവരുടെ ആവശ്യങ്ങൾ തിരിച്ചറിയുക: തബീഥാ “സൽപ്രവൃത്തികളും ധർമ്മങ്ങളും” ചെയ്തുപോന്നിരുന്നുവെന്നു ദൈവവചനം രേഖപ്പെടുത്തുന്നു. (പ്രവൃ. 9:36, 39) ആർക്കാണു സഹായം ആവശ്യമുള്ളതെന്ന് അവൾ ശ്രദ്ധിക്കുകയും അങ്ങനെയുള്ളവരെ തന്റെ കഴിവനുസരിച്ചു സഹായിക്കുകയും ചെയ്തു. എത്ര നല്ല മാതൃക! പ്രായമുള്ള ഒരാൾക്കു യോഗത്തിനു വരാൻ യാത്രാസൗകര്യം ആവശ്യമായിരിക്കാം. അല്ലെങ്കിൽ ഒരു ഇടദിവസം ഉച്ചകഴിഞ്ഞ് ഒരു പയനിയറോടൊപ്പം സേവനത്തിനു പോകാൻ ആരും ഇല്ലായിരിക്കാം. അത്തരം ആവശ്യങ്ങൾ വിവേചിച്ചറിഞ്ഞ് പ്രായോഗിക സഹായം വാഗ്ദാനം ചെയ്യുന്നപക്ഷം അങ്ങനെയുള്ള ഒരു വ്യക്തി എത്ര പ്രോത്സാഹിതൻ ആയിത്തീരുമെന്നു സങ്കൽപ്പിച്ചുനോക്കൂ!
3 ആത്മീയ സംഭാഷണങ്ങൾ: സംസാരത്തിലൂടെയും നമുക്കു മറ്റുള്ളവരെ ബലപ്പെടുത്താനാകും. (എഫെ. 4:29) അനുഭവസമ്പന്നനായ ഒരു മൂപ്പൻ ഇങ്ങനെ പറഞ്ഞു: “മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ആത്മീയ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുക. ‘താങ്കൾ എങ്ങനെയാണു സത്യം പഠിച്ചത്?’ എന്നതുപോലുള്ള ലളിതമായ ഒരു ചോദ്യം ചോദിച്ചുകൊണ്ട് പരിപുഷ്ടിപ്പെടുത്തുന്ന ഒരു സംഭാഷണത്തിനു തുടക്കമിടാൻ നിങ്ങൾക്കു കഴിയും. സഭയിലുള്ള ചെറുപ്പക്കാരിൽ ആത്മാർഥമായി താത്പര്യമെടുക്കുക. നിരുത്സാഹിതരും ഒരുപക്ഷേ അന്തർമുഖരും ആയവരോട് ഇടപഴകാൻ ശ്രമിക്കുക. (സദൃ. 12:25) വിനോദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സഹവിശ്വാസികളുമായി ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു തടസ്സമാകാതിരിക്കട്ടെ.—റോമ. 1:11, 12.
4 മറ്റുള്ളവരെ ബലപ്പെടുത്താൻ നിങ്ങൾക്ക് എന്തു പറയാനാകും? അടുത്തയിടെ ബൈബിൾ വായിക്കുകയോ വ്യക്തിപരമായ പഠനം നടത്തുകയോ ചെയ്തപ്പോൾ യഹോവയോടുള്ള നിങ്ങളുടെ കൃതജ്ഞത ആഴമുള്ളതാക്കിത്തീർത്ത ഒരു തത്ത്വം കണ്ടെത്താൻ നിങ്ങൾക്കു കഴിഞ്ഞോ? പരസ്യപ്രസംഗത്തിലോ വീക്ഷാഗോപുര അധ്യയനത്തിലോ ശ്രദ്ധിച്ച എന്തെങ്കിലും നിങ്ങൾക്കു പ്രോത്സാഹനം പകർന്നോ? വിശ്വാസത്തെ ബലപ്പെടുത്തുന്ന ഒരു അനുഭവം നിങ്ങളുടെ ഹൃദയത്തെ സ്വാധീനിച്ചോ? അത്തരം ആത്മീയ രത്നങ്ങൾ നിങ്ങൾ സൂക്ഷിച്ചുവെക്കുന്നെങ്കിൽ മറ്റുള്ളവരോടു പ്രോത്സാഹജനകമായി സംസാരിക്കാൻ എന്തെങ്കിലും എപ്പോഴും നിങ്ങൾക്ക് ഉണ്ടായിരിക്കും.—സദൃ. 2:1; ലൂക്കൊ. 6:45.
5 പ്രായോഗിക സഹായം നൽകിക്കൊണ്ടും നാവു ജ്ഞാനപൂർവം ഉപയോഗിച്ചുകൊണ്ടും നമുക്കു പരസ്പരം ആത്മിക വർധന വരുത്തുന്നതിൽ തുടരാം.—സദൃ. 12:18.