പ്രസംഗിക്കാനുള്ള അവസരം സൃഷ്ടിക്കുക
1 ക്രിസ്തീയ സഭയിലുള്ള ഓരോരുത്തരുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എന്നിരുന്നാലും യഹോവയെ സ്തുതിക്കാനുള്ള തീരുമാനത്തിൽ നാമെല്ലാം ഐക്യമുള്ളവരാണ്. (സങ്കീ. 79:13) മോശമായ ആരോഗ്യമോ വെല്ലുവിളി നിറഞ്ഞ മറ്റു സാഹചര്യങ്ങളോ സുവാർത്താഘോഷണത്തിലെ നമ്മുടെ പങ്കിനെ പരിമിതപ്പെടുത്തുന്നെങ്കിൽ പ്രസംഗിക്കാനുള്ള അവസരം നമുക്ക് എങ്ങനെ സൃഷ്ടിക്കാനാകും?
2 അനുദിന പ്രവർത്തനങ്ങളിൽ: ദൈനംദിന ജീവിതത്തിൽ ആളുകളുമായി ഇടപെട്ട സന്ദർഭങ്ങൾ സാക്ഷ്യം നൽകുന്നതിനായി യേശു വിനിയോഗിച്ചു. ചുങ്കസ്ഥലത്തിനടുത്തുകൂടെ കടന്നുപോയപ്പോൾ അവൻ മത്തായിയോടു സംസാരിച്ചു, യാത്രയ്ക്കിടയിൽ സക്കായിയോടും വിശ്രമവേളയിൽ ശമര്യക്കാരി സ്ത്രീയോടും സാക്ഷീകരിക്കുകയുണ്ടായി. (മത്താ. 9:9; ലൂക്കൊ. 19:1-5; യോഹ. 4:6-10) ദൈനംദിന ജീവിതത്തിലെ സാധാരണ സംഭാഷണങ്ങൾക്കിടയിൽ സാക്ഷ്യം നൽകാൻ നമുക്കും കഴിയും. ബൈബിളിനോടൊപ്പം ലഘുലേഖകളോ ലഘുപത്രികകളോ കൈവശമുണ്ടെങ്കിൽ നമ്മുടെ പ്രത്യാശയെക്കുറിച്ചു സംസാരിക്കാൻ നാം പ്രോത്സാഹിതരായിത്തീരും.—1 പത്രൊ. 3:15.
3 മോശമായ ആരോഗ്യസ്ഥിതി നിമിത്തം വീടുതോറും പ്രസംഗിക്കുന്നതു നിങ്ങൾക്കു ബുദ്ധിമുട്ടാണോ? നിങ്ങളെ സന്ദർശിക്കുന്ന ആശുപത്രി ജീവനക്കാരോടും നിങ്ങൾ സമ്പർക്കം പുലർത്തുന്ന മറ്റുള്ളവരോടും സാക്ഷീകരിക്കുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്താൻ ശ്രദ്ധയുള്ളവരായിരിക്കുക. (പ്രവൃ. 28:30, 31) ഒട്ടുമിക്കപ്പോഴും വീട്ടിൽനിന്നു പുറത്തുപോകാൻ പറ്റാത്ത സാഹചര്യത്തിലാണു നിങ്ങളെങ്കിൽ ടെലിഫോണിലൂടെയോ കത്തു മുഖാന്തരമോ സാക്ഷീകരിക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? ഒരു സഹോദരി സാക്ഷികളല്ലാത്ത തന്റെ സ്വന്തക്കാർക്ക് ക്രമമായി കത്തെഴുതാറുണ്ട്. അതിൽ ബൈബിളിൽനിന്നുള്ള പ്രോത്സാഹജനകമായ ആശയങ്ങളും മറ്റുള്ളവരോടു സാക്ഷീകരിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളും അവർ ഉൾപ്പെടുത്തുന്നു.
4 ജോലിസ്ഥലത്ത് അല്ലെങ്കിൽ സ്കൂളിൽ: യഹോവയെ സ്തുതിക്കാനുള്ള നമ്മുടെ ആഗ്രഹം ജോലിസ്ഥലത്ത് അല്ലെങ്കിൽ സ്കൂളിൽ സത്യത്തിന്റെ വിത്തു വിതയ്ക്കുന്നതിന് അവസരങ്ങൾ ഉണ്ടാക്കാൻ നമ്മെ പ്രേരിപ്പിക്കും. എട്ടു വയസ്സുള്ള ഒരു പ്രസാധകൻ ചന്ദ്രനെക്കുറിച്ച് ഉണരുക!യിൽ വായിച്ച കാര്യങ്ങൾ തന്റെ ക്ലാസ്സിൽ പറഞ്ഞു. അവന് ഈ വിവരങ്ങൾ കിട്ടിയത് എവിടെനിന്നാണെന്നു മനസ്സിലാക്കിയ അവന്റെ അധ്യാപിക വീക്ഷാഗോപുരവും ഉണരുക!യും ക്രമമായി വായിക്കാൻ തുടങ്ങി. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ജോലിസ്ഥലത്ത് മറ്റുള്ളവർക്കു കാണാൻ കഴിയുന്നിടത്ത് വെക്കുന്നെങ്കിൽ ആളുകൾ അതു കണ്ടിട്ട് ചോദ്യങ്ങൾ ചോദിക്കുകയും അങ്ങനെ സാക്ഷ്യം നൽകുന്നതിന് ഒരു അവസരം ലഭിക്കുകയും ചെയ്തേക്കാം.
5 അനുദിന പ്രവർത്തനങ്ങൾക്കിടയിൽ സുവാർത്ത പ്രസംഗിക്കുന്നതിന് അവസരം സൃഷ്ടിക്കാനുള്ള മാർഗങ്ങളെക്കുറിച്ചു നിങ്ങൾക്കു ചിന്തിക്കാനാകുമോ? നമ്മുടെ സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ‘ദൈവത്തിന് അധരഫലം എന്ന സ്തോത്രയാഗം അർപ്പിക്കാൻ’ ഓരോ ദിവസവും നമുക്കു ശ്രമിക്കാം.—എബ്രാ. 13:15.