എളുപ്പം ലഭ്യമാകുന്ന ഒരു സഹായം
1. ഒരു വ്യക്തിയുടെ ആത്മീയത ക്ഷയിച്ചേക്കാവുന്നത് എങ്ങനെ?
1 അന്ന എന്ന സഹോദരിയുടെ ഭർത്താവ് അവിശ്വാസിയായിരുന്നു, അവരുടെ ജോലിയാണെങ്കിൽ വളരെയേറെ സമയം ആവശ്യമാക്കിത്തീർക്കുന്ന ഒന്നും. അതുകൊണ്ടുതന്നെ ക്രമമായി ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്നതും ശുശ്രൂഷയിൽ പങ്കെടുക്കുന്നതും ദൈവവചനം പഠിക്കുന്നതും ഈ സഹോദരിയെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമായിരുന്നു. യഹോവയെ വളരെയധികം സ്നേഹിച്ചിരുന്നെങ്കിലും അവർ നിഷ്ക്രിയയായിത്തീർന്നു. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, അവർക്കു മൂപ്പന്മാരിൽനിന്ന് ആത്മീയ സഹായം ലഭിച്ചു.
2. എളുപ്പം ലഭ്യമാകുന്ന ഒരു സഹായമാണു തങ്ങളെന്ന് എല്ലാ ക്രിസ്ത്യാനികൾക്കും തെളിയിക്കാനാകുന്നത് എങ്ങനെ?
2 ക്രിസ്തീയ സഭയിലൂടെ ലഭിക്കുന്ന ആത്മീയ സഹായം സ്വീകരിക്കുന്നത് യഹോവയിൽ ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ്. യേശുക്രിസ്തുവിന്റെ സ്നേഹപൂർവകമായ കരുതലിനെ അനുകരിച്ചുകൊണ്ട് സഭയിലെ പ്രായമേറിയ പുരുഷന്മാർ ആത്മീയമായി പ്രയാസം അനുഭവിക്കുന്നവർക്കു പ്രോത്സാഹനവും പ്രായോഗിക സഹായവും നൽകാനുള്ള അവസരങ്ങൾ തേടുന്നു. (1 തെസ്സ. 5:14) മിക്കപ്പോഴും, തിരുവെഴുത്തധിഷ്ഠിതമായ പ്രോത്സാഹനത്തിന്റെ ഒരു വാക്കു മതി അവരെ ബലപ്പെടുത്താൻ. താത്കാലികമായി ബലഹീനരായിത്തീർന്നിട്ടുള്ളവരെ സഹായിക്കുന്നതിനു മുൻകൈയെടുക്കാനുള്ള ഉത്തരവാദിത്വം എല്ലാ ക്രിസ്ത്യാനികൾക്കുമുണ്ട്, അത് മൂപ്പന്മാരുടെ മാത്രം ഉത്തരവാദിത്വമല്ല. “തക്കസമയത്തു പറഞ്ഞ” ചിന്താപൂർവകമായ വാക്കിന്റെ ശക്തി നാമെല്ലാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്.—സദൃ. 25:11; യെശ. 35:3, 4.
3, 4. മറ്റുള്ളവരെ സഹായിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്, നമുക്ക് അത് എപ്രകാരം ചെയ്യാവുന്നതാണ്?
3 മുൻകൈയെടുക്കുക: സഹായം ആവശ്യമായവരോടു സ്നേഹപൂർവകമായ താത്പര്യം കാണിക്കുന്നതിന് നാം മുൻകൈയെടുക്കുകയും സഹാനുഭൂതി കാണിക്കുകയും ആത്മാർഥത പ്രകടമാക്കുകയും ചെയ്യേണ്ടതുണ്ട്. ദാവീദിന്റെ കഷ്ടങ്ങളെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ യോനാഥാൻ “പുറപ്പെട്ടു ആ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു അവനെ . . . ധൈര്യപ്പെടുത്തി.” (1 ശമൂ. 23:15, 16) മറ്റുള്ളവരെ സഹായിക്കാൻ ആർദ്രമായ സമീപനം സ്വീകരിക്കുക. ആത്മാർഥമായ താത്പര്യത്താൽ പ്രചോദിതരായി നാം പറയുന്ന വാക്കുകൾ നല്ല ഫലം ഉളവാക്കും. കൂടാതെ ഒരു ആത്മീയ സഹോദരനെയോ സഹോദരിയെയോ നേടുന്നതിന് ശുഷ്കാന്തിയോടു കൂടിയ ഉദ്ദേശ്യപൂർണമായ ശ്രമം ആവശ്യമാണെന്ന് യേശു വ്യക്തമായി ദൃഷ്ടാന്തീകരിച്ചു. (ലൂക്കൊ. 15:4) മറ്റൊരാളെ സഹായിക്കാനുള്ള ആത്മാർഥമായ ആഗ്രഹം സഹായം നൽകുന്നതിൽ തുടരാൻ നമ്മെ പ്രേരിപ്പിക്കും, പുരോഗതി അത്ര പെട്ടെന്ന് പ്രകടമല്ലെങ്കിൽപ്പോലും.
4 നമ്മോടൊപ്പം ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനു മറ്റുള്ളവരെ—നമ്മുടെ പുസ്തകാധ്യയനത്തിൽ ഉള്ളവരെയും മറ്റും—ക്ഷണിക്കാൻ മുൻകൈയെടുക്കുന്നത് എത്ര പ്രോത്സാഹജനകമാണ്! ശുശ്രൂഷയിൽ ഏർപ്പെടുന്നതിന് ഒരു സഹദാസനെ സഹായിക്കവേ കൂടുതൽ ചെയ്യുന്നതിന് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാൻ നാം ആ അവസരം ഉപയോഗിച്ചേക്കാം. യഹോവയുടെ സേവനത്തിൽ ഒരുമിച്ചു ചെലവഴിക്കുന്ന അത്തരം സന്തോഷകരമായ നിമിഷങ്ങൾ ആത്മീയ സമനില വീണ്ടെടുത്തുകൊണ്ടിരിക്കുന്നവരുടെ കാര്യത്തിൽ വിശേഷാൽ പ്രോത്സാഹജനകമാണ്.
5. ചില സാഹചര്യങ്ങളിൽ മൂപ്പന്മാർ എന്തു സഹായം വാഗ്ദാനം ചെയ്തേക്കാം?
5 സ്നേഹപൂർവകമായ ഒരു കരുതൽ: കുറെക്കാലമായി പ്രസംഗവേലയിൽ ഏർപ്പെടാതിരിക്കുകയോ സഭയുമായി സഹവസിക്കാതിരിക്കുകയോ ചെയ്തവർക്ക് വിശ്വാസം ബലിഷ്ഠമാക്കുന്നതിനു കൂടുതലായ സഹായം ആവശ്യമായിരുന്നേക്കാം. ഏക സത്യദൈവത്തെ ആരാധിക്കുക എന്ന പുസ്തകമോ യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകമോ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകമോ ഉപയോഗിച്ചുള്ള വ്യക്തിപരമായ ഒരു ബൈബിളധ്യയനം ആയിരിക്കാം ആവശ്യമായിരിക്കുന്നത്. വ്യക്തി സ്നാപനമേറ്റ ആൾ ആയിരിക്കുന്നതിനാൽ സാധാരണഗതിയിൽ ദീർഘനാളത്തെ അധ്യയനത്തിന്റെ ആവശ്യമില്ല. ഈ കരുതൽ ആർക്കു പ്രയോജനം ചെയ്തേക്കാമെന്നു നിർണയിക്കുന്നതിൽ സഭാസേവനക്കമ്മിറ്റി ശ്രദ്ധിക്കണം.—1998 നവംബറിലെയും 2000 നവംബറിലെയും നമ്മുടെ രാജ്യ ശുശ്രൂഷയിലെ ചോദ്യപ്പെട്ടി കാണുക.
6. ഒരു സഹോദരി ആത്മീയബലം പുനരാർജിച്ചത് എങ്ങനെ?
6 നേരത്തേ പരാമർശിച്ച അന്ന, ആത്മീയ പക്വതയുള്ള ഒരു സഹോദരി തനിക്ക് ഒരു ബൈബിളധ്യയനം നടത്തുന്നതു സംബന്ധിച്ച് മൂപ്പന്മാർ മുന്നോട്ടുവെച്ച നിർദേശം നന്ദിപൂർവം സ്വീകരിച്ചു. വീണ്ടും യഹോവയോട് അടുത്തുചെല്ലുന്നതിന് അന്നയെ സഹായിക്കാൻ വെറും നാലു പ്രാവശ്യത്തെ അധ്യയനം മതിയായിരുന്നു. അവർ വീണ്ടും സഭായോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. യഹോവയാം ദൈവത്തെ പരസ്യമായി സ്തുതിക്കാനുള്ള ആഗ്രഹം വീണ്ടും അവരിൽ അങ്കുരിച്ചു. വീടുതോറും പ്രസംഗിക്കുന്നതിന് ആവശ്യമായ ആത്മീയബലം അന്ന ആർജിക്കുന്നതുവരെ ആ പക്വതയുള്ള സഹോദരി അവരെ തന്റെ മറ്റ് അധ്യയനങ്ങൾക്കു കൂട്ടിക്കൊണ്ടുപോയി, അങ്ങനെ അവരെ ശുശ്രൂഷയിൽ സഹായിച്ചു. ആത്മീയപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് അവർക്ക് ആകെക്കൂടി ആവശ്യമായിരുന്നത് ദയാപൂർവകമായ ആ സഹായമായിരുന്നു!
7. മറ്റുള്ളവരെ ആത്മീയമായി ബലപ്പെടുത്തുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
7 സഹായം ആവശ്യമുള്ളവരെ ബലപ്പെടുത്തുന്നത് എല്ലാവർക്കും അനുഗ്രഹങ്ങൾ കൈവരുത്തുന്നു. സഹായം ലഭിക്കുന്ന വ്യക്തി, യഹോവയോട് അടുത്തു ചെല്ലുന്നതിന്റെയും അവന്റെ സംഘടനയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന്റെയും സന്തോഷം ആസ്വദിക്കുന്നു. അത്തരം ആത്മീയ പുരോഗതി കാണുന്നതിൽ മൂപ്പന്മാർ സന്തോഷിക്കുന്നു. (ലൂക്കൊ. 15:5, 6) എല്ലാവരും പരസ്പരം സ്നേഹപൂർവകമായ പരിഗണന കാണിക്കുമ്പോൾ അത് സഭയുടെ ഐക്യത്തിനു സംഭാവനചെയ്യുന്നു. (കൊലൊ. 3:12-14) എളുപ്പം ലഭ്യമാകുന്ന ഒരു സഹായമായിരിക്കുന്ന യഹോവയെ അനുകരിക്കുന്നതിനുള്ള എത്ര നല്ല കാരണങ്ങൾ!—എഫെ. 5:1.