തീക്ഷ്ണത എങ്ങനെ നിലനിറുത്താം?
1 ശുശ്രൂഷയിൽ അപ്പൊല്ലോസ് കാണിച്ച തീക്ഷ്ണതയെക്കുറിച്ചു വായിക്കുമ്പോൾ ഇന്നു പ്രസംഗവേലയിൽ പ്രത്യേകാൽ തീക്ഷ്ണതയുള്ള സഹക്രിസ്ത്യാനികളായിരിക്കാം നമ്മുടെ മനസ്സിലേക്കു വരുന്നത്. (പ്രവൃ. 18:24-28) എന്നാൽ, “ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി”രിക്കാൻ നമ്മെയെല്ലാം ഉദ്ബോധിപ്പിച്ചിരിക്കുന്നു. (റോമ. 12:11) ക്രിസ്തീയ ശുശ്രൂഷയിൽ തീക്ഷ്ണത ഉണ്ടായിരിക്കുന്നതിനും അതു നിലനിറുത്തുന്നതിനും നമ്മെ എന്തു സഹായിക്കും?
2 അറിവിനുള്ള പങ്ക്: യേശു തന്റെ രണ്ടു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുകയും “എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചു”കൊടുക്കുകയും ചെയ്തതിനെത്തുടർന്ന് അവർ പറഞ്ഞു: “അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ.” (ലൂക്കൊ. 24:27, 32) ദൈവവചനത്തെക്കുറിച്ചുള്ള അറിവ് വർധിക്കുമ്പോൾ നമ്മുടെ ഹൃദയവും ആവേശത്താൽ ജ്വലിക്കുന്നില്ലേ? വിശ്വാസത്തെ ജ്വലിപ്പിച്ചു നിറുത്തുന്ന ഇന്ധനംപോലെയാണ് അറിവ്. ‘വിശ്വാസം കേൾവിയാൽ വരുന്നു’ എന്ന് റോമർ 10:17 വിശദീകരിക്കുന്നു. യഹോവയുടെ വാഗ്ദാനങ്ങളിലുള്ള വിശ്വാസത്താൽ നമ്മുടെ ഹൃദയം നിറയുമ്പോൾ പഠിച്ച കാര്യങ്ങളെക്കുറിച്ചു സംസാരിക്കാതിരിക്കാൻ നമുക്കു കഴിയില്ല.—സങ്കീ. 145:7; പ്രവൃ. 4:20.
3 ശക്തമായ ദൈവസ്നേഹവും സേവനത്തിലെ ഉജ്ജ്വലമായ തീക്ഷ്ണതയും നിലനിറുത്താൻ മുമ്പു നേടിയ അറിവു മാത്രം പോരാ. സത്യത്തെക്കുറിച്ചുള്ള അറിവും യഹോവയോടുള്ള നമ്മുടെ സ്നേഹവും വർധിപ്പിക്കുന്നതിൽ നാം തുടരുകതന്നെ വേണം. അല്ലാത്തപക്ഷം ദൈവസേവനം ക്രമേണ വെറും കടമനിർവഹണംപോലെ ആയിത്തീർന്നേക്കാം. (വെളി. 2:4) “ദൈവത്തെക്കുറിച്ചുളള പരിജ്ഞാനത്തിൽ വളരേണമെന്നു” ദൈവവചനം നമ്മെ ബുദ്ധിയുപദേശിക്കുന്നു.—കൊലൊ. 1:9, 10.
4 നമ്മുടെ പഠനശീലങ്ങൾ: അതുകൊണ്ട്, നാം നമ്മുടെ പഠനശീലങ്ങളെ ഒന്നു വിലയിരുത്തുന്നതു നല്ലതാണ്. ഉദാഹരണത്തിന്, വീക്ഷാഗോപുരത്തിന്റെ അധ്യയനലേഖനത്തിൽ ഉത്തരങ്ങൾ അടയാളപ്പെടുത്തുന്നതിനും ശരിയായ അഭിപ്രായങ്ങൾ പറയുന്നതിനും നമുക്കു കഴിയുമായിരിക്കും. എന്നാൽ ഉദ്ധരിക്കാതെ, പരാമർശിക്കുക മാത്രം ചെയ്തിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കാനും പഠനഭാഗത്തെ വിവരങ്ങൾ നമ്മുടെ ജീവിതത്തിൽ എപ്രകാരമാണു ബാധകമാകുന്നത് എന്നു ചിന്തിക്കാനും നാം സമയമെടുക്കാറുണ്ടോ? പ്രതിവാര ബൈബിൾ വായനഭാഗത്തെ സംബന്ധിച്ചിടത്തോളം, സാധ്യമെങ്കിൽ ഗവേഷണം ചെയ്യാൻ നാം ശ്രമിക്കാറുണ്ടോ? അതിൽ നമുക്കായി എന്തു പാഠങ്ങളാണ് അടങ്ങിയിരിക്കുന്നത് എന്നതിനെക്കുറിച്ച് നാം ധ്യാനിക്കാറുണ്ടോ? (സങ്കീ. 77:11, 12; സദൃ. 2:1-5) ദൈവവചനത്തിന്റെ പഠനത്തിൽ മുഴുകിയിരിക്കുന്നതും അതേക്കുറിച്ചു ധ്യാനിക്കുന്നതും എത്ര പ്രയോജനപ്രദമാണ്! (1 തിമൊ. 4:15, 16) അത്തരം ഗഹനമായ പഠനം നമ്മുടെ ഹൃദയത്തെ പരിപോഷിപ്പിക്കുകയും “സൽപ്രവൃത്തികളിൽ ശുഷ്കാന്തി”യുള്ളവരായിരിക്കാൻ നമുക്ക് ഊർജം പകരുകയും ചെയ്യും.—തീത്തൊ. 2:14.