നമ്മുടെ ശുശ്രൂഷ—അനുകമ്പ പ്രതിഫലിപ്പിക്കുന്ന ഒരു വേല
1 തന്റെ പ്രസംഗം ശ്രദ്ധിക്കാനെത്തിയ പുരുഷാരം “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരു”മാണെന്ന് യേശു മനസ്സിലാക്കി. (മത്താ. 9:36) ആർദ്രതയോടും സ്നേഹത്തോടും കൂടെ അവൻ അവരെ ആശ്വസിപ്പിക്കുകയും യഹോവയുടെ വഴികൾ പഠിപ്പിക്കുകയും അവരുടെ ആത്മീയ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അനുകമ്പാപൂർവം സഹായിക്കുകയും ചെയ്തു. യേശു ആളുകളോട് ഇടപെട്ട വിധത്തെക്കുറിച്ചു ധ്യാനിക്കുമ്പോൾ അവനെപ്പോലെ ചിന്തിക്കാനും അവന്റേതുപോലുള്ള വികാരം പ്രകടമാക്കാനും നാം പഠിക്കും. അങ്ങനെ അനുകമ്പയെന്ന ഈ ഗുണം നമ്മുടെ ശുശ്രൂഷയിലും പ്രകടമാകും.
2 ഹതാശരായ ആളുകൾ സഹായത്തിനായി തന്നെ സമീപിച്ചപ്പോൾ യേശു എങ്ങനെയാണു പ്രതികരിച്ചതെന്ന് ഒരു നിമിഷം ചിന്തിക്കുക. (ലൂക്കൊ. 5:12, 13; 8:43-48) പ്രത്യേക സാഹചര്യങ്ങളിലുള്ളവരോട് അവൻ പരിഗണനയുള്ളവനായിരുന്നു. (മർക്കൊ. 7:31-35) അവൻ മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്തു. ആളുകളുടെ ബാഹ്യപ്രകൃതത്താൽ അവൻ സ്വാധീനിക്കപ്പെട്ടില്ല. (ലൂക്കൊ. 7:36-40) വ്യക്തമായും യേശു നമ്മുടെ ദൈവത്തിന്റെ ആർദ്രാനുകമ്പ പൂർണമായി പ്രതിഫലിപ്പിച്ചു.
3 യേശു ‘മനസ്സലിവു’ പ്രകടമാക്കി: കേവലമൊരു കടമയെന്നപോലെയല്ല യേശു തന്റെ ശുശ്രൂഷ നിർവഹിച്ചത്. അവന് ആളുകളോടു മനസ്സലിവ് ഉണ്ടായിരുന്നു. (മർക്കൊ. 6:34) സമാനമായി ഇന്നു നാം കേവലമൊരു സന്ദേശം അറിയിക്കുകയല്ല, മറിച്ച് ആളുകളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയാണു ചെയ്യുന്നത്. ആളുകൾ ചില പ്രത്യേക വിധങ്ങളിൽ പ്രതികരിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. എന്താണ് അവരുടെ ഉത്കണ്ഠകൾക്കും ആകുലതകൾക്കും കാരണം? വ്യാജമത ഇടയന്മാരാൽ അവഗണിക്കപ്പെട്ടും വഞ്ചിക്കപ്പെട്ടും കഴിയുന്ന ഒരവസ്ഥയിലാണോ അവർ? മറ്റുള്ളവരിൽ നാം യഥാർഥ താത്പര്യം പ്രകടമാക്കുമ്പോൾ സുവാർത്ത ശ്രദ്ധിക്കാൻ അവർ പ്രേരിതരായിത്തീർന്നേക്കാം.—2 കൊരി. 6:4, 6.
4 അനുകമ്പ ഹൃദയങ്ങളെ സ്പർശിക്കുന്നു. മൂന്നു മാസം പ്രായമുള്ള മകളെ മരണത്തിൽ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലായിരുന്ന ഒരു സ്ത്രീയുടെ ഉദാഹരണമെടുക്കുക. രണ്ടു സാക്ഷികൾ വീടു സന്ദർശിച്ചപ്പോൾ, ദൈവം എന്തുകൊണ്ടാണു യാതനകൾ അനുവദിച്ചിരിക്കുന്നത് എന്നതു സംബന്ധിച്ചുള്ള അവരുടെ വാദങ്ങൾ ഖണ്ഡിക്കാൻ ഉദ്ദേശിച്ചുകൊണ്ട് അവൾ അവരെ അകത്തേക്കു ക്ഷണിച്ചു. എന്നിരുന്നാലും ആ സ്ത്രീ പിന്നീട് ഇങ്ങനെ പറഞ്ഞു: “ഞാൻ പറഞ്ഞതെല്ലാം അവർ അനുകമ്പയോടെ കേട്ടു. എനിക്ക് എത്രമാത്രം ആശ്വാസം തോന്നിയെന്നോ. അതുകൊണ്ട് വീണ്ടും വരാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു.” ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന എല്ലാവരോടും അനുകമ്പ കാണിക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ?
5 അനുകമ്പ നട്ടുവളർത്തുന്നതു മറ്റുള്ളവർക്കു യഥാർഥ ആശ്വാസം പകരാൻ നമ്മെ സഹായിക്കും. അങ്ങനെ ചെയ്തുകൊണ്ട് ‘മനസ്സലിവുള്ളള പിതാവായ’ യഹോവയെ നമുക്കു മഹത്ത്വപ്പെടുത്താം.—2 കൊരി. 1:3.