നിങ്ങളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം എന്തിനാണ്?
1 ഈ ചോദ്യത്തിന് നിങ്ങൾ എന്ത് ഉത്തരം നൽകും? നാമെല്ലാവരും രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കാൻ ആഗ്രഹിക്കുന്നു എന്നതിനു സംശയമില്ല. (മത്താ. 6:33) എന്നാൽ ‘ഞാൻ എടുക്കുന്ന തീരുമാനങ്ങൾ അതാണോ പ്രകടമാക്കുന്നത്?’ എന്ന് നമുക്കു നമ്മോടുതന്നെ ചോദിക്കാനാകും. “നിങ്ങളെത്തന്നേ ശോധനചെയ്വിൻ” എന്നു ബൈബിൾ ഉദ്ബോധിപ്പിക്കുന്നു. (2 കൊരി. 13:5) നാം രാജ്യം ഒന്നാമതു വെക്കുന്നുവെന്ന് ശോധനചെയ്ത് എങ്ങനെ സ്വയം ഉറപ്പാക്കാൻ കഴിയും?
2 നമ്മുടെ സമയം: ആദ്യംതന്നെ, നമ്മുടെ സമയം നാം ഏതു വിധത്തിൽ ഉപയോഗിക്കുന്നുവെന്നു പരിശോധിക്കാനാകും. (എഫെ. 5:15, 16) ടിവി കാണുക, ഇന്റർനെറ്റ് ഉപയോഗിക്കുക, ഹോബികളിൽ ഏർപ്പെടുക, കൂട്ടുകാരുമൊത്തു സമയം ചെലവഴിക്കുക എന്നിവയ്ക്കായി നാം ഓരോ ആഴ്ചയും എത്ര സമയം നീക്കിവെക്കാറുണ്ട്? ഇത്തരം കാര്യങ്ങൾക്കായി നാം ചെലവഴിക്കുന്ന സമയം കുറിച്ചുവെക്കുകയും അതിനെ ആത്മീയ കാര്യങ്ങൾക്കായി ചെലവഴിക്കുന്ന സമയവുമായി താരതമ്യപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ നാം അതിശയിച്ചുപോയേക്കാം. ആഡംബര വസ്തുക്കൾ വാങ്ങുന്നതിനുള്ള പണം സമ്പാദിക്കാനായി വിശുദ്ധ സേവനം ബലികഴിച്ചുകൊണ്ട് നാം ഓവർടൈം ചെയ്യാറുണ്ടോ? വാരാന്തങ്ങളിലെ വിനോദയാത്രയ്ക്കായി നാം എത്ര കൂടെക്കൂടെ യോഗങ്ങളോ വയൽശുശ്രൂഷയോ മുടക്കാറുണ്ട്?
3 മുൻഗണനകൾ വെക്കുക: ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ നമ്മിൽ മിക്കവർക്കും സമയം തികയാറില്ല. അതുകൊണ്ട് രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കാൻ നാം നമ്മുടെ മുൻഗണനകളെ വിലയിരുത്തുകയും “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ”ക്കായി സമയം പട്ടികപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. (ഫിലി. 1:10, NW) ദൈവവചനം പഠിക്കുക, ശുശ്രൂഷയിൽ ഏർപ്പെടുക, ഒരുവന്റെ കുടുംബത്തിനായി കരുതുക, ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. (സങ്കീ. 1:1, 2; റോമ. 10:13, 14; 1 തിമൊ. 5:8; എബ്രാ. 10:24, 25) മിതമായ വ്യായാമവും ആരോഗ്യാവഹമായ വിനോദവും പോലുള്ള മറ്റു പ്രവർത്തനങ്ങൾ പ്രയോജനപ്രദമാണ്. (മർക്കൊ. 6:31; 1 തിമൊ. 4:8) എന്നാൽ പ്രാധാന്യം കുറഞ്ഞ ഈ കാര്യങ്ങൾക്ക് അവയുടെ ഉചിതമായ സ്ഥാനം മാത്രമേ നൽകാവൂ.
4 ലൗകിക തൊഴിലിനാവശ്യമായ ഉന്നത വിദ്യാഭ്യാസം നേടുന്നതിനു പകരം ഒരു യുവ സഹോദരൻ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ട് രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെച്ചു. അവൻ മറ്റൊരു ഭാഷ പഠിക്കുകയും ആവശ്യം അധികമുള്ള സ്ഥലത്ത് സേവിക്കാനായി അവിടേക്കു മാറിത്താമസിക്കുകയും ചെയ്തു. അവൻ പറഞ്ഞു: “ഇവിടെ ഞാൻ ജീവിതം അങ്ങേയറ്റം ആസ്വദിക്കുകയാണ്. ശുശ്രൂഷ എത്രയോ നവോന്മേഷപ്രദമാണ്! ഓരോ യുവവ്യക്തിയും ഇതുപോലെ എന്തെങ്കിലും ചെയ്യണമെന്നും ഞാൻ അനുഭവിക്കുന്ന സംതൃപ്തി ആസ്വദിക്കണമെന്നും ഞാൻ ആശിച്ചുപോകുന്നു. നമുക്കുള്ളതെല്ലാംകൊണ്ട് യഹോവയെ സേവിക്കുന്നതിനെക്കാൾ മെച്ചമായി മറ്റൊന്നുമില്ല.” അതേ, രാജ്യം ജീവിതത്തിൽ ഒന്നാം സ്ഥാനത്തു വെക്കുന്നത് നമുക്ക് അനുഗ്രഹങ്ങൾ കൈവരുത്തുന്നു. എന്നാൽ അതിലുപരിയായി ഇത് നമ്മുടെ സ്വർഗീയ പിതാവായ യഹോവയെ പ്രസാദിപ്പിക്കുന്നു.—എബ്രാ. 6:10.