വീക്ഷാഗോപുരം ഉദ്വേഗജനകമായ വഴിത്തിരിവിൽ!
1 ഈ വർഷാരംഭത്തിൽ പുളകപ്രദമായ ഒരു അറിയിപ്പ് സഭകൾക്കു ലഭിക്കുകയുണ്ടായി. 2008 ജനുവരി മുതൽ, പൊതുജനത്തിനും നമ്മുടെ സഹോദരവർഗത്തിനുമുള്ള രണ്ടു തരം പതിപ്പുകളായി വീക്ഷാഗോപുരം രംഗത്തുവരുന്നു എന്നതായിരുന്നു അതിന്റെ സാരം! ‘എന്തായിരിക്കും ഇവയെ വ്യത്യസ്തമാക്കുന്നത്? വിഭിന്നമായ ഈ പതിപ്പുകളുടെ പ്രയോജനങ്ങൾ എന്തെല്ലാമാണ്? എന്തെങ്കിലും പുതുമ പ്രതീക്ഷിക്കാമോ? ഏതെല്ലാം ഇന്ത്യൻ ഭാഷകളിൽ ഈ മാറ്റം ബാധകമാകും?’ എന്നൊക്കെ ഒരുപക്ഷേ നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും.
2 വ്യത്യസ്തതകൾ: മാസത്തിന്റെ ഒന്നാം തീയതിയിലെ ലക്കത്തിലുള്ള എല്ലാ ലേഖനങ്ങളും പൊതുജനത്തെ മുന്നിൽക്കണ്ടുകൊണ്ടായിരിക്കും തയ്യാറാക്കുക. 15-ാം തീയതിയിലെ ലക്കം അധ്യയന പതിപ്പായിരിക്കും. ഇതു നാം വയലിൽ സമർപ്പിക്കുകയില്ല. ഒരു മാസത്തേക്കുള്ള എല്ലാ അധ്യയന ലേഖനങ്ങളും സമർപ്പിത ക്രിസ്ത്യാനികൾക്കു പ്രത്യേകാൽ താത്പര്യജനകമായ കൂടുതലായ ചില ലേഖനങ്ങളും ഇതിലുണ്ടായിരിക്കും. വീക്ഷാഗോപുരത്തിന്റെ പൊതുജന പതിപ്പ് സാക്ഷികൾക്കും വിശേഷാൽ, ബൈബിളിനെ ആദരിക്കുന്ന സാക്ഷികളല്ലാത്തവർക്കും അത്യന്തം ആകർഷകമായിരിക്കും. നേരെമറിച്ച് സന്ദേഹവാദികളും അക്രൈസ്തവരും മറ്റുമടങ്ങിയ ബൃഹത്തായ ഒരു സമൂഹത്തെ മുൻനിറുത്തി ഉണരുക! തുടർന്നും പ്രസിദ്ധീകരിക്കുന്നതായിരിക്കും.
3 പ്രയോജനങ്ങൾ: അധ്യയന പതിപ്പിൽ, “പയനിയർ” എന്നതുപോലുള്ള പ്രയോഗങ്ങൾ, സാക്ഷികളല്ലാത്തവർക്കു മനസ്സിലാകുന്ന വിധത്തിൽ വിശദീകരിക്കേണ്ടിവരില്ല. യഹോവയുടെ സാക്ഷികൾക്കും ആത്മീയമായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബൈബിൾവിദ്യാർഥികൾക്കും ബാധകമാകുന്ന പ്രത്യേക വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്താനുമാകും. പൊതുജന പതിപ്പിന്റെ കാര്യമോ? വിഷയങ്ങളും ആലേഖനശൈലിയും പൊതുജനത്തിന് ഇണങ്ങുംവിധം ആയിരിക്കുമെന്നതിനാൽ, സാക്ഷിയല്ലാത്ത ഒരു വ്യക്തിക്ക് മാസിക പുറത്തോടുപുറം വായിച്ചാസ്വദിക്കാനാകും. രണ്ടു പതിപ്പുകളും വായിക്കുന്നതിൽനിന്ന് ഓരോ സാക്ഷിയും പ്രയോജനമനുഭവിക്കും എന്നതിനു സംശയമില്ല.
4 പുതുമകൾ: വീക്ഷാഗോപുരത്തിന്റെ പൊതുജന പതിപ്പിൽ രസകരമായ ചില പുതിയ സവിശേഷതകളുണ്ടായിരിക്കും. അടിസ്ഥാനപരമായ തിരുവെഴുത്തുപദേശങ്ങൾ അതിലളിതമായി അവതരിപ്പിക്കുന്ന ഒരു പരമ്പരയാണ് അതിലൊന്ന്. മറ്റൊന്ന് കുടുംബങ്ങൾക്കു ബൈബിൾ എത്ര സഹായകമാണെന്നു പ്രകടമാക്കും. ചെറുപ്പക്കാർക്കുള്ള ബൈബിൾപഠന പരിപാടികളും ഉൾപ്പെടുത്തുന്നതായിരിക്കും. ഓരോ പതിപ്പിലും, യഹോവയുടെ വ്യക്തിമാഹാത്മ്യം ചൂണ്ടിക്കാട്ടുന്ന പ്രത്യേക ബൈബിൾഭാഗങ്ങൾ പ്രദീപ്തമാക്കിക്കൊണ്ടുള്ള ഒരു ലേഖനവും ഉണ്ടായിരിക്കും.
5 ഇന്ത്യയിൽ: കന്നഡ, തമിഴ്, തെലുങ്ക്, പഞ്ചാബി, ബംഗാളി, മലയാളം, മറാഠി, ഹിന്ദി എന്നീ ഭാഷകളിൽ വീക്ഷാഗോപുരത്തിന്റെ പ്രതിമാസ അധ്യയന പതിപ്പും ത്രൈമാസ പൊതുജന പതിപ്പും പ്രസിദ്ധീകരിക്കുന്നതായിരിക്കും. എന്നാൽ ഗുജറാത്തി, മിസോ, നേപ്പാളി എന്നീ ഭാഷകളിൽ ഒരു പ്രതിമാസ സംയുക്ത പതിപ്പുമാത്രമേ ഉണ്ടായിരിക്കൂ. മാസത്തിന്റെ 1-ാം തീയതിയിലുള്ള ഈ ലക്കത്തിൽ അധ്യയന പതിപ്പിലെ എല്ലാ ലേഖനങ്ങളും പൊതുജന പതിപ്പിൽനിന്നുള്ള തിരഞ്ഞെടുത്ത ലേഖനങ്ങളും ഉണ്ടായിരിക്കും. ചില ഭാഷകളിൽ, 2007 ഡിസംബർ 15 ലക്കം ഇംഗ്ലീഷ് വീക്ഷാഗോപുരത്തിലെ അധ്യയന ലേഖനങ്ങളടങ്ങിയ ഒരു ലഘുപത്രിക പ്രസിദ്ധീകരിക്കുന്നതായിരിക്കും.
6 വീക്ഷാഗോപുരത്തിന്റെ ചരിത്രത്തിലെ ഈ പുതുക്രമീകരണത്തെ യഹോവ അനുഗ്രഹിക്കട്ടെയെന്നു നമുക്കു പ്രാർഥിക്കാം. വീക്ഷാഗോപുരവും ഉണരുക!യും ചേർന്ന് അർഹരായിട്ടുള്ള കൂടുതൽ പേർക്ക് ഇനിയും സുവാർത്ത എത്തിച്ചുകൊടുക്കാൻ ഇടയാകട്ടെ.—മത്താ. 10:11.
[1-ാം പേജിലെ ചിത്രം]
(ശേഷം 2-ാം പേജിലെ 3-ാം കോളത്തിൽ)
[2-ാം പേജിലെ ചിത്രം]
ഉദ്വേഗജനകമായ വഴിത്തിരിവിൽ (തുടർച്ച)