ദരിദ്രരെ ആശ്വസിപ്പിക്കുക
1 ദരിദ്രരുടെ കാര്യത്തിൽ യേശുവിനു പ്രത്യേക പ്രതിപത്തിയുണ്ടായിരുന്നു. ചില സന്ദർഭങ്ങളിൽ അവൻ അത്ഭുതകരമായി ഭൗതിക സഹായം പ്രദാനം ചെയ്യുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്തു. എന്നാൽ “ദരിദ്രരോടു സുവിശേഷം അറിയിക്കു”ന്നതിലായിരുന്നു അവൻ ശ്രദ്ധകേന്ദ്രീകരിച്ചത്. (മത്താ. 11:5) ദരിദ്രർക്കും മറ്റുള്ളവർക്കും പ്രയോജനം ചെയ്തുകൊണ്ട് ക്രിസ്തീയ ശുശ്രൂഷ ഇന്നും അവിരാമം തുടരുന്നു.—മത്താ. 24:14; 28:19, 20.
2 യഥാർഥ പ്രത്യാശ: പള്ളിക്ക് ഉദാരമായി സംഭാവന ചെയ്താൽ അഭിവൃദ്ധി ഉണ്ടാകുമെന്ന് ക്രൈസ്തവലോകത്തിലെ ശുശ്രൂഷകർ മിക്കപ്പോഴും ദരിദ്രർക്ക് ഉറപ്പുനൽകുന്നു. എന്നാൽ ദാരിദ്ര്യം നിർമാർജനം ചെയ്യാനും മനുഷ്യന്റെ സകല പ്രശ്നങ്ങളും പരിഹരിക്കാനും ദൈവരാജ്യത്തിനു മാത്രമേ കഴിയൂ എന്നാണു ബൈബിൾ പഠിപ്പിക്കുന്നത്. (സങ്കീ. 9:18; 145:16; യെശ. 65:21-23) ബൈബിൾ യഥാർഥത്തിൽ എന്താണു പഠിപ്പിക്കുന്നതെന്നു കാണിച്ചുകൊടുക്കുന്നതിലൂടെ ദരിദ്രർക്കു പ്രത്യാശ പകർന്നുകൊടുക്കാനും ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അവരെ സഹായിക്കാനും നമുക്കു കഴിയും.—മത്താ. 5:3.
3 യേശുവിന്റെ നാളിൽ പരീശന്മാർ ദരിദ്രരെ നിന്ദാപൂർവം “അംഹാരെറ്റ്സ്” അഥവാ “നിലത്തെ ആളുകൾ” എന്നു വിളിച്ചിരുന്നു. എന്നാൽ യേശുവിന് “അവരുടെ രക്തം” അഥവാ ജീവൻ ‘വിലയേറിയതായിരുന്നു’. (സങ്കീ. 72:13, 14) അങ്ങനെയുള്ളവരോടു ‘കൃപ കാണിച്ചുകൊണ്ട്’ അവനെ അനുകരിക്കാൻ ദയയും സഹാനുഭൂതിയും നമ്മെ പ്രചോദിപ്പിക്കും. (സദൃ. 14:31) പരിതാപകരമായ ചുറ്റുപാടുകളിൽ ജീവിക്കുന്നവരെ നാം അവജ്ഞയോടെ വീക്ഷിക്കുകയോ അവരോടു സാക്ഷീകരിക്കാൻ മടിവിചാരിക്കുകയോ ചെയ്യരുത്. രാജ്യസന്ദേശം കൈക്കൊള്ളുന്ന അനേകരും ദരിദ്രരാണെന്ന് ഓർക്കുക.
4 സത്വരപ്രയോജനം: നമ്മുടെ പ്രദേശത്തുള്ള ദരിദ്രരെ ബൈബിൾതത്ത്വങ്ങൾ പഠിപ്പിക്കുന്നതിന്റെ ഫലമായി ഇപ്പോൾപ്പോലും അവർ പ്രയോജനം നേടുന്നു; ദാരിദ്ര്യത്തിന്റെ രൂക്ഷത ലഘൂകരിക്കാൻ അതവരെ സഹായിക്കുന്നു. ഉദാഹരണത്തിന് ദാരിദ്ര്യത്തിലേക്കു നയിക്കുന്ന മദ്യപാനം, ചൂതാട്ടം, അലസത, മുറുക്ക് തുടങ്ങിയ ശീലങ്ങളെ ബൈബിൾ കുറ്റംവിധിക്കുന്നു. (സദൃ. 6:10, 11; 23:21; 2 കൊരി. 7:1; എഫെ. 5:5) സത്യസന്ധരായിരിക്കാനും “മനസ്സോടെ” വേല ചെയ്യാനും തിരുവെഴുത്തുകൾ പ്രോത്സാഹിപ്പിക്കുന്നു—ഒരു തൊഴിലാളിക്കുണ്ടായിരിക്കേണ്ട അഭികാമ്യ ഗുണങ്ങളാണവ. (കൊലൊ. 3:22, 23; എബ്രാ. 13:18) “സത്യസന്ധതയും വിശ്വസ്തതയുമാണ് ഉദ്യോഗാർഥികളിൽ തങ്ങൾ ഏറ്റവും പ്രിയപ്പെടുന്ന ഗുണങ്ങൾ” എന്ന് ഒരു സർവേയിൽ പങ്കെടുത്ത തൊഴിലുടമകളിൽ ഭൂരിഭാഗവും പറയുകയുണ്ടായി.
5 ദരിദ്രരുടെ യാതനകൾക്കുനേരെ യഹോവ കണ്ണടയ്ക്കുന്നില്ല. പെട്ടെന്നുതന്നെ യേശുക്രിസ്തു “നിലവിളിക്കുന്ന ദരിദ്രനെ” വിടുവിക്കും. (സങ്കീ. 72:12) അതുവരെ ദരിദ്രർ ഉൾപ്പെടെയുള്ള ആളുകളെ ബൈബിളിന്റെ പ്രത്യാശാനിർഭരമായ സന്ദേശത്താൽ ആശ്വസിപ്പിക്കാനുള്ള അനുപമമായ അവസരം നമുക്കുണ്ട്.