ഹൃദയം നുറുങ്ങിയവർക്ക് ആശ്വാസമേകുക
1 ആശ്വാസം ഇത്രത്തോളം ആവശ്യമായ ഒരു സമയം മാനവചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടില്ല. നമ്മുടെ രാജാവായ ക്രിസ്തുയേശുവിന്റെ കാലടികൾ പിൻപറ്റിക്കൊണ്ട് ‘ഹൃദയം തകർന്നവരെ മുറികെട്ടാൻ’ നമ്മളും യത്നിക്കുന്നു.—യെശ. 61:1.
2 ആശ്വാസമേകാനുള്ള വഴികൾ: ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവർക്കു നമ്മുടെ വാക്കുകൾ ആശ്വാസം പകരണമെങ്കിൽ അവതരണം പ്രത്യാശാനിർഭരമായിരിക്കണം. ലോകത്തിലെ ദുഷ്ചെയ്തികളെയും ദുരുപദേശങ്ങളെയും കുറിച്ചുള്ള ചർച്ച പരിമിതമാക്കിനിറുത്തുമ്പോൾ പ്രത്യാശാനിർഭരവും സാന്ത്വനദായകവുമായ ദിവ്യവാഗ്ദാനങ്ങളും തിരുവെഴുത്തുസത്യങ്ങളും നമ്മുടെ സംഭാഷണത്തിൽ നിറഞ്ഞുനിൽക്കും. അർമഗെദോനെക്കുറിച്ചു മൗനംപാലിക്കണമെന്നല്ല ഇതിനർഥം. ‘തന്റെ ദുർമ്മാർഗ്ഗം വിടുവാൻ ദുഷ്ടനെ ഓർപ്പിക്കാൻ’ തക്കവണ്ണം “യഹോവയുടെ പ്രസാദവർഷ”ത്തോടൊപ്പം “ദൈവത്തിന്റെ പ്രതികാരദിവസവും” ഘോഷിക്കുകയെന്നതാണു നമ്മുടെ ദൗത്യം. എന്നിരുന്നാലും, അർമഗെദോനെക്കുറിച്ചു മുന്നറിയിക്കുന്നതും അതിന്റെ വിനാശകഫലങ്ങളെക്കുറിച്ചു വിവരിക്കുന്നതും രാജ്യത്തിന്റെ സുവിശേഷത്തിനു മങ്ങലേൽപ്പിക്കാൻ പ്രതീക്ഷിക്കുന്നില്ല.—യെശ. 61:2; യെഹെ. 3:18; മത്താ. 24:14.
3 വീടുതോറും: രോഗം, പ്രിയപ്പെട്ടവരുടെ മരണം, അനീതി, സാമ്പത്തികപ്രശ്നങ്ങൾ എന്നിവയാൽ മനമുരുകിക്കഴിയുന്നവരെ നാം മിക്കപ്പോഴും കണ്ടുമുട്ടാറുണ്ട്. ക്രിസ്തുവിന്റെ അനുയായികളായ നാം ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരോട് ‘മനസ്സലിവും’ സഹാനുഭൂതിയും കാണിക്കുന്നു. (ലൂക്കൊ. 7:13; റോമ. 12:15) വീട്ടുകാരന്റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒന്നോ രണ്ടോ തിരുവെഴുത്തുകൾ വായിക്കുമെങ്കിലും തന്റെ വികാരവിചാരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹത്തെ അനുവദിച്ചുകൊണ്ട് “കേൾപ്പാൻ വേഗത”യുള്ളവരായിരിക്കണം നാം. (യാക്കോ. 1:19) അവർക്കു പറയാനുള്ളതു ശ്രദ്ധിക്കുന്നെങ്കിൽ ആശ്വാസം നൽകുന്നത് എളുപ്പമായിത്തീരും.
4 സംഭാഷണത്തിനിടെ ഉചിതമെന്നു തോന്നുന്ന ഒരു സന്ദർഭത്തിൽ, “ആശ്വാസം പകരുന്ന ഒരു വാക്യം ബൈബിളിൽനിന്നു താങ്കളെ കാണിക്കാൻ എനിക്കാഗ്രഹമുണ്ട്” എന്നു പറയാവുന്നതാണ്. അയാൾ പറഞ്ഞേക്കാവുന്ന തെറ്റായ ഓരോ വീക്ഷണഗതിയെയും ഖണ്ഡിക്കുന്നതിനു മുതിരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പകരം, തിരുവെഴുത്തുകളിൽനിന്നു പ്രോത്സാഹനവും ആശ്വാസവും പ്രദാനംചെയ്തുകൊണ്ട് അവരുടെ ഹൃദയത്തെ ബലപ്പെടുത്തുക എന്നതായിരിക്കണം നമ്മുടെ മുഖ്യലക്ഷ്യം. ഇതിനോടുള്ള ബന്ധത്തിൽ തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തിന്റെ 117-121 പേജുകളിൽ കൊടുത്തിരിക്കുന്ന, “പ്രോൽസാഹനം” എന്ന ഭാഗം പരിചിന്തിക്കാനാകും. അല്ലെങ്കിൽ വിഷാദമഗ്നർക്ക് ആശ്വാസം എന്ന ലഘുലേഖയിലെ സാന്ത്വനദായകമായ വിവരങ്ങൾ അവരുമായി ചർച്ചചെയ്യാൻ സാധിക്കും.
5 ആശ്വസിപ്പിക്കാനുള്ള അവസരങ്ങൾ തേടുക: നിങ്ങളുടെ ഒരു അയൽക്കാരനോ സഹപ്രവർത്തകനോ സഹപാഠിക്കോ കുടുംബാംഗത്തിനോ ആശ്വാസം ആവശ്യമായിരിക്കുന്നതായി നിങ്ങൾക്കറിയാമോ? തിരുവെഴുത്തുകളിൽനിന്ന് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ അവരെ വീട്ടിൽ പോയിക്കാണാൻ ശ്രമിച്ചുകൂടേ? അവരുടെ സാഹചര്യം മനസ്സിലാക്കുന്നത് ആശ്വസിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ നിങ്ങളെ സഹായിക്കും. ചിലർ ഈ ഉദ്ദേശ്യത്തിൽ കത്തുകളെഴുതുകയോ ഫോൺ വിളിക്കുകയോ ചെയ്തിട്ടുണ്ട്. സഹമനുഷ്യനോടുള്ള ആത്മാർഥസ്നേഹം സഹാനുഭൂതി കാണിക്കാനും തിരുവെഴുത്തുകളിൽനിന്ന് ആശ്വാസമേകാനും നമുക്കു പ്രചോദനമാകും.—ലൂക്കൊ. 10:25-37.
6 അതേ, വിലപിക്കുന്നവരുടെ കണ്ണീരൊപ്പുകയും ദുഃഖിതരെ ആശ്വസിപ്പിക്കുകയും അവർക്ക് ഒരു നല്ലനാളെ സംബന്ധിച്ച പ്രത്യാശ പകരുകയും ചെയ്യുകയെന്നതാണു നമ്മുടെ ദൗത്യം. ലോകമെങ്ങുമുള്ള ആളുകൾക്ക് ഈ ആശ്വാസം വേണം. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന നന്മകളെക്കുറിച്ചു സോത്സാഹം സംസാരിക്കുന്നത് ആത്മാർഥഹൃദയർക്ക് ആശ്വാസവും പ്രത്യാശയും പകരും. ഹൃദയം തകർന്നവരെ മുറികെട്ടേണ്ടതിന്റെ ആവശ്യം നമുക്കൊരിക്കലും മറക്കാതിരിക്കാം.