അവിരാമം പ്രസംഗിക്കുക
1 ‘പ്രദേശം കൂടെക്കൂടെ പ്രവർത്തിച്ചുതീർന്നതാണ്, അത്രവലിയ പ്രതികരണമൊട്ടില്ലതാനും’ എന്ന് നമുക്ക് ചിലപ്പോഴൊക്കെ തോന്നിയേക്കാം. എങ്കിലും അത്തരം പ്രദേശങ്ങളിൽ പ്രസംഗിച്ചുകൊണ്ടേയിരിക്കാൻ നമുക്കു തക്ക കാരണമുണ്ട്.—മത്താ. 28:19, 20.
2 സാക്ഷ്യത്തിനായി: പ്രസംഗവേല ‘ലോകാവസാനത്തിന്റെ’ സംയുക്ത അടയാളത്തിന്റെ ഒരു സുപ്രധാന ഭാഗമായിരിക്കുമെന്നും അതു “സകലജാതികൾക്കും സാക്ഷ്യമായി”രിക്കുമെന്നും യേശു മുൻകൂട്ടിപ്പറയുകയുണ്ടായി. (മത്താ. 24:3, 14) നമ്മൾ രാജ്യപ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കുന്നതായി മറ്റുള്ളവർ കാണുന്നതുതന്നെ വലിയൊരു സാക്ഷ്യമാണ്. ആളുകൾ നമ്മുടെ സന്ദേശം ശ്രദ്ധിച്ചില്ലെങ്കിൽക്കൂടെ, നമ്മൾ ആ പ്രദേശം വിട്ടുപോന്നശേഷവും അവർ നമ്മെക്കുറിച്ച് മണിക്കൂറുകളോളമോ ദിവസങ്ങളോളമോ സംസാരിച്ചേക്കാം. നാം ഈ ശുശ്രൂഷയിൽ ഏർപ്പെടുന്നതിന്റെ കാരണങ്ങൾ മനസ്സിൽപ്പിടിക്കുന്നത് ഇതിൽ തുടരാൻ നമ്മെ സഹായിക്കും. സാക്ഷ്യവും മുന്നറിയിപ്പിൻ സന്ദേശവും നൽകിക്കൊണ്ട് ബൈബിൾ പ്രവചനം നിവർത്തിക്കുന്നതിൽ പങ്കുചേരുകയും അങ്ങനെ യഹോവയെ പ്രസാദിപ്പിക്കുകയുമാണു നാം.—2 തെസ്സ. 1:6-9.
3 സ്ഥിരോത്സാഹം ആവശ്യം: ആളുകൾ പലവിധ കാര്യങ്ങളാൽ വളരെ തിരക്കിലാണ്. ഒന്നിനും സമയം തികയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ, ആളുകളുടെ താത്പര്യം വളർത്തിയെടുക്കാൻ നമ്മുടെ പക്ഷത്ത് സ്ഥിരോത്സാഹം ആവശ്യമാണ്. ഉദാഹരണത്തിന്, സാക്ഷികൾ ഒരു സ്ത്രീയെ എല്ലാ ആഴ്ചയും മുടങ്ങാതെ സന്ദർശിക്കുമായിരുന്നു. അങ്ങനെ ഒരു വർഷം കഴിഞ്ഞപ്പോഴാണ് ബൈബിൾ ചർച്ചയ്ക്കായി സാക്ഷികളെ തന്റെ വീട്ടിനുള്ളിലേക്കു ക്ഷണിക്കാൻ അവർക്കു തോന്നിയത്. കേട്ട കാര്യങ്ങൾ വളരെ ഇഷ്ടപ്പെട്ട ആ സ്ത്രീ ബൈബിളധ്യയനം സ്വീകരിച്ചു, യോഗങ്ങൾക്കു ഹാജരായിത്തുടങ്ങി, സ്നാനമേൽക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു.
4 ലോകാവസ്ഥകൾ അടിക്കടി മാറിക്കൊണ്ടിരിക്കുകയാണ്, ആളുകളുടെ മനോഭാവവും. മുമ്പു നമ്മുടെ സന്ദേശം നിരാകരിച്ചിരുന്നവർ ഇന്ന് ഒരുപക്ഷേ നാം പങ്കുവെക്കുന്ന പ്രത്യാശാനിർഭരമായ സുവാർത്ത കേൾക്കാൻ മനസ്സുകാണിച്ചേക്കും. നാം സ്ഥിരോത്സാഹം കാണിച്ചിട്ട് ഒരാൾ മാത്രമേ ശ്രദ്ധിച്ചുള്ളുവെന്നു കരുതുക. അതുപോലും തക്ക മൂല്യമുള്ളതാണ്.
5 ഇന്നു ‘നടക്കുന്ന സകല മ്ലേച്ഛതകളുംനിമിത്തം നെടുവീർപ്പിട്ടു കരയുകയാണ്’ ലോകമെമ്പാടുമുള്ള പലരും. (യെഹെ. 9:4) ശരിയായ ഹൃദയനിലയുള്ളവർ രാജ്യസന്ദേശത്തോട് അനുകൂലമായി പ്രതികരിക്കുകയാണെന്ന് പ്രസംഗവേലയുടെ ഫലങ്ങൾ തെളിയിക്കുന്നു. (യെശ. 2:2, 3) അതിനാൽ, ‘നന്മ സുവിശേഷിക്കുന്നതിൽ’ സ്ഥിരോത്സാഹം കാണിച്ചുകൊണ്ട് നമുക്ക് അവിരാമം പ്രസംഗിക്കാം.—യെശ. 52:7; പ്രവൃ. 5:42.