പ്രസംഗപ്രവർത്തനത്തിന് സഹിഷ്ണുത ആവശ്യം
1 മുപ്പതിലധികം വർഷം ഒരു സുവിശേഷകനായുള്ള ജീവിതം പൗലൊസ് അപ്പൊസ്തലൻ ആസ്വദിച്ചു. മൂല്യവത്തായ ഏതൊരു പ്രവർത്തനത്തിന്റെയും കാര്യത്തിലെന്നപോലെ അവന്റെ പ്രസംഗ പ്രവർത്തനത്തിലും ഉണ്ടായിരുന്നു പ്രതിബന്ധങ്ങൾ. (2 കൊരി. 11:23-29) എന്നിട്ടും പൗലൊസ് പിന്മാറിയില്ല. (2 കൊരി. 4:1) ശുശ്രൂഷ നിറവേറ്റവെ സഹിച്ചുനിൽക്കാനുള്ള ശക്തി യഹോവ നൽകുമെന്ന് അവന് അറിയാമായിരുന്നു. (ഫിലി. 4:13) വിശ്വസ്തതയോടെ സഹിച്ചുനിന്നതുകൊണ്ട് പൗലൊസിന് ഇങ്ങനെ പറയാനായി: “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ.”—1 കൊരി. 11:1.
2 ഇന്ന് പരിശോധനകൾ സഹിച്ചുനിൽക്കാൻ: അനുദിനം, നമ്മുടെ സഹോദരന്മാരിൽ പലരും പരിഹാസവും എതിർപ്പും കുടുംബാംഗങ്ങളിൽനിന്നോ സഹജോലിക്കാരിൽനിന്നോ സഹപാഠികളിൽനിന്നോ ഉള്ള നിസ്സംഗതയും നേരിടുന്നു. (മത്താ. 10:35; യോഹ. 15:20) നിങ്ങളുടെ കാര്യത്തിലും ഇതു സത്യമായിരിക്കാം. അതല്ലെങ്കിൽ ഒരു ആരോഗ്യപ്രശ്നവുമായി നിങ്ങൾ മല്ലിടുന്നുണ്ടാകാം. അതുമല്ലെങ്കിൽ, നിങ്ങളുടെ വിശ്വാസത്തെയും സഹിഷ്ണുതയെയും പരിശോധിക്കുന്ന വിധത്തിലുള്ള പ്രലോഭനങ്ങളെയും ശ്രദ്ധാശൈഥില്യങ്ങളെയും ചെറുക്കുന്നതിനു നിത്യവും നിങ്ങൾ പോരാടേണ്ടതുണ്ടായിരിക്കാം. പ്രതിസന്ധികളെ നേരിടുകയും തരണം ചെയ്യുകയും ചെയ്തിട്ടുള്ള സഹവിശ്വാസികളുടെയും പൂർവകാല വിശ്വസ്തരുടെയും മാതൃക പരിചിന്തിക്കുന്നതിലൂടെ നമുക്കു ശക്തി ആർജിക്കാനാകും.—1 പത്രൊ. 5:9.
3 ‘ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചിട്ടുണ്ടെന്ന്’ ഉറപ്പുവരുത്തുന്നതിലൂടെ ശുശ്രൂഷയിൽ സ്ഥൈര്യം കാണിക്കുന്നതിന് ആവശ്യമായ ശക്തി നേടാനാകും. (എഫെ. 6:10-13, 15) സഹിച്ചു നിൽക്കുന്നതിന് പ്രാർഥനയും അനിവാര്യമാണ്. പരീക്ഷകൾ സഹിച്ചുനിൽക്കുന്നതിന് ദൈവം തന്റെ പരിശുദ്ധാത്മാവിനെ നമുക്കു നൽകും. (2 കൊരി. 6:4-7) നമ്മുടെ ആത്മാവിനെ പുതുക്കാനുള്ള ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ അനുസരിക്കുകയാണെങ്കിൽ ആത്മീയപോരാട്ടത്തിൽ നമുക്കു വിജയിക്കാനാകും. (സങ്കീ. 119:24, 85-88) ഒരു കുട്ടി സ്നേഹസമ്പന്നനായ തന്റെ പിതാവിന്റെ കത്ത് വീണ്ടുംവീണ്ടും വായിക്കുന്നതുപോലെ, ദൈനംദിനമുള്ള ബൈബിൾ വായന യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തും. ക്രമമായ ബൈബിൾ പഠനത്തിലൂടെ പരിശോധനകളെ നേരിടാനുള്ള ജ്ഞാനം നമുക്കു ലഭിക്കും. ദൈവത്തിന്റെ വീക്ഷണങ്ങൾക്കു ചേർച്ചയിൽ തീരുമാനങ്ങൾ എടുക്കാനും നമുക്കാകും. അവനോടുള്ള നമ്മുടെ വിശ്വസ്തതയും ശക്തമായിത്തീരും.—സദൃ. 2:10, 11.
4 സഹിഷ്ണുത അനുഗ്രഹങ്ങൾ കൈവരുത്തും: പൗലൊസിന്റെ കാര്യത്തിലെന്നപോലെ, ശുശ്രൂഷ നിറവേറ്റവെ നാം കാണിക്കുന്ന സഹിഷ്ണുത യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും. അത് നമുക്കും മറ്റുള്ളവർക്കും അനുഗ്രഹം കൈവരുത്തുകയും ചെയ്യും. (സദൃ. 27:11) ശുശ്രൂഷയിൽ സ്ഥിരോത്സാഹം കാണിക്കാൻ നമുക്കു ദൃഢചിത്തരായിരിക്കാം. അങ്ങനെ നമ്മുടെ വിശ്വാസം ഈടുറ്റതാണെന്നും ‘അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ വിലയേറിയതാണെന്നും’ നമുക്കു തെളിയിക്കാം.—1 പത്രൊ. 1:6, 7.