സ്മാരകകാലം—വർധിച്ച പ്രവർത്തനത്തിനുള്ള ഒരവസരം!
1. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ശുശ്രൂഷ വർധിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ എന്തെല്ലാം കാരണങ്ങളുണ്ട്?
1 ഈ വരുന്ന സ്മാരകകാലത്ത് ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കാൻ നിങ്ങൾക്കു കഴിയുമോ? മിക്ക സ്ഥലങ്ങളിലും ആ സമയത്ത് പകലിനു ദൈർഘ്യം കൂടുതലായിരിക്കും. ജോലിക്കാരോ വിദ്യാർഥികളോ ആയ ചില പ്രസാധകർക്ക് ആ സമയത്ത് അവധിയായതിനാലും ശുശ്രൂഷയിൽ ഏറെ സമയം ചെലവഴിക്കാനായേക്കും. ഏപ്രിൽ 17-ന് നടക്കുന്ന സ്മാരകാചരണത്തിന് ആളുകളെ ക്ഷണിക്കുന്നതിനായി ഏപ്രിൽ 2 മുതൽ ഒരു പ്രത്യേക പ്രചാരണ പരിപാടി ഉണ്ടായിരിക്കും. സ്മാരകത്തെ തുടർന്നുള്ള ദിവസങ്ങളിൽ അതിനു ഹാജരായവരുടെ താത്പര്യം വളർത്തിയെടുക്കുന്നതിനും അവരെ ഏപ്രിൽ 25-ന് ആരംഭിക്കുന്ന വാരത്തിൽ നടക്കുന്ന പ്രത്യേക പരസ്യപ്രസംഗത്തിനു ക്ഷണിക്കുന്നതിനും നാം ശ്രമിക്കുന്നതായിരിക്കും. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ശുശ്രൂഷ വർധിപ്പിക്കുന്നതിന് തീർച്ചയായും നിരവധി കാരണങ്ങളുണ്ട്.
2. ശുശ്രൂഷയിലെ നമ്മുടെ പങ്കു വർധിപ്പിക്കുന്നതിനുള്ള ഒരു ഉത്തമമാർഗം എന്താണ്?
2 സഹായ പയനിയർസേവനം: ശുശ്രൂഷയിലെ നമ്മുടെ പങ്കു വർധിപ്പിക്കുന്നതിനുള്ള ഒരു ഉത്തമമാർഗമാണ് സഹായ പയനിയർസേവനം. നാമെല്ലാം തിരക്കുള്ളവരായതിനാൽ, അതിനായി കാലേക്കൂട്ടി ആസൂത്രണം ചെയ്യുകയും ദൈനംദിന കാര്യാദികളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും ചെയ്യേണ്ടതുണ്ടായിരിക്കാം. (സദൃ. 21:5) ഒരുപക്ഷേ, അത്ര അത്യാവശ്യമില്ലാത്ത കാര്യങ്ങൾ മറ്റൊരു സമയത്തേക്കു മാറ്റിവെക്കാവുന്നതാണ്. (ഫിലി. 1:9-11) പയനിയർസേവനം ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് മറ്റു സഹോദരങ്ങളോടും പറയുക. അങ്ങനെയാകുമ്പോൾ അവർക്കും ചിലപ്പോൾ ഈ സേവനത്തിൽ നിങ്ങളോടൊപ്പം ഏർപ്പെടാൻ കഴിഞ്ഞേക്കും.
3. ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കുന്നതിനായി കുടുംബങ്ങൾക്ക് എന്തു ചെയ്യാവുന്നതാണ്?
3 കുടുംബാരാധനാ വേളയിൽ, നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് വീട്ടിലെ മറ്റുള്ളവരുമായി ചർച്ചചെയ്യുന്നത് നന്നായിരിക്കും. (സദൃ. 15:22) നല്ല സഹകരണമുണ്ടെങ്കിൽ കുടുംബത്തിലെ ചിലർക്കെങ്കിലും ഒരുപക്ഷേ, ഒന്നിലേറെ മാസങ്ങളിൽപ്പോലും പയനിയർസേവനത്തിൽ ഏർപ്പെടാനായേക്കും. എന്നാൽ നിങ്ങളുടെ കാര്യത്തിൽ അത് ഒരു വിധത്തിലും സാധിക്കില്ലെങ്കിലോ? അപ്പോഴും, ചില വൈകുന്നേരങ്ങളിൽ സേവനത്തിൽ ഏർപ്പെട്ടുകൊണ്ടോ വാരാന്തങ്ങളിൽ കൂടുതൽ സമയം പ്രവർത്തിച്ചുകൊണ്ടോ കുടുംബങ്ങൾക്ക് ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കാവുന്നതാണ്.
4. ഈ സ്മാരകകാലത്ത് ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കുന്നതിലൂടെ എന്തെല്ലാം അനുഗ്രഹങ്ങൾ നമുക്കു നേടാനാകും?
4 യഹോവയുടെ സേവനത്തിൽ നാം ചെയ്യുന്നതൊക്കെയും അവൻ ശ്രദ്ധിക്കുന്നു; നാം ചെയ്യുന്ന ത്യാഗങ്ങളെ അവൻ വിലമതിക്കുന്നു. (എബ്രാ. 6:10) യഹോവയ്ക്കും മറ്റുള്ളവർക്കും ‘കൊടുക്കുന്നത്’ നമുക്കു സന്തോഷം കൈവരുത്തും. (1 ദിന. 29:9; പ്രവൃ. 20:35) ഈ സ്മാരകകാലത്ത് ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കാനും അങ്ങനെ വർധിച്ച സന്തോഷവും അനുഗ്രഹങ്ങളും നേടാനും നിങ്ങൾക്കു കഴിയുമോ?