“ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക!
1. ഏപ്രിൽ 30-ന് ആരംഭിക്കുന്ന വാരം മുതൽ സഭാ ബൈബിളധ്യയനത്തിൽ നാം ഏതു പുസ്തകം ചർച്ചചെയ്യും?
1 “ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക! എന്ന പുസ്തകമായിരിക്കും 2012 ഏപ്രിൽ 30-ന് ആരംഭിക്കുന്ന വാരം മുതൽ സഭാ ബൈബിളധ്യയനത്തിൽ നമ്മൾ ചർച്ചചെയ്യുക. പ്രവൃത്തികളുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങൾ വായനക്കാരന് നേരിട്ട് അനുഭവവേദ്യമാക്കുന്ന ഒരു പുസ്തകമാണിത്. പ്രവൃത്തികളുടെ പുസ്തകത്തിന്റെ വാക്യാനുവാക്യ വിശദീകരണമല്ല ഇതിലുള്ളത്; മറിച്ച്, അതിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളിൽനിന്നു പാഠം ഉൾക്കൊണ്ട് വ്യക്തിപരമായി നമുക്ക് അതെങ്ങനെ ബാധകമാക്കാമെന്ന് കാണിക്കുന്ന വിവരങ്ങളാണ്.—റോമ. 15:4.
2. സമഗ്രസാക്ഷ്യം എന്ന പുസ്തകത്തിന്റെ ചില സവിശേഷതകൾ വിവരിക്കുക.
2 പുസ്തകത്തിന്റെ സവിശേഷതകൾ: രണ്ടാം പേജിലെ ആമുഖത്തിൽ ഭരണസംഘത്തിന്റെ ഒരു കത്തുണ്ട്; ഈ പ്രസിദ്ധീകരണത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാമെന്ന് ഊഷ്മളമായ വാക്കുകളിലൂടെ അവർ വിവരിച്ചിരിക്കുന്നു. രണ്ടാം അധ്യായം മുതൽ, ശീർഷകത്തിനു താഴെയായി അധ്യായത്തിന്റെ മുഖ്യ ആശയം കൊടുത്തിട്ടുണ്ട്. ആ അധ്യായത്തിൽ ചർച്ചചെയ്യുന്നത് പ്രവൃത്തികളുടെ പുസ്തകത്തിലെ ഏത് ഭാഗമാണെന്ന് കാണിക്കുന്ന തിരുവെഴുത്തു പരാമർശവും കാണാം. പ്രവൃത്തികളിൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളെയും ആളുകളെയും സംഭവങ്ങളെയും കുറിച്ച് വിജ്ഞാനപ്രദമായ വിവരങ്ങൾ നൽകുന്ന ചതുരങ്ങൾ പല അധ്യായങ്ങളിലുമുണ്ട്. കുറിപ്പുകൾ എഴുതാനാണ് വീതിയുള്ള മാർജിൻ കൊടുത്തിരിക്കുന്നത്. പ്രസ്തുത ബൈബിൾ പുസ്തകത്തിലെ സംഭവങ്ങൾ ജീവൻ തുടിക്കുന്ന ചിത്രങ്ങളിലൂടെ നമുക്ക് മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നു. അവസാന പേജിൽ ചിത്രങ്ങളുടെ സൂചിക നൽകിയിട്ടുണ്ട്; വിവിധ ചിത്രങ്ങളുടെ വിവരണങ്ങളാണ് അതിലുള്ളത്. പുറംചട്ടകളുടെ ഉൾവശത്തു കൊടുത്തിരിക്കുന്ന ഭൂപടങ്ങൾ, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ‘ഭൂമിയുടെ അറ്റങ്ങളിലേക്ക്’ സുവാർത്ത വ്യാപിപ്പിക്കുന്നതിൽ എത്രത്തോളം വിജയിച്ചുവെന്ന് കാണിച്ചുതരുന്നു.—പ്രവൃ. 1:8.
3. പ്രവൃത്തികളുടെ പുസ്തകത്തിന്റെ പഠനം ഏത് പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം തരും?
3 പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ: നമ്മുടെ ക്രിസ്തീയ ശുശ്രൂഷയോടു ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പ്രവൃത്തികളുടെ പുസ്തകത്തിന്റെ ഈ പരിചിന്തനം സഹായിക്കും. ഉദാഹരണത്തിന്, യേശുക്രിസ്തുവിന്റെ യഥാർഥ അനുഗാമികളെ തിരിച്ചറിയിക്കുന്ന വേലയും സന്ദേശവും ഏതാണ്? ലോകവ്യാപക പ്രസംഗവേലയെ നയിക്കുന്നത് ആരാണ്, എങ്ങനെയാണ്? പീഡനവും എതിർപ്പും ശുശ്രൂഷകർക്ക് എന്തിനുള്ള അവസരങ്ങൾ തുറന്നുകൊടുക്കുന്നു? പരിശുദ്ധാത്മാവ് നമ്മുടെ ശുശ്രൂഷയിൽ എന്തു പങ്കുവഹിക്കുന്നു?
4. ഈ പുസ്തകത്തിന്റെ പരിചിന്തനത്തിൽനിന്ന് പരമാവധി പ്രയോജനം നേടാൻ എന്തു ചെയ്യണം?
4 പഠനഭാഗത്തുനിന്ന് പരമാവധി പ്രയോജനം ലഭിക്കണമെങ്കിൽ അത് നേരത്തേ പഠിക്കുകയും സഭയിൽ ചർച്ചചെയ്യുമ്പോൾ അതിൽ പങ്കുപറ്റാനായി തയ്യാറാകുകയും വേണം. തുടർന്ന് യോഗത്തിന് സന്നിഹിതരാകേണ്ടതും പ്രധാനമാണ്. പഠിക്കുന്ന കാര്യങ്ങൾ ശുശ്രൂഷയിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്നും ചിന്തിക്കുക. ഈ പ്രസിദ്ധീകരണത്തിന്റെ പരിചിന്തനം, ദൈവരാജ്യത്തിന് സമഗ്രസാക്ഷ്യം വഹിക്കാൻ നമ്മെ പ്രേരിപ്പിക്കട്ടെ!—പ്രവൃ. 28:23.