നിങ്ങൾ ഒരു സാധാരണ പയനിയർ ആയിരുന്നോ?
1. പല പ്രസാധകർക്കും എന്തു പദവി ആസ്വദിക്കാനായിട്ടുണ്ട്? പക്ഷേ അവരിൽ ചിലർക്ക് എന്തു ചെയ്യേണ്ടിവന്നു?
1 കഴിഞ്ഞ വർഷങ്ങളിൽ ആയിരക്കണക്കിന് പ്രസാധകർക്ക് മുഴുസമയ ശുശ്രൂഷകരെന്ന നിലയിൽ ‘സുവിശേഷം പഠിപ്പിക്കാനും ഘോഷിക്കാനും’ കഴിഞ്ഞിട്ടുണ്ട്. (പ്രവൃ. 5:42) എന്നാൽ ചിലർക്ക് ചില പ്രത്യേക കാരണങ്ങൾനിമിത്തം ആ പദവിയിൽ തുടരാൻ സാധിക്കാതെ വന്നിരിക്കുന്നു. ഒരിക്കൽ ഒരു സാധാരണ പയനിയറായി സേവിച്ചിരുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ വീണ്ടും പയനിയർ സേവനത്തിൽ പ്രവേശിക്കാനാകുമോ എന്നറിയാൻ നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം നിങ്ങൾ വിലയിരുത്തിയിട്ടുണ്ടോ?
2. മുമ്പ് പയനിയറിങ് ചെയ്തവർ തങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തേണ്ടത് എന്തുകൊണ്ട്?
2 സാഹചര്യത്തിന് മാറ്റം വന്നിട്ടുണ്ടോ? നിങ്ങൾ പയനിയറിങ് നിറുത്താൻ ഇടയായ സാഹചര്യത്തിന് ഇപ്പോൾ മാറ്റം വന്നിട്ടുണ്ടാകാം. ഉദാഹരണത്തിന്, 90 മണിക്കൂർ എന്ന വ്യവസ്ഥയിൽ എത്താൻ പറ്റാത്തതുകൊണ്ടാണ് നിങ്ങൾ പയനിയറിങ് നിറുത്തിയതെങ്കിൽ ഇപ്പോൾ അത് 70 മണിക്കൂറായി കുറച്ചിരിക്കുന്ന സ്ഥിതിക്ക് പയനിയറിങ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുതോ? തൊഴിലിനോടോ കുടുംബത്തോടോ ഉള്ള ബന്ധത്തിൽ നിങ്ങളുടെ ഉത്തരവാദിത്വങ്ങൾക്ക് ഇപ്പോൾ കുറവു വന്നിട്ടുണ്ടോ? ഇപ്പോൾ നിങ്ങൾ ജോലിയിൽനിന്ന് വിരമിച്ചിരിക്കുകയാണോ? ആരോഗ്യം മോശമായതിനെത്തുടർന്ന് പയനിയറിങ് നിറുത്തിയ ഒരു സഹോദരി 89-ാം വയസ്സിൽ പയനിയറിങ് പുനരാരംഭിച്ചു. ഏതാണ്ട് ഒരു വർഷം ആശുപത്രിയിൽ പോകാതെ കഴിച്ചുകൂട്ടാനായപ്പോൾ, പയനിയറിങ് പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു സഹോദരി.
3. ഒരാൾക്കെങ്കിലും പയനിയറിങ് ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാൻ വീട്ടിലെ മറ്റുള്ളവർക്ക് എങ്ങനെ കഴിയും?
3 ഇനി, കുടുംബ ഉത്തരവാദിത്വം ഏറ്റെടുക്കാൻവേണ്ടി പയനിയറിങ് നിറുത്തിയ ആരെങ്കിലും നിങ്ങളുടെ കുടുംബത്തിൽ ഉണ്ടോ? (1 തിമൊ. 5:4, 8) ഉണ്ടെങ്കിൽ അവരെ സഹായിക്കാൻ നിങ്ങൾക്കും മറ്റു കുടുംബാംഗങ്ങൾക്കും എന്തെങ്കിലും ചെയ്യാനാകുമോ? കുടുംബാംഗങ്ങൾ ഒരുമിച്ച് ഇരുന്ന് ഇതേക്കുറിച്ച് സംസാരിക്കരുതോ? (സദൃ. 15:22) കുടുംബത്തിലെ എല്ലാവരും സഹകരിച്ചുകൊണ്ട് ഒരാൾക്കെങ്കിലും പയനിയറിങ് ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാനായാൽ എല്ലാവർക്കും അതിന്റെ സന്തോഷം അനുഭവിക്കാനാകും.
4. പയനിയറിങ് പുനരാരംഭിക്കാൻ ഇപ്പോൾ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യാനാകും?
4 പയനിയറിങ് പുനരാരംഭിക്കാൻ നിങ്ങളുടെ സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ നിരാശപ്പെടേണ്ടാ. നിങ്ങളുടെ മനസ്സൊരുക്കംതന്നെ യഹോവയെ പ്രസാദിപ്പിക്കും. (2 കൊരി. 8:12) പയനിയറിങ്ങിലൂടെ സ്വായത്തമാക്കിയ വൈദഗ്ധ്യങ്ങൾ തുടർന്നും ശുശ്രൂഷയിൽ ഉപയോഗിക്കാൻ നിങ്ങൾക്കാകും. മാത്രമല്ല, പയനിയറിങ് ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹം യഹോവയെ അറിയിക്കുക. അതോടൊപ്പം സാഹചര്യങ്ങൾക്ക് എന്തെങ്കിലും മാറ്റം വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കുകയും വേണം. (1 യോഹ. 5:14) ഒരുപക്ഷേ കുറെക്കഴിയുമ്പോൾ യഹോവ നിങ്ങൾക്ക് “പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ” തുറന്നുതന്നേക്കാം. അപ്പോൾ സാധാരണ പയനിയറിങ്ങിന്റെ സന്തോഷം വീണ്ടും അനുഭവിക്കാൻ നിങ്ങൾക്കാകും.—1 കൊരി. 16:9.