ശുശ്രൂഷയിൽ ക്ഷമ കാണിക്കുക
1. യഹോവ മനുഷ്യവർഗത്തോട് ക്ഷമ കാണിച്ചിരിക്കുന്നത് എങ്ങനെ?
1 യഹോവ എക്കാലത്തും ക്ഷമയോടെയാണ് മനുഷ്യവർഗത്തോട് ഇടപെട്ടിട്ടുള്ളത്. (പുറ. 34:6; സങ്കീ. 106:41-45; 2 പത്രോ. 3:9) ഇന്ന് ലോകവ്യാപകമായി നടക്കുന്ന രാജ്യപ്രസംഗവേലതന്നെ അവന്റെ ദീർഘക്ഷമയുടെ ഒരു ഉത്തമ ഉദാഹരണമാണ്. കഴിഞ്ഞ 2,000-ത്തോളം വർഷമായി യഹോവ നീതിഹൃദയരായ ആളുകളെ തന്നിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. (യോഹ. 6:44) അതെ, ഇന്നും യഹോവ ക്ഷമയോടെ ആളുകളെ തന്നിലേക്ക് ആകർഷിക്കുന്നു. അങ്ങനെയെങ്കിൽ, യഹോവയുടെ ഈ ക്ഷമ നമുക്കെങ്ങനെ നമ്മുടെ ശുശ്രൂഷയിൽ പകർത്താം?
2. നമ്മുടെ പ്രദേശത്ത് സുവാർത്ത പ്രസംഗിക്കുമ്പോൾ നമുക്ക് ക്ഷമ കാണിക്കാനാകുന്നത് എങ്ങനെ?
2 വീടുതോറുമുള്ള ശുശ്രൂഷയിൽ: അനുകൂല പ്രതികരണം ലഭിക്കാത്ത പ്രദേശങ്ങളിലും “അവിരാമം” സുവാർത്ത പ്രസംഗിച്ചുകൊണ്ട് യഹോവയുടെ ക്ഷമ നാം അനുകരിക്കുന്നു. (പ്രവൃ. 5:42) നിസ്സംഗതയും പരിഹാസവും എതിർപ്പും നാം ക്ഷമയോടെ സഹിക്കുന്നു. (മർക്കോ. 13:12, 13) താത്പര്യം കാണിച്ചവരെ വീടുകളിൽ കണ്ടെത്താൻ കഴിയാതെവരുമ്പോഴും, വിതച്ച വിത്തു നനയ്ക്കാനുള്ള ശ്രമം നാം ഉപേക്ഷിക്കുന്നില്ല.
3. മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നടത്തുമ്പോൾ ക്ഷമ കാണിക്കേണ്ടത് എന്തുകൊണ്ട്?
3 ബൈബിളധ്യയനങ്ങൾ നടത്തുമ്പോൾ: ഒരു ചെടി നട്ടുവളർത്താൻ ക്ഷമ കൂടിയേ തീരൂ. അതിന്റെ വളർച്ചയ്ക്കു വേണ്ടതെല്ലാം ചെയ്യാനാകുമെങ്കിലും നമ്മൾ ആഗ്രഹിക്കുന്ന വേഗത്തിൽ അതു വളരണമെന്ന് നമുക്കു ശഠിക്കാനാവില്ല. (യാക്കോ. 5:7) ആത്മീയ വളർച്ചയുടെ കാര്യവും അങ്ങനെതന്നെയാണ്; ക്രമേണ, ഘട്ടംഘട്ടമായേ അതു സംഭവിക്കൂ. (മർക്കോ. 4:28) തിരുവെഴുത്തുവിരുദ്ധമായ ചില ആചാരാനുഷ്ഠാനങ്ങളും വ്യാജമത വിശ്വാസങ്ങളും പെട്ടെന്ന് ഉപേക്ഷിക്കാൻ നമ്മുടെ ബൈബിൾ വിദ്യാർഥികൾക്ക് കഴിഞ്ഞെന്നുവരില്ല. അത്തരം സാഹചര്യങ്ങളിൽ നാം ക്ഷമ കാണിക്കേണ്ടത് ആവശ്യമാണ്. മാറ്റങ്ങൾ വരുത്തുന്നതിന് അവരുടെമേൽ സമ്മർദം ചെലുത്താൻ പാടില്ലെന്നു സാരം. ദൈവാത്മാവിന് അവരുടെ ഹൃദയങ്ങളെ സ്വാധീനിക്കാൻ ന്യായമായ സമയം അനുവദിക്കണം. അതുവരെ നാം ക്ഷമയോടെ കാത്തിരുന്നേ മതിയാകൂ.—1 കൊരി. 3:6, 7.
4. അവിശ്വാസികളായ കുടുംബാംഗങ്ങളോടു സാക്ഷീകരിക്കുമ്പോൾ ക്ഷമ കാണിക്കാനാകുന്നത് എങ്ങനെ?
4 അവിശ്വാസികളായ കുടുംബാംഗങ്ങളോടു സാക്ഷീകരിക്കുമ്പോൾ: നമ്മുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സത്യം പഠിക്കണമെന്ന് നമുക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും അവിടെയും നാം ക്ഷമ കാണിക്കണം. അതായത്, നമ്മുടെ വിശ്വാസത്തെക്കുറിച്ച് അവരോടു പറയാൻ അനുയോജ്യമായ ഒരു സമയത്തിനായി നാം കാത്തിരിക്കണം; ഒറ്റയടിക്ക് ഒരുപാടു കാര്യങ്ങൾ അവരോടു പറയാതിരിക്കാനും ശ്രദ്ധിക്കണം. (സഭാ. 3:1, 7) എന്നാൽ ആ സമയം വന്നെത്തുന്നതുവരെ, നമ്മുടെ നല്ല പെരുമാറ്റത്തിലൂടെ അവർക്ക് സാക്ഷ്യം നൽകാൻ നമുക്കാകും; ഒപ്പം സൗമ്യതയോടും ആദരവോടുംകൂടെ നമ്മുടെ വിശ്വാസം പങ്കുവെക്കാൻ സദാ ഒരുങ്ങിയിരിക്കാനും നമുക്കു കഴിയും. (1 പത്രോ. 3:1, 2, 15) ഈ വിധങ്ങളിൽ ശുശ്രൂഷയിൽ ക്ഷമ കാണിക്കുന്നത് ഏറെ ഫലപ്രദമാണ്. തന്നെയുമല്ല, അത് നമ്മുടെ സ്വർഗീയ പിതാവിനെ സന്തോഷിപ്പിക്കുകയും ചെയ്യും.