സുവാർത്ത ഘോഷിക്കാനുള്ള പദവിയെ വിലയേറിയതായി കാണുക
1. ലോകത്തിലുള്ള പലരും പ്രസംഗവേലയെ വീക്ഷിക്കുന്നതെങ്ങനെ?
1 സാത്താൻ ഭരിക്കുന്ന ഈ ലോകത്തിലുള്ള അനേകർക്കും നമ്മുടെ സുവിശേഷവേല വെറും “ഭോഷത്ത”മായിട്ടാണ് തോന്നുന്നത്. (1 കൊരി. 1:18-21) ശ്രദ്ധിച്ചില്ലെങ്കിൽ ആളുകളുടെ ഈ മനോഭാവം നമ്മെ നിരുത്സാഹപ്പെടുത്തുകയും ശുശ്രൂഷയിലെ നമ്മുടെ തീക്ഷ്ണത കെടുത്തിക്കളയുകയും ചെയ്തേക്കാം. (സദൃ. 24:10; യെശ. 5:20) യഹോവയുടെ സാക്ഷികൾ ആയിരിക്കുക എന്ന പദവിയെ വിലമതിക്കാൻ എന്തെല്ലാം കാരണങ്ങളാണ് നമുക്കുള്ളത്?—യെശ. 43:10.
2. നമ്മുടെ ശുശ്രൂഷയെ “വിശുദ്ധവേല” എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്?
2 ഒരു “വിശുദ്ധവേല”: നമ്മുടെ ശുശ്രൂഷയെ പൗലോസ് അപ്പൊസ്തലൻ “വിശുദ്ധവേല” എന്നു വിശേഷിപ്പിക്കുകയുണ്ടായി. (റോമ. 15:15, 16) ഏതു വിധത്തിലാണ് അത് ഒരു “വിശുദ്ധവേല” ആയിരിക്കുന്നത്? “വിശുദ്ധനായ” യഹോവയുടെ “കൂട്ടുവേലക്കാർ” ആയിരിക്കാനും അവന്റെ നാമവിശുദ്ധീകരണത്തിൽ ഒരു പങ്കുണ്ടായിരിക്കാനും ശുശ്രൂഷയിൽ ഏർപ്പെടുന്നതിലൂടെ നമുക്കു കഴിയുന്നു. (1 കൊരി. 3:9; 1 പത്രോ. 1:15) യഹോവ നമ്മുടെ പ്രസംഗവേലയെ വീക്ഷിക്കുന്നത് “സ്തോത്രയാഗം” ആയിട്ടാണ്. (എബ്രാ. 13:15) അതെ, നമ്മുടെ ആരാധനയുടെ ഒരു പ്രമുഖ സവിശേഷതയാണ് നമ്മുടെ ശുശ്രൂഷ.
3. സുവാർത്താഘോഷണം അതുല്യമായ പദവിയായിരിക്കുന്നത് എങ്ങനെ?
3 സുവാർത്താഘോഷണം എന്നത് വളരെ കുറച്ചു പേർക്കുമാത്രം ലഭിച്ചിരിക്കുന്ന അതുല്യമായ പദവിയാണ്. യഹോവ ദൂതന്മാരെ ആ വേല ഏൽപ്പിച്ചിരുന്നെങ്കിൽ വളരെ സന്തോഷത്തോടെ അവർ അത് നിർവഹിക്കുമായിരുന്നു, അതും ഏറെ ഭംഗിയായി. (1 പത്രോ. 1:12) എന്നാൽ, ഉദാത്തമായ ഈ വേലയ്ക്കായി യഹോവ തിരഞ്ഞെടുത്തിരിക്കുന്നത് വെറും ‘മൺപാത്രങ്ങളായ,’ അപൂർണരായ നമ്മെയാണ്!—2 കൊരി. 4:7.
4. സുവാർത്താഘോഷണത്തെ വിലമതിക്കുന്നുവെന്ന് നമുക്കെങ്ങനെ തെളിയിക്കാം?
4 മുൻഗണന നൽകേണ്ട ഒന്ന്: സുവാർത്താഘോഷണത്തെ ഒരു പദവിയായി കാണുന്നതുകൊണ്ട് ജീവിതത്തിലെ “പ്രാധാന്യമേറിയ” കാര്യങ്ങളുടെ കൂട്ടത്തിലാണ് നാം അതിനെ പട്ടികപ്പെടുത്തിയിരിക്കുന്നത്. (ഫിലി. 1:10) അതുകൊണ്ട് ആ വേലയിൽ പങ്കുപറ്റുന്നതിനായി ഓരോ ആഴ്ചയും നാം സമയം നീക്കിവെക്കുന്നു. പേരുകേട്ട ഗാനമേള ട്രൂപ്പുകളിലെ ഓരോ അംഗവും ഓരോ പ്രാവശ്യവും പരിപാടി അവതരിപ്പിക്കുന്നതിനുമുമ്പ് നന്നായി റിഹേഴ്സ്ചെയ്തു നോക്കാറുണ്ട്. തങ്ങളുടെ പ്രാവീണ്യം വർധിപ്പിക്കാനും അവർ ഓരോരുത്തരും ശ്രദ്ധയുള്ളവരായിരിക്കും. അതുപോലെ, “സത്യവചനത്തെ ശരിയാംവണ്ണം” കൈകാര്യംചെയ്യാൻ കഴിയേണ്ടതിന് വയൽശുശ്രൂഷയ്ക്കു പോകുന്നതിനുമുമ്പ് നമ്മളും നന്നായി തയ്യാറെടുക്കണം. നമ്മുടെ ‘പ്രബോധനപാടവം’ മെച്ചപ്പെടുത്താനും നമ്മൾ ശ്രദ്ധിക്കണം.—2 തിമൊ. 2:15; 4:2.
5. നമ്മുടെ വേലയ്ക്ക് ആരുടെ അംഗീകാരമുണ്ട്?
5 ചിലയാളുകൾക്ക് നമ്മുടെ വേല ഭോഷത്തമായി തോന്നുന്നു എന്നതുകൊണ്ട് നാം നിരുത്സാഹപ്പെട്ടുപോകരുത്. നമ്മുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്ന അനേകർ ഇനിയും നമ്മുടെ പ്രദേശത്തുണ്ടെന്ന് ഓർക്കുക. തന്നെയുമല്ല, മനുഷ്യരുടെ അംഗീകാരമല്ല നാം കാംക്ഷിക്കുന്നത്, യഹോവയുടെ അംഗീകാരമാണ്. നമ്മുടെ ആത്മാർഥ ശ്രമങ്ങളെയെല്ലാം യഹോവ അതിയായി വിലമതിക്കുന്നു; അതാണല്ലോ നമുക്ക് ആവശ്യവും.—യെശ. 52:7.