‘എല്ലാത്തരം ആളുകളോടും’ പ്രസംഗിക്കുക
1. ഫലപ്രദരായ സുവിശേഷകർ വിദഗ്ധരായ പണിക്കാരെപ്പോലെയാണെന്നു പറയുന്നത് എന്തുകൊണ്ട്?
1 വിദഗ്ധനായ ഒരു പണിക്കാരന്റെ പക്കൽ പലതരം പണിയായുധങ്ങളുണ്ടാകും. അവയിൽ ഏത്, എപ്പോൾ ഉപയോഗിക്കണമെന്ന് അദ്ദേഹത്തിന് അറിയാം. സമാനമായി, സുവിശേഷവേല നിർവഹിക്കാൻ സഹായിക്കുന്ന പലതരം ‘പണിയായുധങ്ങൾ’ നമുക്ക് ലഭ്യമാണ്. ഉദാഹരണത്തിന്, ‘എല്ലാത്തരം ആളുകളോടും’ പ്രസംഗിക്കാൻ സഹായിക്കുന്ന വൈവിധ്യമാർന്ന വിഷയങ്ങളോടുകൂടിയ ലഘുപത്രികകൾ നമുക്കുണ്ട്. (1 കൊരി. 9:22, അടിക്കുറിപ്പ്) ഇതോടൊപ്പമുള്ള അനുബന്ധത്തിൽ ചില ലഘുപത്രികകളുടെ പേരും അവ ആർക്കുവേണ്ടി തയ്യാറാക്കിയതാണെന്നും അവ സമർപ്പിക്കാനുള്ള ചില വിധങ്ങളും കൊടുത്തിരിക്കുന്നു.
2. ശുശ്രൂഷയിൽ നമുക്ക് എപ്പോൾ ലഘുപത്രികകൾ ഉപയോഗിക്കാൻ കഴിഞ്ഞേക്കും?
2 ലഘുപത്രികകൾ ഉപയോഗിക്കേണ്ടത് എപ്പോൾ? ഏത് അവസരത്തിൽ ഏത് ആയുധം ഉപയോഗിക്കുന്നതാണ് ഗുണംചെയ്യുക എന്ന് ഒരു പണിക്കാരന് അറിയാം. അതുപോലെ, ഒരാൾക്ക് ഒരു ലഘുപത്രിക ഗുണംചെയ്യുമെന്നു തോന്നിയാൽ, അത് ആ മാസത്തെ സമർപ്പണ സാഹിത്യം അല്ലെങ്കിലും നമുക്ക് സമർപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന്, ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കേണ്ട മാസം ബൈബിളിൽ വലിയ താത്പര്യമില്ലാത്ത അക്രൈസ്തവർക്കിടയിൽ പ്രസംഗിക്കുമ്പോൾ വീട്ടുകാരനു യോജിച്ച ഒരു ലഘുപത്രിക സമർപ്പിച്ച് ആ വ്യക്തിയുടെ താത്പര്യം ഉണർത്തിയശേഷം പിന്നീട് ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം പരിചയപ്പെടുത്തുന്നത് ഗുണകരമായേക്കാം.
3. സാക്ഷീകരണ വേലയിൽ നമ്മെ സഹായിക്കുന്ന ‘പണിയായുധങ്ങൾ’ വിദഗ്ധമായി ഉപയോഗിക്കാൻ നാം പഠിക്കേണ്ടത് എന്തുകൊണ്ട്?
3 സാമർഥ്യത്തോടെ വേലചെയ്യുന്നവരെ ബൈബിൾ പ്രശംസിച്ചു സംസാരിക്കുന്നു. (സദൃ. 22:29) വാസ്തവത്തിൽ, “സുവിശേഷം ഘോഷിക്കുകയെന്ന വിശുദ്ധവേല”യെക്കാൾ പ്രാധാന്യമുള്ള മറ്റൊരു വേല ഇന്നില്ല. (റോമ. 15:16) “ലജ്ജിക്കാൻ വകയില്ലാത്ത വേലക്കാരനായി”ത്തീരണമെങ്കിൽ നമ്മുടെ ‘പണിയായുധങ്ങൾ’ വിദഗ്ധമായി ഉപയോഗിക്കാൻ നാം പഠിക്കണം.—2 തിമൊ. 2:15.