ശുശ്രൂഷ ഊർജിതമാക്കാൻ ഒരുങ്ങുക, ഇപ്പോൾത്തന്നെ!
1. സ്മാരകകാലത്തിന്റെ ഒരു സവിശേഷത എന്താണ്, അതിനായി നമുക്ക് എങ്ങനെ ഒരുങ്ങാം?
1 യഹോവയെ ‘അത്യന്തം സ്തുതിക്കാനുള്ള’ എത്രയെത്ര അവസരങ്ങളാണ് ഓരോ സ്മാരകകാലത്തും നമുക്കു ലഭിക്കുന്നത്! (സങ്കീ. 109:30) ഈ മാർച്ചിലും അതിനുള്ള അവസരമുണ്ട്. നിങ്ങൾ അത് ഉപയോഗപ്പെടുത്തുമോ? സ്വന്തം പുത്രനെ മറുവിലയായി നൽകിക്കൊണ്ട് യഹോവ കാണിച്ച സ്നേഹത്തോട് കൃതജ്ഞത പ്രകടിപ്പിക്കാനുള്ള ഒരു മാർഗംകൂടിയാണ് അത്. അതുകൊണ്ട് ഇപ്പോൾത്തന്നെ ആസൂത്രണങ്ങൾ ചെയ്തുതുടങ്ങുക.—സദൃ. 21:5.
2. കഴിഞ്ഞ ഏപ്രിലിൽ സഹായ പയനിയറിങ്ങിനുള്ള മണിക്കൂർ വ്യവസ്ഥയിൽ വന്ന മാറ്റത്തെക്കുറിച്ച് അറിഞ്ഞപ്പോൾ നിങ്ങളുടെ പ്രതികരണം എന്തായിരുന്നു? മറ്റുള്ളവർ എങ്ങനെ പ്രതികരിച്ചു?
2 സഹായ പയനിയറിങ്: കഴിഞ്ഞ ഏപ്രിലിൽ, 30 മണിക്കൂർ വയലിൽ പ്രവർത്തിച്ചുകൊണ്ട് സഹായ പയനിയറിങ് ചെയ്യാനാകുമെന്നു കേട്ടത് ലോകമെമ്പാടുമുള്ള സഹോദരങ്ങളെ ആവേശംകൊള്ളിച്ചു. ഒരു യുവസഹോദരൻ എഴുതി: “ഞാൻ ഹൈസ്കൂളിൽ പഠിക്കുകയാണ്. സാധാരണപയനിയറിങ് ചെയ്യാൻ എനിക്കു ബുദ്ധിമുട്ടാണ്. എന്നാൽ ഈ ഏപ്രിലിൽ ‘30 മണിക്കൂർ സഹായ പയനിയറിങ്ങിന്’ പേരുകൊടുത്തിട്ട് 50 മണിക്കൂർ ചെയ്യാൻ ഞാൻ ശ്രമിക്കും.” മുഴുസമയ ജോലിചെയ്യുന്ന ഒരു സഹോദരി പറഞ്ഞത് ഇതാണ്: “30 മണിക്കൂർ! അത് എളുപ്പം ചെയ്യാവുന്നതേയുള്ളൂ!” ഈ ക്രമീകരണത്തെക്കുറിച്ച് അറിയിപ്പു വന്നപ്പോൾ മുമ്പ് പയനിയറായിരുന്ന 80-ലധികം വയസ്സുള്ള ഒരു സഹോദരി പറഞ്ഞു: “ഇങ്ങനെയൊന്നു കേൾക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു! യഹോവയ്ക്കറിയാം ഞാൻ പയനിയറിങ് എത്ര ആസ്വദിച്ചിരുന്നെന്ന്!” സഹായ പയനിയറിങ് ചെയ്യാൻ സാധിക്കാഞ്ഞവർ ശുശ്രൂഷയിൽ കൂടുതൽ സമയം പ്രവർത്തിക്കാനുള്ള ലക്ഷ്യംവെച്ചു.
3. മാർച്ചിലും തുടർന്ന് ഏപ്രിൽ, മെയ് മാസങ്ങളിലും പയനിയറിങ് ചെയ്യാൻ എന്തു നമ്മെ പ്രേരിപ്പിക്കും?
3 സഹായ പയനിയറിങ് ചെയ്യാനുള്ള അത്തരമൊരു അവസരമാണ് മാർച്ചിൽ നമുക്കുള്ളത്. നമ്മുടെ സാഹചര്യമനുസരിച്ച് 30-ഓ 50-ഓ മണിക്കൂർ പ്രവർത്തിക്കാം. ഇതിനുപുറമേ, ഏപ്രിൽ 5-ന് നടക്കുന്ന സ്മാരകാചരണത്തിനു ഹാജരാകാൻ ആളുകളെ ക്ഷണിക്കുന്നതിനായി മാർച്ച് 17 ശനിയാഴ്ചമുതൽ ഒരു പ്രത്യേക പ്രചാരണ പരിപാടി ഉണ്ടായിരിക്കും. മാർച്ച് മാസത്തെ പ്രവർത്തനത്തിൽനിന്നു ലഭിക്കുന്ന സന്തോഷം ഏപ്രിൽ, മെയ് മാസങ്ങളിൽ 50 മണിക്കൂർ പ്രവർത്തിച്ചുകൊണ്ട് സഹായ പയനിയറിങ് ചെയ്യാൻ പല പ്രസാധകരെയും പ്രചോദിപ്പിക്കും എന്നതിനു സംശയമില്ല.
4. ശുശ്രൂഷയിൽ കൂടുതലായി ഏർപ്പെടാൻ നമുക്ക് എന്തു ചെയ്യാനാകും, അതിന് എന്ത് ഫലം ലഭിക്കും?
4 സ്മാരകകാലത്ത് ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കാൻ ഓരോ കുടുംബാംഗത്തിനും എന്തു ചെയ്യാനാകും എന്നതു സംബന്ധിച്ച് അടുത്ത കുടുംബാരാധനയിൽ ചർച്ച ചെയ്യാവുന്നതാണ്. (സദൃ. 15:22) എന്നിട്ട് നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കാൻ യഹോവയോടു പ്രാർഥിക്കുക. (1 യോഹ. 3:22) ശുശ്രൂഷ ഊർജിതമാക്കാൻ നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾ യഹോവയെ സ്തുതിക്കാനുള്ള കൂടുതലായ അവസരങ്ങൾ നൽകുമെന്നു മാത്രമല്ല, ദൈവസേവനത്തിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുകയും ചെയ്യും.—2 കൊരി. 9:6.