ശുശ്രൂഷയിൽ ജാഗ്രത പാലിക്കുക!
1. ശുശ്രൂഷയിൽ ജാഗ്രത പാലിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
1 “വക്രവും വഴിപിഴച്ചതുമായ” ഈ “തലമുറയിൽ,” പ്രസംഗവേലയിൽ ഏർപ്പെടുന്ന ദൈവദാസന്മാർ “ചെന്നായ്ക്കൾക്കിടയിലെ ആടുകളെപ്പോലെ”യാണെന്നു പറയാം. (മത്താ. 10:16; ഫിലി. 2:15) ആഭ്യന്തര കലാപങ്ങളും കൂട്ടംകൂടിയുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും ഒക്കെ ഇന്ന് സർവസാധാരണമാണ്. ദുഷ്ടമനുഷ്യർ “ദോഷത്തിൽനിന്നു ദോഷത്തിലേക്ക് അധഃപതിക്കു”ന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാം. (2 തിമൊ. 3:13) ഈയൊരു സാഹചര്യത്തിൽ, “ജാഗ്രത”യോടെ ശുശ്രൂഷയിൽ ഏർപ്പെടാൻ നമ്മെ സഹായിക്കുന്ന തിരുവെഴുത്തുതത്ത്വങ്ങൾ ഏതൊക്കെയാണ്?—മത്താ. 10:16.
2. എങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ഒരു പ്രദേശം വിട്ട് മറ്റൊരു പ്രദേശത്തു പോകേണ്ടത്?
2 വിവേകത്തോടെ പ്രവർത്തിക്കുക: അനർഥത്തിൽനിന്ന് ‘ഒളിക്കുന്നതാണ്’ ബുദ്ധിപൂർവകമായ ഗതിയെന്ന് സദൃശവാക്യങ്ങൾ 22:3 പറയുന്നു. അതുകൊണ്ട് ജാഗരൂകരായിരിക്കുക! സുരക്ഷിതമെന്ന് കരുതുന്ന ഒരു പ്രദേശത്ത് അവസ്ഥകൾ മാറിമറിയാൻ അധികം സമയം വേണ്ടാ. ചിലപ്പോൾ സാക്ഷീകരിക്കുന്നതിനിടയിൽ, പോലീസുകാർ അങ്ങിങ്ങായി നിൽക്കുന്നതോ ആളുകൾ കൂട്ടംകൂടുന്നതോ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടേക്കാം. അല്ലെങ്കിൽ നിങ്ങൾ സന്ദർശിക്കുന്ന വീട്ടിലെ ആരെങ്കിലും നിങ്ങൾക്ക് സാഹചര്യത്തെപ്പറ്റി മുന്നറിയിപ്പു തന്നേക്കാം. കാര്യമെന്താണെന്ന് അറിയാൻ അവിടെ ചുറ്റിപ്പറ്റി നിൽക്കരുത്; ഉടനടി അവിടംവിട്ട് പോകുന്നതാണ് ബുദ്ധി. മറ്റൊരു പ്രദേശത്ത് നിങ്ങൾക്കു സാക്ഷീകരണം തുടരാനായേക്കും.—സദൃ. 17:14; യോഹ. 8:59; 1 തെസ്സ. 4:11.
3. സഭാപ്രസംഗി 4:9-ലെ തത്ത്വം ശുശ്രൂഷയിൽ ബാധകമാകുന്നത് എങ്ങനെ?
3 ഒറ്റയ്ക്കു പ്രവർത്തിക്കുന്നത് ഒഴിവാക്കുക: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്” എന്ന് സഭാപ്രസംഗി 4:9 പറയുന്നു. കാലങ്ങളോളം നിങ്ങൾ ഒറ്റയ്ക്ക് ശുശ്രൂഷയിൽ പ്രവർത്തിച്ചിട്ടുണ്ടാകാം. പക്ഷേ ഇന്ന് ആ രീതി പിന്തുടരുന്നത് സുരക്ഷിതമായിരിക്കുമോ? ചില പ്രദേശങ്ങളിൽ കുഴപ്പമില്ലായിരിക്കാം. എന്നാൽ മിക്ക സ്ഥലങ്ങളിലും, ഒരു സഹോദരി അല്ലെങ്കിൽ യുവപ്രായത്തിലുള്ള ഒരു വ്യക്തി ഒറ്റയ്ക്ക് വീടുതോറുമുള്ള സാക്ഷീകരണത്തിൽ ഏർപ്പെടുന്നത് ബുദ്ധിയായിരിക്കില്ല, ഇരുട്ടുവീണാൽ പ്രത്യേകിച്ചും. നിരീക്ഷണപാടവമുള്ള ഒരാൾ കൂടെയുണ്ടായിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. (സഭാ. 4:10, 12) കൂട്ടത്തിലുള്ള മറ്റുള്ളവർ സുരക്ഷിതരാണോയെന്ന് ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. നിങ്ങൾ വയൽസേവനം നിറുത്തിപ്പോകുമ്പോൾ കൂട്ടത്തിലുള്ള ആരോടെങ്കിലും പറഞ്ഞിട്ടുപോകാൻ മറക്കരുത്.
4. സഭയിലുള്ളവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഓരോരുത്തർക്കും എന്തു ചെയ്യാനാകും?
4 ‘നമുക്കുവേണ്ടി ജാഗരിച്ചിരിക്കുന്ന’വരെന്ന നിലയിൽ, പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായി പ്രായോഗിക നിർദേശങ്ങൾ നൽകാനുള്ള ഉത്തരവാദിത്വം മൂപ്പന്മാർക്കുണ്ട്. (എബ്രാ. 13:17) താഴ്മയോടെ അവരോട് സഹകരിക്കുന്നെങ്കിൽ യഹോവ തീർച്ചയായും നമ്മെ അനുഗ്രഹിക്കും. (മീഖാ 6:8; 1 കൊരി. 10:12) ജാഗ്രത കൈവെടിയാതെതന്നെ, നമ്മുടെ പ്രദേശത്ത് ഫലകരമായി സാക്ഷീകരിക്കാൻ എല്ലാ ദൈവദാസർക്കും കഴിയട്ടെ!