നിങ്ങളുടെ വയൽസേവന ഗ്രൂപ്പിൽനിന്ന് പ്രയോജനം നേടുക
1. പുസ്തകാധ്യയന കൂട്ടങ്ങളിൽനിന്നു ലഭിച്ചിരുന്ന ഏതു പ്രയോജനങ്ങൾ വയൽസേവന ഗ്രൂപ്പിൽനിന്നു ലഭ്യമാണ്?
1 പുസ്തകാധ്യയന കൂട്ടങ്ങൾ ഇപ്പോൾ ഇല്ലാത്തതിൽ നിങ്ങൾക്ക് വിഷമം തോന്നുന്നുണ്ടോ? പുസ്തകാധ്യയന കൂട്ടങ്ങൾ വളരെ ചെറുതായിരുന്നു; അതുകൊണ്ടുതന്നെ ആത്മീയ പിന്തുണ പ്രദാനം ചെയ്യുന്ന സുഹൃദ്ബന്ധങ്ങൾ വളർത്തിയെടുക്കാൻപറ്റിയ ഊഷ്മളമായ അന്തരീക്ഷം അവിടെയുണ്ടായിരുന്നു. (സദൃ. 18:24) മാത്രമല്ല, പുസ്തകാധ്യയന മേൽവിചാരകന്മാർ തങ്ങളുടെ ഗ്രൂപ്പിലുള്ള ഓരോരുത്തരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായം നൽകിയിരുന്നു. (സദൃ. 27:23; 1 പത്രോ. 5:2, 3) ഇന്നും ഈ പ്രയോജനങ്ങൾ ലഭ്യമാണ്, നമ്മുടെ വയൽസേവന ഗ്രൂപ്പുകളിൽനിന്ന്.
2. ഗ്രൂപ്പിലുള്ളവരുമായി സൗഹൃദം വളർത്തിയെടുക്കുന്നതിന് നമുക്ക് എങ്ങനെ മുൻകൈയെടുക്കാം?
2 മുൻകൈയെടുക്കുക: പൊതുവെ പുസ്തകാധ്യയന കൂട്ടങ്ങളിലുണ്ടായിരുന്നത്ര ആളുകൾതന്നെയാണ് വയൽസേവന ഗ്രൂപ്പിലും ഉള്ളത്. ശുശ്രൂഷയിൽ “തോളോടുതോൾ” ചേർന്നു പ്രവർത്തിക്കുന്നത് സഹോദരങ്ങൾക്കിടയിൽ ഉറ്റബന്ധം ഉടലെടുക്കാൻ ഇടയാക്കും. (ഫിലി. 1:27) നിങ്ങളുടെ ഗ്രൂപ്പിൽപ്പെട്ട എത്ര പേരോടൊപ്പം നിങ്ങൾ വയൽസേവനത്തിൽ ഏർപ്പെട്ടിട്ടുണ്ട്? ഇക്കാര്യത്തിൽ “ഹൃദയം വിശാലമാ”ക്കാൻ നിങ്ങൾക്കാകുമോ? (2 കൊരി. 6:13) ഇനി, ഇടയ്ക്കൊക്കെ ഗ്രൂപ്പിലുള്ള ആരെയെങ്കിലും കുടുംബാരാധനയിൽ നമ്മോടൊപ്പം ചേരാനോ ഒരു നേരത്തെ ഭക്ഷണം കഴിക്കാനോ ക്ഷണിക്കാൻ സാധിക്കുമോ? ചില സഭകളിൽ, വയൽസേവന ഗ്രൂപ്പുകൾ മാറിമാറി സന്ദർശക പ്രസംഗകന് ആതിഥ്യമരുളാൻ ശ്രദ്ധിക്കാറുണ്ട്. തങ്ങളുടെ ഊഴംവരുമ്പോൾ ഗ്രൂപ്പിലുള്ള എല്ലാവരും ഭക്ഷണത്തിനും സഹവാസത്തിനുമായി ഒരുമിച്ചുകൂടുന്നു, പ്രസംഗകന് അതിൽ സംബന്ധിക്കാൻ കഴിഞ്ഞാലും ഇല്ലെങ്കിലും.
3. വയൽസേവനഗ്രൂപ്പിലുള്ളവർക്ക് ഇടയന്മാരുടെ കരുതൽ ലഭിക്കാൻ എന്തു ക്രമീകരണം ചെയ്യപ്പെട്ടിരിക്കുന്നു?
3 ആഴ്ചയിൽ രണ്ടുതവണ മാത്രമേ നാം ഇപ്പോൾ യോഗങ്ങൾക്ക് കൂടിവരുന്നുള്ളൂവെങ്കിലും ഇടയന്മാരിൽനിന്ന് പ്രസാധകർക്ക് മുമ്പത്തെ അത്രയുംതന്നെ ശ്രദ്ധ ലഭിക്കാനുള്ള ക്രമീകരണങ്ങൾ ഇന്നുമുണ്ട്. പ്രസാധകർക്ക് വ്യക്തിപരമായ പ്രോത്സാഹനവും ശുശ്രൂഷയിൽ ആവശ്യമായ പരിശീലനവും നൽകുന്നതിനുവേണ്ടിയാണ് ഗ്രൂപ്പ് മേൽവിചാരകന്മാരെ നിയമിച്ചിരിക്കുന്നത്. നിങ്ങളുടെ ഗ്രൂപ്പ് മേൽവിചാരകനോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ലെങ്കിൽ, അക്കാര്യം അദ്ദേഹത്തോടു പറയാവുന്നതാണ്. മാസത്തിലെ ഒരു വാരാന്തത്തിൽ സേവനമേൽവിചാരകൻ വ്യത്യസ്ത ഗ്രൂപ്പുകളോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഏതാനും വയൽസേവന ഗ്രൂപ്പുകൾ മാത്രമുള്ള സഭകളിൽ വർഷത്തിൽ രണ്ടുപ്രാവശ്യം അദ്ദേഹം ഓരോ ഗ്രൂപ്പുകളെയും സന്ദർശിച്ചേക്കാം. അദ്ദേഹം നിങ്ങളുടെ ഗ്രൂപ്പിനോടൊപ്പം പ്രവർത്തിക്കുമ്പോൾ ശുശ്രൂഷയിൽ ഏർപ്പെടാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ?
4. (എ) വയൽസേവനയോഗങ്ങൾ നടത്തപ്പെടുന്നത് എങ്ങനെ? (ബി) വയൽസേവനയോഗത്തിനായി നമ്മുടെ ഭവനം തുറന്നുകൊടുക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
4 വാരാന്തത്തിൽ വയൽസേവനത്തിനായി ഗ്രൂപ്പുകൾ വെവ്വേറെ കൂടിവരുന്നതാണ് അഭികാമ്യം. ഏതാണ്ട് ഒരേ സമയത്ത് പല സ്ഥലങ്ങളിൽ വയൽസേവനയോഗങ്ങൾ ക്രമീകരിക്കുമ്പോൾ യോഗസ്ഥലത്തും തുടർന്ന് വയൽസേവനപ്രദേശത്തും എത്തിച്ചേരാൻ പ്രസാധകർക്ക് എളുപ്പമായിരിക്കും. പ്രസാധകരെ എളുപ്പത്തിൽ തിരിച്ചുവിടാനാകുമെന്നു മാത്രമല്ല, താമസംകൂടാതെ വയൽസേവനപ്രദേശത്തേക്കു പോകാനും അതുവഴി സാധിക്കും. ഗ്രൂപ്പ് മേൽവിചാരകന്മാർക്ക് തന്റെ ഗ്രൂപ്പിലുള്ളവർക്ക് ആവശ്യമായ ശ്രദ്ധ നൽകാനും അത് ഉപകരിക്കും. എന്നാൽ ചില സാഹചര്യങ്ങളിൽ രണ്ടോ മൂന്നോ ഗ്രൂപ്പുകൾ ഒരുമിച്ചു പ്രവർത്തിക്കേണ്ടിവന്നേക്കാം. മാസത്തിന്റെ ആദ്യശനിയാഴ്ചയോ വീക്ഷാഗോപുര അധ്യയനത്തിനുശേഷമോ മുഴുസഭയും വയൽസേവനയോഗത്തിനായി കൂടിവരാൻ ഉദ്ദേശിക്കുന്നെങ്കിൽ ഓരോ ഗ്രൂപ്പും ഒരുമിച്ചിരിക്കാൻ ശ്രദ്ധിക്കുക; വയൽസേവനയോഗം പ്രാർഥിച്ച് ഉപസംഹരിക്കുന്നതിനുമുമ്പ് ഗ്രൂപ്പ് മേൽവിചാരകന്മാർക്ക് അതാതു ഗ്രൂപ്പിലുള്ളവരെ തിരിച്ചുവിടാവുന്നതാണ്.—“നിങ്ങളുടെ ഭവനം തുറന്നുകൊടുക്കാനാകുമോ?” എന്ന ചതുരം കാണുക.
5. ഇന്ന് പുസ്തകാധ്യയന കൂട്ടങ്ങൾ ഇല്ലെങ്കിലും നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാനാകും?
5 ഇന്ന് പുസ്തകാധ്യയന കൂട്ടങ്ങൾ ഇല്ലെങ്കിലും ദൈവേഷ്ടം ചെയ്യാൻ നമുക്കുവേണ്ട എല്ലാ സഹായങ്ങളും യഹോവ നൽകിക്കൊണ്ടാണിരിക്കുന്നത്. (എബ്രാ. 13:20, 21) യഹോവയുടെ പരിപാലനത്തിൻകീഴിൽ നമുക്ക് ഒന്നിനും മുട്ടുവരില്ല. (സങ്കീ. 23:1) വയൽസേവനഗ്രൂപ്പുകളിലൂടെ ധാരാളം അനുഗ്രഹങ്ങൾ ലഭ്യമാണ്. ‘ധാരാളമായി വിതയ്ക്കാൻ’ നാം മുൻകൈയെടുക്കുന്നെങ്കിൽ നാം “ധാരാളമായി കൊയ്യും.”—2 കൊരി. 9:6.
[6-ാം പേജിലെ ചതുരം]
“നിങ്ങളുടെ ഭവനം തുറന്നുകൊടുക്കാനാകുമോ?”
വയൽസേവനയോഗങ്ങൾ നടത്താൻ ആവശ്യത്തിന് ഭവനങ്ങൾ ലഭ്യമല്ലാത്തതിനാൽ ചിലപ്പോൾ ഒന്നിലധികം ഗ്രൂപ്പുകൾ ഒന്നിച്ചാണ് വയൽസേവനയോഗങ്ങൾക്ക് കൂടിവരുന്നത്. വയൽസേവനയോഗങ്ങൾ ഒരു സഭാക്രമീകരണമാണ്. അതുകൊണ്ട് നമ്മുടെ ഭവനം അതിനായി ലഭ്യമാക്കുന്നത് ഒരു പദവിയാണെന്ന് ഓർക്കുക. നിങ്ങൾ ആ പദവി സ്വീകരിക്കുമോ? നിങ്ങളുടെ വീട് ചെറുതാണെന്നു കരുതി അതു ചെയ്യാതിരിക്കരുത്. നിങ്ങളുടെ ഭവനം ലഭ്യമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഗ്രൂപ്പ് മേൽവിചാരകനെ അത് അറിയിക്കുക. പുസ്തകാധ്യയനത്തിന്റെ കാര്യത്തിൽ ചെയ്തിരുന്നതുപോലെ, ചില കാര്യങ്ങൾ (വീട് എവിടെയാണെന്നും മറ്റും) വിലയിരുത്തിയശേഷം മൂപ്പന്മാർ ഒരു തീരുമാനമെടുക്കുന്നതായിരിക്കും.